പൊതു വിഭാഗം

മോഹൻലാലിൻറെ കൂടെ പാരീസിൽ പോയ ഓർമ്മ…

ഇന്നലത്തെ ദിവസം സമ്മിശ്ര വികാരങ്ങളുടേതായിരുന്നു.
കേരളത്തിൽ കൊറോണയുടെ രണ്ടാം വരവിനെപ്പറ്റി ഞാനെഴുതിയ ലേഖനം അത്യുജ്വലം ആണെന്ന് വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ തന്നെ വിലയിരുത്തി. അതങ്ങ് പോസ്റ്റ് ചെയ്തു.
 
വായനക്കാരിൽ നിന്നും നല്ല പ്രതികരണമാണ് ആദ്യം ഉണ്ടായത്.
കുറച്ചു കഴിഞ്ഞപ്പോൾ “നീ ആരെടാ കേരളത്തെപ്പറ്റി എഴുതാൻ, ഇന്ത്യയെ പറ്റിയല്ലേ എഴുതേണ്ടത്” എന്ന് ചോദിച്ച് സുഹൃത്തുക്കളുടെ വരവായി. അധികം വൈകാതെ ചെറിയൊരു പൊങ്കാല വാങ്ങിക്കൂട്ടി.
 
ചന്തു ആദ്യമായിട്ടല്ല പൊങ്കാല ഏറ്റുവാങ്ങുന്നത്. കരിയർ സീരീസ് എഴുതിയപ്പോൾ എലിറ്റീസ്റ്റ് ആയതിന്റെ ഇടതുപക്ഷ പൊങ്കാല, ഡെമോണിട്ടൈസേഷന്റെ കാലത്ത് മോഡി ഭക്തനായി എന്ന പേരിൽ കാശെടുക്കാൻ വരിനിന്നവരുടെ പൊങ്കാല, കശ്മീരിലെ പെൺകുട്ടിയുടെ പ്രശ്ന കാലത്ത് എന്നെ സംഘി ചാപ്പകുത്തി ഇടതുകാരും (commie) സുഡാപ്പികളും കൂടി കൂട്ടപ്പൊങ്കാല എന്നിങ്ങനെ പലരും പലവട്ടം ചന്തുവിന് പൊങ്കാലയിട്ടിട്ടുണ്ട്. പൊങ്കാലകൾ ഏറ്റുവാങ്ങാൻ രണ്ടാമന്റെ ജീവിതം പിന്നെയും ബാക്കി.
 
പക്ഷെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ അതിശയിപ്പിച്ച ഒരു സംഭവമുണ്ടായി. സാക്ഷാൽ ചന്തു (ശ്രീ. മമ്മൂട്ടി) എന്റെ പോസ്റ്റ് ഷെയർ ചെയ്തു. പിന്നെ പറയാനുണ്ടോ പൂരം. ലൈക്കുകൾ ഇതിനു മുൻപൊന്നും എത്തിയിട്ടില്ലാത്ത മുപ്പതിനായിരം എത്തി, മൊത്തം ഷെയറുകൾ പതിനായിരം കടന്നു, കമന്റുകൾ ആയിരവും. പോസ്റ്റ് സൂപ്പർ ഹിറ്റായി. ബ്ലൂ ടിക്ക് ഉള്ളതിനാൽ ന്യായമായ പണം ഇനി അക്കൗണ്ടിൽ എത്തും !!
 
ഇതാദ്യമായിട്ടല്ല മമ്മൂട്ടി എന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നത്. 2018 ലെ പ്രളയകാലത്തും എന്റെ പോസ്റ്റുകൾ അദ്ദേഹം ഷെയർ ചെയ്തിരുന്നു. ഒരിക്കൽ എന്നെ വിളിച്ച് ആളുകൾക്ക് ഉപകാരമുള്ള പോസ്റ്റുകൾ എഴുതുന്നതിൽ നന്ദി പറയുകയും ചെയ്തു.
അദ്ദേഹത്തിന് ഇതൊന്നും ചെയ്യേണ്ട കാര്യമില്ല. പക്ഷെ അദ്ദേഹത്തെപോലെ കേരളത്തിൽ എല്ലവരും അറിയുന്ന (ദേ പിന്നേം കേരളം, ഇന്ത്യ എന്ന് പറയൂ എന്നും പറഞ്ഞിപ്പോൾ വേറെ ആളുകൾ പുറകെ വരും !) ഒരാൾ ഒരു പോസ്റ്റ് ഷെയർ ചെയ്യുന്പോൾ അത് ലക്ഷങ്ങളിലേക്ക് എത്തുക മാത്രമല്ല, വിഷയത്തിന്റെ ഗൗരവും കൂടുകയും ചെയ്യും.
 
ഞാൻ അദ്ദേഹത്തിന് നന്ദി സന്ദേശം അയച്ചു, ഒരു മിനിറ്റിനകം അദ്ദേഹം എനിക്കും. ജീവിതത്തിൽ എല്ലാ ദിവസവും സംഭവിക്കുന്ന കാര്യമല്ലല്ലോ, ഈ കൊറോണക്കാലത്തും ഒരു ദിവസം സന്തോഷമാക്കാൻ ഇതൊക്കെ ധാരാളം.
 
പക്ഷെ ചേട്ടാ ഇന്നത്തെ കഥ മോഹൻലാലിനെ പറ്റിയല്ലേ ?
അതെ, മോഹൻ ലാലിനെപ്പറ്റി തന്നെയാണ്. മോഹൻ ലാലിനോടൊപ്പം പാരീസിൽ പോയ കഥയാണ്.
 
ഞാൻ കോതമംഗലത്ത് എഞ്ചിനീയറിങ്ങിന് പഠിക്കാൻ ചെല്ലുന്ന കാലത്ത് ശ്രീ മോഹൻലാൽ ഇപ്പോഴത്തെപ്പോലെ ലാലേട്ടനോ, പദ്മശ്രീയോ ഒന്നുമായിട്ടില്ല. 1981 ലാണ് ഞാൻ എഞ്ചിനീയറിങ്ങിന് ചേരുന്നത്, മോഹൻ ലാലിനെ പ്രസിദ്ധനാക്കിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്യുന്നത് 1980 ലാണ്.
 
എന്റെ ക്ലാസിൽ അന്ന് പെരുന്പാവൂരിൽ നിന്ന് ഒരു മോഹൻലാൽ ഉണ്ട്. അന്നും ഇന്നും എന്റെ സുഹൃത്താണ്. എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ഞാൻ കേരളത്തിന് പുറത്തേക്ക് പോയി. മോഹൻലാൽ കേരള സർക്കാരിൽ ഉദ്യോഗസ്ഥനുമായി. പിന്നെ ഞങ്ങൾ അധികം കണ്ടില്ല.
 
1999 ലാണ് ഞാൻ മസ്കറ്റിൽ ജോലിക്കെത്തുന്നത്. അടുത്ത വർഷം മോഹൻലാലും അവിടെ എത്തി (എന്റെ സുഹൃത്തായ എൻജിനീയർ മോഹൻലാൽ, ശ്രദ്ധിക്കുക, മാറിപ്പോവരുത്).
ഒരു ദിവസം വൈകീട്ട് അദ്ദേഹം വീട്ടിൽ ഡിന്നറിനു വന്നു. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്പോഴാണ് വീട്ടിൽ നിന്നും ചേച്ചി വിളിക്കുന്നത്. വിവരം പറഞ്ഞ കൂട്ടത്തിൽ ഞാൻ “മോഹൻലാൽ ഡിന്നറിന് വന്നിട്ടുണ്ട്” എന്ന് പറഞ്ഞു. കേരളത്തിൽ പവർ കട്ടുള്ള കാലമാണ്. മോഹൻലാൽ ഡിന്നറിനു വന്നു എന്ന് പറഞ്ഞതും ഫോൺ കട്ടായി.
 
അന്ന് ഇതുപോലെ എല്ലാ ദിവസവും ഫോൺ വിളിക്കുന്ന കാലമൊന്നുമല്ല, വാട്ട്സ്ആപ്പ് ഇല്ല, സ്മാർട്ട് ഫോൺ ഇല്ല. അടുത്ത ആഴ്ച അമ്മയെ വിളിച്ചപ്പോൾ അമ്മ ചോദിച്ചു.
“കഴിഞ്ഞ ആഴ്ച മോഹൻലാൽ വന്നിരുന്നു അല്ലേ”
അമ്മ (എൻജിനീയർ) മോഹൻലാലിനെ അറിയുകയൊന്നുമില്ല, ഞാൻ അമ്മയോട് പറഞ്ഞതുമില്ല. പിന്നെ എങ്ങനെയാണ് അമ്മ ഈ വിവരമറിഞ്ഞത്?
 
അങ്ങനെയാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്, അമ്മ മാത്രമല്ല എന്റെ വീട്ടുകാരും, ബന്ധുക്കളും, ചേച്ചിയുടെ ഓഫീസിൽ ഉള്ളവരും, അത്യാവശ്യം നാട്ടുകാരും മോഹൻലാൽ എന്റെ വീട്ടിൽ ഡിന്നറിന് വന്ന കഥ അറിഞ്ഞിട്ടുണ്ട്.
അന്ന് സ്മാർട്ട് ഫോൺ ഇല്ലത്തത് കൊണ്ട് ആരും സെൽഫി എവിടെ എന്നൊന്നും ചോദിച്ചില്ല. ഞാൻ പിന്നെ അത് തിരുത്താനൊന്നും പോയില്ല. അതങ്ങനെ കഴിഞ്ഞു.
 
പത്തുവർഷം കഴിഞ്ഞ് പുളുക്കഥകൾ എഴുതിത്തുടങ്ങിയ സമയത്ത് ഞാൻ ഈ കഥ ഒന്ന് മാറ്റിപ്പിടിച്ചു. മോഹൻലാൽ യൂറോപ്യൻ സന്ദർശനത്തിന് വന്നതും എന്റെ വീട്ടിൽ താമസിച്ചതും ഞാൻ എഴുതി. സംഗതി സത്യമാണ്. എന്റെ സുഹൃത്തായ (എൻജിനീയർ) മോഹൻലാൽ യൂറോപ്യൻ സന്ദർശനത്തിന് വന്നു, എന്റെ വീട്ടിൽ താമസിച്ചു, ഞാൻ യൂറോപ്പൊക്കെ ആവുന്നത് പോലെ കൊണ്ടുനടന്നു കാണിച്ചു. എന്റെ വീട്ടിൽ വന്നത് അപ്പോഴേക്കും സൂപ്പർ സ്റ്റാർ ആയിക്കഴിഞ്ഞ മലയാളികളുടെ ലാലേട്ടനാണെന്ന് ഞാൻ പ്രത്യേകിച്ച് പറഞ്ഞില്ല.
‘അശ്വഥാമാ ഹത:’ എന്ന് പറഞ്ഞ യുധിഷ്ഠിരന്റെ സത്യസന്ധത ഞാൻ പാലിച്ചു.
 
ഇനിയാണ് സാക്ഷാൽ ലാലേട്ടൻ കഥ.
എന്റെ വായനക്കാർക്ക് പൊതുവെ എന്നിൽ അതിയായ വിശ്വാസമുണ്ട്, ഞാൻ പറയുന്ന കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കുന്നുണ്ടെന്നും എനിക്ക് വ്യാപകമായ ബന്ധങ്ങൾ ഉണ്ടെന്നും. അത്രയ്‌ക്കൊന്നും വേണ്ട, ഫേസ്ബുക്കിൽ ചിലർ പറയുന്നത് പോലെ ഞാൻ ഗജ ഫ്രോഡാണെന്ന് എന്നെല്ലാം പറയാറുണ്ടെങ്കിലും ആളുകളുട വിശ്വാസത്തിൽ വലിയ ഇടിവ് വന്നിട്ടില്ല.
 
ഇങ്ങനെ എന്നെ നല്ല വിശ്വാസമുള്ള എന്റെ വായനക്കാരിൽ ഒരാൾ (പേരെനിക്കറിയാം, പറയുന്നില്ല) ഒരിക്കൽ ഒരു ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് ദി കംപ്ലീറ്റ് ആക്ടർ ആയ ശ്രീ മോഹൻ ലാലിനെ കണ്ടു. ഷൂട്ടിങ്ങിനിടയിൽ ലാലേട്ടൻ വിശ്രമിക്കുന്പോൾ അടുത്തുപോയി അദ്ദേഹത്തോട് പറഞ്ഞു.
“ഞാൻ മുരളി തുമ്മാരുകുടിയുടെ സുഹൃത്താണ്”
“ആണോ”
“സാർ യൂറോപ്പിൽ പോയപ്പോൾ മുരളിച്ചേട്ടന്റെ അടുത്ത് പോയത് അദ്ദേഹം പറഞ്ഞിരുന്നു”
മോഹൻ ലാൽ ഒരു നിമിഷം ഒന്ന് ചിന്തിച്ചു. എന്നിട്ട് പറഞ്ഞുവത്രേ,
“ശരിയാണ്, ഞാൻ ഓർക്കുന്നു”
ലാലേട്ടൻ എന്റെ കൂടെ താമസിക്കുന്നത് പോയിട്ട് ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് കൂടിയില്ല. അദ്ദേഹം അന്നെന്നെപ്പറ്റി കേട്ടിട്ടുണ്ടോ എന്നും എനിക്കറിയില്ല. പക്ഷെ അനവധി പ്രാവശ്യം യൂറോപ്പിൽ പോയിട്ടുള്ളതുകൊണ്ടും നൂറുകണക്കിന് ആളുകളെ അവിടെ വച്ച് കണ്ടിട്ടുള്ളതുകൊണ്ടും ഇനി അതിൽ ആരെങ്കിലുമാകാം എന്നോർത്തിട്ടാകണം അദ്ദേഹം അങ്ങനെ പറഞ്ഞത്.
 
“ആരാണീ മുരളി തുമ്മാരുകുടി” എന്നെങ്ങാനും അദ്ദേഹം ചോദിച്ചിരുന്നവെങ്കിൽ എന്റെ ആപ്പീസ് പൂട്ടിപ്പോയേനെ.
 
നന്ദി ലാലേട്ടാ നന്ദി! അറിഞ്ഞു ചെയ്ത ഉപകാരത്തിന് അറിയാത്ത ഈ ആരാധകന്റെ ഒരായിരം നന്ദി.
 
(പറഞ്ഞ കൂട്ടത്തിൽ പറയണമല്ലോ, പ്രളയകാലത്ത് എന്റെ പോസ്റ്റുകൾ അദ്ദേഹവും ഷെയർ ചെയ്തിരുന്നു. അതിനുള്ള നന്ദി വേറെയും ഉണ്ട്).
 
മോഹൻ ലാലിന്റെ യൂറോപ്പ്യൻ സന്ദർശനത്തിന്റെ കഥ ഇവിടെ അവസാനിക്കുന്നു.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി
 
(ബ്ലൂ ടിക്കുള്ളവർക്ക് പോസ്റ്റിന് പണം കിട്ടുമെന്നുള്ളത് വെറുതെ തള്ളിയതാണ്, ഇനി കാശ് കിട്ടാനാണ് ഈ എഴുത്തൊക്കെ എഴുതുന്നതെന്ന് പറഞ്ഞുണ്ടാക്കരുത്. ഇപ്പോൾ തന്നെ സർക്കാരിൽ ഉപദേശി പണികിട്ടാനാണ് എന്ന് കേട്ട് ഞാൻ വലഞ്ഞു. ഞാൻ എഴുതുന്നത് എന്റെ വായനക്കാരെ മനസ്സിലാക്കാനും രസിപ്പിക്കുവാനുമാണ്. ലോകത്ത് ഏതെങ്കിലും ഒരു സർക്കാരിനെ ഉപദേശിക്കാൻ എനിക്ക് ഫേസ്ബുക്ക് പോസ്റ്റ് വേണ്ട).
 
 

2 Comments

Leave a Comment