പൊതു വിഭാഗം

പ്രഭകുറയുന്ന പ്രഭാപൂരം

ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും കൃത്യമായ കൊറിയോഗ്രഫിയിലൂടെ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ അപൂർവ്വവും അതിമനോഹരവുമായ ഒരു ആഘോഷവും ആചാരവുമാണ് തൃശൂർ പൂരം. തൃശൂരിലുളളവരുടെ വികാരവും മൊത്തം മലയാളികൾക്ക് അഭിമാനവുമാണ് പൂരം.

നന്നായി ഡോകുമെന്റ് ചെയ്താൽ ലോക പൈതൃകപ്പട്ടികയിൽ എളുപ്പത്തിൽ എത്താവുന്ന, പണ്ടേ എത്തേണ്ട ഒന്ന്. അല്പം കൂടി പ്ലാനിങ്ങോടെ നടത്തുകയും മാർക്കറ്റ് ചെയ്യുകയും ചെയ്താൽ ലോകപ്രശസ്തമാകാവുന്നതും ലോകത്തെവിടെനിന്നും ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കാനാകുന്നതുമായ ഒന്ന്. എന്നാൽ അടുത്ത കുറച്ചു കാലങ്ങളായി, പല പ്രശ്നങ്ങളും, നിയന്ത്രണങ്ങളും വാഗ്വാദങ്ങളും ഒക്കെ ആയി പൂരത്തിന്റെ പ്രഭ കുറഞ്ഞു വരികയാണ്.

ഈ വർഷം പൂരം പകുതി വഴി നിർത്തിവെക്കുകയും രാത്രി നടക്കേണ്ട വെടിക്കെട്ട് പകൽ ആവുകയും ചെയ്തതോടെ ശോഭ വല്ലാതെ കുറഞ്ഞു.

ഇതിന് പല കാരണങ്ങളുണ്ട്. വലിയ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുളള പ്രശ്നങ്ങൾ, ആനകളെ നിയമമനുസരിച്ചും സുരക്ഷിതമായും എഴുന്നള്ളിക്കുന്നതിലെ പ്രശ്നങ്ങൾ, കരിമരുന്ന് പ്രയോഗത്തിലെ സുരക്ഷാ പ്രശ്നങ്ങളും നിയന്ത്രണങ്ങളും എന്നിങ്ങനെ.

ഇന്നലത്തെ പ്രശ്നത്തിന്റെ പേരിൽ പോലീസിനെ ഒറ്റയടിക്ക് കുറ്റപ്പെടുത്തുക എളുപ്പമാണ്. പക്ഷെ ഏതെങ്കിലും തരത്തിലുള്ള ഒരു സുരക്ഷാവീഴ്ച്ച അവിടെ ഉണ്ടായിരുന്നെങ്കിൽ പിന്നെ നമ്മൾ  അതിന്റെ പേരിലാകും അവരെ കുറ്റപ്പെടുത്തുന്നത്.

പുറ്റിങ്ങലിൽ വെടിക്കെട്ട് അപകടം ഉണ്ടായ അന്ന് വൈകീട്ട് ചാനൽ ചർച്ചകളിൽ എന്നോടുൾപ്പടെ ചോദിച്ച ചോദ്യം ഇത് “പോലീസിന്റെ വീഴ്ച്ച ആണോ ജില്ലാ ഭരണകൂടത്തിൻറെ വീഴ്ച ആണോ” എന്നാണ്. ഒരു വിഷയത്തിന്റെ അടിസ്ഥാന കാരണങ്ങൾ മനസിലാക്കുക നമ്മുടെ ശീലമല്ല. ആരെയെങ്കിലും ഉടൻ കുറ്റവാളി ആക്കുക, അന്പലക്കമ്മിറ്റിയെ അറസ്റ്റ് ചെയ്യുക, സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ സസ്‌പെൻഡ് ചെയ്യുക, ഇതൊക്കെ കണ്ടാലേ നമ്മുടെ കലി അടങ്ങൂ. അതുകൊണ്ടാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പ്രതികരിക്കുന്നത്.

അതേസമയം എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്പോഴോ, ഉണ്ടാകും എന്ന് കരുതുന്പോഴോ അതങ്ങ് നിരോധിക്കാം എന്നൊരു പൊതുരീതിയും നമുക്കുണ്ട്. ഇതും തെറ്റാണ്. പുറ്റിങ്ങലിൽ അപകടം ഉണ്ടായ അന്ന് മിക്കവാറും ആളുകൾ “വെടിക്കെട്ട് കേരളത്തിൽ ഒട്ടാകെ നിരോധിക്കണം” എന്ന് അഭിപ്രായപ്പെട്ടിരുന്നു. പൊതുബോധവും അന്ന് അതിന്റെ കൂടെ ആയിരുന്നു.

പക്ഷെ അതിമനോഹരമായ ഒരു കലയാണ് കരിമരുന്നു പ്രയോഗം. ലോകത്തിൽ എത്രയോ ഇടങ്ങളിൽ എത്രയോ വലിയ കരിമരുന്നു പ്രയോഗങ്ങൾ സുരക്ഷിതമായി നടക്കുന്നു. കരിമരുന്ന് പ്രയോഗം യൂണിവേഴ്സിറ്റികളിൽ പോലും പഠിപ്പിക്കുന്നു. അപ്പോഴാണ് ഡസൻ കണക്കിന് യൂണിവേഴ്സിറ്റികളും നൂറിലേറെ എഞ്ചിനീയറിങ്ങ് കോളേജുകളും ആയിരത്തോളം പോളിടെക്നിക്കുകളും ഐ.ടി.ഐ.യും ഉണ്ടായിട്ടും ഒരു സ്ഥലത്തു പോലും കരിമരുന്നു പ്രയോഗം പഠിപ്പിക്കാത്ത നാട്ടിൽ നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന ഈ നൈപുണ്യം ഇല്ലാതാക്കുന്ന തീരുമാനം എടുക്കാൻ നാം വ്യഗ്രതപ്പെടുന്നത്.

തൃശൂർ പൂരം സുരക്ഷിതമായി നടത്താനും, നമ്മുടെ അഭിമാനമായി, ലോകത്തിന്റെ പൈതൃകമായി നൂറ്റാണ്ടുകളോളം നിലനിർത്താനും ലോകമെന്പാടുമുള്ള ആളുകളെ ഇങ്ങോട്ട് ആകർഷിക്കാനുമുള്ള ശ്രമങ്ങളാണ് നമ്മൾ നടത്തേണ്ടത്.

ഇത് സാധ്യമാണ്, നമ്മുടെ ഒത്തൊരുമിച്ചുള്ള ശ്രമം മാത്രം മതി.

മുരളി തുമ്മാരുകുടി

Leave a Comment