പൊതു വിഭാഗം

#metoo

പ്രതികരിക്കേണ്ട ഏറെ വിഷയങ്ങൾ നിലവിലുണ്ടെങ്കിലും ഔദ്യോഗികമായും വ്യക്തിപരമായും ഏറെ തിരക്കുള്ളതിനാൽ വിശദമായി എഴുതാൻ സാധിക്കുന്നില്ല. എന്നാലും #metoo മൂവ്മെന്റിനെപ്പറ്റി രണ്ടു വാക്ക് പറയാതെ വയ്യ.
 
ഒരു വർഷത്തിന് ശേഷമാണെങ്കിലും ഇന്ത്യയിലും #metoo പ്രസ്ഥാനം കത്തിക്കയറാൻ തുടങ്ങുകയാണ്, നല്ലത്. വിഷമിപ്പിക്കുന്നത് പക്ഷെ ഏറെ ആണുങ്ങളുടെ പ്രതികരണമാണ്. “എന്തുകൊണ്ടാണ് ഇത്ര നാൾ പറയാതിരുന്നത്?”, “എന്തുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാതിരുന്നത്?” എന്നിങ്ങനെ തികച്ചും സ്വാഭാവികമായ ചോദ്യങ്ങൾ ഉയരുന്നു. അത് അമേരിക്കൻ പ്രസിഡന്റ് മുതൽ ഇന്നിപ്പോൾ WCC പത്രസമ്മേളനത്തിന് താഴെ വന്ന് കമന്റിടുന്നവർ വരെ ഇത് തന്നെയാണ് ചോദിക്കുന്നത്.
 
ഈ ചോദ്യത്തിനൊക്കെ ഉത്തരങ്ങൾ ഇത്തരം അനുഭവങ്ങളിൽ നിന്നും കരകയറിയവരും മനഃശാസ്ത്രഞ്ജരും ഒക്കെ പല വട്ടം പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഞാനും എഴുതാം. സഹോദരനും സുഹൃത്തും അധ്യാപകനും മെന്ററും എഴുത്തുകാരനും ഒക്കെയായി ആയിരക്കണക്കിന് സ്ത്രീകളുമായി ഇടപെട്ട പരിചയത്തിൽ നിന്ന് ഒരു കാര്യം ഞാൻ ഇപ്പോൾ പറയാം.
 
#metoo എന്നത് സിനിമാരംഗത്തോ, രാഷ്ട്രീയ രംഗത്തോ, പത്രപ്രവർത്തന രംഗത്തോ കായിക രംഗത്തോ, മറ്റു ഗ്ലാമർ രംഗങ്ങളിലോ മാത്രമുള്ള പ്രശ്നമല്ല. ഇപ്പോൾ പുറത്തു വരുന്ന പത്തോ അതിന്റെ പത്തിരട്ടിയോ ആളുകളുടെ പ്രശ്നവുമല്ല. നമ്മുടെയെല്ലാം ചുറ്റിലും ഇതുണ്ട്, അത് മനസ്സിലാക്കാനുള്ള മനസ്സുണ്ടെന്ന് സ്ത്രീകൾക്ക് തോന്നിയിട്ടുള്ള എല്ലാ പുരുഷന്മാരും ഇത്തരം അനുഭവങ്ങൾ കേട്ടിട്ടുണ്ട്.
 
നിങ്ങൾ നിങ്ങളുടെ തൊട്ടടുത്തുള്ള ആരിൽ നിന്നും ഇനിയും ഇത്തരം ഒരു കഥ കേട്ടിട്ടില്ലെങ്കിൽ അതിൻറെ അർത്ഥം, നിങ്ങളുടെ തൊട്ടടുത്തുള്ളവർക്ക് നിങ്ങളോട് അത്തരം അനുഭവങ്ങൾ പങ്കുവെക്കാനുള്ള ‘സ്പേസ്’ നിങ്ങൾ കൊടുത്തിട്ടില്ല എന്നത് മാത്രമാണ്. അതായത് നിങ്ങൾ നിങ്ങളുടെ ‘ഏറ്റവും അടുത്തത്’, ‘ആത്മാർത്ഥ സുഹൃത്ത്’ എന്നൊക്കെ കരുതുന്നവർ നിങ്ങളെ അങ്ങനെ കരുതുന്നില്ല. നിങ്ങളുടെ ചിന്തയും വിചാരവും ഇത്തരത്തിൽ ആണെങ്കിൽ എനിക്കതിൽ അത്ഭുതം തോന്നേണ്ട കാര്യമില്ലല്ലോ.
 
ഈ “#metoo ഒഒന്നും വലിയൊരു പ്രശ്നമല്ലെന്നും സ്ത്രീകൾക്ക് മോശമായ അനുഭവങ്ങൾ ഉണ്ടെങ്കിൽ അവരുടെ കുടുംബത്തോട് നടന്നയുടനെ തുറന്നു പറയും എന്നുമൊക്കെയുള്ള ചിന്താഗതിയിൽ നിങ്ങൾ ഞെളിഞ്ഞിരിക്കുമ്പോൾ, അനുഭവങ്ങൾ പറയാനാകാതെ വീർപ്പുമുട്ടുന്നത് അമേരിക്കയിലെ സിനിമാതാരങ്ങളോ ഡൽഹിയിലെ പത്രപ്രവർത്തകരോ മാത്രമല്ല. നിങ്ങൾക്ക് തൊട്ടു ചുറ്റുമുള്ള, നിങ്ങൾ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ഭാര്യയോ, സഹോദരിയോ മകളോ സുഹൃത്തുക്കളോ കൂടിയാണ്. അക്കാര്യം മനസ്സിലാകുന്ന കാലത്ത് നിങ്ങൾക്ക് #metoo വിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാകും. അതുവരെ ചെവിയിൽ പഞ്ഞിവെച്ച് അടച്ചിരുന്നിട്ട് ‘ചെണ്ടമേളത്തിന് ഒച്ചയൊന്നും ഇല്ലല്ലോ’ എന്ന് ചിന്തിക്കുന്ന മൂഢന്റെ അവസ്ഥയിലാണ് നിങ്ങൾ.
 
മുരളി തുമ്മാരുകുടി

1 Comment

  • Dear Sir,
    WCC membersinum swaththa bodamulla ella sthreekalkkum avarude courage nassikkathirikkan ningalude support sahayakamavatte………..
    GOD BLESS YOU AND YOUR FAMILY………………….

    Alphy

Leave a Comment