പൊതു വിഭാഗം

വിമാനം: വികസനം കാണാത്ത രാഷ്ട്രീയം

പാരീസ് എയർ ഷോയിൽ ഒന്നാം ദിവസം തന്നെ ഇൻഡിഗോ നാലു ലക്ഷം കോടി രൂപക്ക് അഞ്ഞൂറ് വിമാനങ്ങൾ ഓർഡർ ചെയ്തു എന്ന് പറഞ്ഞ ഓർമ്മയേ ഉള്ളൂ. പിന്നെ നോക്കുന്പോൾ ഞാൻ തന്നെ ആകാശത്താണ്.

സമൂഹ മാധ്യമത്തിലെ ആകാശ യാത്ര എനിക്ക് പുതുമയൊന്നുമല്ല. കൊറോണക്കാലത്ത് കേരളം വളരെ നന്നായിട്ടാണ് കോവിഡ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞതിന് ഞാൻ എത്രയോ തവണ ആകാശത്തെത്തി. നമ്മുടെ നാട്, അത് സംസ്ഥാനം ആണെങ്കിലും കേന്ദ്രം ആണെങ്കിലും, എന്തെങ്കിലും നന്നായി ചെയ്യുന്നുണ്ട്, അല്ലെങ്കിൽ നല്ലതാണ് എന്ന് പറയുന്പോൾ അതിനെ എങ്ങനെയെങ്കിലും ഇകഴ്ത്തിക്കാണിക്കാൻ തോന്നുന്നവരുടെ എണ്ണം എന്തുകൊണ്ടോ കൂടി വരുന്നതായി തോന്നുന്നു. കാരണം രാഷ്ട്രീയം തന്നെ.

കോവിഡ് കാലത്ത് എന്നെ ആകാശത്ത് എത്തിച്ചവർ കേരളത്തിലെ സർക്കാരിനെ ഇഷ്ടമില്ലാത്തവർ ആണെങ്കിൽ വിമാനത്തെ പറ്റി പറഞ്ഞപ്പോൾ ആകാശത്തെത്തിച്ചത് കേന്ദ്ര സർക്കാരിനെ ഇഷ്ടമില്ലാത്തവർ ആണ്. രണ്ടു കൂട്ടർക്കും ഇഷ്ടമില്ലാത്ത ഒന്നുണ്ട്. വസ്തുതകൾ.

കോവിഡ് ആണെങ്കിലും വിമാനം ആണെങ്കിലും ഞാൻ സംസാരിച്ചതും സംസാരിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണ്.

You are entitled to your opinion. But you are not entitled to your own facts എന്ന് പറഞ്ഞത് ഇന്ത്യയിൽ അമേരിക്കയുടെ അംബാസഡർ ആയിരുന്ന ഡേവിഡ് മോയ്‌നിഹാൻ ആണ്. ഇവിടെ പക്ഷെ ചർച്ചകൾക്ക് ഫാക്ട് ഒന്നും വേണ്ട. ഒപ്പീനിയൻ മാത്രം മതി.

ഇനി അഥവാ വസ്തുതകളെ ഖണ്ഡിക്കാൻ പറ്റിയില്ലെങ്കിൽ ഉടൻ വേറെ ഒരു വസ്തുതയുമായി വരും.

“ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് അടിപൊളി ആണ് ” എന്ന് ഞാൻ.

“വടക്കേ ഇന്ത്യയിൽ ചില ലെവൽ ക്രോസ്സിൽ കാവൽ ഇല്ലല്ലോ” എന്ന് മറുപടി.

“കേരളത്തിലെ ആരോഗ്യ രംഗം നന്നായി പ്രവർത്തിച്ചു” എന്ന് ഞാൻ.

“പക്ഷെ തെരുവ് നായ്ക്കളുടെ ശല്യം ഇപ്പോഴും ഉണ്ടല്ലോ” എന്ന് മറുപടി.

വടക്കേ ഇന്ത്യയിൽ ലെവൽ ക്രോസ്സ് ഇല്ലാതെ മരിക്കുന്നവരെ പറ്റിയുള്ള വിഷമമോ കേരളത്തിൽ പട്ടി കടിക്കുന്നവരെ പറ്റിയുള്ള ആവലാതിയോ ഒന്നുമല്ല പ്രശ്നം. അവിടങ്ങളിൽ ഭരിക്കുന്നത് എതിർ കക്ഷിയാണ്. അപ്പോൾ അവിടെ നല്ലത് കാണാൻ വയ്യ.

സ്വിറ്റ്സർലാൻഡും ബ്രൂണൈയും ഉൾപ്പടെ ലോകത്തെ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഞാൻ ജീവിച്ചിട്ടുണ്ട്. ലോകത്തൊരിടത്തും, അത് ഏറ്റവും സന്പന്നമായ നാടായിക്കോട്ടെ, എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയ ഒരു നാടുമില്ല.

ഇന്നത്തെ എല്ലാം ശരിയാക്കിയതിന് ശേഷമല്ല നാളെയെ പറ്റി ചിന്തിക്കുന്നത്. യുദ്ധത്തിൽ തകർന്ന് നാട്ടിൽ പട്ടിണി പോലും ഉള്ള കാലത്താണ് ജപ്പാൻ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിനെ പറ്റി ചിന്തിക്കുന്നത്. 1955 ൽ ജർമ്മനിയിലെ ഒരു കൽക്കരി ഖനിയുടെ പ്ലാൻ കണ്ടു. 2035 ൽ ഖനനം കഴിയുന്ന കാലത്ത് എങ്ങനെയാണ് പരിസ്ഥിതി പുനഃസ്ഥാപിക്കുന്നത് എന്നുള്ള മാപ്പ് ഉൾപ്പെടെയാണ്.

1955 ൽ ജർമ്മനിക്ക് വേറെ പല കാര്യങ്ങൾ ചിന്തിക്കാനുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം. അപ്പോൾ ഖനിയിൽ ഉള്ള കൽക്കരി ഒക്കെ ഏറ്റവും വേഗത്തിൽ കുത്തിയെടുത്ത് പണമാക്കി മാറ്റാനാണ് ചിന്തിക്കേണ്ടത്. വേണമെങ്കിൽ പരിസ്ഥിതി  പിന്നെ നോക്കാം. പക്ഷെ അങ്ങനെയല്ല, അന്നും അവർ പരിസ്ഥിതിയെപ്പറ്റി ചിന്തിക്കുകയാണ്.

ഇതൊന്നും എന്നെ വായിക്കുന്നവർക്ക് അറിയാത്തതല്ല. പക്ഷെ എന്തിലും എവിടെയും രാഷ്ട്രീയം കാണാൻ ആണ് നമ്മൾ ശീലിച്ചിരിക്കുന്നത്. എപ്പോഴും നെഗറ്റീവ് വാർത്തകൾ തന്നെ കൊടുത്ത് മാധ്യമങ്ങൾ ഈ ചിന്താഗതി വളർത്തുന്നു. ആയിക്കോട്ടെ.

പക്ഷെ, ഒരു കാര്യം പറയാം.

കേരളത്തിലും ഇന്ത്യയിലും ലോകത്തും നടക്കുന്ന കാര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളാണ് ഞാൻ. അവിടെ എവിടെയെങ്കിലും പോസിറ്റീവ് ആയ കാര്യം വരുന്പോൾ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സന്പദ്‌വ്യവസ്ഥ കുതിക്കുകയാണ്. ശരാശരി ആറു ശതമാനമാണ് വളർച്ച. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ കൊണ്ട് ഇനിയുള്ള വർഷങ്ങൾ ഇതിലും ഉജ്ജ്വലമാകാനാണ് വഴി.

ഇന്ന് ലോകത്തെ അഞ്ചാമത്തെ സന്പദ് വ്യവസ്ഥ ആയ ഇന്ത്യ ഇനി താമസിയാതെ മൂന്നാമത്തേതാകും. അതും സന്തോഷം.

പണ്ട് ഇതിൽ കൂടുതൽ വളർച്ച നിരക്ക് ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നില്ലേ? തീർച്ചയായും ഉണ്ടായിരുന്നു.

എന്റെ ചെറുപ്പ കാലത്ത് 1960 കൾ മുതൽ 1980 കൾ വരെ ഇന്ത്യയുടെ വളർച്ച നിരക്ക് ഏകദേശം  3-4 ശതമാനം ആയിരുന്നു. ഹിന്ദു ഗ്രോത്ത് റേറ്റ് എന്നാണ് ഇതിനെ ലോകത്തെ എക്കോണമിസ്റ്റുകൾ തമാശയായി വിളിച്ചിരുന്നത്. ഇന്ദിരാഗാന്ധിയുടെ തിരിച്ചു വരവിന് ശേഷം പ്രണബ് മുഖർജി ധനകാര്യ മന്ത്രി ആയ കാലത്താണ് വളർച്ച നിരക്ക് കൂട്ടിയത്.

പിന്നീട് മൻമോഹൻ സിംഗ് വന്നു, ലൈസൻസ് രാജ് കുറഞ്ഞു, വളർച്ച കൂടി.

ഭരിക്കുന്നത് ആര് തന്നെ ആയാലും ഇന്ത്യ കുതിക്കുന്പോൾ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയും ഭരണവും ഒരു തുടർച്ചയാണ്. പണ്ടുണ്ടാക്കിയ അടിത്തറയിലാണ് ഇപ്പോഴത്തെ വളർച്ച നടക്കുന്നത്. ഇപ്പോൾ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സന്പദ്‌വ്യവസ്ഥ ആയി, അതിനിയും മുന്നോട്ട് പോകും.

കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ആരോഗ്യ സംവിധാനം ആണ് കേരളത്തിൽ ഉള്ളത്. അത് സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ഇട്ട അടിത്തറയിൽ നിന്നും വികസിച്ചു വന്നതാണ്. അതിൻറെ മേന്മകൊണ്ടാണ് കോവിഡിന്റെ കാലത്ത് നമുക്ക് ലക്ഷക്കണക്കിന് മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചത്. ഇതും ഞാൻ കാണുന്നുണ്ട്. ഇതിലും എനിക്ക് സന്തോഷമാണ്.

നമ്മുടെ സംവിധാനങ്ങൾ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഇനിയും മുന്നോട്ട് പോകും. എന്നാൽ ചില കാര്യങ്ങൾ വേണ്ട പോലെ മുന്നോട്ട് പോയി എന്ന് വരില്ല. ചിലത് പിറകോട്ടും പോകും. അതിൽ തീർച്ചയായും ശ്രദ്ധ വേണം. പക്ഷെ മുന്നോട്ട് പോകുന്നതിനെ കാണാതിരിക്കുന്നതെന്തിന്?

ഒരാൾ ആകാശത്തിരിക്കാൻ തീരുമാനിച്ചാൽ ലോകം മുഴുവൻ അയാളെ സഹായിക്കും എന്നല്ലേ. അതുകൊണ്ട് ഒരു വീമാന പോസ്റ്റ് കൂടെ ഇടാം.

ഇൻഡിഗോക്ക് ശേഷം രണ്ടാം ദിവസവും പാരീസിൽ നിന്നും ഇന്ത്യയെപ്പറ്റിയുള്ള വാർത്തയാണ്. എയർ ഇന്ത്യ 470 ബില്യൺ ഡോളറിന്റെ ഓർഡർ കൊടുത്തതിന്റെ വാർത്ത. ഇപ്പോൾ ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു കച്ചവടങ്ങൾ ഇന്ത്യയിൽ നിന്നാണ്. അതും ഒരേ വർഷം.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകളും വിമാനത്തിൽ ഒരിക്കൽ പോലും കയറിയിട്ടുളളവർ അല്ല. അപ്പോൾ വളരാൻ ഇനിയും അവസരങ്ങൾ ഉണ്ട്. ഒരു വിമാനക്കന്പനി തകർന്നു. പക്ഷെ പുതിയത് പലതും വരും.

കോവിഡിന് ശേഷം “ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറുന്നവരുടെ എണ്ണം ഇന്ത്യയിൽ അതിവേഗം വർദ്ധിക്കുന്നു” എന്നാണ് വാർത്ത. വിമാനങ്ങളുടെ എണ്ണം കൂടുന്നു, പുതിയ വിമാനത്താവളങ്ങൾ അനവധി ഉണ്ടാകുന്നു.

ഇന്ത്യ കുതിക്കുകയാണ്. കണ്ടു നിൽക്കാൻ സന്തോഷം തന്നെയാണ്.

അതിന് വേണ്ടി അല്പനേരം ആകാശത്തിരിക്കാൻ തയ്യാറാണ്.

അത് വേറൊരു സന്തോഷം.

മുരളി തുമ്മാരുകുടി

May be an image of textMay be an image of aircraft and text that says "REUTERS® World Business Markets Aerospace Sustainability Defense Legal Breakingviews Technology Paris air show: India centre stage as another big jet deal lands By Joanna Plucinska and Valerie Insinna June 20, 2023 5:50 PM GMT+2 Updated day ago Aa こာを r wants to win customers from"

Leave a Comment