പൊതു വിഭാഗം

മണ്ടൻ/മണ്ടി ടെസ്റ്റ്

നമ്മൾ എല്ലാവരും എപ്പോഴും നമ്മൾ ഉൾപ്പെടുന്ന ഏതു സംഘത്തിന്റേയും ശരാശരി ഐ ക്യൂ കൂട്ടാൻ ശ്രമിക്കണം എന്ന് ഞാൻ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയാണ് നാം കൂടുതൽ പുരോഗമിക്കുന്നത്. അതിന് രണ്ടു മാർഗ്ഗങ്ങൾ ഉണ്ട്. നമ്മളെക്കാൾ ബുദ്ധിമാന്മാരും ബുദ്ധിമതികളും ആയവരെ കൂട്ടത്തിൽ കൂട്ടുക. തീരെ മണ്ടൂസുകളെ എടുത്തു പുറത്തിടുക. അതുകൊണ്ടുതന്നെ ശുദ്ധമണ്ടന്മാരെ (മണ്ടികളെയും) കണ്ടു പിടിക്കാൻ എന്തെങ്കിലും ചാൻസ് കിട്ടിയാൽ ഞാൻ വിടാറില്ല.

അങ്ങനെയിരിക്കുന്ന എനിക്ക് കിട്ടിയ ഒരു വരദാനമാണ് ഡിസംബറിന് മുൻപ് ഭൂമി കുലുങ്ങി നമ്മുടെ ഭൂഖണ്ഡം മൊത്തം തള്ളിപ്പോകും എന്ന വാർത്ത. ഇത്തരം നോൺസെൻസ്‌ കണ്ടാൽ മനസ്സിലാകാത്തവരും ഇന്റർനെറ്റിൽ ലോട്ടറി കിട്ടി അതിൻറെ പുറകെ പോകുന്നവരും ഒക്കെയാണ് ഞാൻ പറഞ്ഞ പാർട്ടികൾ. അവർ നമ്മുടെ സംഘത്തിൽ കൂടിയാൽ നമ്മുടെ കാര്യം അധോഗതി ആണ്.

ഡിസംബറിന് മുൻപ് ഭൂമി കുലുങ്ങുമെന്നോ കൊടുംകാറ്റ് അടിക്കുമെന്നോ സുനാമി വരുമെന്നോ ഒക്കെ എഴുത്തോ വാർത്തയോ ഓഡിയോയോ ഇനി അയച്ചു തരുന്നവരെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ബ്ലോക്കുന്നതായിരിക്കും. ഒരു ശുദ്ധികലശത്തിന് ഇത്തരം ചാൻസ് ഇനി കിട്ടില്ല. നിങ്ങളും ധൈര്യമായി ചെയ്തോളൂ.

പക്ഷെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എത്രയോ കാലമായി സുരക്ഷയെപ്പറ്റിയുള്ള അനേകം പോസ്റ്റുകൾ ഇടുന്നു. മുങ്ങി മരണം പ്രതിരോധിക്കാനുള്ള പത്തു നിർദേശങ്ങൾ തന്നെ പല കാലത്തും ഇട്ടിട്ടുണ്ട്. അതിനൊക്കെ പരമാവധി അഞ്ഞൂറ് ഷെയർ കിട്ടും. പക്ഷെ ഈ ശുദ്ധ അസംബന്ധത്തിന് ലക്ഷക്കണക്കിനാണ് ഷെയർ കിട്ടിയിരിക്കുന്നത്. കേരളത്തിൽ പത്തു കൊല്ലമായി സുരക്ഷയും പറഞ്ഞിരിക്കുന്ന എന്നെക്കാളും എത്രയോ പേർ ഇപ്പോൾ ഒറ്റ പോസ്റ്റ് കൊണ്ട് അദ്ദേഹത്ത അറിയും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉള്ളതിനാൽ ഞാൻ ഒന്ന് ചിന്തിച്ചു.

“രണ്ടായിരത്തി പതിനെട്ടിൽ കേരളത്തിലെ കുളത്തിലും നദികളിലും ഒക്കെ ജലപിശാച് ഉണ്ടായിരിക്കും” എന്ന് എന്റെ അതീന്ദ്രിയ ധ്യാനവും നാസയുടെ ഉപഗ്രഹവും വച്ച് കണ്ടു പിടിച്ചു എന്ന് ഒരു പോസ്റ്റ് ഇട്ടു നോക്കാം. മണ്ടന്മാരും അല്ലാത്തവരും ആയ മലയാളികളെ അവരിൽ നിന്നു തന്നെ രക്ഷിക്കാൻ ഇനി അതേ ഉള്ളൂ ഒരു മാർഗ്ഗം.

മുരളി തുമ്മാരുകൂടി

Leave a Comment