പൊതു വിഭാഗം

കരടിയും പുരുഷനും, ആരെയാണ് സ്ത്രീകൾ കൂടുതൽ പേടിക്കുന്നത്?

വെറും 29 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ടിക് ടോക്കിൽ താരമായിരിക്കുന്നത്.

ഒരാൾ ഒരു തെരുവിൽ ഏഴു സ്ത്രീകളോട് ഒരേ ചോദ്യം ചോദിക്കുന്നതാണ് ഫോർമാറ്റ്.

“നിങ്ങൾ ഒരു വനത്തിൽ ഒറ്റക്ക് അകപ്പെട്ടാൽ ഒരു പുരുഷനോടൊപ്പം ആകുന്നതാണോ കരടിയോടൊപ്പം ആകുന്നതാണോ നിങ്ങൾക്ക് കൂടുതൽ താല്പര്യം (സുരക്ഷിതം)?”. ഇതാണ് ചോദ്യം.

പ്രത്യക്ഷത്തിൽ നിസ്സാരമായ ചോദ്യമാണ്. പക്ഷെ ചോദിച്ചവരിൽ ഏഴിൽ ആറുപേരും   പറഞ്ഞത് ഒരു കരടിയോടൊപ്പം പെട്ടുപോകുന്നതാണ് കൂടുതൽ താല്പര്യം (സുരക്ഷിതം) എന്നതാണ്.

കരടി എപ്പോഴും ആക്രമിക്കില്ല എന്നും ചില ആണുങ്ങൾ വല്ലാതെ പേടിപ്പെടുത്തുന്നുവെന്നും ഒക്കെയാണ് അവർ കാരണമായി പറഞ്ഞത്. കേട്ടവർ  കേട്ടവർ ഞെട്ടി. ആണുങ്ങൾ പ്രത്യേകിച്ചും. ദശലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടു. പതിനായിരക്കണക്കിന് സ്ത്രീകൾ ആ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. ആണുങ്ങൾ അന്തം വിട്ടു.

ഇതൊരു തമാശയല്ല. ഇതിന് അടിസ്ഥാനമായ ചില കാരണങ്ങളുണ്ട്. അത് ലോകത്തെവിടെയും ഇപ്പോഴും നിലനിൽക്കുന്നതുമാണ്. നാലിലൊന്ന് സ്ത്രീകളും കുട്ടികളായിരിക്കുന്പോൾ തന്നെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നു.

മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജീവിതകാലത്ത് ലൈംഗികമോ അല്ലാത്തതോ ആയ അക്രമത്തിന് ഇരയാകുന്നു.

2022 ൽ മാത്രം 47000 സ്ത്രീകൾ പങ്കാളികളാലോ സ്വന്തം കുടുംബങ്ങളാലോ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. ഇതിലെല്ലാം 99 ശതമാനവും അക്രമകാരികൾ പുരുഷന്മാരാണ്. അതിലും വലിയൊരു ശതമാനം സ്വന്തം പങ്കാളിയോ കുടുംബാംഗങ്ങളോ ആണ്.

കൊലപാതകങ്ങൾ  പൊതുവിൽ കുറവായ കേരളത്തിൽ പോലും പ്രേമിച്ചതിന്റെ പേരിൽ, പ്രേമം നിരസിച്ചതിനെ പേരിൽ, പ്രേമത്തിൽ നിന്നും പിന്മാറിയതിന്റെ പേരിൽ ഒക്കെ എത്രയോ സ്ത്രീകളാണ് ഓരോ വർഷവും കൊല്ലപ്പെടുന്നത്.

കേരളത്തിലെ സ്ത്രീകളിൽ ലൈംഗിക പീഡനത്തിന് ഇരയാവുന്നവരിൽ വലിയൊരു ശതമാനവും സ്വന്തം കുടുംബങ്ങളിൽ നിന്നോ, സുഹൃത്തുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്നോ ആണ്.

കാട്ടിൽ ഒറ്റക്കാകുന്ന സ്ത്രീകൾക്ക് പുരുഷന്മാർ കരടികളെക്കാൾ ഭീഷണിയായി തോന്നുന്നത് ചുമ്മാതല്ല. 

കഷ്ടമാണ് ലോകത്തിന്റെ കാര്യം

ലിങ്ക് – https://www.tiktok.com/@screens…/video/7356208240008498465

മുരളി തുമ്മാരുകുടി

Leave a Comment