പൊതു വിഭാഗം

കുറ്റവാളികളുടെ സ്വൈരവിഹാരം

ഒരേ തരം കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ചും ലൈംഗികകുറ്റകൃത്യങ്ങളും കുട്ടികൾക്കെതിരായ ലൈംഗിക ആക്രമണങ്ങളും, നടത്തുന്നവരുടെ ഒരു രജിസ്റ്റർ ലോകത്ത് പല നാടുകളിലും ലഭ്യമാണ്. നമ്മൾ ഒരു പ്രദേശത്ത് താമസിക്കുന്നതിന് മുൻപ് വേണമെങ്കിൽ ഇക്കാര്യം നമുക്ക് പരിശോധിക്കാനും കുട്ടികളുമായി ബന്ധപ്പെട്ട ജോലികളിൽ അവർ പ്രവേശിക്കുന്നത് തടയാനും സാധിക്കും. ഇത്തരത്തിൽ ഒന്ന് കേരളത്തിൽ വേണമെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. പലപ്പോഴും “ഇതൊക്കെ നാട്ടിലും ഉണ്ട് സാർ” എന്ന് ആളുകൾ എന്നോട് പറഞ്ഞിട്ടുമുണ്ട്.

പക്ഷെ അതിക്രൂരമായ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പടെ 57 കുറ്റകൃത്യങ്ങൾ നടത്തിയ ഒരാൾക്ക് സ്വൈര്യമായി നാട്ടിൽ സഞ്ചരിച്ച് പട്ടാപ്പകൽ മറ്റൊരു ഇരയെ കണ്ടെത്തി ക്രൂരമായി കൊലപ്പെടുത്താം എന്നൊരു സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ തീർച്ചയായും കുറ്റകൃത്യങ്ങൾ കുറക്കാനുള്ള നമ്മുടെ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യമുണ്ട്.

കുറ്റകൃത്യങ്ങൾ കുറക്കുക എന്നത് ദുരന്തങ്ങൾ കുറക്കുന്നത് പോലെ ഒരു “താങ്ക് ലെസ്സ്” ജോബ് ആണ്. ഒരു കുറ്റകൃത്യം സംഭവിച്ചു കഴിഞ്ഞാൽ അത് അന്വേഷിച്ച് പ്രതിയെ ഏറ്റവും വേഗത്തിൽ, സാഹസികമായി പോലും പിടികൂടുന്ന സ്ക്വാഡുകളുടെ കഥയാണ് നമ്മൾ കേൾക്കുന്നതും, സിനിമ ആകുന്നതും. അത്തരത്തിലുള്ള പോലീസുകാരാണ് ഹീറോയും മാതൃകയും അവാർഡ് മേടിക്കുന്നതും. ഒഴിവാക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് പുറകിൽ പ്രവർത്തിച്ചവർ അറിയപ്പെടാതെ പോകുന്നു. അതുകൊണ്ട് തന്നെ ഡിപ്പാർട്മെന്റിലെ ഏറ്റവും മിടുക്കരായവർ ഒന്നും ഈ തൊഴിൽ ഏറ്റെടുക്കാൻ വഴിയില്ല. ഇത് മാറണം.

നമ്മുടെ സംസ്ഥാനത്ത് സംഭവിക്കുന്ന കുറ്റകൃത്യങ്ങൾ ഓരോ വർഷവും കുറച്ചു കൊണ്ടുവരാൻ ഒരു കർമ്മ പദ്ധതി വേണം. അതിന് ക്വാണ്ടിറ്റേറ്റീവ് ആയിട്ടുള്ള ടാർഗെറ്റുകൾ തന്നെ സെറ്റ് ചെയ്യണം. അത് എങ്ങനെ സാധിക്കാം എന്ന് ചർച്ച ചെയ്യണം. സെക്സ് ഒഫൻഡർ രജിസ്റ്റർ മുതൽ സൈബർ പട്രോളിംഗ് വരെ ഇതിന്റെ ഭാഗമാക്കണം.

ഇനിയെങ്കിലും നമ്മുടെ സമൂഹത്തിൽ അനുവിനെപ്പോലെയുള്ള ഇരകൾ ഉണ്ടാകരുത്. നമ്മുടെ ചുറ്റും മുജീബുമാർക്ക് സ്വൈരവിഹാരം നടത്താനുള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കണം.

മുരളി തുമ്മാരുകുടി

May be an image of 1 person, beard and text

Leave a Comment