പൊതു വിഭാഗം

ബുള്ളറ്റ് ട്രെയിൻ പാതയിലെ സുരക്ഷാ എൻജിനീയർമാർ

1995 ജൂണിലാണ് ബ്രൂണൈ ഷെല്ലിൽ പരിസ്ഥിതി വിഭാഗത്തിന്റെ തലവനായി ജോലിക്ക് ചേർന്നത്.

ആ മാസം ആഗസ്റ്റിൽ തന്നെ എനിക്ക് രണ്ടു ട്രെയിനി എൻജിനീയർമാരെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്തം ലഭിച്ചു.

അക്കാലത്ത് അവർ ഇംഗ്ലണ്ടിൽ കന്പനിയുടെ സ്കോളർഷിപ്പോടെ പഠിക്കുകയാണ്. അവധിക്ക് വരുന്പോൾ ഒരു മാസം കന്പനിയിൽ അപ്രന്റീസ് ആയി വരും.

ഇവരെ ഓയിൽ ഇൻഡസ്‌ട്രിയുമായി പരിചയപ്പെടുത്തുക, അവരുടെ കോഴ്സ് വർക്കിൽ ആവശ്യമായ നിർദ്ദേശം നൽകുക, പൊതുവിൽ മെന്റർ ചെയ്യുക, ഇതൊക്കെയാണ് ഉത്തരവാദിത്തം.

അടുത്ത തലമുറയെ പഠിപ്പിക്കുക എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി, അതുകൊണ്ട് തന്നെ ഞാൻ അത് സന്തോഷത്തോടെ ഏറ്റെടുത്തു.

ആ വർഷത്തെ പരിശീലനം കഴിഞ്ഞപ്പോൾ അവർ തിരിച്ചു പോയി.

അടുത്ത വർഷം അവർ എത്തുന്നതിന് മുൻപ് തന്നെ ഞാൻ അവർക്ക് ഒരു ഫുൾ ട്രെയിനിങ് പ്ലാൻ ഉണ്ടാക്കി.

ഒരാഴ്ച കോർപ്പറേറ്റ് ഓഫീസിൽ, ഒരാഴ്ച ഓയിൽ ടെർമിനലിൽ, ഒരാഴ്ച ഡ്രില്ലിങ്ങ് റിഗ്ഗിൽ, ഒരാഴ്ച ഓഫ് ഷോർ പ്ലാറ്റ്ഫോമിൽ.

പ്രോഗ്രാം കണ്ടതും അവർ കരച്ചിൽ തുടങ്ങി. “ഞങ്ങൾ ഓഫ്‌ഷോറിൽ പോകില്ല” രണ്ടുപേരും തറപ്പിച്ച് പറഞ്ഞു

“എന്ത് കൊണ്ട് ?”

“സ്റ്റുഡന്റ് ട്രെയിനികൾ ഇതുവരെ ഓഫ്‌ഷോറിൽ പരിശീലനത്തിന് പോകാറില്ല”

“അതിന് അവരെ ഞാൻ അല്ലല്ലോ പരിശീലിപ്പിക്കുന്നത്?”

“ഓഫ്‌ഷോറിൽ റിസ്ക് ഉണ്ട് ?

“റിസ്ക് എല്ലാവർക്കും ഉണ്ട്, അതിനുള്ള പരിശീലനം നൽകി മാത്രമേ വിടുകയുള്ളൂ.”

“ഓഫ്‌ഷോറിൽ സ്ത്രീകൾ ഇല്ല.”

“അത് ആരും പോകാത്തത് കൊണ്ടാണ്, നിങ്ങൾ പോയ്ക്കഴിയുന്പോൾ സ്ത്രീകൾ ഉണ്ടാകുമല്ലോ.”

“അവിടെ ആണുങ്ങളുടെ കൂടെ കഴിയേണ്ടി വരും?”

“അതിന്റെ ആവശ്യമില്ല, ഒരു മുറി നിങ്ങൾക്കായി മാറ്റി വച്ച് തരാം.

“സ്ത്രീകൾക്കായി പ്രത്യേകം ടോയ്‌ലറ്റ് ഇല്ല.” “അത് എല്ലാം ശരിയാക്കി തരാം.”

“ഞങ്ങളുടെ മാതാപിതാക്കൾക്ക് ഇത് ഇഷ്ടമല്ല.” “അവരെ വിളിക്കൂ, ഞാൻ പറയാം.”

“എൻറെ അച്ഛൻ വേഗം ദേഷ്യം വരുന്ന ആളാണ്, ഞാൻ പറഞ്ഞാൽ വലിയ പറാങ്ങും (വെട്ടുകത്തി) ആയി അദ്ദേഹം നിങ്ങളെ അന്വേഷിച്ചു വരും.” അതിൽ ഒരാൾ എന്നോട് പറഞ്ഞു.

“അതിലും വലിയ വെട്ടുകത്തി കണ്ടിട്ടുള്ള ആളാണ്.” പേടിത്തൂറിയാണെങ്കിലും ഞാനും വിട്ടു കൊടുത്തില്ല.

അടുത്ത ദിവസം ആ കുട്ടിയുടെ നാത്തൂൻ എന്നെ വിളിച്ചു. അവിടുത്തെ സർക്കാരിലെ പരിസ്ഥിതി വിഭാഗത്തിന്റെ മേധാവിയാണ് അവർ

“കുട്ടികളെ ഓഫ്‌ഷോറിൽ വിടുന്നതിൽ റിസ്ക് ഇല്ലേ?”

“ഒരു എൻജിനീയർ ആയി തൊഴിൽ തിരഞ്ഞെടുക്കുന്പോൾ തൊഴിൽപരമായ കുറച്ച് റിസ്ക്  ഉണ്ടാകുമല്ലോ. പക്ഷെ അതിനപ്പുറം സ്ത്രീകൾ ആയതുകൊണ്ട് ഒരു തരത്തിലുള്ള കുഴപ്പവും ഉണ്ടാകില്ല എന്ന് ഞാൻ ഉറപ്പാക്കാം.”

ആ ഉറപ്പിൽ അടുത്ത ആഴ്ച മുതൽ അവർ ഓഫ്‌ഷോറിൽ എത്തി. കൂട്ടത്തിൽ ഞാനും.

ബ്രൂണൈയിൽ അക്കാലത്ത് സ്ത്രീകൾ ഓഫ്‌ഷോർ പ്ലാറ്റഫോമിൽ പോകാറുണ്ടെങ്കിലും താമസിക്കാറില്ല.

അതുകൊണ്ട് തന്നെ അവിടുത്തെ ആളുകൾ നല്ല ആവേശത്തിലാണ്.

ഒരു മുറിയല്ല വിങ്ങ് തന്നെ അവർക്കായി മാറ്റിവച്ചിരുന്നു. പ്രത്യേകം ടോയ്‌ലറ്റ് മാത്രമല്ല പ്രത്യേക ഡൈനിങ്ങ് ഹാളും.

“പ്രത്യേകം ഡൈനിങ്ങ് ഒന്നും വേണ്ട” ഞാൻ നിർദ്ദേശിച്ചു.

ഞാൻ പിറ്റേന്ന് തിരിച്ചു പോന്നു.

ഓരോ ദിവസവും കുട്ടികളെ വിളിച്ച് അന്വേഷിച്ചു. പ്ലാറ്റ്ഫോമിലെ സൂപ്പർവൈസറേയും.

ഒരാഴ്ച കഴിഞ്ഞ് അവർ തിരിച്ചെത്തി.

കാര്യം ഓഫ്‌ഷോറിൽ റിക്സ് ഒന്നുമില്ല എന്ന് പറഞ്ഞെങ്കിലും അല്പം റിസ്ക് ഉണ്ടായി. തിരിച്ചെത്തിയ കുട്ടികൾ പിന്നെ കോർപ്പറേറ്റ് ഓഫീസിൽ ജോലി വേണ്ട എന്ന് തീരുമാനിച്ചു.

യു.കെ.യിലെ പഠനം കഴിഞ്ഞെത്തിയവർ ഓഫ്‌ഷോറിൽ ഷിഫ്റ്റ് എൻജിനീയർ ജോലി തിരഞ്ഞെടുത്തു. അതിന് പിന്നാലെ അനവധി പെൺകുട്ടികൾ ബ്രൂണൈ ഓഫ്‌ഷോറിൽ ജോലിക്കെത്തി.

പത്തു വർഷത്തിന് ശേഷം ട്രെയിനി ആയി പോയ പെൺകുട്ടി ഒരു ഓഫ്‌ഷോർ പ്ലാറ്റ്ഫോമിന്റെ സൂപ്പർവൈസർ ആയി. ആദ്യമായിട്ടാണ് ബ്രൂണൈയിൽ ഒരു ഓഫ്‌ഷോർ സൂപ്പർവൈസർ സ്ത്രീ ആകുന്നത്.

അന്ന് ആ കുട്ടി എനിക്കൊരു മെയിൽ അയച്ചു.

“മുരളി, അന്ന് ഞങ്ങളെ നിർബന്ധിച്ചതിന് നന്ദി. ഓഫ്‌ഷോറിൽ സ്ത്രീകളെ അനുവദിക്കാത്ത രാജ്യങ്ങൾ ഇപ്പോഴും ഉണ്ട്, അവിടെ നിന്നുള്ള പെൺകുട്ടികൾ എൻറെ കൂടെ ട്രെയിനികൾ ആയി വരുന്നുണ്ട്. എനിക്ക് ധാരാളം അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.”

ഇന്നിതിപ്പോൾ ഓർക്കാൻ കാരണമുണ്ട്.

ഞാൻ ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമ്മാണം കാണാൻ പോയ കഥ പറഞ്ഞിരുന്നല്ലോ. അവിടെ സുരക്ഷയുടെ തലവനായ ജോസി Josy John ഒരു കാര്യം പറഞ്ഞു.

“മുരളി ഇവിടെ സുരക്ഷ എഞ്ചിനീയർമാരായി രണ്ടു വനിതകൾ ഉണ്ട്. രണ്ടുപേരും മലയാളികൾ ആണ്. കൃഷ്ണയും ഐശ്വര്യയും.”

ഞാൻ തൊഴിലിന്റെ ഭാഗമായി നൂറുകണക്കിന് സുരക്ഷാ എൻജിനീയർമാരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്, പക്ഷെ അതിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരെ കാണണം എന്ന് ഞാൻ തീരുമാനിച്ചു.

അവരിൽ ഒരാൾ അഹമ്മദാബാദിൽ തന്നെ ഉണ്ടായിരുന്നു. തൃശൂരിൽ നിന്നുള്ള കൃഷ്ണ.

ഞാൻ അവരെ പോയി കണ്ടു. പ്രോജക്റ്റ് സൈറ്റിൽ നൂറു കണക്കിന് തൊഴിലാളികൾക്കും ഉപകരണങ്ങൾക്കും ഇടക്ക്, ചൂടിലും പൊടിയിലും ഒക്കെയായി കൃഷ്ണ മറ്റുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകുകയാണ്. എനിക്ക് ഏറെ അഭിമാനം തോന്നി.

സിനിമാ താരങ്ങളുടെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും കഥ മാത്രമല്ല യുവാക്കളായ വനിത സേഫ്റ്റി എൻജിനീയർമാരുടെ കഥയും നമ്മുടെ പുതിയ തലമുറ അറിയണം എന്നെനിക്ക് തോന്നി. ഞാൻ ആ കഥ വനിതയോട് പറഞ്ഞു. അവർ ഈ മാസം ഫീച്ചർ ചെയ്തിട്ടുണ്ട്. വായിച്ചിരിക്കണം.

ഗൾഫിൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോൾ തന്നെ സുരക്ഷാ എഞ്ചിനീയർമാർക്ക് വലിയ ഡിമാൻഡ് ഉണ്ട്.

ഒരു കാലത്ത് കേരളത്തിലും മനുഷ്യ ജീവന് വില ഉണ്ടാകും, അന്ന് കേരളത്തിലും ആയിരക്കണക്കിന് സുരക്ഷാ എൻജിനീയർമാരുടെ ആവശ്യം വരും. അതിൽ ഏറെ പെൺകുട്ടികൾ ഉണ്ടാകണം, ഉണ്ടാകും.

കൃഷ്ണക്കും ഐശ്വര്യക്കും അഭിനന്ദനങ്ങൾ. ഇന്ത്യയിലെ ഏറ്റവും വലിയ, ഇന്ത്യക്ക് തന്നെ അഭിമാനമായ പ്രോജക്ടിലാണ് അവർ ജോലി ചെയ്യുന്നത്.

ജോസിക്ക് നന്ദി. ഇവരെ മെന്റർ ചെയ്യുന്നതിനും, എന്നെ പരിചയപ്പെടുത്തിയതിനും

നന്ദി വനിതക്കും.

മുരളി തുമ്മാരുകുടി

May be an image of 2 people, train and textMay be an image of 1 person, oil refinery and the Panama CanalMay be an image of 4 people

Leave a Comment