പൊതു വിഭാഗം

സ്‌കൂളുകളിലെ സുരക്ഷ!

തട്ടേക്കാട് ബോട്ടപകടത്തിൽ വിനോദയാത്രക്ക് പോയ അധ്യാപകരും കുട്ടികളും മുങ്ങിമരിച്ച സംഭവമുണ്ടായ അന്നുമുതലാണ് ഞാൻ കേരളത്തിൽ സുരക്ഷ എന്ന വിഷയത്തിൽ ഇടപെട്ട് തുടങ്ങിയത്.
 
കേരളത്തിൽ സുരക്ഷയുടെ കാര്യത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണമെങ്കിൽ നമ്മുടെ കുട്ടികളെ സുരക്ഷയുടെ പാഠങ്ങൾ പഠിപ്പിക്കണമെന്നും അത് സുരക്ഷിതമായ ഒരു സ്‌കൂളിൽ നിന്നു തന്നെ തുടങ്ങണമെന്നും ഞാൻ അന്ന് തൊട്ടേ പറഞ്ഞു വന്നിരുന്നതാണ്. സ്‌കൂളിലെ സുരക്ഷ എന്ന വിഷയം തന്നെ ഞാൻ ഇംഗ്ളീഷിലും മലയാളത്തിലും കൈപ്പുസ്തകങ്ങൾ ഉണ്ടാക്കി, മന്ത്രിമാരേയും ഉദ്യോഗസ്ഥന്മാരേയും കണ്ട് സ്‌കൂളിൽ സുരക്ഷ ഉറപ്പു വരുത്തേണ്ടതിന്റെയും സുരക്ഷയുടെ പാഠങ്ങൾ പഠിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം സംസാരിച്ചു. അവർ എല്ലാം ‘ഇപ്പൊ ശരിയാക്കിത്തരാം’ എന്ന് പറയുകയും ചെയ്തു. എന്നിട്ടും ഓരോ വർഷവും സ്‌കൂൾ തുറക്കുന്ന ജൂൺ ഒന്നിന് തന്നെ സ്‌കൂളുകളിൽ ഉൾപ്പെടെയുള്ള അപകടങ്ങളിൽ കുട്ടികൾ മരിക്കുന്ന അവസ്ഥ വരെയുണ്ടായി.
 
2019 ൽ കേരളത്തിൽ സ്‌കൂളുകളിലുണ്ടായ ചില അപകടങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. പാലായിൽ സ്പോർട്സ് മീറ്റിൽ കുട്ടിക്ക് അപകടമുണ്ടായത് (പിന്നീട് ആ കുട്ടി മരിച്ചു), വയനാട്ടിൽ ക്ലാസ്സ്‌റൂമിൽ പാന്പുകടിയേറ്റ് കുട്ടി മരിച്ചത്, ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ കുട്ടി മരിച്ചത് എല്ലാം ചേർന്നപ്പോൾ പെട്ടെന്ന് ആളുകൾക്ക് ഈ വിഷയത്തിൽ കൂടുതൽ താല്പര്യമുണ്ടായി.
ആദ്യം മുൻകൈ എടുത്തത് വയനാട്ടിലെ ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ചാണ്. ജില്ലയിലെ 303 സ്‌കൂളുകളിലെ അധ്യാപകർക്ക് വേണ്ടി മൂന്നു ദിവസ പരിശീലനം നടത്തി. കളക്ടറും ആരോഗ്യമന്ത്രിയും പ്രത്യേക താല്പര്യമെടുത്ത് വ്യക്തിപരമായി അതിൽ പങ്കെടുക്കുകയും ചെയ്തു. പറവൂരിലെ
Help for Helpless Educational and Charitable Societyഎന്ന സംഘടനയാണ് ഇതിൽ മുഖ്യപങ്ക് വഹിച്ചത്.
 
ഈ വർഷം അധ്യാപകർക്കുള്ള പരിശീലനത്തിന്റെ ഭാഗമായി സ്‌കൂളിലെ സുരക്ഷ ഒരു വിഷയമാക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചു, വിക്ടേഴ്‌സ് ചാനൽ അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്നര മുതൽ ഒരു മണിക്കൂർ സ്‌കൂളിലെ സുരക്ഷയുടെ പ്രാധാന്യം മുതൽ സ്‌കൂൾ സേഫ്റ്റി ഓഡിറ്റ് വരെ, അപകടം ഉണ്ടായാൽ ഏതു ചെയ്യണം എന്നത് മുതൽ അപകടത്തെ പറ്റി അന്വേഷിക്കുന്നത് വരെയുള്ള വിഷയങ്ങളിൽ ഒരു ക്ലാസ് നടത്തി.
 
ഇപ്പോൾ അത് യു ട്യൂബിൽ ലഭ്യമാണ്. ലിങ്ക് ഒന്നാമത്തെ കമന്റിൽ. ലിങ്ക് പോസ്റ്റ് ചെയ്ത് രണ്ടു മണിക്കൂറിനകം ഇരുപതിനായിരത്തിലധികം ആളുകൾ അത് കണ്ടുകഴിഞ്ഞു, അനവധി അധ്യാപകർ (എന്റെ സ്ഥിരം വായനക്കാരല്ലാത്തവരും), നല്ല കമന്റുകളുമായി വരുന്നുണ്ട് എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
 
ലിങ്ക് ഒന്നാമത്തെ കമന്റിൽ ഉണ്ട്. സ്‌കൂൾ സുരക്ഷയുടെ ഗൈഡ് ലൈൻ, വിനോദയാത്രയെപ്പറ്റിയുള്ള പുസ്തകം ഇവ രണ്ടാമത്തെയും മൂന്നാമത്തെയും കമന്റായി ചേർത്തിരിക്കുന്നു.
 
ഈ പോസ്റ്റ് തീർച്ചയായും ഷെയർ ചെയ്ത് അധ്യാപകസുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ ടാഗ് ചെയ്യണം. നമ്മൾ ഒരിക്കലും അറിയില്ലെങ്കിലും ഈ പാഠങ്ങൾ ഒരു കുട്ടിയുടെ എങ്കിലും ജീവൻ രക്ഷിച്ചേക്കാം. നമ്മുടെ കുട്ടികൾക്ക് ഒരു ചെറിയ മുറിവേറ്റാൽ പോലും നമുക്ക് എത്ര വേദനിക്കും, അപ്പോൾ സ്‌കൂളിലെ അപകടങ്ങൾ കുറക്കാനുള്ള ഏതൊരു ശ്രമവും നമ്മൾ പൂർണ്ണമായി പിന്തുണക്കേണ്ടതാണ്. ഷെയർ ചെയ്യുന്ന എല്ലാവർക്കും മുൻ‌കൂർ നന്ദി.
 
നന്ദി,
 
Prof.C.Raveendranath, K K Shailaja Teacher Adeela AbdullaCollector Wayanad Hforh Helpforhelpless Hforh Manu Viswam Sunil Prabhakar Chief Minister’s Office, Kerala Anvar Sadath
 
മുരളി തുമ്മാരുകുടി

Leave a Comment