പൊതു വിഭാഗം

യുവാക്കളും ദുരിതാശ്വാസവും

കുട്ടനാട് പോലുള്ള, വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനത്തെക്കുറിച്ച് സമ്മിശ്രമായ റിപ്പോർട്ടുകളാണ് കിട്ടുന്നത്. ഒരാഴ്ചയായി കറണ്ടില്ലാതെ, വെള്ളമില്ലാതെ, പച്ചക്കറിയില്ലാതെ, ടോയ്‌ലറ്റ് ഇല്ലാതെ ആളുകൾ കഷ്ടപ്പെടുന്നു എന്ന് ഒരു സെറ്റ് റിപ്പോർട്ട്. ദുരിതാശ്വാസ ക്യാംപുകൾ വളരെ നല്ല രീതിയിൽ പോകുന്നുവെന്ന് മറ്റൊരു റിപ്പോർട്ട്. ഏതാണ് ശരി, അതോ രണ്ടും ശരിയാണോ എന്നൊന്നും ദൂരെ ഇരുന്നു തീരുമാനിക്കാൻ പറ്റില്ല. എന്താണെങ്കിലും ദുരിതാശ്വാസത്തിന് പണത്തിന്റെയോ വസ്തുക്കളുടെയോ താല്പര്യത്തിന്റെയോ സംവിധാനത്തിന്റെയോ ക്ഷാമമുള്ള പ്രദേശം അല്ല കേരളം.
 
ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായ സമയത്ത് അവിടുത്തെ വിദ്യാർത്ഥികളും യുവജനങ്ങളുമാണ് മുന്നിട്ട് പ്രവർത്തിച്ചത്. ഒരു കൂട്ടം ആളുകൾ മുൻ നിരയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനും ഭക്ഷണം വിതരണം ചെയ്യാനും ശ്രമിച്ചുവെങ്കിൽ പിൻ നിരയിൽ നിന്ന് ഏത് പ്രദേശത്ത് ആരാണ് ഒറ്റപ്പെട്ടിരിക്കുന്നത്, എവിടെ എന്ത് സഹായമാണ് വേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങൾ മൊബൈൽ ആപ്പുകൾ വഴി സംഘടിപ്പിച്ച് സംയോജിപ്പിക്കാൻ യുവാക്കളുടെ വേറൊരു ടീമും ഉണ്ടായിരുന്നു.
 
കുട്ടനാട്ടിലെ ദുരന്തത്തിലും ഇത്തരത്തിൽ യുവാക്കൾ മുന്നിലുണ്ടാകും എന്നത് ഉറപ്പാണ്. അവരുടെ ശ്രമങ്ങൾ എങ്ങനെയാണ് പരസ്പരം സംയോജിപ്പിച്ചിരിക്കുന്നത്, സർക്കാർ സംവിധാനങ്ങളുമായി അവ എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ഒരു വിവരവും കിട്ടുന്നില്ല.
 
നമ്മുടെ മീഡിയ സുഹൃത്തുക്കൾ ഈ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ ഏറെ ഉപകാരമാകുമായിരുന്നു. ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനുള്ള അറിവും, കഴിവും, താല്പര്യവും, വസ്തുക്കളും ഉണ്ടായിട്ടും ദുരിതത്തിൽ പെട്ടവർക്ക് സഹായം കിട്ടാതെ അനാവശ്യമായ ഒരു ദുരന്തം നമ്മൾ ഉണ്ടാക്കേണ്ട കാര്യമില്ല. ഇന്ത്യക്ക് നമ്പർ വൺ ആയ ദുരന്ത നിവാരണവും ദുരിതാശ്വാസവും ആകണം നമ്മൾ കാഴ്ചവെക്കേണ്ടത്.
 
രണ്ടു കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക.
 
1. ദുരന്തം കാണാൻ ടൂറിസ്റ്റായി പോകരുത്. ഇന്നലെ പറഞ്ഞതു പോലെ ദുരിതത്തിൽ അകപ്പെട്ടവരെ കാഴ്ചവസ്തു ആക്കരുത്, പ്ലീസ്.
 
2. ദുരന്ത നിവാരണത്തിനും ദുരിതാശ്വാസത്തിനും പോകുന്നവർ ദയവായി വ്യക്തി സുരക്ഷക്ക് പ്രാധാന്യം കൊടുക്കുക. വെള്ളം പരിചയമില്ലാത്തവർ ഒരു ലൈഫ് വെസ്റ്റ് പോലും ഇല്ലാതെ വള്ളത്തിൽ മരിക്കുന്ന സാഹചര്യം ഇപ്പോൾ ഉണ്ട്. അനാവശ്യമായ ട്രാജഡി നമുക്ക് വേണ്ട.
 
തിരക്കുള്ള ദിവസമാണ്, കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, ആവശ്യമെങ്കിൽ കൂടുതൽ എഴുതാം.
 
മുരളി തുമ്മാരുകുടി

Leave a Comment