“ഇക്കോ സിസ്റ്റം ബേസ്‌ഡ് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ” (Eco-DRR) എന്നത് ഐക്യ രാഷ്ട്ര പരിസ്ഥിതി സഘടനയും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറും (IUCN) മറ്റ് ഒരു ഡസൻ ആഗോള ഏജൻസികളും കൂടി കഴിഞ്ഞ പതിനഞ്ചു വർഷമായി വികസിപ്പിച്ചെടുത്ത ഒരു ദുരന്ത നിവാരണ മോഡൽ ആണ്.
ലോകത്ത് അനവധി ദുരന്ത സാധ്യതകൾ ഉള്ളതിൽ ഭൂരിഭാഗവും പ്രകൃതി പ്രതിഭാസങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഉദാഹരണത്തിന് മഴ പ്രകൃതി പ്രതിഭാസമാണ്. അത് പലപ്പോഴും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്നു. മഴ ഉണ്ടാകാതിരിക്കുന്നതാകട്ടെ വരൾച്ചക്കും കാട്ടു തീക്കും കാരണമാകും.
ഇത്തരം പ്രകൃതി പ്രതിഭാസങ്ങളെ പ്രകൃതി സംരക്ഷണം കൊണ്ട് തന്നെ നേരിടാം എന്നതാണ് ഇക്കോ ഡി ആർ ആർ ന്റെ അടിസ്ഥാന തത്വം. സ്ലോപ്പുകളിൽ ശരിയായി മരങ്ങൾ വച്ച് പിടിപ്പിച്ചാൽ മണ്ണിടിച്ചിൽ തടയാം, കടൽ തീരങ്ങളിൽ കണ്ടൽ കാടുകൾ വച്ച് പിടിപ്പിച്ച് കടലാക്രമണത്തിൻറെ ആഘാതം കുറക്കാം എന്നിങ്ങനെ.
ഇത്തരത്തിലുള്ള പ്രോജക്ടുകൾ ഞങ്ങൾ ലോകത്ത് അനവധി പ്രദേശങ്ങളിൽ ചെയ്തിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിൽ, കോംഗോയിൽ, സുഡാനിൽ, ഹൈറ്റിയിൽ. വിവിധ തരത്തിലുള്ള ദുരന്തങ്ങളെ വ്യത്യസ്തമായ പ്രകൃതി സംരക്ഷണ രീതികൊണ്ട് നേരിടുന്ന ഈ രീതിയാണ് ഞങ്ങൾ ദുരന്ത ലഘൂകരണത്തിന് സുസ്ഥിരമായ പരിഹാരമായി നിർദ്ദേശിക്കുന്നത്. ഇതേ തത്വം തന്നെയാണ് ഇക്കോ സിസ്റ്റം ബേസ്‌ഡ് അഡാപ്റ്റേഷൻ എന്ന രീതിയിൽ കാലാവസ്ഥ വ്യതിയാനത്തിനെതിരെയും ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി ഈ രണ്ടു പ്രയോഗങ്ങളേയും ഒരുമിച്ചു കൂട്ടി “നേച്ചർ ബേസ്‌ഡ് സൊല്യൂഷൻ” എന്നൊരു ശാഖ വളർന്നു വരുന്നുണ്ട്.
ഇതൊന്നും സംസാരിക്കാനല്ല ഞാൻ തൃശൂരുള്ള ‘ആയുർ ജാക്ക് ഫാം’ സന്ദർശിക്കാൻ പോയത്. ഒരിക്കൽ ഫേസ്ബുക്ക് വഴി ആയുർ ജാക്ക് ഫാം നടത്തുന്ന ശ്രീ Vargheese Tharakan Amala വർഗീസ് തരകൻ എന്നെ അദ്ദേഹത്തിൻറെ കൃഷിയിടം കാണാൻ വിളിച്ചിരുന്നു, ചെല്ലാമെന്ന് സമ്മതിക്കുകയും ചെയ്തു. പല തിരക്ക് മൂലം നടന്നില്ല. ഈ മാസം ആദ്യം മണ്ണൂത്തിയിലെ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിലെ കമ്മ്യൂണിക്കേഷൻ സെന്റർ സന്ദർശിക്കാൻ ഫേസ്ബുക്ക് ഫ്രണ്ട് ആയ Jayasree Krishnakumar ജയശ്രീ വിളിച്ചപ്പോൾ അക്കൂട്ടത്തിൽ ആയുർ ഫാം കൂടി സന്ദർശിക്കാം എന്ന് തീരുമാനിച്ചു.
തൃശൂരുനിന്നും കുന്നുംകുളത്തിന് പോകുന്ന വഴി പന്ത്രണ്ട് കിലോമീറ്റർ കഴിയുന്പോൾ പുറ്റേക്കര ജംക്ഷനിൽ എതിർ വശത്തുള്ള ആറന്പിള്ളി റോഡിലൂടെ ഏകദേശം മൂന്നു കിലോമീറ്റർ പോകുന്പോഴാണ് കുറുമാൽ കുന്നിലുള്ള ആയുർ ജാക്ക് ഫാം. മെയിൻ റോഡ് മുതൽ കൃത്യമായ മാർക്കിങ്ങ് ഉണ്ട്.
അഞ്ച് ഏക്കറുള്ള ഒരു കുന്നിലാണ് ശ്രീ. വർഗീസ് തരകൻ ഈ പ്ലാവിൻ തോട്ടത്തിന് തുടക്കമിട്ടത്. ഈ പ്രദേശം പൊതുവെ ജലക്ഷാമമുള്ള പ്രദേശമായിരുന്നു. 1995 ൽ ഈ കുന്നിനു താഴെ ഉള്ളവർക്ക് ജലക്ഷാമം പരിഹരിക്കാൻ ഡച്ച് സഹായത്തോടെ ഒരു ബോർവെൽ കുഴിച്ചതായും അത് 2012 ആയപ്പോഴേക്കും വറ്റിപ്പോയതായും റിപ്പോർട്ടുകൾ ഉണ്ട്. ഈ കാലത്താണ് വർഗീസ് പ്ലാവിൻ തോട്ടത്തിനുള്ള പദ്ധതിയിടുന്നത്. കുന്നിൽ വീഴുന്ന മഴ കുന്നിൻ ചെരുവിലൂടെ ഒഴുകി പോകാതെ കുന്നിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ കുന്നിനെ തട്ടുകളാക്കിയാണ് തുടക്കം. ഓരോ തട്ടിലും പത്തടി ദൂരത്തിൽ ഓരോ പ്ലാവ് ഉണ്ട്. തൈ നട്ടാൽ രണ്ടു വർഷത്തിനകം ചക്ക ഉണ്ടായി തുടങ്ങുമെന്നും വർഷത്തിൽ രണ്ടു പ്രാവശ്യം ചക്ക ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ വർഷത്തിൽ മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും അവിടെ ചക്ക ഉണ്ടാകുമെന്നുമാണ് വർഗീസ് പറഞ്ഞത്. പ്രതീക്ഷിക്കാത്ത ഒന്നു കൂടി ഉണ്ടായി. വർഗീസിന്റെ പ്ലാവിൽ ചക്ക ഉണ്ടായപ്പോഴേക്കും താഴെയുള്ള കിണറുകളിൽ വീണ്ടും വെള്ളമായി!
ശ്രീ വർഗീസ് തരകന്റെ ഫാമിൽ ഇപ്പോൾ ധാരാളം സന്ദർശകരുണ്ട്. വരുന്നവർക്കെല്ലാം സൗജന്യമാണ് പ്രവേശനം. ചക്കപ്പഴം സാന്പിൾ ചെയ്യാനും ആവശ്യക്കാർക്ക് പ്ലാവിന്റെ തൈ വാങ്ങാനുള്ള അവസരമുണ്ട്. അതാണ് ഫാമിന്റെ ഇപ്പോഴത്തെ പ്രധാന വരുമാനം.
പ്ലാവുകൾ കാണാനും ചക്ക വാങ്ങാനും പോയ ഞാൻ സത്യത്തിൽ അന്തം വിട്ടു. നേച്ചർ ബേസ്‌ഡ് സൊല്യൂഷനെ പറ്റി പറയുന്പോൾ ഞങ്ങൾ എപ്പോഴും പറയുന്ന കാര്യമുണ്ട്. ദുരന്തങ്ങൾ എപ്പോഴും എവിടെ വേണമെങ്കിലും സംഭവിക്കാമെങ്കിലും പലപ്പോഴും ദുരന്തങ്ങൾ സംഭവിക്കണം എന്നില്ല. അപ്പോൾ ധാരാളം പണം കോൺക്രീറ്റ് കൊണ്ടുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ ഉപയോഗിച്ചാൽ വർഷങ്ങളോളം അതിന് ഒരു പ്രയോജനം ഉണ്ടാകില്ല. പക്ഷെ പ്രകൃതിയെ ആസ്പദമാക്കിയുള്ള പ്രതിരോധം ആകുന്പോൾ ദുരന്തം ഉണ്ടായില്ലെങ്കിൽ പോലും അത് പ്രകൃതിക്കും സമൂഹത്തിനും ഗുണം ചെയ്യും.
കൃഷിയും വരുമാന മാർഗ്ഗവും ആയിട്ടാണ് വർഗീസ് തരകൻ ഈ തോട്ടം തുടങ്ങിയതെങ്കിലും പ്രകൃതി ദുരന്തങ്ങൾക്കും കാലാവസ്ഥ വ്യതിയാനത്തിനും എതിരെ പ്രകൃതിയെ ആധാരമാക്കി നടത്തുന്ന പ്രതിരോധത്തിന്റെ ഒരു ഉത്തമ മാതൃകയാണ് ഞാൻ കുറുമാൽ കുന്നിൽ കണ്ടത്. ഈ വിഷയം ശാസ്ത്രീയമായി പഠിച്ച ആളല്ല വർഗ്ഗീസ്. എന്നാൽ അദ്ദേഹം വികസിപ്പിച്ചിരിക്കുന്ന സംവിധാനം വെറും ഒരു പ്ലാവിൻ തോട്ടത്തിനപ്പുറം ലോകത്തിന് മാതൃകയാക്കാവുന്ന ഒരു ‘നേച്ചർ ബേസ്‌ഡ് സൊല്യൂഷൻ’ ആണ്. തീർച്ചയായും ഇതിന്റെ ഒരു വീഡിയോ ഞങ്ങളുടെ ഇനിയുള്ള പാഠ്യപദ്ധതിയിൽ കാണും.
കേരളത്തിൽ ചക്കയുടെ മാർക്കറ്റ് ഉയർന്നു വരുന്ന കാലമാണ്. അതുകൊണ്ട് ചക്കക്ക് വേണ്ടി വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ ഈ കൃഷി രീതി നമുക്ക് വർദ്ധിപ്പിക്കാൻ സാധ്യത ഉണ്ട്. പ്ലാവ് മാത്രമല്ല മറ്റു പല ഫല വൃക്ഷങ്ങളും ഇത്തരത്തിൽ നമുക്ക് ക്രിയാത്മകമായി നട്ടു പിടിപ്പിക്കാം. ഫലത്തിന് വേണ്ടി, ദുരന്ത ലഘൂകരണത്തിന് വേണ്ടി, കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഇത്തരത്തിലുള്ള ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം. അതോടൊപ്പം ജല സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, മണ്ണിടിച്ചിലും ഉരുൾ പൊട്ടലും കുറക്കുന്നത്, നാട്ടിൻ പുറങ്ങളിൽ നോട്ടമില്ലാതെ കിടക്കുന്ന പറന്പുകളിൽ തീ പിടിക്കുന്നത് തടയുന്നത് എന്നിങ്ങനെ പല ഗുണഫലങ്ങളും ഉണ്ടാകും. ഇത് കുറുമാൽ കുന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നിൽക്കേണ്ട മാജിക്ക് അല്ല, ഈ ചക്ക എത്ര പ്രാവശ്യം ഇട്ടാലും വരൾച്ചയുടെ മുകളിൽ വീഴും, ദുരന്തങ്ങൾ ലഘൂകരിക്കപ്പെടും !
ഒരു കാര്യം കൂടി പറയാം. ആയുർ ജാക്ക് ഫാമിൽ പോയി ശ്രീ. വർഗീസ് തരകനുമായി ഒരു മണിക്കൂർ ചിലവാക്കുന്നത് കൃഷിയെപ്പറ്റിയും പ്രകൃതി സംരക്ഷണം നടത്തുന്നതിനെ പറ്റിയും ആറുമാസത്തെ കോഴ്സ് പഠിക്കുന്നതിലും ഫലപ്രദമാണ്. പ്രത്യേകിച്ചും കുട്ടികളിൽ കൃഷിയെയും പ്രകൃതി സംരക്ഷണത്തെയും കുറിച്ച് അവബോധവും താല്പര്യവും ഉണ്ടാകണമെങ്കിൽ ഇത്തരത്തിലുള്ള സന്ദർശനം ഉത്തമമാണ്. അമേരിക്കയിലൊക്കെ മുന്തിരി തോപ്പുകളിൽ ഫാം ടൂറിസം ഞാൻ കണ്ടിട്ടുണ്ട്. വരുന്ന ഓരോ വിസിറ്ററും പത്തോ ഇരുപതോ ഡോളർ കൊടുക്കണം, ഫാമിങ്ങിനെ പറ്റി അവർ നമുക്ക് പറഞ്ഞു തരും, വീഞ്ഞ് സാന്പിൾ ചെയ്യാൻ പറ്റും, ചെറിയൊരു കോഫി ഷോപ്പ് ഉണ്ടാകും, ഒരു ദിവസം ചിലവാക്കാൻ പറ്റിയ പരിപാടിയാണ്. കുട്ടികളും മാതാപിതാക്കളും ഏറെ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെ നാട്ടിലും എളുപ്പത്തിൽ ചെയ്യാം, ചെയ്യണം.
ആയുർ ഫാമിൽ ആയുർ ജാക്ക് എന്ന് പറയുന്ന പ്ലാവ് കൂടാതെ മുപ്പതോളം അപൂർവ്വ പ്ലാവുകളുടെ വെറൈറ്റി ഉണ്ട്. അപ്പോൾ അവിടെ വരുന്നവർക്ക് പ്ലാവിനെയും പ്രകൃതിയെയും ദുരന്ത ലഘൂകരണത്തെയും കാലാവസ്ഥ വ്യതിയാനത്തെയും പറ്റി അറിവുണ്ടാകും. നമ്മുടെ കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ടൂറിസം ഡിപ്പാർട്ടുമെന്റും ഇത്തരം കാര്യങ്ങളിൽ കൂടുതൽ താല്പര്യമെടുക്കുകയും സഹായം നൽകുകയും വേണം.
നിങ്ങൾ തൃശൂർ എപ്പോഴെങ്കിലും സന്ദർശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ആയുർ ഫാം സന്ദർശിക്കണം. ആയുർ ഫാം സന്ദർശിക്കാൻ തന്നെ തൃശൂർക്ക് വരുന്നതിലും തെറ്റില്ല. മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും ചക്കപ്പഴം ഗ്യാരന്റി എന്ന് വർഗീസ് തരകൻ, ചക്കപ്പഴം അടിപൊളിയാണെന്ന് ഞാൻ ഗ്യാരന്റി. വെങ്ങോലയിലെ തോട്ടത്തിലെ റബറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
ശ്രീ വർഗീസ് തരകന്റെ ഫോൺ നന്പർ, 9447738074. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് 6. 30 വരെ ഫാം തുറന്നിട്ടുണ്ടാകും.
ശ്രീ. വർഗീസ് തരകനും AyurJack ആയുർ ജാക്ക് ഫാമിനും എല്ലാ ആശംസകളും. ഈ പേജിൽ ഒന്നു പോയി നോക്കൂ. മിക്ക ദിവസവും വരുന്നവരുടേയും ചക്കപ്പഴത്തിന്റേയും ചിത്രങ്ങൾ ഉണ്ട്. പേജ് ഒന്നു ലൈക്കാൻ തോന്നും.
മുരളി തുമ്മാരുകുടി
Leave a Comment