പൊതു വിഭാഗം

ശ്രീ. ടി. എച്ച്. മുസ്തഫയും യാത്രയാകുന്പോൾ

നാലു പതിറ്റാണ്ട് കാലം പെരുന്പാവൂർ മേഖലയിലെ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്ന ശ്രീ ടി എച്ച് മുസ്തഫ അന്തരിച്ചു.

ഞാൻ ആദ്യമായി കേട്ട ഉശിരൻ രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒന്ന് ശ്രീ. ടി. എച്ച്. മുസ്തഫയുടേതായിരുന്നു. അടിയന്തിരാവസ്ഥയുടെ അവസാനം 1977 ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ കാലമാണ്. അദ്ദേഹം ആലുവയിൽ സ്ഥാനാർത്ഥിയാണ്. ഇടത്തലയിൽ വച്ചാണ് പ്രസംഗം കേൾക്കുന്നത്. ഭാഷയും വിഷയവും അറിവും ഒഴുക്കും ഒക്കെ അന്പരപ്പിച്ചു.

ഒരു എം എൽ എ എന്ന നിലയിൽ സഭക്കകത്തും നിയോജകമണ്ഡലത്തിലും ഉജ്വല പ്രകടനമായിരുന്നു. വെങ്ങോലയിൽ നിന്നൊക്കെ ഏറെ പിന്നോക്കം നിന്നിരുന്ന ഇടത്തലയിൽ വികസനത്തിന്റെ വെളിച്ചം എത്തിത്തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. പിൽക്കാലത്ത് അദ്ദേഹം കുന്നത്തുനാട്ടിലെ എം. എൽ. എ. ആയി, മന്ത്രിയായി. നാട്ടുകാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ എന്നും മുന്നിലുണ്ടായിരുന്നു.

ഒരു സീറ്റിൽ വേരുറപ്പിച്ചാൽ പിന്നെ അവിടെ എത്ര തവണ മത്സരിച്ചിട്ടും, പ്രായമായാലും വിട്ടുകൊടുക്കാത്ത രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായിരുന്നിട്ടും അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും സ്വയം പിന്മാറി മാതൃകയായി.

എനിക്കേറെ ഇഷ്ടപ്പെട്ട നേതാവായിരുന്നു. സുഹൃത്തും പെരുന്പാവൂർ മുനിസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. സക്കീർ ഹുസൈന്റെ പിതാവാണ്.

ബോണിലേക്ക് തിരിക്കാനായി വിമാനത്താവളത്തിൽ എത്തുന്പോഴാണ് വാർത്ത അറിയുന്നത്. അതുകൊണ്ട് നേരിട്ട് അന്ത്യോപചാരം അർപ്പിക്കാൻ കഴിയാത്തത്തിൽ ഏറെ ദുഖം.

കർമ്മനിരതമായ സമൂഹത്തിന് ഏറെ സംഭാവനകൾ നൽകിയ അർത്ഥപൂർണ്ണമായ ജീവിതമായിരുന്നു.

ദുഃഖം!

മുരളി തുമ്മാരുകുടി

May be an image of 1 person, beard and smiling

Leave a Comment