പൊതു വിഭാഗം

മാധ്യമങ്ങൾ മാറി നിൽക്കണോ?

കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ കേരളം സന്ദർശിച്ചപ്പോൾ അവരോട് ചോദ്യം ചോദിക്കാനായി മാധ്യമങ്ങൾ ഉന്തുകയും തള്ളുകയും ചെയ്യുന്നത് കണ്ടിരുന്നു. ഏതാനും മിനുട്ടുകൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് സ്വയം ഓർഗനൈസ് ചെയ്യാൻ പറ്റാതിരുന്നപ്പോൾ “ഇനി ഞാൻ ഒരു മിനുട്ട് കൂടിയേ ഇവിടെ നിൽക്കൂ, അത് കഴിഞ്ഞാൽ പോകും” എന്ന് അവർക്ക് മുന്നറിയിപ്പ് നൽകേണ്ടി വന്നു. പിന്നെയും കുറച്ചു സമയം കൂടി കഴിഞ്ഞിട്ടാണ് തള്ളും ബഹളവും നിന്നത്. അതിനും കുറച്ചു നാൾ മുൻപ് ശ്രീ ശശി തരൂർ എം പി യുടെ പുറകെ ഒരു ടി വി സംഘം മൈക്കുമായി ഓടുന്ന കാഴ്ച കണ്ടിരുന്നു.

എനിക്ക് അതിശയം തോന്നി. ജനീവയിൽ യു എന്നിൽ തന്നെ ലോകത്തെമ്പാടും നിന്നുള്ള മാധ്യമ പ്രതിനിധികളുണ്ട്. സിറിയയിലെയും മറ്റും ചർച്ച നടക്കുന്ന സമയത്ത് മൈതാനം നിറയെ ദിവസങ്ങളോളം മാധ്യമ പ്രവർത്തകർ ഉണ്ടാകാറുണ്ട്. നൂറിലേറെ സാധാരണയാണ്, അറബിക്ക് മുതൽ റഷ്യൻ വരെ പല ഭാഷ സംസാരിക്കുന്നവർ ആണിവർ. പരസ്പരം സംസാരിക്കാൻ പോലും അവർക്ക് ഒരു ഭാഷയില്ല. എന്നാലും ഒരാളോട് ചോദ്യം ചോദിക്കാൻ നേരത്ത് ഒരു ഒച്ചപ്പാടും ബഹളവുമില്ല, എല്ലാവരും വേണ്ട തരത്തിൽ പ്ലാൻ ചെയ്ത് നിൽക്കും. മുതിർന്ന നേതാക്കളാണെങ്കിൽ മാധ്യമങ്ങളെ കാണുമ്പോൾ മോഡറേറ്റ് ചെയ്യാൻ ഒരാൾ ഉണ്ടാകും. എല്ലാവരും കൈ പൊക്കിയാലും മോഡറേറ്റർ ചിലരെ വിളിക്കും, സംസാരിക്കുന്നത് എത്ര സീരിയസ് ആയ കാര്യം ആണെങ്കിലും പത്രക്കാരുമായിട്ടുള്ള സംവാദം നടക്കുന്നത് അച്ചടക്കത്തോടെയാണ്. ഇതൊക്കെ കാണുമ്പോൾ എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ സ്വയം നിയന്ത്രിക്കാനും ഓർഗനൈസ് ചെയ്യാനും പറ്റാത്തത് എന്ന് അന്നെനിക്ക് തോന്നിയിരുന്നു.

ഇതിന് അപവാദമായി ഒരു കൂട്ടരേയുള്ളൂ. യൂറോപ്പിൽ പാപ്പരാസി എന്ന് വിളിക്കുന്ന ആളുകൾ. പ്രശസ്തരായവരുടെ സ്വകാര്യവും അല്ലാത്തതുമായ ഫോട്ടോ എടുക്കാൻ ഇവർ എന്തും ചെയ്യും. കെട്ടിടത്തിൽ നുഴഞ്ഞു കയറും, സ്വിമ്മിങ് പൂളിന്‌ മുകളിൽ ഡ്രോൺ ഉപയോഗിക്കും, ആളുകളുടെ പുറകേ ഓടും. ഇത്തരക്കാരിൽ നിന്നും രക്ഷപെടാൻ അതിവേഗതയിൽ പോകുമ്പോൾ ആണ് ഡയനാ രാജകുമാരി റോഡപകടത്തിൽ മരിക്കുന്നത്.

ഇന്നിപ്പോൾ മൈക്കുമായി തള്ളിക്കയറിയ ഒരാളോട് മുഖ്യമന്ത്രി മാറിനിൽക്കാൻ പറഞ്ഞ വാർത്ത കേട്ടപ്പോൾ ഇതാണ് ഓർത്തത്. മാധ്യമങ്ങളോട് എപ്പോൾ സംസാരിക്കണം എന്ന് തീരുമാനിക്കേണ്ടത് സംസാരിക്കുന്ന ആളാണ്‌. അത് മുഖ്യമന്ത്രി ആയാലും സിനിമാ നടി ആയാലും. പൊതുരംഗത്ത് നിൽക്കുന്നവർ മാധ്യമങ്ങളെ കണ്ടാലും ഇല്ലെങ്കിലും അതിന്റെ രാഷ്ട്രീയ ലാഭവും നഷ്ടവും അവർക്ക് തന്നെയാണ്. അപ്പോൾ മാധ്യമങ്ങൾ വഴി തടയുമ്പോഴെല്ലാം അവരോട് സംസാരിക്കണം എന്ന് പറയുന്നതിൽ കാര്യമില്ല. അതുകൊണ്ട് തന്നെ ഒരാളുടെ മുന്പിലോ പുറകിലോ മൈക്കുമായി ഓടുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് പാപ്പരാസി മാധ്യമ പ്രവർത്തനമാണ്. നമ്മുടെ മാധ്യമങ്ങൾക്ക് വേണ്ടി വഴിയിൽ വെയിൽ കൊണ്ട് നിൽക്കുന്ന മിക്ക കാമറാക്കാരും റിപ്പോർട്ടർമാരും മുപ്പതിൽ താഴെ വയസുള്ള കുട്ടികളാണ്. അവർ നല്ല മാതൃകകളിൽ നിന്നാണ് പഠിക്കേണ്ടത്. നല്ല മാതൃകകൾ ലോകത്ത് ധാരാളമുണ്ടല്ലോ, അതിൽ നിന്നും പഠിക്കാം. മുതിർന്ന മാധ്യമപ്രവർത്തകർ ഇക്കാര്യം അവരെ പറഞ്ഞു മനസ്സിലാക്കണം.

Leave a Comment