പൊതു വിഭാഗം

വീട് ഫിറ്റ്നസ് സെന്റർ ആകുന്പോൾ !!!

പുതുവർഷം ആരോഗ്യത്തെ പറ്റി ചിന്തിക്കാനുള്ള അവസരം കൂടിയാണ്.
 
അധികം മേലനക്കമില്ലാത്ത ജോലിയും കൃത്യമായ വ്യായാമങ്ങൾ ഇല്ലാത്തതും ജീവിത ശൈലി രോഗങ്ങളിൽ എത്തിക്കുമെന്ന് ഏറെ നാളായി എനിക്ക് പേടി ഉണ്ട്. എൻറെ കാര്യം മാത്രമല്ല.
 
ജനീവയിലെ പേരുകേട്ട ഫിറ്റ്നസ് സെന്ററിൽ അംഗത്വം എടുത്തിട്ടുണ്ടെങ്കിലും ഒന്നുകിൽ യാത്ര, അല്ലെങ്കിൽ തണുപ്പ് (പോരാത്തതിന് അല്പം വിയർപ്പിന്റെ അസുഖം) എല്ലാമാകുന്പോൾ വ്യായാമം ഒന്നും നടക്കാറില്ല.
 
ട്രെഡ് മിൽ തൊട്ട് അനവധി സാമഗ്രികൾ വീട്ടിലും വാങ്ങിവച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മാസം നടക്കും. പിന്നെ അതും നിർത്തും.
 
എന്നെപ്പോലെ വേണ്ടത്ര ആരോഗ്യ അച്ചടക്കം ഇല്ലാത്തവരുടെ കാര്യത്തിൽ ഒരു പേർസണൽ ട്രെയിനർ അത്യാവശ്യമാണ്. ആരെങ്കിലും കൂടെ നിന്ന് പരിശീലിപ്പിക്കാനും നിർബന്ധിക്കാനും ഉണ്ടായാലേ പണി നടക്കൂ.
 
കഴിഞ്ഞ അഞ്ചു വർഷമെങ്കിലും ആയി ഞാൻ എൻറെ പല സുഹൃത്തുക്കളോടും ചോദിക്കാറുണ്ട്. ഓൺലൈൻ ആയി നമ്മെ സഹായിക്കാൻ ഒരു ഇൻസ്ട്രക്ടറെ കിട്ടുമോ എന്ന്. അതാണെങ്കിൽ ലോകത്ത് എവിടെയാണെങ്കിലും മുറിയിൽ നിന്നും പുറത്തിറങ്ങാതെ വ്യായാമം ചെയ്യാമല്ലോ.
 
സാധാരണ അധ്യാപകർക്ക് ഓൺലൈൻ ആകാൻ മടിയുള്ളത് പോലെ തന്നെ ഫിറ്റ്നസ് ഇൻസ്ട്രക്ടർമാർക്കും ഇത് വലിയ മടിയായിരുന്നു. ഓൺലൈൻ ആയി കണക്കും സയൻസും പഠിപ്പിക്കുന്നത് പോലെ എക്സർസൈസുകൾ പഠിപ്പിക്കാൻ പറ്റില്ല എന്നാണ് ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത്.
 
പക്ഷെ കൊറോണക്കാലം ഇത് മാറ്റിയിട്ടുണ്ട്.
 
ഓൺലൈൻ ആയി ലോകത്തെവിടെയുമുള്ള വിദ്യാർത്ഥികൾക്ക് ഫിറ്റ്നസ് ട്രെയിനിങ്ങ് നൽകുന്ന അനവധി സ്ഥാപനങ്ങൾ ഇപ്പോൾ എല്ലായിടത്തുമുണ്ട്, കേരളത്തിലും.
 
കഴിഞ്ഞ പതിനഞ്ചു മാസമായി ഓൺലൈൻ ആയി എനിക്ക് ആഴ്ചയിൽ അഞ്ചു ദിവസവും എക്സർസൈസ് ചെയ്യാൻ പരിശീലനവും പ്രോത്സാഹനവും നൽകുന്നത് Masroora Kizhakkethil എന്നൊരു സ്ഥാപനം ഇവർ നടത്തുന്നുണ്ട്. രാവിലെ തൊട്ട് വൈകിട്ട് വരെ പല ബാച്ചുകൾ ഉണ്ട്.
 
രാവിലെ ജനീവയിൽ അഞ്ചര മണിക്കാണ് എൻറെ സെഷൻ, അതുകൊണ്ട് തന്നെ അഞ്ചു മണിക്ക് എണീക്കും, ഏഴു മണിയോടെ എക്സർസൈസും കുളിയും കാപ്പി കുടിയും കഴിഞ്ഞു ഓഫിസിന് റെഡി. മാനസികമായി ഇത് നൽകുന്ന ആഹ്‌ളാദം വലുതാണ്.
 
വ്യായാമം ചെയ്യുന്ന കാര്യത്തിൽ പക്ഷെ ഞാൻ അല്പം ഉഴപ്പനാണ്, അത് കൊണ്ട് ആറു മാസം കൊണ്ട് പതിനാറു കിലോ കുറഞ്ഞു എന്ന തരത്തിലുള്ള ചിത്രങ്ങൾ ഒന്നും ഇവിടെ തരാൻ ഇല്ല. ഒരു കൊല്ലം വർക്ക് ഫ്രം ഹോം കഴിഞ്ഞു ജനീവയിൽ എത്തിയപ്പോൾ ഒരു കിലോ പോലും കൂടാതിരുന്ന അപൂർവ്വം ചിലരിൽ ഒരാൾ എന്നതാണ് ആദ്യത്തെ വിജയം. ജനീവയിൽ ഉള്ള സമയത്ത് ഭക്ഷണവും ഉറക്കവും കൃത്യമായതിനാൽ കഴിഞ്ഞ ആറുമാസമായി മാസം ഓരോ കിലോ കുറച്ചെടുക്കാൻ പറ്റുന്നുണ്ട്.
 
എക്സർസൈസ് ചെയ്തു തുടങ്ങിക്കഴിഞ്ഞാൽ ഒരു ഗുണം കൂടി ഉണ്ട്. ഏതു കഴിക്കുന്പോഴും “ഇത്രയും കലോറി കളയാൻ എത്രമാത്രം പണിയെടുക്കണം” എന്ന് ചിന്തിക്കും. അതുകൊണ്ട് അനാവശ്യ ഭക്ഷണം കുറയും. ഭാരം നിയന്ത്രണത്തിലാകാൻ അതും ഒരു കാരണമാണ്.
 
ഓരോ അവധിക്കാലത്തും നാട്ടിൽ എത്തുന്പോൾ ഏറ്റവും പേടി നല്ല ഭക്ഷണവും സൗഹൃദവും ഒക്കെയായി കിലോ കുറെ കൂടും എന്നതാണ്. പേടി ഇത്തവണയും ഉണ്ട്. ഇത് വരെ പിടിച്ചു നിൽക്കുന്നുണ്ട്, ഇനിയും രണ്ടാഴ്ച കൂടിയുണ്ട്. !!
 
മുരളി തുമ്മാരുകുടി
May be an image of ‎text that says "‎نه Fit@Home PRESENTS ONLINE WORKOUT SESSIONS GROUP TRAINING/ PERSONAL TRAINING 7356606888 fitathome fitat nome888@gmai .com‎"‎

Leave a Comment