പൊതു വിഭാഗം

യൂണിവേഴ്സിറ്റിയെ രക്ഷിക്കുന്പോൾ

സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും പരിസ്ഥിതിയുടെ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയ ഞാൻ പി. എച്ച്. ഡി. ഗവേഷണത്തിന് തിരഞ്ഞെടുത്തത് ബയോടെക്‌നോളജി ആയിരുന്നു.

പി. എച്ച്. ഡി.  കഴിഞ്ഞ് ആ വിഷയത്തിൽ പ്രശസ്തമായ കുറെ പ്രബന്ധങ്ങൾ ഒക്കെ പബ്ലിഷ് ചെയ്തപ്പോഴേക്കും എനിക്ക് ഈ വിഷയങ്ങൾ മടുത്തു. പോളിസി ആണ് എന്റെ ഇഷ്ട മേഖല എന്ന് ഞാൻ മനസ്സിലാക്കി.

ആ സമയത്താണ് കാൺപൂർ ഐ.ഐ.ടി. യിൽ ഒരു എക്കണോമിക്സ് സെമിനാർ നടക്കുന്നത്. ഐ.ഐ.ടി. യിലെ പ്രധാന വിഷയം ഒന്നുമല്ല എക്കണോമിക്സ്, ആരും അധികം ശ്രദ്ധിക്കാറുമില്ല. പക്ഷെ കാന്പസ് ജീവിതത്തിന്റെ അവസാനകാലത്ത് എനിക്ക് ആ വിഷയത്തിൽ താല്പര്യം ഉണ്ടായി, അതുകൊണ്ട് തന്നെ അവിടെ സെമിനാർ വന്നപ്പോൾ പോയി അതിൽ പങ്കെടുത്തു.

ലണ്ടനിൽ നിന്നും മേഘനാഥ് ദേശായിയും മുംബൈയിൽ നിന്നും കിരീത് പരിഖും ആയിരുന്നു മുഖ്യ പ്രഭാഷകർ. ഡോക്ടർ പരീഖിന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ പോയി പരിചയപ്പെട്ടു. ബോംബയിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടർ ആണ്. സംസാരമധ്യേ ഞാൻ പി. എച്ച്. ഡി. പ്രബന്ധം അടുത്ത ആഴ്ച നൽകുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അക്കാലത്ത് ഐ.ഐ.ടി. യിൽ പി. എച്ച്. ഡി. ചെയ്യുന്നവരുടെ രീതി എന്നാൽ ഉടൻ അമേരിക്കയിലേക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് പോവുക എന്നതാണ്. പക്ഷെ എനിക്ക് ഗവേഷണം അല്പം മടുപ്പായിരുന്നു.

ഐ.ജി.ഐ.ഡി. ആറിനെ പറ്റി അന്ന് കേട്ടിട്ട് പോലുമില്ല. ഇന്നത്തെപ്പോലെ ഇന്റർനെറ്റ് ഒന്നും ഇല്ല കൂടുതൽ അറിയാൻ. അദ്ദേഹത്തിന്റെ പ്രഭാഷണം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ശരി എന്ന് അദ്ദേഹത്തോട് പറഞ്ഞു. അടുത്ത മാസം അവിടെ വന്ന് ഒരു സെമിനാർ നൽകൂ എന്ന് അദ്ദേഹം പറഞ്ഞു. അവിടെ എത്തി, സെമിനാർ കൊടുത്തു. അപ്പോൾ തന്നെ പി.ഡബ്ല്യൂ.ഡി. ജോലിയും തന്നു.

അന്ന് അവിടെ കൂടുതൽ ആളുകളും എക്കണോമിക്സ് പി. എച്ച്. ഡി. ക്കാർ ആണ്. ഇപ്പോൾ നമ്മുടെ പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ ആയ ശ്രീ. വി.കെ. രാമചന്ദ്രൻ  അന്നവിടെ ഫാക്കൽറ്റി ആയിട്ടുണ്ട്. പഠിക്കാൻ വരുന്നവരും കൂടുതലും എകണോമിക്‌സുകാർ, പഠിപ്പിക്കുന്നതും കൂടുതലും എക്കണോമിക്സ് ആണ്. അവിടെ ആണ് എഞ്ചിനീയറിങ്ങ്, ബയോ ടെക്‌നോളജി നോ എക്കണോമിക്സ് കാരനെ ഡയറക്ടർ ജോലിക്കെടുക്കുന്നത്. ഭാഗ്യത്തിന് അവിടെ “സേവ് ഐ.ജി.ഐ.ഡി.ആർ” ഒന്നുമുണ്ടായില്ല. ഞാൻ അവിടെ രണ്ടു കൊല്ലം ജോലി ചെയ്തു, എക്കണോമിക്സ് പഠിച്ചു, പഠിപ്പിച്ചു.

പിന്നീടാണ് ഞാൻ ഡോക്ടർ കിരിത് പരീഖിനെ പറ്റി കൂടുതൽ അറിയുന്നത്. ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങും ഐ.ഐ.ടി. ഖരഗ്‌പൂരിൽ നിന്നും സ്‌ട്രക്ച്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി 1960 ൽ അമേരിക്കയിലെ എം.ഐ.ടി. യിലേക്ക് പഠിക്കാൻ പോയ ആളാണ്.

അവിടെ പി.എച്ച്.ഡി. ചെയ്തു കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് ഇക്കണോമിക്‌സിൽ താല്പര്യം ഉണ്ടായി. പി.എച്ച്.ഡി.ക്ക് ഒപ്പം ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സ് ചെയ്തു.

തിരിച്ചു നാട്ടിൽ വന്ന അദ്ദേഹം ഒരു സെമിനാറിൽ വച്ച് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ. മഹലനോബിസിനെ കണ്ടു, സംസാരിച്ചു, ഐ.എസ്.ഐ.യിൽ ഇക്കണോമിക്‌സിൽ പ്രൊഫസർ ആയി നിയമിതനായി. അന്നദ്ദേഹത്തിന് മുപ്പത് വയസ്സ് പോലും ആയിട്ടില്ല.

മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം.

ഇക്കണോമിക്‌സിൽ ഒരു അടിസ്ഥാനവും ഇല്ലാതെ 1960 കളിൽ തന്നെ ലോകത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിൽ ഒന്നായ എം.ഐ.ടി.യിൽ ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സ് ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല

പി.എച്ച്.ഡി. പഠിക്കുന്ന സമയത്ത് തന്നെ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കുന്നതിനും ബുദ്ധിമുട്ടില്ല.

ഇക്കണോമിക്‌സിൽ പി.എച്ച്.ഡി. ഇല്ലാത്ത ഒരാളെ ഇക്കണോമിക്‌സിൽ പ്രൊഫസർ ആയി നിയമിക്കാൻ ഐ.എസ്.ഐ. ക്ക് ഒരു ബുദ്ധിമുട്ടുമില്ല. പിൽക്കാലത്ത് അദ്ദേഹം മൻമോഹൻ സിംഗ് ഉൾപ്പടെ അഞ്ചു പ്രധാനമന്ത്രിമാരുടെ സാന്പത്തിക ഉപദേഷ്ടാവായി. ഇക്കണോമിക്‌സിൽ ഡിഗ്രി ഉണ്ടോ, പി.എച്ച്.ഡി. ഉണ്ടോ എന്നൊന്നും ആരും ചോദിച്ചില്ല. അവിടെ ഒന്നും സേവ് എം.ഐ.ടി. ഇല്ല, സേവ് ഐ.എസ്.ഐ. ഇല്ല.

പക്ഷെ ഇവിടെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബി.കോം. കഴിഞ്ഞ ഒരാൾക്ക് എം.എ. ഇംഗ്ളീഷിന് അഡ്മിഷൻ കൊടുക്കുന്പോൾ യൂണിവേഴ്സിറ്റിയുടെ ഭാവിയെപ്പറ്റി ആശങ്ക.

കാരണം?

“ഒരു വര്‍ഷംമാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബി.കോം. വിദ്യാര്‍ഥികള്‍ക്ക് നിലവിലെ ചട്ടമനുസരിച്ച് എം.എ. ഇംഗ്ലീഷിന് പ്രവേശനം നേടാനാവില്ല. 1960 മുതല്‍ സംസ്ഥാനത്തെ  സര്‍വകലാശാലയിലും ഇത്തരത്തില്‍ ഒരു ചട്ടം നിലനില്‍ക്കുന്നില്ല”

ചട്ടം ഇല്ലെങ്കിൽ ഉണ്ടാക്കാമല്ലോ.

“മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍” എന്നൊരു മലയാള മഹാകവി പറഞ്ഞു പോയിട്ട് തന്നെ നൂറു വർഷം കഴിഞ്ഞു.

ഇതൊക്കെ ഇവരും പഠിച്ചതല്ലേ?

ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ എം.എ. ഇംഗ്ലീഷിന് അഡ്മിഷൻ കിട്ടാൻ ബിരുദം പഠിച്ച കാലത്ത് ഇംഗ്ളീഷിൽ ബിരുദം പഠിച്ചിരിക്കണം എന്ന് നിർബന്ധം ഉണ്ടോ എന്ന് ഞാൻ ചാറ്റ് ജി.പി.ടി. യോട് ചോദിച്ചു.

യൂണിവേഴ്സിറ്റിയെ രക്ഷിക്കാൻ തുടങ്ങുന്നതിന് മുൻപ് ഇതൊക്കെ ആർക്കും ചെയ്തു നോക്കാമല്ലോ. ഓക്സ്ഫോർഡും കേംബ്രിഡ്ജും ഉൾപ്പടെ ഉള്ള കോളേജുകളിൽ അതിന്റെ ആവശ്യം ഇല്ല. അവിടെ ഒന്നും ആരും യൂണിവേഴ്സിറ്റിയെ രക്ഷിക്കാൻ പുറപ്പെടുന്നുമില്ല.

പക്ഷെ കണ്ണൂർ യൂണിവേഴ്സിറ്റി അങ്ങനെ അല്ലല്ലോ. ഇപ്പോഴത്തെ ചട്ടങ്ങളും ചട്ടക്കൂടുകളും രീതികളും ഒക്കെയായി പോയാൽ നമ്മുടെ യൂണിവേഴ്സിറ്റികൾക്ക് ഒരു രക്ഷയും ഇല്ല എന്ന് ഞാൻ പല പ്രാവശ്യം എഴുതിയിട്ടുണ്ട്.

മാറ്റേണ്ട ചട്ടങ്ങൾ ആണ് കൂടുതൽ.

അപ്പോൾ അറുപത് വർഷം മുൻപ് എങ്ങനെ ആയിരുന്നു എന്നൊക്കെ പറഞ്ഞു യൂണിവേഴ്സിറ്റിയെ രക്ഷിക്കാൻ വരുന്നവരുടെ കയ്യിൽ നിന്നും എങ്ങനെയാണ് നാം നമ്മുടെ യൂണിവേഴ്സിറ്റികളെ രക്ഷിച്ചെടുക്കുന്നത്?

മുരളി തുമ്മാരുകുടി

May be an image of text that says "Wednesday, July 2023 Home Premium Latest News HOME NEWS KERALA SFI In Depth Trending M mathrubhumi.com E-PAPER മാതൃഭൂമി MALAYALAM ENGLISH NEWSPAPER 1 Videos Podcast Movies News Kerala Latest News India World More+ Sports Money Crime Pravasi Grihalakshmi SFI നേതാവിനുവേണ്ടി പി.ജി പ്രവേശനച്ചട്ടം മാറ്റുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി 11Jul20230823PST 2023, IST © min Read later く Share More Mit 25 GB und jährlich wachsendem Datenvolumen. Statt54,99€ 49,99€ mtL* KANNUR UNIVERSITY"

Leave a Comment