പൊതു വിഭാഗം

മതം മാറുമോ?

മതം മാറുന്നതും മനസ്സ് മാറുന്നതും ഒക്കെയാണിപ്പോൾ ചർച്ചയാകുന്നത്. എനിക്കിഷ്ടപ്പെട്ട വിഷയങ്ങളാണ് മതവും, മാറ്റവും. അതുകൊണ്ടു തന്നെ ചില ചിന്തകൾ പങ്കുവെക്കാം.

ഒരു മനുഷ്യനും ഒരു മതവും കൊണ്ടല്ല ജനിക്കുന്നത്. ജനിച്ച കുടുംബം, അല്ലെങ്കിൽ ആദ്യകാല ജീവിത സാഹചര്യമാണ് മനുഷ്യനിലേക്ക് മതം കുത്തിവെക്കുന്നത്. പുതിയൊരു കംപ്യൂട്ടർ വാങ്ങി അതിലേക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതുമായി ഇതിനെ താരതമ്യം ചെയ്യാം.

മതം മാത്രമല്ല്ല, രാജ്യവും ഇതുപോലെതന്നെ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ഒരു പ്രോഗ്രാമാണ്. പ്രായോഗികമായി ഒരു കുട്ടി ലോകത്തെവിടെ ജനിച്ചാലും ഏതു രാജ്യമാണ് ആ കുട്ടിയുടെ സ്വന്തമെന്ന് കുട്ടിയുടെ മാതാപിതാക്കളോ മറ്റു സഹചര്യങ്ങളോ അവരിലേക്ക് കുത്തിവെക്കുന്നതാണ്.

മതവും രാജ്യവും കൂടാതെ മറ്റു പലതും കുട്ടികളിലേക്ക് കുത്തിവെക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, തറവാട്ട് മഹിമ, ജാതിചിന്ത തുടങ്ങിയവ. ആഫ്രിക്കൻ രാജ്യങ്ങളിലും അറേബ്യൻ രാജ്യങ്ങളിലും ഒക്കെ ചില ട്രൈബൽ ഗ്രൂപ്പുകൾ, സ്വന്തം ചിന്ത രൂപപ്പെടുന്നതിനു മുന്നേ ഈ സോഫ്റ്റ്‌വെയർ കുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിച്ചിരിക്കും.

കുട്ടികൾ അടിസ്ഥാനപരമായി ആണും പെണ്ണും ആണെങ്കിലും ആണത്തവും പെണ്ണത്തവും അവരുടെമേൽ അടിച്ചേല്പിക്കപ്പെടുന്നതാണ്. ആണുങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും പെണ്ണുങ്ങൾ എന്തൊക്കെയാണ് ചെയ്യരുതാത്തതെന്നുമുള്ള ചിന്തകൾ, ജനിച്ച വീടും ജീവിക്കുന്ന സമൂഹവും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്നത് തന്നെയാണ്.

കേരളത്തിൽ ഇതിനൊക്കെ പുറമെ മറ്റൊരു കാര്യം കൂടി ജന്മം കൊണ്ട് ലഭിക്കുന്നുണ്ട്, രാഷ്ട്രീയം. ജനിക്കുന്ന കുടുംബത്തിന്റെയും വളരുന്ന സാഹചര്യത്തിന്റെയും സൃഷ്ടികളാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളുടെ രാഷ്ട്രീയവും. പണ്ടൊരിക്കൽ ഞാൻ പറഞ്ഞതുപോലെ ആശയങ്ങളല്ല, പ്രസവങ്ങളാണ് പാർട്ടിയെയും മതത്തെയുമൊക്കെ വളർത്തുന്നത്.

ഇത്തരം അടിച്ചേല്പിക്കപ്പെടലുകൾ കൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം. ഇത് നിങ്ങൾ എവിടെ ജനിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും. സമ്പന്ന രാജ്യങ്ങളിൽ പ്രിവിലേജ് ഉള്ള സമൂഹത്തിലേക്കാണ് ജനിച്ചു വീഴുന്നതെങ്കിൽ നഷ്ടമൊന്നുമില്ല, വലിയ ലാഭമുണ്ട് താനും. അതെ സമയം ലോകത്ത് ഏറെ ഇടങ്ങളിൽ മതത്തിന്റേയും ജാതിയുടെയും രാജ്യത്തിന്റെയും പേരിൽ ഏറെ വിവേചനം ആളുകൾ അനുഭവിക്കുന്നു. ജീവൻ പോകാൻ പോലും അത് കാരണമാകുന്നു.

അതേസമയം ഇത്തരം യാതൊരു ബാഹ്യമായ അടിച്ചേൽപ്പിക്കലുകളുമില്ലാതെയാണ് കുട്ടികൾ വളരുന്നതെന്ന് സങ്കൽപ്പിക്കുക. ഉണ്ടാകുന്ന ഒരു കുട്ടിയോടും അവർ ഏത് ജാതിയെന്നോ മതമെന്നോ ട്രൈബ് എന്നോ പറഞ്ഞു ബോധിപ്പിക്കുന്നില്ല എന്ന് കരുതുക. അവർ വളരുമ്പോൾ ഉണ്ടാകുമായിരുന്നത് ഇപ്പോഴത്തേതിലും നല്ല സമൂഹമായിരിക്കുമോ? അതോ ചീത്തയോ?

മതത്തിന്റെയും പാർട്ടിയുടെയും വർഗ്ഗത്തിന്റെയും രാജ്യത്തിന്റെയും ഒക്കെ പേരിൽ ലോകത്ത് അനവധി അക്രമങ്ങൾ നടക്കുന്നതായി നമുക്കറിയാം. ഇതൊന്നുമില്ലായിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി നന്നായിരുന്നേനെ എന്ന് ഒറ്റനോട്ടത്തിൽ തോന്നാം.

എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ചരിത്രം പഠിക്കുന്നവർ പറയുന്നത് മറ്റൊന്നാണ്. മതവും പാർട്ടിയും രാജ്യവും ഒന്നുമില്ലാതിരുന്ന പുരാതനകാലത്ത് മനുഷ്യൻ മനുഷ്യനെതിരെ നടത്തിയിരുന്ന അക്രമങ്ങൾ ഇന്നത്തേതിലും നൂറിരട്ടിയായിരുന്നു. സമൂഹത്തിലെ ഒരു ലക്ഷത്തിൽ പതിനായിരം തൊട്ട് അൻപതിനായിരം വരെ പേരെങ്കിലും പരസ്പരമുള്ള അക്രമത്തിലാണ് മരിച്ചിരുന്നത്. ഇപ്പോൾ ലോകത്തെ ഏറ്റവും അക്രമം നടക്കുന്ന ഇടങ്ങളിൽ പോലും ഒരു ലക്ഷത്തിന് നൂറിൽ താഴെ ആണ് അക്രമങ്ങളിലെ മരണം. കേരളത്തിൽ അക്രമത്തിൽ മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ ഒന്ന് എന്ന നിരക്കിലും താഴെയാണ്. അപ്പോൾ പുതിയ ലോകത്ത് അക്രമം ഏറെ കുറവാണ് (https://ourworldindata.org/ethnographic-and-archaeological-evidence-on-violent-deaths/)

മതങ്ങൾ മനുഷ്യന് പകർന്നു നൽകിയ ധാർമ്മികമൂല്യം കൊണ്ടാണ് സമൂഹത്തിൽ സമാധാനമുണ്ടാകുന്നത് എന്ന് മതപുരോഹിതന്മാർ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ബഹുഭൂരിഭാഗം ആളുകളും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നതും. മിക്ക മതങ്ങളും എന്താണ് ശരി എന്നതിനെപ്പറ്റി ‘കല്പനകൾ’ നൽകുന്നുണ്ടല്ലോ. ഈ കൽപന അനുസരിച്ച് ജീവിച്ചാൽ സമാധാനം ഉണ്ടാകില്ലേ? ഇത്തരം കല്പനകൾ ഉണ്ടായിരുന്നതുകൊണ്ടല്ലേ ജീവിതം സമാധാനപരമായത്?

ഈ ചിന്ത ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. മതം ആണ് ശരിയും തെറ്റും തീരുമാനിക്കാനുള്ള കോമ്പസ് നമുക്ക് തരുന്നത് എങ്കിൽ, എല്ലാ കാലത്തും എല്ലാ സാഹചര്യത്തിലും മതത്തിന്റെ കല്പനകൾ അനുസരിക്കുന്നത് സമൂഹത്തിന് ഗുണകരമായിരിക്കണം. മനുഷ്യരെ ജാതികളായി തിരിച്ച് കുറെപ്പേർക്ക് ജന്മം കൊണ്ടുമാത്രം സുഖജീവിതവും, ഭൂരിഭാഗത്തിന് ദുരിതവും കല്പിച്ചുനൽകിയത് മതമാണ്. മനുഷ്യരെ അടിമകളും ഉടമകളുമായി തരംതിരിച്ച് അവർക്ക് പ്രത്യേക നിയമങ്ങളുണ്ടാക്കി വെച്ചത് മതങ്ങളാണ്. സ്വവർഗ്ഗാനുരാഗികളെ കൊന്നുകളയുന്നത് ശരിയാണെന്ന് കൽപ്പിച്ചത് മതങ്ങളാണ്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് അധികാരങ്ങളും അവകാശങ്ങളും കല്പിച്ചുനല്കിയതും മതമാണ്. സ്വന്തം മതത്തിലേക്ക് മാറാത്തവരെ അടിമയാക്കാനും സ്വന്തം മതത്തിൽ നിന്നും മാറുന്നവരെ കൊല്ലാനും കൽപ്പിച്ചത് മറ്റാരുമല്ല. ഇതെല്ലാം അനുസരിച്ചാണ് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നതെങ്കിൽ അതെത്ര ധാർമ്മികം ആകും?

അപ്പോൾ ഇപ്പോൾ നമുക്ക് ശരിയെന്നു തോന്നുന്ന ചില കല്പനകൾ മതത്തിൽ ഉണ്ടെന്ന് കരുതി മതത്തെ ശരിയും തെറ്റും തീരുമാനിക്കാനുള്ള മാനദണ്ഡമായി ഉപയോഗിക്കാൻ പറ്റില്ല. വല്ലപ്പോഴുമൊക്കെ വടക്കോട്ട് തിരിഞ്ഞിരിക്കുകയും അല്ലാത്തപ്പോൾ മറ്റെങ്ങോടെങ്കിലും ലക്ഷ്യം കാണിക്കുകയും ചെയ്യുന്ന ഒരു കോമ്പസുമായി കടൽ യാത്രക്ക് പോകുന്നതു പോലിരിക്കും മതവുമായി ധാർമ്മിക ജീവിതം നയിക്കാൻ ഇറങ്ങിയാൽ. യാത്ര, ലക്ഷ്യത്തിലെത്തണമെങ്കിൽ ഏതാണ് വടക്കെന്നും, അല്ലെങ്കിൽ എപ്പോഴാണ് കോമ്പസ് വടക്കോട്ട് ലക്ഷ്യം കാണിക്കുന്നതെന്നും നാം തന്നെ അറിഞ്ഞിരിക്കണം. അപ്പോൾ പിന്നെ ആ കോമ്പസ് കൊണ്ട് വലിയ ഗുണമൊന്നുമില്ല. അതുപോലെ മത തത്വങ്ങളിൽ ഏതൊക്കെയനുസരിച്ചാണ് നമ്മൾ ജീവിക്കേണ്ടതെന്നും ഏതൊക്കെയാണ് തള്ളിക്കളയേണ്ടതെന്നും നമ്മൾ തന്നെ തീരുമാനിക്കണമെങ്കിൽ പിന്നെ മതത്തിന്റെ കല്പനകൾ കൊണ്ട് വലിയ കാര്യമില്ലല്ലോ.

സത്യം എന്തെന്ന് വച്ചാൽ ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും, അവർ ഏത് മതത്തിൽപെട്ടവരായാലും, ജീവിക്കുന്നത് അവരുടെ മതത്തിന്റെ കൽപനകൾ അനുസരിച്ചൊന്നുമല്ല. മനുഷ്യൻ കല്പനകൾ അനുസരിക്കുന്നത് അവർ ജീവിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെ അനുസരിച്ചാണ്. ഓരോ കാലത്തും ഓരോ രാജ്യത്തും സമൂഹം ചില കല്പനകൾ ഉണ്ടാക്കിയിട്ടുണ്ട്. കുറെ ലിഖിതമായതും ചിലത് അലിഖിത പെരുമാറ്റച്ചട്ടമായും. ഇവ അനുസരിക്കാതിരുന്നാൽ അത് കണ്ടുപിടിക്കാനും ശിക്ഷിക്കാനും സമൂഹം ചില സംവിധാനമുണ്ടാക്കിയിട്ടുണ്ട്. കുറെയൊക്കെ രാജ്യത്തെ നിയമങ്ങളും നീതി നിർവഹണ സംവിധാനവുമാണ്. ഏറെ പോലീസിങ്ങും, ശിക്ഷവിധിക്കലും സമൂഹം തന്നെയാണ് ചെയ്യുന്നത്. തങ്ങൾ ജീവിക്കുന്ന
സമൂഹത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിക്കുന്നത് പൊതുവെ ഗുണകരമായതിനാലും അനുസരിച്ചില്ലെങ്കിൽ കൂടുതൽ നഷ്ടമുണ്ടാകുമെന്നതിനാലുമാണ് കൂടുതൽ ആളുകളും സമൂഹത്തിന്റെ കല്പനകൾ അനുസരിക്കുന്നത്. ഇതിൽ കുറെ കല്പനകൾ മതം അംഗീകരിക്കുന്നതാവാം, കുറെ മതം അംഗീകരിക്കാത്തതാകാം. മതം കൂടുതൽ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ കൂടുതൽ നീതിബോധവും ധാർമ്മികതയും നിലനിൽക്കുന്നതായോ, മതത്തിന്റേത് ഉൾപ്പടെയുള്ള നിയമങ്ങൾ പോലും കൂടുതൽ അനുസരിക്കപ്പെടുന്നതായോ ഒരു കണക്കുകളുമില്ല. വാസ്തവത്തിൽ നേരെ തിരിച്ചാണ് കണക്കുകൾ കാണിക്കുന്നത്. മതത്തിന്റെ സ്വാധീനം കുറഞ്ഞുവരുന്ന സമൂഹത്തിലാണ് എല്ലാ തരത്തിലുമുള്ള കുറ്റകൃത്യങ്ങളും കുറഞ്ഞുവരുന്നതും ജയിലുകൾ അടച്ചുപൂട്ടേണ്ടി വരുന്നതും. (http://www.latimes.com/opinion/op-ed/la-oe-1101-zuckerman-violence-secularism-20151101-story.html)

അതുകൊണ്ടു തന്നെ ഒരുകാര്യം എനിക്ക് ഉറപ്പാണ്. മതം ഒന്നുമല്ല നമുക്ക് നാളത്തെ ജീവിതത്തിനുതകുന്ന സാമൂഹ്യമൂല്യങ്ങൾ നൽകാൻ പോകുന്നത്. അത് ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഓരോ സമൂഹവും കണ്ടെടുക്കുകയാണ്. കാലത്തിന് മുന്നേ ചിന്തിക്കുന്ന ചിലർ എല്ലാക്കാലത്തും എല്ലാ സമൂഹങ്ങളിലുമുണ്ട്. അവരാണ് ഇത്തരം ആശയങ്ങൾ പ്രകടിപ്പിക്കുന്നതും ക്രോഡീകരിക്കുന്നതും. അവർ പക്ഷെ, അത് ധ്യാനത്തിൽ നിന്നും മാത്രം നേടുന്നതല്ല. ചുറ്റുമുള്ള സമൂഹത്തെ നോക്കിക്കാണുന്നതിൽ നിന്നും ഊറ്റിയെടുക്കുന്നതാണ്. അത് ചിലത് രാജ്യത്തെ നിയമം ആകും, ചിലത് സമൂഹത്തിന്റെയും. എന്നുവെച്ച് ഒരുകാലത്ത് അവർ ഉണ്ടാക്കിവെച്ച നിയമങ്ങൾ എല്ലാക്കാലത്തേക്കുമാണെന്ന് ധരിക്കരുത്. സമൂഹം മാറും, ഇന്ന് നമ്മൾ ശരിയെന്ന് ചിന്തിക്കുന്ന പലതും നാളെ ശുദ്ധ അസംബന്ധമാണെന്ന് തോന്നിയേക്കാം. ഇതിനുള്ള ഉദാഹരണം കാണാൻ ടൈം ട്രാവലൊന്നും നടത്തേണ്ട. ഇപ്പോഴത്തെ ലോകത്തുതന്നെ സഞ്ചരിച്ചാൽ മതി. അറേൻജ്‌ഡ്‌ മാര്യേജ് അസംബന്ധമെന്ന് കരുതുന്ന ലോകവും സ്വവർഗ്ഗാനുരാഗികളെ വധശിക്ഷക്ക് വിധിക്കുന്ന ലോകവും നമ്മുടെ ചുറ്റുമുണ്ട്. ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകുന്നത് പോലെ ഇന്നത്തെ ആചാരം നാളത്തെ അബദ്ധമായി സമൂഹം കാണും, അതിനെ മാറ്റുകയും ചെയ്യും. ഇതെല്ലാം എല്ലായിടത്തും മാറും, സംശയം വേണ്ട.

മതങ്ങളുടെ മാറ്റം

മതം വലിയൊരു സോഷ്യൽ നെറ്റ് വർക്കാണ്. രാജ്യം, പാർട്ടി, കമ്പനികൾ ഒക്കെപോലെയുള്ള ഒരു സാമൂഹ്യ പദ്ധതി തന്നെയാണ് മതവും. ഈ പദ്ധതികൊണ്ട് അതിൽ ഉൾപ്പെട്ടവർക്ക് കുറെ ലാഭങ്ങളുണ്ട്. പക്ഷെ ഏറ്റവും ലാഭമുള്ളത് അതിനെ നയിക്കുന്നവർക്ക് തന്നെയാണ്. മാറ്റങ്ങൾ വരുമ്പോൾ ഒരു പ്രസ്ഥാനത്തിന് രണ്ടു സാധ്യതകളുണ്ട്. ഒന്ന് മാറ്റങ്ങളെ ചെറുക്കാൻ ശ്രമിക്കുക. അതാണ് ഏറ്റവും സ്വാഭാവികം. കാരണം അവിടെയാണ് പ്രസ്ഥാനത്തിന്റെ ശക്തികളും ബന്ധങ്ങളും കിടക്കുന്നത്. പുതിയ കാർ കമ്പനികൾ വന്ന കാലത്ത് ഇന്ത്യയിലെ പഴയ കാർ കമ്പനികൾ പ്രധാനമായും ശ്രമിച്ചത് രാഷ്ട്രീയബന്ധങ്ങൾ ഉപയോഗിച്ച് അവരുടെ ലൈസൻസ് നിലനിർത്താനും മറ്റുള്ളവർക്ക് കൂടുതൽ കാർ ഉണ്ടാക്കാൻ പെർമിറ്റ് കിട്ടാതെ നോക്കിയും ആയിരുന്നു. പക്ഷെ കാലം മാറും, സമൂഹം പുതിയ സൗകര്യങ്ങൾ കാണും, ആവശ്യപ്പെടും. കാലത്തിനനുസരിച്ച് അംബാസിഡർ കാർ മാറാത്തവർ കച്ചവടം നിർത്തി പോകേണ്ടിവരും. മതത്തിന്റെ കാര്യവും വ്യത്യസ്തമല്ല. കമ്പനികൾ അടച്ചുപൂട്ടുന്നത് ദശകങ്ങളിലോ ശതാബ്ദങ്ങളിലോ ആണെങ്കിൽ മതങ്ങൾ അടച്ചു പൂട്ടുന്നത് സഹസ്രാബ്ദങ്ങളിൽ ആണ്, ആയതിനാൽ നമ്മൾ സാധാരണ അത് കാണുന്നില്ല എന്നുമാത്രം.

രണ്ടാമത്തേത് കാലത്തിനനുസരിച്ച് മാറുക എന്നതാണ്. ഇവിടെയുമുണ്ട് കുഴപ്പം. മതത്തിനകത്ത് ഓരോ മാറ്റവും നടക്കുമ്പോൾ മതത്തിന്റെ ഏറ്റവും അടിസ്ഥാനമായ വിശ്വാസത്തിൽ വെള്ളം ചേർക്കപ്പെടുകയാണ്. കാരണം, മതത്തിന്റെ കല്പനകൾ ദൈവദത്തമാണെന്നാണല്ലോ മതത്തിന്റെ അടിസ്ഥാനവിശ്വാസം. ദൈവമാകട്ടെ, ത്രികാലജ്ഞാനിയുമാണ്. ശതകോടി വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ലോകവും, ഇനി വരാൻ പോകുന്ന ശതകോടി വർഷങ്ങൾ അറിയുന്ന ആളുമാണ്. അപ്പോൾ പാർട്ടികളുടെ പ്രകടനപത്രിക പോലെ ഇടക്കിടക്ക് മൂല്യങ്ങൾ മാറ്റേണ്ടിവരുന്നത് ദൈവത്തിന്റെ ത്രികാലജ്ഞാനത്തിന് മാറ്റുകൂട്ടുന്നില്ല. ആയിരം വർഷത്തിനകം ജാതിവ്യവസ്ഥയും അടിമത്തവും ഒക്കെ ഔട്ട് ഓഫ് ഫാഷനാകുമെന്നും, സ്വവർഗ്ഗാനുരാഗം സമൂഹം അംഗീകരിക്കുമെന്നും അറിയാത്ത ദൈവം എന്തു ത്രികാലജ്ഞാനിയാണ്?! അപ്പോൾ വിശ്വാസം ശരിയാണെങ്കിൽ മതത്തിലെ എല്ലാ കല്പനകളും എല്ലാ കാലത്തും ശരിയായിരിക്കണം. പക്ഷെ സമൂഹത്തിന്റെ മാറുന്ന സാമൂഹ്യനിയമങ്ങളോട് ചേർന്നുനിന്നില്ലെങ്കിൽ മതങ്ങൾ കലഹരണപ്പെടുമെന്ന് മതത്തെ നയിക്കുന്നവർക്ക് മനസ്സിലാകും, ചിന്തകളിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കും. ഇപ്പോഴത്തെ മാർപ്പാപ്പ ഒക്കെ ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്. മതത്തിനകത്തെ മൗലികവാദികൾ ഇത്തരം കാലാനുസാരിയായ മാറ്റങ്ങളെ എതിർക്കും, ചിലപ്പോൾ ആയുധവും അക്രമവും ഉപയോഗിച്ചു തന്നെ. ഇത്തരം മൗലിക വാദികളുടെ പിടിയിൽ പെടാതെ, അതേസമയം വിശ്വാസത്തിന് വലിയ പരിക്കേൽക്കാതെ എങ്ങനെ മതത്തെ മുന്നോട്ട് നയിക്കാം എന്നതാണ് ഓരോ മതവും നേരിടുന്ന വെല്ലുവിളി.

മുരളി തുമ്മാരുകുടി

Leave a Comment