പൊതു വിഭാഗം

Female Pleasure…

സിനിമ നിർമ്മാണത്തിനോ സംവിധാനത്തിനോ പേരുകേട്ട സ്ഥലമല്ല സ്വിറ്റ്‌സർലൻഡ്. പക്ഷെ സ്വിസ് സംവിധായകയായ ബാർബറ മില്ലർ സംവിധാനം ചെയ്ത Female Pleasure എന്ന ഡോക്യൂമെന്ററി ഇതിനകം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇന്നലെ അവധിയയതിനാൽ അത് കാണാമെന്ന് തീരുമാനിച്ചു.
“An examination of the obstacles that stand in the way of female sexuality in the 21st century” എന്നാണ് IMDb ഇതിനെപ്പറ്റി പറഞ്ഞത്, അത് അറിയാനാണ് പോയതും. പക്ഷെ അതായിരുന്നില്ല കഥ.
 
ലോകത്തെ വിവിധ രാജ്യങ്ങളിൽ സ്ത്രീകളുടെ ലൈംഗികതക്കെതിരെ ഉയരുന്ന അക്രമങ്ങളും വെല്ലുവിളികളുമാണ് ഡോക്യൂമെന്ററിയുടെ അടിസ്ഥാനം. ലോകത്തെ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള (അമേരിക്ക, ജപ്പാൻ, ഇന്ത്യ, ജർമ്മനി, സോമാലിയ) അഞ്ചു സ്ത്രീകൾ. അവർ അഞ്ചു വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരാണ് (യഹൂദർ, ബുദ്ധിസ്റ്റ്, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം).
 
യഹൂദരുടെ ഇടയിലെ വലിയ മൗലികവാദികളായ സംഘത്തിൽ നിന്നും അറേഞ്ച്ഡ് മാരേജിൽ നിന്നും രക്ഷപെട്ട് ഓടിപ്പോന്നതാണ് ഒരാൾ. സ്വന്തം ലിംഗത്തിന്റെ മാതൃക എടുത്ത് അതേ രൂപത്തിൽ 3D പ്രിന്റിങ്ങിലൂടെ ഒരു ബോട്ടുണ്ടാക്കിയതിന് ജപ്പാനിൽ കോടതിയിൽ എത്തിയതാണ് അടുത്ത ആൾ. ഡൽഹിയിലെ ബലാത്സംഗ സംസ്കാരത്തിനെതിരെ ബോധവത്കരണം നടത്തുന്ന ഒരു സന്നദ്ധ സംഘടന നടത്തുന്ന ആളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഏഴു വയസ്സിൽ തന്നെ സ്വന്തം ലൈംഗിക അവയവങ്ങൾ പാരന്പര്യത്തിന്റെ ഭാഗമായി മുറിക്കപ്പെട്ട ഒരു സോമാലിയൻ പെൺകുട്ടി. റോമിൽ ഒരു ക്രിസ്ത്യൻ പുരോഹിതനാൽ ബലാത്സംഗം ചെയ്യപ്പെട്ട ഒരു കന്യാസ്ത്രീ ആണ് അവസാനത്തെ ആൾ. ഇവരുടെ ജീവിതത്തിൽ നിന്നും ആ രാജ്യങ്ങളിലെ സംസ്കാരങ്ങളിൽ നിന്നും കുറച്ചു രംഗങ്ങൾ കോർത്തിണക്കിയതാണ് ചിത്രം.
 
സ്ത്രീകളുടെ ലൈംഗികതക്കെതിരെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും രാജ്യമോ മതമോ മാറ്റമില്ലാതെ എവിടെയും വെല്ലുവിളികൾ ഉണ്ടെന്നത് നമ്മെ വിഷമിപ്പിക്കുമെങ്കിലും എവിടേയും ചെറുത്തുനിൽപ്പുകളും ഉണ്ടെന്നത് അല്പം ആശ്വാസം പകരുകയും ചെയ്യുന്നു.
 
ഇന്ത്യയിലെ തീയേറ്ററുകളിൽ വരാൻ വഴിയില്ല. നെറ്റ്ഫ്ലിക്സിൽ ഉണ്ടെങ്കിൽ കാണേണ്ട സിനിമ തന്നെയാണ്.
 
(പുരുഷ ലിംഗത്തിന്റെ പടുകൂറ്റൻ മാതൃകൾ തൊട്ട് പുരുഷ ലിംഗം പോലിരിക്കുന്ന ഐസ് ഫ്രൂട്ട് സ്റ്റിക്ക് വരെ ആയിരക്കണക്കിനാളുകൾ ആഘോഷമായി കൊണ്ടുനടക്കുന്ന ജപ്പാനിലാണ് സ്ത്രീലിംഗത്തിന്റെ മോൾഡെടുത്ത് ത്രീ ഡി പ്രിന്റ് ചെയ്ത പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് എന്നത് അതിശയമായി തോന്നാം).
 
മുരളി തുമ്മാരുകുടി.
 

Leave a Comment