പൊതു വിഭാഗം

മറുനാട്ടിൽ വാറ്റുന്ന മലയാളികൾ

ഹൈതിക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിനും താഴെ കരീബിയൻ പ്രദേശത്തെ ഒരു ചെറിയ ദ്വീപാണ് ഗൗഡലൂപ്പ്. 1628 ചതുരശ്ര കിലോമീറ്റർ വലുപ്പം, ഏകദേശം നാലു ലക്ഷം ജനസംഖ്യ.

ഇപ്പോഴും ഫ്രാൻസിന്റെ ഭാഗമാണ്, പക്ഷെ കണ്ടാൽ കേരളം പോലെ തന്നെയാണ് ഭൂപ്രകൃതിയും കാലാവസ്ഥയും. ടൂറിസവും കൃഷിയും ആണ് ഏറ്റവും വലിയ വരുമാന മാർഗ്ഗം. ആളോഹരി വരുമാനം 16 ലക്ഷം രൂപക്ക് മുകളിൽ ആണ് (കേരളത്തിന്റെ ആളോഹരി വരുമാനം ഏകദേശം മൂന്നര ലക്ഷം രൂപയാണ്).

ഗൗഡലൂപ്പിൽ ടൂറിസ്റ്റായി എത്തിയ എന്നെ ഏറ്റവും ആകർഷിച്ചത് അവിടുത്തെ വാറ്റ് വ്യവസായം ആണ്. കരിന്പും മറ്റ് ഫലങ്ങളും ധാരാളം ഉണ്ടാകുന്ന നാട്ടിൽ വാറ്റ് പൊടിപൊടിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ. ഗൗഡലൂപ്പിലെ മൂന്നാമത്തെ പ്രധാന വരുമാന മാർഗ്ഗം അവിടെ ഉണ്ടാക്കുന്ന മദ്യങ്ങളുടെ കയറ്റുമതി ആണ്.

ദ്വീപിൽ ഉണ്ടാക്കിയ അനവധി നാടൻ വാറ്റ് മദ്യങ്ങൾ ഞാൻ അവിടെ കണ്ടു. എന്തുകൊണ്ടാണ് ഈ സാഹചര്യങ്ങൾ ഒക്കെ ഉണ്ടായിട്ടും കേരളത്തിൽ ഇത്തരത്തിൽ ഒരു വാറ്റ് വ്യവസായം പൊടിപൊടിക്കാത്തത് എന്ന് അന്തം വിടുകയും ചെയ്തു. ഇതൊക്കെ പഴയ കഥയാണ്, ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.

നാട്ടിൽ ഇപ്പോഴും കാര്യങ്ങൾ പഴയത് പോലെയാണ്. പക്ഷെ മലയാളി വാറ്റിനെ വ്യവസായമാക്കി എടുത്ത് വികസിപ്പിക്കുന്ന കഥകൾ ആണ് ലോകത്തെവിടെ നിന്നും വരുന്നത്. കാനഡയിൽ മലയാളി വികസിപ്പിച്ച മന്ദാകിനി നാടൻ വാറ്റ്. പോളണ്ടിൽ മലയാളി ഉല്പാദിപ്പിക്കുന്ന മലയാളി ബിയർ. കേരളത്തിൽ നിന്നും ജാതിക്കത്തൊണ്ട് കാനഡയിൽ എത്തിച്ച്  വോഡ്ക ഉണ്ടാക്കി വിൽക്കുന്ന മലയാളി. ഇനിയും അറിയാത്ത കഥകൾ വേറെയും ഉണ്ടാകും.

തീർന്നില്ല. ഇംഗ്ലണ്ടിൽ കള്ളു ഷാപ്പ് നടത്തുന്ന മലയാളിയെ കഴിഞ്ഞ ആഴ്ച പരിചയപ്പെട്ടു.  നാട്ടിൽ നിന്നും ആവശ്യത്തിന് നല്ല ഗുണമുള്ള കള്ളു കിട്ടാത്തതിനാൽ ആഫ്രിക്കയിൽ നിന്നാണ് അവർ യു.കെ.യിൽ കള്ള് എത്തിക്കുന്നത് എന്ന് കേട്ട് അന്തം വിട്ടു. ആസ്‌ട്രേലിയയിൽ ഡാർവിനിൽ പ്രധാനപ്പെട്ട പബ്ബ് നടത്തുന്ന മലയാളിയെപ്പറ്റി കേട്ടു, കാണാൻ പറ്റിയില്ല.

എന്തുകൊണ്ടാണ് കാനഡയിലും പോളണ്ടിലും  മദ്യം ഉണ്ടാക്കി പേരും പണവും ഉണ്ടാക്കുന്ന മലയാളികളുടെ കഴിവ് നാട്ടിൽ ഉപയോഗിക്കാൻ നമുക്ക് സാധിക്കാത്തത്? കാരണം നാട്ടിൽ ഇപ്പോഴും മദ്യത്തിന്റെ കാര്യത്തിൽ കാലോചിതമായ ഒരു നയം ഉണ്ടാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. നമ്മൾ ഇപ്പോഴും മദ്യം നിരോധിക്കണോ, നിയന്ത്രിക്കണോ വർജ്ജിക്കണോ എന്നൊക്കെയുള്ള കൺഫ്യൂഷനിൽ ആണ്. കേരളത്തിൽ ആധുനികമായ ഒരു മദ്യനയം ഉണ്ടാകണമെങ്കിൽ, കേരളത്തിന്റെ തനതായ സാദ്ധ്യതകൾ ഉപയോഗിച്ച് നമ്മുടെ ബ്രാൻഡിൽ ലോകോത്തരമായ മദ്യം ഉല്പാദിപ്പിക്കുകയും ലോകമെങ്ങും വിതരണം ചെയ്യുകയും ചെയ്യുന്ന കാലം വരികയും ചെയ്യണമെങ്കിൽ മദ്യത്തെ നമ്മൾ ഈ കൺഫ്യൂഷനിൽ നിന്നും മോചിപ്പിക്കണം. ആധുനികമായ ഒരു മദ്യനയം ഉണ്ടാകണം.

അതുപോലെ ഏതു നയം ഉണ്ടായാലും ഇന്നത്തെ എക്സൈസ് ഡിപ്പാർട്ടമെന്റ് പോലുള്ള സംവിധാനമാണ് ഉള്ളതെങ്കിൽ അത് വിജയിക്കില്ല എന്നും ഉറപ്പാണ്. കാരണം, മദ്യ വ്യവസായത്തിൽ നിൽക്കുന്നവരെ സാമൂഹ്യവിരുദ്ധരായും അഴിമതിക്കുള്ള കറവപ്പശുക്കളായും കാണുന്ന എക്സൈസ്  സംവിധാനം ആണ് ഇന്നുള്ളത്. അതിനെ റിഫോം ചെയ്യാൻ കഴിയും എന്നൊരു ചിന്ത എനിക്കില്ല. സത്യത്തിൽ ഈ നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാനുള്ള അറിവോ സംവിധാനങ്ങളോ ഇപ്പോൾ അവർക്കില്ല. പഴയ നൂറ്റാണ്ടിലെ  ആശയങ്ങളും പരിശീലനവും ഉപകരണങ്ങളും ആയി ഈ നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാൻ കഴിയില്ല. നമ്മുടെ എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്ന സംവിധാനം  പിരിച്ചുവിട്ട് ആധുനികവും കാലാനുസൃതവും ആയ ഒരു ഡ്രഗ് മാനേജമെന്റ് സംവിധാനം ആണ് നമുക്ക് ഉണ്ടാക്കേണ്ടത്.

സംസ്ഥാനം മുന്പെന്നും ഇല്ലാത്ത സാന്പത്തിക പ്രതിസന്ധിയിൽ ആണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. “Never waste a crisis” എന്ന് ഒരു ചൊല്ലുണ്ട്. മദ്യത്തിന്റെ ഉല്പാദനരംഗത്തും വിപണന രംഗത്തും എല്ലാം നമ്മുടെ സാധ്യതകളെ ഉപയോഗിക്കാനുള്ള ഒരു അവസരം കൂടിയായി ഈ ക്രൈസിസിനെ കാണാം.

ഇന്ന് ലോകത്ത് മറ്റു ഭാഗങ്ങളിൽ ഈ രംഗത്ത് ഏർപ്പെട്ടിരിക്കുന്ന മലയാളികളെ നാട്ടിൽ വിളിച്ചു വരുത്തി അവരുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും ആ നാട്ടിൽ “എക്‌സൈസ്” സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, അവിടുത്തെ കൃഷി, വ്യവസായ നയങ്ങൾ എങ്ങനെ അവരെ സഹായിക്കുന്നു എന്നൊക്കെ മനസ്സിലാക്കുന്നതും നന്നാകും.

മുരളി തുമ്മാരുകുടി

May be an image of drink and text that says "MANDAKINI HANDCRAFTED UNAGED SPIRIT FROM SUGARCANE EXTRACT m VROM muEs INTROTIEAL 00า Pর देसीदारू MANDAKIN MALABARI VAATTé ਦੇਸੀ ਦਾਰੂ നാടൻ വാററ് நாடு சரக்கு నాటు సారా 1E0 750- 00"May be an image of drink and textMay be an image of drink and textMay be an image of 1 person, biryani and text that says "കള്ള ഷാപ്പ് TODD SHOP Range ഹാനികരം കള്ള് ഷാപ്പ IN UK"May be an image of map and text that says "Guadeloupe Channel Caribbean GUADELOUPE département Cepyleft 生神 Grande Terre Íles la Petite Terre Atlantic Basse Basse Terre Sea Les Saintes Ocean Dominica Channel"May be an image of 1 person and drinkMay be an image of text

Leave a Comment