Uncategorized പൊതു വിഭാഗം

ഉത്തരവാദിത്തമുള്ള മാതാപിതാക്കൾ?

തിരുവാഴിത്താന്റെ കഥ എപ്പോഴെങ്കിലും കേട്ടിട്ടില്ലാത്ത ആളുകൾ എന്റെ തലമുറയിലെ നായർ കുടുംബങ്ങളിൽ ഉണ്ടാകില്ല. മരുമക്കത്തായത്തിന്റെയും അതിന്റെ ദൂഷ്യഫലങ്ങളുടെയും ഉത്തമ ഉദാഹരണമായിരുന്നു തിരുവാഴിത്താൻ എന്ന കാരണവർ.

തിരുവിതാംകൂറിലെ മരുമക്കത്തായം അനുസരിച്ച് സന്പത്തിന്റെ അവകാശികൾ കുടുംബത്തിലെ സ്ത്രീകളാണ്, അതെല്ലാം നോക്കി നടത്തുന്നത് വീട്ടിലെ മൂത്ത കാരണവരും. സ്ത്രീകൾ സ്വന്തം വീട്ടിൽത്തന്നെ താമസിക്കുന്നതിനാൽ കാരണവർ സ്വാഭാവികമായും ആങ്ങളയോ അമ്മാവനോ ആയിരിക്കും. നായർ കുടുംബത്തിലെ ആണുങ്ങൾ മറ്റു നായർ കുടുംബങ്ങളിൽ ‘സംബന്ധത്തിന്’ പോവുകയാണ് പതിവ്. അതുകൊണ്ട് പഴയ നായർ കുടുംബത്തിൽ അവിടുത്തെ സ്ത്രീകൾ, അവരുടെ മക്കൾ, മക്കളുടെ മക്കൾ ഇവരെല്ലാമാണ് താമസം, കൂട്ടത്തിൽ കാരണവരായ അമ്മാവനും. തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിൽ കാരണവരായ അമ്മാവന് മാത്രം ഭാര്യയെ വീട്ടിൽ താമസിപ്പിക്കാനുള്ള അവകാശമുണ്ടായിരുന്നു.

കാര്യം ആള് കാരണവർ ആണെങ്കിലും സ്വത്ത് മുഴുവൻ സഹോദരിമാരുടെയും അവരുടെ മക്കളുടേയും ആയിരുന്നു. അത് അന്യാധീനപ്പെടാതെ നോക്കി നടത്തുക, പറ്റുന്നതുപോലെ സന്പത്ത് വർദ്ധിപ്പിക്കുക, അല്പം പോലും സ്വന്തം ഭാര്യക്കോ മക്കൾക്കോ കൊടുക്കാതിരിക്കുക, ഇതൊക്കെയാണ് അക്കാലത്തെ നല്ല അമ്മാവന്മാർ ചെയ്യേണ്ടിയിരുന്നത്.

എന്നാൽ സ്വത്തിന്റെ കാര്യം ആയതിനാൽ അന്നും ‘നല്ല അമ്മാവൻ’ പൊതുവെ ചിത്രങ്ങളിൽ മാത്രം കാണുന്ന ഒരാളാണ്. സഹോദരിമാരുടെ സ്വത്ത് പരമാവധി ആസ്വദിക്കുക, അവസരം കിട്ടിയാൽ സംബന്ധങ്ങൾക്കും, ചുറ്റിക്കളികൾക്കും, സ്വന്തം മക്കൾക്കും ഊറ്റിക്കൊടുക്കുക, സഹോദരിമാരെ ഏതാണ്ട് പട്ടിണിക്കിട്ട പോലെ വളർത്തുക (വീട്ടിൽ എത്ര അരിവെക്കണം, കറിക്ക് എത്ര തേങ്ങാ വേണം എന്നൊക്കെ തീരുമാനിക്കുന്നത് അമ്മാവനാണ്, അമ്മായി ഉണ്ടെങ്കിൽ അവരും), മരുമക്കളെ യാതൊരു ഉത്തരവാദിത്തബോധവും ഇല്ലാതെ വളർത്തുക, എന്നിട്ട് ആ കാര്യം പറഞ്ഞ് അവരെ അപമാനിക്കുക, അക്കാരണത്താൽ സന്പത്ത് അവരെ ഏൽപ്പിക്കാതിരിക്കുക ഇതൊക്കെയാണ് കാരണവർ അമ്മാവന്മാരുടെ അന്നത്തെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രോസിജിയർ. ഇക്കാലത്ത് ആദർശവൽക്കരിക്കപ്പെടുന്ന കൂട്ടുകുടുംബങ്ങൾ വാസ്തവത്തിൽ ഉപജാപങ്ങളുടേയും തൊഴുത്തിൽക്കുത്തിന്റെയും അരങ്ങും ആലയവും ആയിരുന്നു.

ഇതിനൊരു മാറ്റമുണ്ടാകുന്നത് കാരണവർ അമ്മാവന്റെ മരണത്തോടെയാണ്. വീട്ടിലെ ഒട്ടുമിക്ക അംഗങ്ങളും പ്രാർത്ഥിക്കുന്നത് അമ്മാവൻ പെട്ടെന്ന് തട്ടിപ്പോകണേ എന്നാണ്. പക്ഷെ ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും എന്ന് പറഞ്ഞതുപോലെ കുടിലൻമാരായിരുന്ന കാരണവന്മാർ വേഗത്തിലൊന്നും കാലപുരി പൂകാറില്ല.

ഇത്തരത്തിൽ എല്ലാം തികഞ്ഞ ഒരു കാരണവരായിരുന്നു തിരുവാഴിത്താൻ. ആയ കാലത്ത് മരുമക്കൾക്ക് വേണ്ടത്ര പണികൊടുത്ത്, എല്ലാ മരുമക്കളാലും വെറുക്കപ്പെട്ട ഒരു ശരാശരി കാരണവർ ജന്മം. പക്ഷെ മരണകാലത്ത് ചെയ്ത ഒറ്റ ബ്രില്യന്റ് പ്രവൃത്തിയാൽ അദ്ദേഹം ഇന്നും ഓർമ്മിക്കപ്പെടുന്നു, ഞാൻ എഴുതുന്നു, നിങ്ങൾ വായിക്കുന്നു.

അമ്മാവൻ മരിക്കാൻ കിടക്കുകയാണ്, മരുമക്കൾ കൂടിയിട്ടുണ്ട്, മരിച്ചാൽ കരയാനായി ജോലിക്കാർ എത്തിയിട്ടുണ്ട്. (അതെ, ഇപ്പോൾ തമിഴ്‌നാട്ടിലും വടക്കേ ഇന്ത്യയിലും ഉള്ളതുപോലെ അക്കാലത്ത് കൂലിക്ക് കരയുന്ന പണി കേരളത്തിലും ഉണ്ടായിരുന്നു.സ്നേഹം കൊണ്ട് കരയാൻ ആളില്ലാത്തതായിരുന്നിരിക്കാം കാരണം). ഗംഗാ ജലം റെഡി, ആരോ രാമായണം പകുക്കുന്നു.

“അമ്മാവന് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?”

രാജാക്കന്മാർ മരിക്കുന്നതിന് മുൻപ് അവസാനമായി നൽകുന്ന ഉത്തരവിനാണ് ‘അന്ത്യ ശാസനം’ എന്ന് പറയുന്നത്. ഇപ്പോൾ രാജാക്കന്മാർ ഇല്ലാത്തതിനാൽ അന്ത്യശാസനം എന്നാൽ ലാസ്റ്റ് വാണിങ് എന്നർത്ഥം വന്നിട്ടുണ്ട്. കാരണവന്മാർക്ക് അന്ത്യശാസനം ഒന്നുമില്ലെങ്കിലും, “ആ കിഴക്കേ പറന്പിലെ മുപ്പത് സെന്റ് ഇന്ന ആൾക്ക് പതിച്ചുകൊടുക്കണം” എന്നൊക്കെ വേണമെങ്കിൽ പറയാം. അത് മരുമക്കൾ അംഗീകരിക്കണമെന്നില്ല, അംഗീകരിക്കാറുമില്ല. പുതിയ കാരണവരുടെ അധികാര പ്രയോഗം തുടങ്ങുന്നത് പഴയ കാരണവർ പറഞ്ഞതൊക്കെ നിരാകരിച്ചുകൊണ്ടാണ്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ പുതിയ ബോസുമാർ പഴയ ആൾ മണ്ടനായിരുന്നെന്നും ‘ഞാൻ’ ഭയങ്കര മാറ്റങ്ങൾ വരുത്തുമെന്നും പറഞ്ഞ് ചാടിപ്പുറപ്പെടുന്പോൾ ഞാൻ ഈ കാരണവൻമാരെ ഓർക്കാറുണ്ട്.

തിരുവാഴിത്താന് അങ്ങനെ ഒരു നിർദ്ദേശവും നൽകാനില്ല. അങ്ങനെ ഒരുപകാരം പോണപോക്കിൽ അങ്ങേരിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നാൽ പുള്ളിക്ക് ഒരാഗ്രഹമുണ്ടായിരുന്നു.

“എടാ കഴുവേറികളെ…” അമ്മാവൻ വിളിച്ചു (പണ്ടുകാലത്ത് അമ്മാവന്മാർ മരുമക്കളെ സ്നേഹപൂർവ്വം വിളിച്ചിരുന്നതാണ്).

“എന്താമ്മാവാ?”

“ആ തേങ്ങാപ്പുരയിൽ തേങ്ങാ പൊതിക്കാനുള്ള കന്പിപ്പാര കിടപ്പുണ്ടോ ?

“ഇപ്പൊ നോക്കാം, അമ്മാവാ,”

ആരോ ഓടിയിപ്പോയി നോക്കി.

“അതവിടെ ഉണ്ടമ്മാവാ”

“അത് നിന്റെ അമ്മയെ കെട്ടിക്കാൻ വച്ചിരിക്കയാണോ, ഇങ്ങ് എടുത്തുകൊണ്ടു വാടാ കഴുതേ” (വീണ്ടും അക്കാലത്തെ സ്നേഹമസൃണമായ സംഭാഷണം).

വേറാരൊ പോയി കന്പിപ്പാര കൊണ്ടുവന്നു.

“ഞാൻ മരിച്ചു കഴിഞ്ഞാൽ ഉടൻ ഇത് എന്റെ ആസനത്തിൽ കൂടി അടിച്ച് തലവരെ കേറ്റണം”

എന്താണ് ഈ അപൂർവ്വമായ ആവശ്യത്തിന്റെ അടിസ്ഥാനം എന്ന് മരുമക്കൾക്ക് മനസ്സിലായില്ല. സിദ്ധികൂടിയ സ്വാമിമാരെ മരിച്ചുകഴിയുന്പോൾ നിറുകയിൽ നിന്നും താഴേക്ക് കമുകിന്റെ വാരി അടിച്ചിറക്കുന്ന ആചാരമുണ്ട്. അമ്മാവൻ ഇടക്ക് തിരുവില്വാമലയിൽ ഭജനത്തിനൊക്കെ പോകുന്നതായതിനാൽ അവിടെ നിന്നും കിട്ടിയ വല്ല പുതിയ ആചാരവുമാകാം.

എന്താണെങ്കിലും ആവശ്യം കേട്ടപാടെ മരുമക്കളുടെ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ ചെയ്യാം… ഞാൻ ചെയ്യാം എന്നുപറഞ്ഞ് മരുമക്കൾ തമ്മിൽ മത്സരമായി.

“എനിക്ക് നിങ്ങൾ എല്ലാവരും ഒരുപോലെയാണ്. അതുകൊണ്ട് എല്ലാവരും കൂടി ഒരുമിച്ച് അടിച്ചുകേറ്റിയാൽ മതി.” കാരണവർ ശാന്തശീലനായി. അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.

മരുമക്കൾ അമ്മാവന് വായിൽ ഗംഗാജലം പകർന്നു. സഹോദരിമാർ രാമായണം പകുത്തു വായന തുടങ്ങി.

“മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
യലറും ഭഗിനിയോടവനുമുരചെയ്താൻ.
“എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാർത്ഥം
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാൻ?
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
ദുഷ്‌കൃതം ചെയ്തതവൻതന്നെ ഞാനൊടുക്കുവൻ.”

അമ്മാവൻ അന്ത്യശ്വാസം വലിച്ചു.

മരുമക്കൾ അമ്മാവന്റെ ആസനത്തിൽ കന്പിപ്പാര വെച്ചു, കുറച്ചു പേർ അമ്മാവനെ മുകളിൽ നിന്നും പിടിച്ചുവെച്ചു, മറ്റുള്ളവർ താഴെ നിന്നും ആഞ്ഞുതള്ളി.

പിന്നെ ആചാരപ്രകാരം താഴെ വെള്ളവിരിച്ച് അതിൽ ഇറക്കി കിടത്തി.

നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു. അവർ എത്തി, പക്ഷെ കണ്ട കാഴ്ച അവരെ നടുക്കി. .

ആസനത്തിലൂടെ പാര അടിച്ചു കയറ്റി കാരണവർ മരിച്ചു കിടക്കുന്നു.

അമ്മാവനും മരുമക്കളും തമ്മിലുള്ള ഉടക്ക് നാട്ടിൽ എല്ലാവർക്കും അറിയാം

“കാര്യം എത്ര മോശപ്പെട്ട കാരണവരാണെങ്കിലും, ദിസ് ഈസ് ടൂ മച്ച്.” വന്നവർ അഭിപ്രായപ്പെട്ടു.

“അമ്മാവന്റെ അന്ത്യാഭിലാഷം ആയിരുന്നു” എന്നൊക്കെ മരുമക്കൾ കോറസായി പറയുന്നുണ്ട്, ആരെങ്കിലും വിശ്വസിക്കുമോ..?

രാജകിങ്കരന്മാർ സ്ഥലത്തെത്തി. അമ്മാവനെ കൊന്ന കുറ്റത്തിന് മരുമക്കളെ തുറുങ്കിലടച്ചു, വിചാരണ ചെയ്തു കഴുവിലേറ്റി.

മരിച്ചാൽ പോലും ആളുകൾക്ക് പണിതരുന്ന മഹാന്മാർക്ക് അന്ന് മുതൽ തിരുവാഴിത്താൻ എന്ന പേര് വന്നു.

ഇതൊക്കെ പഴയ കഥയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തന്നെ മരുമക്കത്തായത്തിന്റെ നടുവൊടിഞ്ഞു. സ്വാതന്ത്യത്തിന് ശേഷം കേരളത്തിലുണ്ടായ തലമുറ മരുമക്കളെ അല്ല, മക്കളെയാണ് നോക്കി വളർത്തിയത്. അതിപ്പോഴും തുടരുന്നു.

അതും എന്തൊരു വളർത്തലായിരുന്നു…

തങ്ങളുടെ തലമുറക്ക് ലഭിക്കാതെ പോയ സ്നേഹം കൊടുത്ത്, തങ്ങൾക്ക് വിശന്നാലും അവർക്ക് വിശക്കാതെ നോക്കി, തങ്ങൾ നേടിയതിനേക്കാൾ കൂടുതൽ വിദ്യാഭ്യാസം അവർ നേടണം എന്നാഗ്രഹിച്ച്, അതിനുവേണ്ടി തങ്ങളുടെ ആഗ്രഹങ്ങൾ വേണ്ടെന്ന് വെച്ച് ഒക്കെയാണ് 1950 മുതൽ 1970 വരെയുള്ള കാലത്ത് ജനിച്ച് ഇപ്പോൾ അന്പതിനും എഴുപതിനും ഇടക്ക് പ്രായമുള്ളവരുടെ തലമുറ മക്കളെ വളർത്തിയതും വളർത്തുന്നതും.

ആ തലമുറയിൽ ഉളളവരുടെ അച്ഛനമ്മമാർ ഞങ്ങളെ ചേർത്ത ശേഷം സ്‌കൂളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഞങ്ങളാകട്ടെ, മക്കളുടെ സ്‌കൂളിലെ പേരന്റ് ടീച്ചേർസ് മീറ്റിംഗിന് അവധി എടുത്തു വരുന്നു.

ആ തലമുറയിൽ ഉള്ളവരുടെ മാതാപിതാക്കൾ സ്‌കൂളിലെ പ്രോഗ്രസ്സ് കാർഡ് കാണുന്പോൾ മാത്രം കുറ്റം പറഞ്ഞതല്ലാതെ പഠിക്കാൻ ഒരു സഹായവും ചെയ്തതായി ഓർമ്മയില്ല. ഞങ്ങളാകട്ടെ, മക്കൾ പഠിക്കുന്ന വിഷയം ആദ്യം സ്വയം പഠിച്ച് അവർക്കായി നോട്ട് തയ്യാറാക്കിവെക്കുന്നു.

ഞങ്ങളുടെ തലമുറയിൽ ഉള്ളവർക്ക് ജോലി കിട്ടിയപ്പോൾ ഞങ്ങൾ സ്വയം പെട്ടിയെടുത്ത് റയിൽവേസ്റ്റേഷനിൽ പോയി ടിക്കറ്റ് എടുത്ത് സ്ഥലം വിട്ടു. അവിടെ ആരുടെയൊക്കെയോ കൂടെ പോയി താമസിച്ചു. എന്നാൽ ഞങ്ങളുടെ കുട്ടികൾക്ക് ജോലി കിട്ടുന്പോൾ ഞങ്ങൾ അവിടെ പോയി വീടെടുത്ത് കൊടുത്ത് കട്ടിലും കിടക്കയും വീട്ടുസാമാനങ്ങളും വാങ്ങിക്കൊടുക്കുന്നു.

ഇനി അവർക്ക് കുട്ടികൾ ഉണ്ടായാലോ, ഏത് അമേരിക്കയാണെങ്കിലും ഞങ്ങൾ അവിടെ പോയി കുട്ടികളെ നോക്കിക്കൊടുക്കും.

ഞങ്ങളല്ലേ സൂപ്പർ പേരന്റ്സ് എന്ന് ഞങ്ങൾക്ക് തോന്നാം.

എന്നാൽ ഒരു കാര്യത്തിൽ ഞങ്ങളും തിരുവാഴിത്താന്റെ സ്വഭാവം കാണിക്കുന്നുണ്ട്. അത് പൈതൃകമായ സ്വന്തിന്റെ കാര്യങ്ങളിലാണ്.

പൊതുവെ സ്വന്തം ആവശ്യത്തിന് പണം ഒട്ടും ചെലവാക്കാതെ ജീവിക്കുന്നവരാണ് ഞങ്ങളുടെ തലമുറ. എല്ലാം അടുത്ത തലമുറക്ക് വേണ്ടി കരുതിവെച്ചിരിക്കയാണ്. എന്നാൽ അതങ്ങ് വിട്ടു കൊടുക്കാൻ വലിയ മടിയുമാണ്. ഇതൊക്കെ നിങ്ങൾക്കുള്ളതാണെന്ന് ഇടക്കിടക്ക് പറയുമെങ്കിലും സന്പത്ത് മക്കൾക്ക് കൊടുക്കുന്നത് പോയിട്ട്, ഒരു വിൽപ്പത്രം എഴുതിവെക്കാൻ പോലും നമുക്ക് മടിയാണ്.

കുട്ടികൾക്കായി നമ്മൾ ഉണ്ടാക്കിയ സന്പത്ത് ഇപ്പോഴേ അവർക്ക് കൊടുത്താൽ അവരത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമോ എന്നാണ് കൂടുതൽ ആളുകളുടെയും പേടി.

ഇങ്ങനെ നിങ്ങൾ നിങ്ങളുടെ കുട്ടികളെപ്പറ്റി വിചാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കുട്ടികളെ ‘വളർത്തിയിട്ടില്ല’ എന്ന് തന്നെയാണ് അർത്ഥം. ജീവിതത്തിൽ തീരുമാനങ്ങളെടുക്കാൻ പഠിപ്പിക്കുക എന്നതാണ് യഥാർത്ഥത്തിൽ വളർത്തുക എന്നതിന്റെ അർത്ഥം. ഒരാളുടെ ഭൗതികമായ വളർച്ച ജയിലിൽ ഇട്ടാലും ഉണ്ടാകും, സമയത്തിന് ഭക്ഷണം കൊടുത്താൽ മാത്രം മതി.

അപ്പോൾ ചെറുപ്പകാലം മുതലേ കുട്ടികളെ സാന്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തു പഠിപ്പിക്കുക, നിങ്ങളുടെ ആസ്തി ബാധ്യതകൾ അറിയിക്കുക. കുട്ടികൾ തൊഴിൽ ചെയ്തു സന്പാദിക്കുന്ന പണം അവരോട് തന്നെ വേണ്ട തരത്തിൽ നിക്ഷേപിക്കാൻ പറയുക. അക്കാര്യം അവരോട് സംസാരിക്കുക. അവരുടെ പണം വാങ്ങി കൈകാര്യം ചെയ്യുകയോ അതിൽ ഒട്ടും താല്പര്യം എടുക്കുകയോ ചെയ്യാതിരിക്കുക.

അച്ഛനമ്മമാർ കുട്ടികൾക്ക് വേണ്ടി അധികം സന്പാദിച്ചു വെക്കരുത് എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ. വേണ്ടത്ര പഠിപ്പിക്കുക, ജോലി നേടാൻ സഹായിക്കുക, പിന്നെ നിങ്ങൾ കുറച്ച് അടിച്ചുപൊളിക്കുക. പക്ഷെ
കൂടുതൽ മാതാപിതാക്കളും അങ്ങനെയല്ല. മക്കൾ വലുതായാലും അവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്, സന്പാദിച്ചുവെച്ചിരിക്കുന്നതും അവർക്ക് വേണ്ടിത്തന്നെ. പക്ഷെ എന്താണ് സന്പാദിച്ചിരിക്കുന്നതെന്ന് മക്കളോട് പറയുകയോ അതിന്റെ ഉത്തരവാദിത്തം അവരെ ഏൽപ്പിക്കുകയോ ഒട്ട് ചെയ്യുകയുമില്ല.

അതുകൊണ്ട് തന്നെ ഈ സ്നേഹമൊക്കെ സ്നേഹിച്ചിട്ടും, മക്കൾക്ക് വേണ്ടി ജീവിച്ചിട്ടും, ‘അച്ഛനുമമ്മയും സ്വത്തും കെട്ടിപ്പിടിച്ചിരിക്കയാണെന്നുള്ള’ പഴിയാണ് ബാക്കി. എന്റെ തലമുറയിലുള്ളവരുടെ ചില കുട്ടികളെങ്കിലും ഇങ്ങനെ പറഞ്ഞു തുടങ്ങി, അതുകൊണ്ടാണ് ഞാൻ പഴയ കഥ ഓർത്തത്.

അത് വേണ്ട. നിങ്ങൾക്ക് അത്യാവശ്യം പൈതൃക സമ്പത്തുള്ള ആളാണെങ്കിൽ, അത് മക്കൾക്ക് കൊടുക്കാനാണ് നിങ്ങൾ ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ ഇനി അധികം വൈകിക്കേണ്ട. കുട്ടികൾക്ക് പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ കുറേശ്ശെ അതവർക്ക് കൊടുക്കുക. മുഴുവൻ ഒറ്റയടിക്ക് കൊടുക്കണം എന്നല്ല. സന്പത്തും സന്പാദ്യവും കൈകാര്യം ചെയ്ത് അവർക്ക് പരിചയമുണ്ടാകണം. അത് നമ്മൾ അവരുടെ ചുറ്റുമുള്ള കാലത്ത് തന്നെ വേണം താനും. അപ്പോൾ എന്തെങ്കിലും തെറ്റുണ്ടായാൽ പറഞ്ഞുകൊടുക്കാനും താഴെ വീണാൽ പിടിച്ചുയർത്താനും നമ്മൾ ഉണ്ടല്ലോ.

മക്കൾക്ക് വേണ്ടി എല്ലാം ചെയ്തുകൊടുക്കുകയും മക്കൾക്ക് വേണ്ടി സന്പത്ത് കൂട്ടിവെക്കുകയും ചെയ്യുന്ന മാതാപിതാക്കൾ വാസ്തവത്തിൽ ഉത്തരവാദിത്തബോധം ഉള്ളവരല്ല. കുട്ടികളെ ജീവിക്കാനല്ല, പരാജയപ്പെടാനാണ് അവർ പരിശീലിപ്പിക്കുന്നത്. ചെറുപ്പ കാലത്ത് തന്നെ കുട്ടികളെ സ്വന്തം ആസ്തി ബാധ്യതകൾ അറിയിച്ചു വളർത്തുകയും ഏറ്റവും വേഗത്തിൽ അവർക്ക് പൈതൃക സ്വത്തുക്കൾ വീതം വച്ച് നൽകുകയും ചെയ്യുന്ന കുടുംബങ്ങൾ ആണ് വേഗത്തിൽ സാമ്പത്തികമായി പുരോഗമിക്കുന്നത് എന്ന് മാത്രമല്ല കുടുംബത്തിൽ അടിപിടിയില്ലാത്തത്.

ഇനിയത്തെ വർഷവും വിഷുവും വരുമ്പോഴേക്കും ആരെന്നും എന്തെന്നും ആർക്കും അറിയില്ലാത്ത ഈ കൊറോണക്കാലം സമ്പത്തിനേയും സമ്പാദ്യത്തേയും ബാദ്ധ്യതകളേയും ലോണുകളേയും പറ്റിയൊക്കെ മക്കളോട് സംസാരിക്കാനായിട്ടുള്ള അവസരമായിട്ടെടുക്കുക, പതുക്കെ പതുക്കെ പൈതൃകമായി ലഭിച്ച സ്വത്തുക്കൾ ഉള്ളവർ അത് അടുത്ത തലമുറക്ക് കൈമാറുന്നതിനെ പറ്റി ചിന്തിക്കുക, ഉറപ്പായിട്ടും ഒരു വിൽ എഴുതിവെക്കുക. കൊറോണക്കാലം കഴിയുമ്പോൾ അവരെക്കൊണ്ട് ചുമ്മാ പിതൃസ്മരണ ചെയ്യിക്കേണ്ട, വരാനിരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ അവർക്ക് സഹായം വേണ്ടി വരികയും ചെയ്യും..

മുരളി തുമ്മാരുകുടി

(ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിലാണ് ഞാൻ ജനിച്ചതെങ്കിലും മരുമക്കത്തായം നില നിന്ന അവസാന കുടുംബങ്ങളിൽ ഒന്നിൽ ആണ്. പക്ഷെ എന്റെ അമ്മാവൻ കഥയിൽ പറഞ്ഞ അമ്മാവന് കടക വിരുദ്ധമായിട്ടാണ് പെരുമാറിയത്. കിട്ടിയ സ്വത്ത് വർദ്ധിപ്പിച്ചു, അത് സഹോദരിക്കും മക്കൾക്കും പരമാവധി ഉപകാരപ്പെടുന്ന തരത്തിൽ ഉപയോഗിച്ചു, വേണ്ട സമയത്ത് തന്നെ അത് മരുമക്കളെ ഏൽപ്പിച്ചു. അമ്മാവൻ കല്യാണം കഴിച്ചിരുന്നില്ല എന്നത് തീർച്ചയായും ഈ പെരുമാറ്റത്തെ സഹായിച്ചിട്ടുണ്ടാകണം !, അതുകൊണ്ട് തന്നെ ഈ ലേഖനം പൊതു താല്പര്യപ്രകാരമാണ്, ആത്മകഥാംശമില്ല ! )

Leave a Comment