പൊതു വിഭാഗം

മത്സരിക്കുന്ന സുഹൃത്തുക്കൾ!

ഇത്തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻറെ സുഹൃത്തുക്കളായ കുറച്ചു പേർ മത്സരിക്കുന്നുണ്ട് എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. രാഷ്ട്രീയ സ്പെക്ട്രത്തിന്റെ വിവിധ വശങ്ങളിൽ ആണെങ്കിലും ഇവരെല്ലാം അവരവരുടെ കർമ്മ മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചവരും പാർലമെന്റിൽ എത്തിയാൽ സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുള്ളവരുമാണ്. അതുകൊണ്ട് അവരെപ്പറ്റി എഴുതാം.
 
ശ്രീ ശശി തരൂർ – 2003 ൽ ഐക്യരാഷ്ട്രസഭയിൽ ജോലി കിട്ടി ജനീവയിൽ വന്ന കാലം തൊട്ടേ എനിക്ക് അദ്ദേഹത്ത അറിയാം. അന്ന് തന്നെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ പേരെടുത്ത ആളാണ്. പിൽക്കാലത്ത് ഐക്യരാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറി ജനറൽ ആയി, സെക്രട്ടറി ജനറൽ മത്സരാർത്ഥി ആയി, പിന്നെ എംപി ആയി, മന്ത്രി ആയി ഒക്കെ അദ്ദേഹത്ത നമ്മൾ കണ്ടു. ട്രൂലി വേൾഡ് ക്‌ളാസ്സ് ആയ, ലോകത്ത് എവിടെയും ബന്ധങ്ങളുള്ള, നമുക്കൊക്കെ അല്പം അസൂയയോടെ മാത്രം നോക്കി നിൽക്കാൻ കഴിയുന്ന വ്യക്തിത്വമാണ്.
 
ശ്രീ പി രാജീവ്- എൻറെ രണ്ടാമത്തെ പുസ്തകമായ ‘തുമ്മാരുകുടി കഥകൾ’ പ്രകാശനം ചെയ്യാൻ എത്തിയത് ശ്രീ പി രാജീവ് ആയിരുന്നു. അന്ന് മുതൽ അദ്ദേഹത്തെ അറിയാം. രാജ്യസഭാ അംഗമായി ശോഭിച്ചിട്ടുണ്ട്, എറണാകുളത്തെ ജനറൽ ആശുപത്രിയെ ഒരു സർക്കാർ ആശുപത്രി സെറ്റപ്പിൽ നിന്നും വളരെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് ഞാൻ ഏറ്റവും ബഹുമാനത്തോടെ കാണുന്നത്.
ശ്രീ ഹൈബി ഈഡൻ- ഞാൻ എറണാകുളത്തെ വോട്ടർ ആയിരുന്നെങ്കിൽ ശരിക്ക് ധർമ്മ സങ്കടത്തിൽ ആയേനെ. ശ്രീ ഹൈബി ഈഡനും എനിക്ക് ഏറെ പരിചയമുള്ള സുഹൃത്താണ്. എറണാകുളത്ത് ജനിച്ചു വളർന്നത് കൊണ്ടാകണം എറണാകുളത്തെപ്പറ്റി ഏറെ സ്വപ്‌നങ്ങളുള്ള ആളാണ്. അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.
 
ശ്രീ സുരേഷ് ഗോപി- ഞങ്ങൾ ഇന്റർനെറ്റ് കൂട്ടുകാർ ഒരുമിച്ച് പ്രസിദ്ധീകരിച്ച അവിയൽ എന്ന ബുക്കിന്റെ പ്രകാശന കർമ്മത്തിനെത്തിയപ്പോൾ ആണ് ഞാൻ അദ്ദേഹത്തെ നേരിട്ട് കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത്. അതിന് ശേഷം പല പൊതു പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ സിദ്ധാർത്ഥിന്റെ ചിത്ര പ്രദർശനത്തിന് അദ്ദേഹം എത്തിയത് എന്നെ അതിശയിപ്പിച്ചു. ഞാൻ പറയുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ പത്ര വാർത്ത കണ്ട് എത്തിയതാണ്, അവിടെ എത്തിയപ്പോളാണ് എന്നെ കാണുന്നതും സിദ്ധാർത്ഥ് എൻറെ മകനാണെന്ന് അറിയുന്നതും. ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ ചിത്ര പ്രദർശനം കാണാൻ അദ്ദേഹം എടുത്ത പ്രത്യേക താല്പര്യം എന്നെ ഏറെ സ്പർശിച്ചു.
 
ശ്രീ എം ബി രാജേഷ്- ഒറ്റ പ്രാവശ്യമേ ഞാൻ രാജേഷിനെ കണ്ടിട്ടുള്ളൂവെങ്കിലും എനിക്ക് അദ്ദേഹത്തോട് ഒരു പ്രത്യേക ഇഷ്ടവും താല്പര്യവുമുണ്ട്. കാരണം, എൻറെ വലിയൊരു സ്വപ്നമായിരുന്ന ഐ ഐ ടി കേരളത്തിൽ എത്തിക്കാനും അത് നിർമ്മിച്ച് ഒരു സ്ഥാപനമാക്കാനും മുന്നിൽ നിന്ന, ഇപ്പോഴും നിൽക്കുന്ന ഒരാളാണ്.
 
ഇവർക്കെല്ലാം എൻറെ വിജയാശംസകൾ!!. ഇവരെല്ലാം രാഷ്ട്രീയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിൽക്കുന്നത് കൊണ്ട് ഞാൻ ‘ബാലൻസ് കെ നായർ’ ആണെന്നൊക്കെ കുറച്ചു പേരെങ്കിലും പറയും, കുഴപ്പമില്ല. കാരണം എന്നെങ്കിലും ഒരിക്കൽ ഞാനും സ്ഥാനാർത്ഥി ലിസ്റ്റിൽ എത്തുന്പോൾ എനിക്ക് എല്ലാ വശത്തു നിന്നുമുള്ള പിന്തുണയും വേണ്ടിവരും. അല്പം നീട്ടി എറിഞ്ഞതാണെന്ന് കൂട്ടിയാൽ മതി.
 
മുരളി തുമ്മാരുകുടി
 

Leave a Comment