പൊതു വിഭാഗം

മരണമെത്തുന്ന നേരത്ത് – നമ്മൾ എന്ത് ചെയ്യണം?

നമ്മൾ പലപ്പോഴും കേൾക്കുന്ന വാർത്തയാണ്. സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ കുഴഞ്ഞു വീണു മരിച്ചു എന്നത്. പ്രശസ്തരായ പലരും, രാഷ്ട്രീയ നേതാക്കൾ, പ്രഭാഷകർ, നടന്മാർ ഒക്കെ ഇത്തരത്തിൽ മരിച്ച സംഭവങ്ങൾ നമുക്ക് ഓർമ്മയുണ്ട്. ഇത് എപ്പോൾ വേണമെങ്കിലും എവിടെയും സംഭവിക്കാം. നമ്മുടെ ചുറ്റുമുള്ളവർക്കോ നമുക്കോ. 

സാധാരണ ഗതിയിൽ നമ്മുടെ തൊട്ടടുത്ത് ഒരാൾ കുഴഞ്ഞു വീണാൽ നാട്ടിൽ ചെയ്യുന്ന ചില രീതികൾ ഉണ്ട്. മുഖത്ത് വെള്ളം തളിക്കുക, നെഞ്ചത്ത് തിരുമ്മുക, എണീപ്പിച്ച് ഇരുത്താൻ നോക്കുക, വെള്ളം കുടിക്കാൻ കൊടുക്കുക എന്നിങ്ങനെ. നല്ല ഉദ്ദേശത്തോടെ ചെയ്യുന്നതാണ്, പക്ഷെ ഒരു കാര്യവുമില്ല.

ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട കൃത്യമായ രീതി ഉണ്ട്. “Basic Life Support” എന്നാണ് ഇതിന്റെ പേര്. ഇങ്ങനൊരു സാഹചര്യമുണ്ടായാൽ ഉടൻ BLS തുടങ്ങണം, അതിൻറെ ഭാഗമായി തന്നെ ആംബുലൻസ് വിളിക്കണം, ഒപ്പം അതുവരെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തുകയും വേണം.

സ്‌കൂളുകളിൽ തന്നെ ഇത് പഠിപ്പിക്കണം എന്നതാണ് നല്ല സുരക്ഷാ രീതി. സ്ഥിരമായി പഠനം പുതുക്കുകയും വേണം. പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ automated external defibrillator (AED) മിക്കവാറും എല്ലായിടത്തും തന്നെ ഉണ്ട്, ബസുകളിൽ ഉൾപ്പടെ. അത് ഉപയോഗിക്കാൻ പഠിക്കുന്നതും BLS പരിശീലനത്തിന്റെ ഭാഗമാണ്. കുഴഞ്ഞു വീഴുന്പോൾ മാത്രമല്ല റോഡപകടത്തിൽ പരിക്ക് പറ്റിയാൽ, വെള്ളത്തിൽ മുങ്ങിപ്പോയാൽ, ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയാൽ, പാന്പു കടിച്ചാൽ, വൈദ്യതി ഷോക്ക് ഏറ്റാൽ, പൊള്ളലേറ്റാൽ, ഇടിമിന്നൽ ഏറ്റാൽ ഒക്കെ ചെയ്യേണ്ട കാര്യങ്ങളുണ്ട്. നമ്മൾ പാരന്പര്യമായി ചെയ്യുന്നത് പലതും ഗുണകരമല്ല എന്ന് മാത്രമല്ല കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആക്കുന്നതുമാണ്.  

പറവൂരുള്ള Help for Helpless Educational and Charitable Society യുമായി ചേർന്ന് ഞങ്ങൾ കഴിഞ്ഞ പത്തു വർഷമായി അനവധി ആളുകളെ BLS രീതികൾ പരിശീലിപ്പിച്ചിട്ടുണ്ട്. പോരാത്തതിന് മുൻ പറഞ്ഞ സാഹചര്യങ്ങളിൽ എന്തൊക്കെയാണ് ശരിയായ രീതി എന്നതും പരിശീലനത്തിന്റെ ഭാഗമാണ്.

ഒരു കാര്യം ഞങ്ങൾ പ്രത്യേകം പഠിപ്പിക്കാറുണ്ട്. അതായത്, ഇതൊന്നും പഠിച്ചുവെച്ചത് കൊണ്ട് നിങ്ങൾക്ക് വ്യക്തിപരമായി ഒരു ഗുണവുമില്ല, കാരണം നിങ്ങൾ അപകടത്തിൽ പെട്ടാൽ ചുറ്റുമുളളവർക്ക് അറിയാമെങ്കിൽ മാത്രമേ നിങ്ങളെ സഹായിക്കാൻ ആകൂ.

അതുകൊണ്ട് ഇന്ന് തന്നെ നിങ്ങൾ മാത്രമല്ല നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഒക്കെ ഇത്തരം ജീവൻരക്ഷാരീതികൾ പഠിപ്പിക്കണം.

ഓഫീസിൽ ഒരു AED വാങ്ങിവെക്കുന്നതും നഷ്ടമാകില്ല. മരണമെത്തുന്പോൾ അയാളുടെ സമയമെത്തി എന്ന് ചിന്തിക്കുന്നതിനപ്പുറം നമുക്ക് ചെയ്യാൻ ആകുന്നതൊക്കെ ചെയ്തു എന്നൊരു ബോധം ഉണ്ടാകുന്നതാണ് നല്ലത്.

മുരളി തുമ്മാരുകുടി

May be an image of heart and text that says "112 COMMUNITY RESPONSE SAVES LIVES AED"

Leave a Comment