പൊതു വിഭാഗം

സിവിൽ സർവ്വീസ് പരീക്ഷയും പാഴാവുന്ന ലക്ഷം മനുഷ്യ വർഷങ്ങളും

അനവധി ആളുകൾ ദിവസവും കരിയർ കൗൺസലിങ്ങിനായി എന്റെ അടുത്ത് എത്താറുണ്ട്. ആകുന്ന പോലെ അവരോട് സംസാരിക്കാറുമുണ്ട്.

ഇവരിൽ എനിക്ക് ഏറ്റവും വിഷമം തോന്നുന്നത് സിവിൽ സർവ്വീസ് പരീക്ഷ നാലോ അഞ്ചോ തവണ എഴുതിയതിന് ശേഷം പരാജയപ്പെട്ട് തിരിച്ചൊരു ജോലിയിലേക്ക് കയറാൻ ബുദ്ധിമുട്ടുന്നവരെ ഓർത്താണ്.

ഇവരിൽ പലരും ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ നല്ല ജോലി കിട്ടിയവരും ഒന്നോ രണ്ടോ വർഷത്തിന് ശേഷം ജോലി രാജിവെച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുത്തവരുമാണ്.

പലരും പല വട്ടം മെയിൻ പരീക്ഷ പാസ്സായവരാണ്, ചിലരൊക്കെ ഇന്റർവ്യൂ വരെ എത്തിയവരും.

പക്ഷെ അവസാനത്തെ ലിസ്റ്റിൽ പേരില്ല. അതിൽ അത്ര അതിശയമില്ല. ഇവരൊന്നും മോശക്കാരായത് കൊണ്ടല്ല തെരഞ്ഞെടുക്കപ്പെടാത്തത്.

പത്തുലക്ഷത്തിലധികം ആളുകളാണ് സിവിൽ സർവ്വീസ് പരീക്ഷക്ക് അപേക്ഷിക്കുന്നത്. അതിൽ പകുതി ആളുകൾ പരീക്ഷ എഴുതുന്നു. ആയിരത്തിൽ താഴെ ആളുകൾക്കാണ് അവസാന ലിസ്റ്റിൽ ഇടം കിട്ടുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ സിവിൽ സർവ്വീസ് പരീക്ഷയാണ് ഇന്ത്യയിലേത്. ഈ പരീക്ഷ പാസ്സായാൽ രണ്ടു കാര്യങ്ങൾ ഒരേ സമയത്ത് ഉറപ്പാവുകയാണ്.

  1. ചെറുപ്പത്തിലേ തന്നെ വളരെ ഉത്തരവാദിത്തങ്ങളുള്ള ജോലി.
  2. തുടരെ തുടരെ ഉള്ള പ്രമോഷനുകളുമായി സർവ്വീസിന്റെ മുകളിലേക്ക് എത്താനുള്ള അവസരം.

പരീക്ഷ വിജയിച്ചവരിൽ പത്തിലൊന്നാളുകൾ മാത്രമാണ് ആദ്യത്തെ ശ്രമത്തിൽ പരീക്ഷ പാസ്സാവുന്നത്. കുറച്ചു പേരെങ്കിലും എട്ടിലധികം പ്രാവശ്യം എഴുതി പാസ്സാകുന്നു. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും എഴുതാൻ ആളുകൾ ശ്രമിക്കുന്നു. ഒരു തെറ്റുമുള്ള കാര്യമല്ല. അതവരുടെ അവകാശമാണ്.

പക്ഷെ ഒരു കുഴപ്പമുണ്ട്. തൊഴിൽ രംഗത്ത് നിന്നും രണ്ടു വർഷത്തിൽ അധികം വിട്ടു നിന്നിട്ട് തിരിച്ചു കയറുക അത്ര എളുപ്പമല്ല.

ഐ.ടി. കന്പനിയിലും കൺസൾട്ടൻസികളിലും ബാങ്കിലും വിദേശത്തും ഒക്കെ നല്ല ജോലികൾ ചെയ്തിരുന്നവർ രണ്ടോ മൂന്നോ തവണ സിവിൽ സർവ്വീസ് എഴുതിയതിന് ശേഷം വിജയിക്കാതെ തിരിച്ചു തൊഴിലിൽ പ്രവേശിക്കാൻ ശ്രമിക്കുന്പോൾ ബയോഡേറ്റയിൽ വലിയൊരു ഗ്യാപ്പ് വരുന്നു.

പണ്ടൊക്കെ പഠനത്തിനും ജോലിക്കും ഇടയിൽ സിവിൽ സർവ്വീസ് എഴുതുന്നത് സാധാരണമായിരുന്നു. ഇന്നിപ്പോൾ കോച്ചിങ്ങ് സെന്റർ സംവിധാനത്തിലൂടെ അല്ലാതെ എഴുതുന്നവർ ചുരുക്കമാണ്.

പരീക്ഷ എഴുതുന്ന അഞ്ചു ലക്ഷം ആളുകളിൽ പകുതിയെങ്കിലും പരീക്ഷക്കായി ഒരു വർഷം മാറ്റിവച്ചതാണെന്ന് കൂട്ടിയാൽ തന്നെ രണ്ടു ലക്ഷത്തിലധികം മനുഷ്യ വർഷങ്ങളാണ് പാഴാവുന്നത്. പരീക്ഷ തോൽക്കുന്നതല്ല പ്രശ്നം. തോറ്റതിന് ശേഷം എന്ത് ചെയ്യും എന്നതാണ്.

രണ്ടുവർഷത്തെ സിവിൽ സർവ്വീസ് പഠനം ഏതെങ്കിലും “സ്‌കിൽ”കൂട്ടിയതായിട്ടോ പ്രവർത്തി പരിചയമായിട്ടോ ഒരു എംപ്ലോയറും കണക്കാക്കുന്നില്ല.

ഐ.ടി. പോലുള്ള രംഗങ്ങളിൽ സാങ്കേതിക വിദ്യകൾ മാറുന്നു. ബാങ്കുകളിൽ ഓഫിസർ പദവിയിലുള്ള തൊഴിലുകളുടെ പ്രായ പരിധി കഴിയുന്നു, അല്ലെങ്കിൽ വീണ്ടും എഴുതുന്പോൾ തിരിച്ചു കയറാൻ പറ്റുന്നില്ല. വിദേശത്തേക്ക് തിരിച്ചു പോകാൻ ഉള്ള വിസ കിട്ടുന്നില്ല.

കുട്ടികൾ വട്ടം കറങ്ങുന്നു. പലർക്കും സാന്പത്തിക ബാധ്യതകൾ വരുന്നു, ചിലർക്കെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നു.

വാസ്തവത്തിൽ ഇപ്പോഴത്തെ സിവിൽ സർവ്വീസ് പരീക്ഷ രീതികളെ പറ്റി എനിക്ക് പല അഭിപ്രായങ്ങളും ഉണ്ട്. അതിലൊന്ന് ഇത് ലക്ഷക്കണക്കിന് മനുഷ്യ വർഷങ്ങൾ പാഴാക്കി കളയുന്നത് മാത്രമല്ല ആയിരക്കണക്കിന് കോടി രൂപ കോച്ചിങ്ങ് ക്ലാസ്സുകാരുടെ കയ്യിൽ എത്തിക്കുന്നു എന്നതാണ്. ഇത് രണ്ടും ഒഴിവാക്കേണ്ടതും ഒഴിവാക്കാവുന്നതുമാണ്.

സിവിൽ സർവ്വീസ് എഴുതാനുള്ള തവണകൾ ജനറൽ കാറ്റഗറിയിൽ മൂന്നായി പരിമിതപ്പെടുത്താൻ ഒരിക്കൽ ശ്രമം നടന്നതായി ഓർക്കുന്നു. പക്ഷെ വലിയ എതിർപ്പുകൾ ഉണ്ടായി. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരു നീക്കം ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല. അത് മാത്രമല്ല സിവിൽ സർവ്വീസിനെയോ സർവ്വീസ് പരീക്ഷയെയോ ആധുനികവൽക്കരിക്കാനുള്ള പ്രയത്നങ്ങളെ പൊതുവെ ചെറുത്ത് തോൽപ്പിക്കാറാണ് രീതി.

പക്ഷെ ഇപ്പോഴത്തെ സംവിധാനത്തിൽ പരാജയപ്പെട്ട് നമ്മുടെ മുന്നിൽ വരുന്ന കുട്ടികളോട് എന്ത് പറയും?

രണ്ടിലേറെ തവണ തോറ്റതിന് ശേഷം എന്റെ അടുത്ത് വരുന്നവരെ ഞാൻ ഏറ്റവും വേഗത്തിൽ മറ്റൊരു തൊഴിലന്വേഷണത്തിലേക്ക് തിരിച്ചു വിടാറാണ് പതിവ്. എന്നാൽ സിവിൽ സർവ്വീസ് എഴുതാൻ താല്പര്യപ്പെടുന്നവരെ ഞാൻ പരമാവധി പ്രോത്സാഹിപ്പിക്കാറുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സിവിൽ സർവ്വീസ് നമ്മുടെ ഭരണത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും ബലവത്തായ ചട്ടക്കൂടാണ്. നമ്മുടെ ഏറ്റവും മിടുക്കരായ കുട്ടികൾ സിവിൽ സർവ്വീസിൽ എത്തണം.

സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്പോൾ പഠനത്തിനിടക്കൊ ജോലിക്കിടക്കോ ഒന്നും ശ്രമിക്കരുത്, മറിച്ച് നമ്മുടെ 100 ശതമാനം അതിനായി നൽകുക.

സാധിക്കുന്നവർ  കോച്ചിങ്ങിന് പോവുക. ക്ലാസ്സിൽ പഠിക്കുന്നതിൽ ഉപരി ഒരു പഠന അന്തരീക്ഷം അവിടെ ലഭിക്കും എന്നതാണ് കൂടുതൽ പ്രധാനം.

കൂട്ടത്തിൽ ഒരു കാര്യം കൂടി പറയാറുണ്ട്.

രണ്ടു വർഷം പരീക്ഷ എഴുതിയിട്ടും വിജയം കണ്ടില്ലെങ്കിൽ പിന്നെ അതിൽ തന്നെ കടിച്ചു തൂങ്ങിക്കിടക്കരുത്. ഓരോ വർഷവും കരിയർ രംഗത്ത് നിന്ന് മാറി നിൽക്കും തോറും അത്രയും കൂടുതൽ ബുദ്ധിമുട്ടാകും തിരിച്ചു കയറാൻ.

മുരളി തുമ്മാരുകുടി

May be a graphic of text that says "candidates 20 25 15 of 10 Percentage 5 c ClearIAS.com ClearlAS 1 Number of attempts made by candidates finally recommended by UPSC more 8 and"

Leave a Comment