Uncategorized

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ…

സിദ്ധാർത്ഥിന്റെ പ്രദർശനത്തെപ്പറ്റിയുള്ള അവസാന കുറിപ്പാണ്.
 
ജനുവരി രണ്ടിന് വൈകീട്ട് അഞ്ചുമണിക്കാണ് പ്രദർശനം തുടങ്ങി, ജനുവരി ഏഴ് വൈകീട്ട് ഏഴ് മണിക്ക് അവസാനിച്ചു. അതിനിടക്ക് ആയിരക്കണക്കിന് ആളുകൾ അവിടെ എത്തി, ചിത്രങ്ങൾ കണ്ടു, സിദ്ധാർത്ഥിനോട് സംസാരിച്ചു, സിദ്ധാർത്ഥിന്റെ അമ്മയെ അനുമോദിച്ചു, ഞാൻ അവരോടൊപ്പം ഫോട്ടോ എടുത്തു. ഏറെ ആളുകൾ തിരിച്ചു ചെന്നതിന് ശേഷം ചെറുതും വലുതുമായ കുറിപ്പുകൾ ഫേസ്‌ബുക്കിൽ ഇട്ടു.
 
മാധ്യമങ്ങൾ അനവധി വന്നു, പത്രവും, ടി വിയും, റേഡിയോയും, ഓൺലൈനും ഒക്കെയായി. ചിലർ അവരുടെ സ്റ്റുഡിയോയിലേക്ക് വിളിച്ചു, ചിലർ സ്റ്റുഡിയോ ദർബാർ ഹാൾ പരിസരത്തേക്ക് കൊണ്ടുവന്നു. എല്ലാവരും നല്ല കവറേജ് തന്നു. സന്തോഷത്തിന്റെ, പ്രതീക്ഷയുടെ, നിശ്ചയദാർഢ്യത്തിന്റെ, പോസിറ്റിവ് ആയ ഒരു കഥയായിട്ടാണ് എല്ലാവരും ഈ വിഷയത്തെ കൈകാര്യം ചെയ്തത്.
 
വന്നവരിൽ എനിക്ക് നേരിട്ട് അറിയാത്തവരോട് “എങ്ങനെയാണ് പ്രദർശനത്തെപ്പറ്റി അറിഞ്ഞത് എന്ന് ഞാൻ ചോദിച്ചു. പ്രതീക്ഷിച്ചതു പോലെ ഏറെപ്പേരും എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളും ഫോളോവേഴ്സും ആയിരുന്നു. കുറെ പേർ
സിദ്ധാർത്ഥിന്റെയും അമ്മയുടെയും സുഹൃത്തുക്കളും സഹപാഠികളും സഹപ്രവർത്തകരും ഒക്കെ ആയിരുന്നു. ബാക്കി ഒട്ടേറെ പേർ മാധ്യമങ്ങളിൽ നിന്നും അറിഞ്ഞവർ തന്നെ.
 
“എവിടെ നിന്നാണ് നിങ്ങൾ വരുന്നത്” എന്ന ചോദ്യത്തിന്റെ ഉത്തരമാണ് എന്നെ കൂടുതൽ ഞെട്ടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രദർശനം കാണാൻ എത്തിയിയിരുന്നു, മലയാളികളും അല്ലാത്തവരുമായി. ഈ പ്രദർശനം കാണാൻ മാത്രമായി വളരെ ദൂരത്ത്‌ നിന്ന്, കണ്ണൂർ മുതൽ തിരുവനന്തപുരത്തു നിന്നും ഉള്ളവർ, ചെന്നൈയിൽ നിന്നും ബംഗളൂരുവിൽ നിന്നും ഉള്ളവർ, എന്തിന് ദുബായിൽ നിന്നും സൗദി അറേബ്യായിൽ നിന്നും വരെ ഈ പ്രദർശനം കാണാൻ മാത്രമായി അവധിയെടുത്ത്, സമയം ഉണ്ടാക്കി വന്നവർ. ഞാൻ അന്തം വിട്ടു. എനിക്ക് കുറ്റബോധം തോന്നി, ഇനിയുള്ള കാലത്ത് ഞാൻ മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ താല്പര്യം കാണിക്കുമെന്ന് ഉറപ്പിച്ചു.
 
ഞങ്ങളോടുള്ള പരിചയവും സ്നേഹവും, ഓട്ടിസ്റ്റിക്ക് ആയ ഒരു കുട്ടിയോടുള്ള കരുണയും ഒക്കെ കൊണ്ടാണ് മിക്കവാറും പേർ പ്രദർശനത്തിന് വന്നതെങ്കിലും, അവരെല്ലാം തിരിച്ചുപോയത് സിദ്ധാർത്ഥിന്റെ ഫാൻസ്‌ ആയിട്ടാണ്. അവന്റെ ചിത്രങ്ങളുടെ മിഴിവും അവന്റെ സ്വഭാവത്തിന്റെ നൈർമ്മല്യവും വന്നവരെ ഒന്നും തൊടാതിരുന്നില്ല.
 
ഭിന്നശേഷിയുള്ള കുട്ടികൾ ധാരാളം വന്നു, അവരുടെ മാതാപിതാക്കളും. സിദ്ധാർത്ഥിന്റെ അമ്മയോടായിരുന്നു അവരുടെ ചോദ്യങ്ങളും ആരാധനയും. അവരോടെല്ലാം താല്പര്യത്തോടെ, ക്ഷമയോടെ, സന്തോഷത്തോടെ ഞങ്ങൾ സംസാരിച്ചു. സിദ്ധാർത്ഥിന്റെ പ്രദർശനം ആ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും അല്പമെങ്കിലും സന്തോഷവും ആത്മവിശ്വാസവും നൽകിയിട്ടുണ്ടെങ്കിൽ അത് മാത്രം മതി ഈ പ്രദർശനം ധന്യമാക്കാൻ.
 
സിദ്ധാർത്ഥിന്റെ ജീവിതത്തിലെ വലിയ ഒരു നാഴികക്കല്ലായിരുന്നു ഈ ചിത്ര പ്രദർശനം. ഒരു വർഷത്തോളമായ പ്ലാനിങ്ങിൽ എത്രയോ കാര്യങ്ങൾ സംയോജിപ്പിക്കണം, എത്രയോ ആളുകൾ ഒരുമിച്ചു പ്രവർത്തിക്കണം, എന്തൊക്കെ പാളിപ്പോകാം. പക്ഷെ എല്ലാം ശരിയായി.
 
അഞ്ചു ദിവസം നിന്നും നടന്നും ഫോട്ടോ എടുത്തും ഇന്റർവ്യൂ കൊടുത്തും സമയത്തിന് ഭക്ഷണം കഴിക്കാതെയും ദർബാർ ഹാൾ പരിസരത്ത് ചിലവാക്കിയിട്ടും, അവസാന ദിവസവും സിദ്ധാർത്ഥിന്റെ മുഖത്തുണ്ടായിരുന്ന സന്തോഷവും ആത്മവിശ്വാസവും കാണുമ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
 
നന്ദി എല്ലാവരോടും ഉണ്ട്. ഏറ്റവും പ്രധാനം എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് തന്നെയാണ്. ഈ പ്രദർശനത്തിന്റെ മുഴുവൻ മാർക്കറ്റിങ്ങും നടത്തിയത് ഫേസ്ബുക്ക് വഴിയാണ്. ആദ്യമായിട്ടാണ് എന്റെ ഒരു പോസ്റ്റ് പതിനായിരത്തിൽ കൂടുതൽ ലൈക്കിൽ എത്തുന്നത്. അതിൽക്കൂടിയാണ് മാധ്യമങ്ങളും മറ്റുള്ളവരും അറിയുന്നത്.
 
മാധ്യമങ്ങളോടുള്ള നന്ദി ഞാൻ ആദ്യമേ പറഞ്ഞു. ഒരിക്കൽ കൂടി പറയട്ടെ. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെങ്കിൽ, നിങ്ങൾ മാധ്യമങ്ങൾ ഇടപെട്ടേ പറ്റൂ. അതിനവർ തയ്യാറാണെന്ന് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇവിടെ ഉറക്കെ പ്രഖ്യാപിച്ചു. അതിന് ഈ സമൂഹത്തിന്റെ പേരിൽ നന്ദി.
 
പ്രത്യേകിച്ച് നന്ദി പറയേണ്ട മറ്റൊരു കൂട്ടർ ഉണ്ട്. മാധ്യമങ്ങളിലും പുറത്തുമുള്ള അടുത്ത സുഹൃത്തുക്കൾ ആണവർ. പ്രദർശനം സംഘടിപ്പിക്കുന്നതിന്റെ തിരക്കിൽ അവരോട് വ്യക്തിപരമായി ഇതിനെപ്പറ്റി പറയാനോ ക്ഷണിക്കാനോ കഴിഞ്ഞില്ല. എന്നിട്ടും അവരൊന്നും യാതൊരു പരിഭവവും കാണിക്കാതെ അറിഞ്ഞ പാടേ വന്നൂ, ചിലർ രണ്ടാമതും മൂന്നാമതും കുട്ടികളെ കൂട്ടിയും കൂട്ടുകാരെ കൂട്ടിയും വന്നു.
 
എല്ലാവരോടും എങ്ങനെ നന്ദി പറയണം എന്നും അറിയില്ല. പക്ഷെ ഭംഗിവാക്കായി നന്ദി പറയുന്നതിനു പകരം കേരളത്തിലെ സമൂഹത്തിന് വേണ്ടി ചില കാര്യങ്ങൾ ചെയ്യും എന്ന് മാത്രം ഇപ്പോൾ പറയാം.
 
1. കേരളത്തിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തിൽ ഞാൻ തീർച്ചയായും കൂടുതൽ താല്പര്യം എടുക്കും. അത് ഏതൊക്കെ തരത്തിൽ ആകുമെന്നും, എന്റെ വായനക്കാർക്ക് അതിലൊക്കെ എങ്ങനെ പങ്കെടുക്കാമെന്നും, പിന്തുണ തരാൻ പറ്റുമെന്നും വഴിയേ പറയാം.
 
2. ഇനി ഒരിക്കൽ സിദ്ധാർത്ഥിന്റെ ചിത്രപ്രദർശനം സംഘടിപ്പിക്കുമ്പോൾ ഇത്തരം കഴിവുകൾ ഉണ്ടായിട്ടും അത് പൊതുരംഗത്ത് കൊണ്ടുവരാൻ അവസരമില്ലാത്ത പരമാവധി കുട്ടികൾക്ക് കൂടി അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ഉണ്ടാക്കും.
 
3. ഭിന്നശേഷി ഉള്ളവരുടെ വിദ്യാഭ്യാസത്തെപ്പറ്റി, തൊഴിൽ സാധ്യതകളെപ്പറ്റി, അവരെ എങ്ങനെയാണ് സമൂഹം വികസിതരാജ്യങ്ങളിൽ കാണുന്നതെന്നും, അവരുടെ കഴിവുകൾ സമൂഹത്തിനായി ഉപയോഗിക്കാൻ എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച്, അവരുടെ മാതാപിതാക്കളുടെ ദുഃഖങ്ങളെപ്പറ്റി, അതിൽ നിന്നും എങ്ങനെ കരകയറാം എന്നതിനെക്കുറിച്ച്, അവരുടെ നിയമപരമായ അവകാശങ്ങളെപ്പറ്റി ഒക്കെ ഒരു പരമ്പര 2018-ൽ എഴുതും, അത് പുസ്തകമാക്കും, കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയും ചെയ്യും.
 
4. ഓരോ അവധിക്കും ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന സ്‌കൂളുകളിൽ പോകാൻ പരമാവധി ശ്രമിക്കും.
 
എഴുത്ത് അല്പം നീണ്ടു പോയി, ക്ഷമിക്കുക. വായനക്കാരോട് ഒരു ചെറിയ ആവശ്യം കൂടി പറയാം. ഈ കഴിഞ്ഞ ദിവസങ്ങളിൽ സിദ്ധാർത്ഥിന്റെ ചിത്രപ്രദർശനത്തെക്കുറിച്ച് അനവധി ഫേസ്ബുക്ക് പോസ്റ്റുകളും മാധ്യമ റിപ്പോർട്ടുകളും വന്നു. പക്ഷെ തിരക്ക് കാരണം അവ എല്ലാം ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് നിങ്ങൾ ചെയ്ത പോസ്റ്റുകളിലും നിങ്ങളുടെ കണ്ണിൽ പെട്ട റിപ്പോർട്ടുകളിലും എന്നെ ഒന്ന് ടാഗ് ചെയ്യാമോ ?
 
നിങ്ങളിൽ സിദ്ധാർത്ഥിന്റെ കൂടെ പടം എടുത്തിട്ടുള്ളവർ സാധിക്കുമെങ്കിൽ അതും കൂടി പോസ്റ്റ് ചെയ്യണം, എന്നെ ഒന്ന് ടാഗ് ചെയ്യണം. സിദ്ധാർഥ് അതെല്ലാം ശ്രദ്ധിക്കുന്നുണ്ട്, ഞാനും.
 
ഒരു കാര്യം കൂടി പറയാതെ വയ്യ. ഫേസ്ബുക്കിൽ മാത്രം എന്നെ അറിയുന്ന എന്റെ സുഹൃത്തുക്കളും ഫോളോവേഴ്സും എന്നോട് കാണിക്കുന്ന സ്നേഹം എന്നെ ആശ്ചര്യപ്പെടുത്തുന്നു. നിങ്ങളുടെ സഹായവും പിന്തുണയും ഇല്ലാതെ ഈ പ്രദർശനം ഇത്ര വിജയമാകുമായിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ കൂടി നമുക്ക് എന്തൊക്കെ സാധിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ പ്രദർശനം. സുക്കറണ്ണന് നന്ദി.
 
ഏറെ സന്തോഷത്തോടെ, സ്നേഹത്തോടെ, നിറകണ്ണുകളോടെ…
 
മുരളി തുമ്മാരുകുടി.

Leave a Comment