പൊതു വിഭാഗം

ജീവന്റെ വില

2009 ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഞാൻ ഒരു സുരക്ഷാ സെമിനാർ നടത്തി.

അന്നവിടെ പ്രദർശിപ്പിക്കാനായി കാറിൽ ഉപയോഗിക്കുന്ന ഒരു ചൈൽഡ് സീറ്റ് കേരളത്തിൽ ഒരിടത്തും കിട്ടാനില്ല. അന്ന് ദുബായിൽ ജോലിയായിരുന്ന സുഹൃത്ത് Josy John ചൈൽഡ് സീറ്റുമായി ദുബായിൽ നിന്നും വരേണ്ടി വന്നു.

വർഷം പതിനഞ്ചു കഴിഞ്ഞു. ഇപ്പോൾ ചൈൽഡ് സീറ്റൊക്കെ നിയമപരമായി നിർബന്ധവും വ്യാപകവും ആയിരിക്കുമെന്നാണ് ഞാൻ ധരിച്ചിരുന്നത്.

അപ്പോഴാണ് ഒരു സെലിബ്രിറ്റിയുടെ കല്യാണത്തിനു വരുന്ന ഗസ്റ്റുകളുടെ വീഡിയോ കാണുന്നത്. ഒരു കോടി രൂപയെങ്കിലും വിലയുള്ള കാറിലേക്ക് ഒരു ചെറിയ കുട്ടി ചാടിക്കയറുകയാണ്. അച്ഛനും അമ്മക്കും സീറ്റ് ബെൽറ്റിനുള്ള സൗകര്യമുണ്ട്, കുട്ടിക്ക് ചൈൽഡ് സീറ്റില്ല. പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് സെലിബ്രിട്ടികളുടേയും അല്ലാത്തവരുടേയും കാറിന്റെ മുന്നിലെ സീറ്റിലും പിന്നിലെ സീറ്റിലും ഒറ്റക്കും മറ്റുള്ളവരുടെ മടിയിലും ഒക്കെയായി ഇരിക്കുകയോ നിൽക്കുകയോ ആണ് കുട്ടികൾ.

വർഷത്തിൽ നാല്പതിനായിരം അപകടങ്ങൾ ഉണ്ടാകുന്ന നമ്മുടെ നാട്ടിൽ നാലായിരം ആളുകൾ മരിക്കുന്നു. എന്നിട്ടും നിസ്സാരമായ സുരക്ഷാ സംവിധാനങ്ങൾ പോലും സർക്കാർ നിർബന്ധമാക്കുന്നില്ല. മക്കളെ ‘പൊന്നുപോലെ’ നോക്കുന്ന മാതാപിതാക്കൾ പോലും സുരക്ഷാകാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല.

ഒരു കാർസീറ്റിന് കേരളത്തിൽ പതിനായിരം രൂപ പോലും വിലയില്ല. ശരാശരി കാറിന്റെ ഒരു ശതമാനത്തിലും താഴെ. സെലിബ്രിട്ടി കാറുകളുടെ വിലയുടെ ആയിരത്തിൽ ഒന്ന്. അപ്പോൾ വിലയല്ല പ്രശ്നം, അറിവാണ് ഇല്ലാത്തത്.

കേരളത്തിൽ കുട്ടികൾ മുൻസീറ്റിൽ ഇരിക്കാതിരിക്കാനും പിൻസീറ്റിൽ സേഫ് ചൈൽഡ് സീറ്റിൽ ഇരിക്കാനും നിയമമുണ്ടാകാൻ ഇനിയും എത്ര കുട്ടികളുടെ ചോര റോഡിൽ വീഴണം?

സുരക്ഷിതതായിരിക്കുക

മുരളി തുമ്മാരുകുടി

Leave a Comment