പൊതു വിഭാഗം

(ബാങ്കിലെ) ആത്മഹത്യക്ക് ഒരു ടാർഗറ്റ് ?

2008 ൽ മരുമകൾ ഒരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഒരിക്കൽ ഞാൻ അവളുടെ ഓഫീസിൽ പോയപ്പോൾ സഹപ്രവർത്തകരെ പരിചയപ്പെടുത്തി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളുടെ ഒരു കൂട്ടുകാരി എന്നെ വിളിച്ചു.
“സാർ ഞങ്ങളുടെ ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കണം.”
എനിക്ക് അന്ന് തന്നെ രണ്ടു ബാങ്കുകളിൽ അക്കൗണ്ട് ഉണ്ട്. അതുകൊണ്ട് പുതിയതായി അക്കൗണ്ട് തുടങ്ങാനുള്ള ആവശ്യമോ സാധ്യതയോ ഇല്ലായിരുന്നു. അക്കാര്യം പറഞ്ഞു.
പക്ഷെ ആ കുട്ടി വിട്ടില്ല, പത്തു പ്രാവശ്യം എങ്കിലും വിളിച്ചു കാണും.
ഒരിക്കൽ ഒരു വിദേശ യാത്ര കഴിഞ്ഞു വിമാനം ഇറങ്ങിയതേ ഉള്ളൂ, രാത്രി പന്ത്രണ്ട് മണിയായിക്കാണും, “സാർ, എങ്ങനെയും ഒരു അക്കൗണ്ട് തുറക്കണം, അല്ലെങ്കിൽ എന്റെ ജോലി പോകും.”
ഞാൻ അല്പം ധർമ്മ സങ്കടത്തിലായി. വെറുതെ ഒരു അക്കൗണ്ട് തുടങ്ങേണ്ട കാര്യമില്ല, അതേ സമയം ഒരു കുട്ടിയുടെ ജോലി പോവുക എന്നു പറഞ്ഞാൽ? അങ്ങനെയൊക്കെ സ്ഥാപനങ്ങൾ ഉണ്ടോ?
ഞാൻ മരുമകളെ വിളിച്ചു കാര്യം തിരക്കി. സംഗതി ശരിയാണോ അതോ മറ്റേ കുട്ടി എന്നെ അല്പം സമ്മർദ്ദത്തിൽ ആക്കാൻ പറഞ്ഞതാണോ ?
“മാമാ, സംഗതി ശരിയാണ്” മരുമകൾ പറഞ്ഞു. “ഞങ്ങളുടെ സാറന്മാർ ഓരോ ടാർഗറ്റ് തരും, അത് മീറ്റ് ചെയ്തില്ലെങ്കിൽ വിളിച്ചു ചീത്ത പറയും, എങ്ങനെയെങ്കിലും നമ്മൾ രാജിവച്ചു പോകാനുള്ള അവസരം ഉണ്ടാക്കും.”
ഞാൻ പിറ്റേന്ന് ആ കുട്ടിയെ വിളിച്ചു. എന്നിട്ട് പറഞ്ഞു. “ഇത്തരത്തിൽ നിങ്ങളെ സമ്മർദ്ദത്തിൽ ആക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല, ഇന്നിപ്പോൾ ഞാൻ അക്കൗണ്ട് എടുത്താൽ ഒരു മാസം നീട്ടിക്കിട്ടിയേക്കും, അടുത്ത മാസം അവർ വീണ്ടും വരും. ഇത് തൊഴിൽ ചെയ്യാൻ പറ്റിയ സ്ഥലമല്ല, അത് വേണ്ട.”
മരുമകളും അവളുടെ സുഹൃത്തും ഇപ്പോൾ ബാങ്ക് ജോലിക്കാർ അല്ല. മറ്റു ജോലികൾ ചെയ്യുന്നു, അവിടെയും അതിന്റെതായ സമ്മർദ്ദങ്ങൾ ഉണ്ട്. പക്ഷെ ഓരോ മാസവും ടാർഗറ്റ് തികച്ച് ജോലി പോകുമോ എന്ന പേടി ഇല്ല.
ഓരോ കുട്ടികളും ഓരോ സാഹചര്യത്തിൽ നിന്നാണ് വരുന്നത്. ബാങ്കിലെ ജോലി എന്നൊക്കെ പറഞ്ഞാൽ അന്നും ഇന്നും നല്ലതായി സമൂഹം കരുതുന്നതാണ്. അപ്പോൾ നന്നായി പഠിക്കുന്നവർക്ക് മാത്രമേ ഇത്തരം ജോലി കിട്ടാറുള്ളൂ. അത് ഉപേക്ഷിക്കണം എന്ന സാഹചര്യം വന്നാൽ ടാർഗറ്റ് തികയ്ക്കാൻ എന്തും ചെയ്യാൻ കുട്ടികൾ ശ്രമിക്കും, ടാർഗറ്റ് എത്തിയില്ലെങ്കിൽ അവർ ഒരു പരാജയമാണെന്ന് ചിന്തിക്കും, മുകൾ തട്ടിൽ നിന്നും ശകാരം ഉണ്ടായാൽ ആത്മഹത്യ പോലും ചെയ്തു കളയും. എന്ത് കഷ്ടമാണ് !
ബാങ്കുകളിൽ ചേരുന്ന അനവധി കുട്ടികൾ അനുഭവിക്കുന്ന ഒരു സമ്മർദ്ദമാണ് മുകളിൽ പറഞ്ഞത്. പുതിയ ബാങ്കുകളിലെ സ്റ്റാഫ് ടേൺ ഓവർ കാണുന്പോൾ പല ബാങ്കുകളും പുതിയതായി കുട്ടികളെ എടുക്കുന്നത് തന്നെ അവരുടെ ബന്ധുക്കളെ ഇത്തരത്തിൽ സമ്മർദ്ദത്തിലാക്കി അക്കൗണ്ട് എടുപ്പിച്ചതിന് ശേഷം ചണ്ടികൾ പോലെ അവരെ പറഞ്ഞുവിടാം എന്ന ചിന്തയോടെയാണോ എന്ന് എനിക്ക് തോന്നാറുണ്ട്.
ഇത് ജോലി തുടങ്ങുന്നവരുടെ മേലുള്ള സമ്മർദ്ദം ആണെങ്കിൽ സീനിയർ ആയവർക്കും ബാങ്ക് മാനേജർമാർക്കും അവരുടേതായ സമ്മർദ്ദങ്ങൾ വേറെയുണ്ട്. എല്ലാവർക്കും ടാർഗറ്റ് ഉണ്ട്. മാനേജർ ആകുന്പോൾ ഡെപ്പോസിറ്റ് മാത്രമല്ല ലോണിനും ടാർഗറ്റ് ഉണ്ടെന്നാണ് ബാങ്ക് മാനേജരായ എന്റെ സുഹൃത്ത് പറഞ്ഞത്. കൂടുതൽ ലോൺ കൊടുക്കണം, ഏതെങ്കിലും കാരണവശാൽ തിരിച്ചടവ് മുടങ്ങുകയോ മറ്റു തരത്തിൽ ബാങ്കിന് നഷ്ടമുണ്ടാവുകയോ ചെയ്താൽ ശന്പളത്തിൽ നിന്നും പിടിച്ചെടുക്കും എന്ന ഭീഷണിയുണ്ട്. സമാധാനത്തോടെ റിട്ടയർ ചെയ്യാൻ സാധിക്കില്ല. ഈ സമ്മർദ്ദം എന്റെ മറ്റൊരു ബന്ധുവിനെ മരണത്തിന്റെ വക്കിലെത്തിച്ചു. ഭാഗ്യത്തിന് അവൻ തിരിച്ചു വന്നു, റിട്ടയർ ആകാൻ പത്തു വർഷം ബാക്കിയിരിക്കെ ജോലി രാജിവച്ചു. ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പണം ഇല്ലെങ്കിലും മനഃസമാധാനം ഉണ്ട്. മുൻപ് പറഞ്ഞത് പോലെ ഒരു ബാങ്ക് മാനേജരുടെ ജോലി ഉപേക്ഷിക്കുക എന്നത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമല്ല.
കണ്ണൂരിൽ ഒരു ബാങ്ക് മാനേജർ ബാങ്കിന്റെ ശാഖയിൽ തൂങ്ങി മരിച്ച സംഭവം വായിച്ചപ്പോഴാണ് ഇതൊക്കെ ഓർത്തത്.
ഈ ആത്മഹത്യയുടെ കാരണം എന്താണെന്ന് എനിക്ക് കൃത്യമായ അറിവില്ല. തൊഴിൽ സ്ഥലത്തെ സ്ട്രെസ് ആണെന്ന് പത്ര വാർത്തകളിൽ കാണുന്നത് ശരിയായിക്കൊള്ളണം എന്നുമില്ല. അതുകൊണ്ട് തന്നെ ഈ ആത്മഹത്യയുടെ പ്രത്യേക ബാക്ക് ഗ്രൗണ്ട് അറിയാതെ ആരെയും കുറ്റം പറയുന്നതിൽ കാര്യമില്ല. അതെന്റെ രീതിയുമല്ല.
പക്ഷെ ഈ ആത്മഹത്യ നമ്മെ പലതും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
സാധാരണ ഗതിയിൽ പാവപ്പെട്ടവർക്ക് ലോൺ കൊടുക്കാതെയും കൊടുത്ത ലോൺ മനസ്സാക്ഷി ഇല്ലാതെ തിരിച്ചെടുക്കാൻ ശ്രമിച്ചും കർഷകരെയും ചെറുകിട വ്യവസായികളേയും വിദ്യാർത്ഥികളേയും ആത്മഹത്യയിലേക്ക് തള്ളി വിടുന്ന കണ്ണിൽ ചോര ഇല്ലാത്തവരായിട്ടാണ് ബാങ്ക് ജോലിക്കാരെ സമൂഹം കാണുന്നത്. ഈ മരണം, വിഷയങ്ങളെ ബാങ്ക് ജോലിക്കാരുടെ കണ്ണിലൂടെ കണ്ണിലൂടെ കാണാൻ, അവർ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ അറിയാൻ നമുക്കുള്ള അവസരമാണ്.
കണ്ണൂരിലെ ആത്മഹത്യയുടെ കാരണം എന്താണെങ്കിലും ബാങ്ക് ജോലിക്കാരിലെ സ്ട്രെസ് എന്നത് ഒരു വസ്തുതയാണ്. “Bank Staff Work Stree Suicide India” എന്ന് ഗൂഗിൾ ചെയ്താൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നും ആത്മഹത്യയുടെ വാർത്തകൾ എത്രയോ കാണാം. ആത്മഹത്യയിൽ എത്തിയില്ലെങ്കിലും ബാങ്ക് ജോലിക്കാരിൽ വലിയ ശതമാനത്തിനും സ്ട്രെസ് ഉണ്ടെന്ന പഠനങ്ങൾ അനവധിയുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഒരു (ചെറിയ) പഠനം പറയുന്നത് ഇതാണ്
“It emerged from the study that 70 percent employees were highly stressed and reasons responsible were poor communication, role ambiguity, work overload, poor peer relationships, and strenuous working conditions. The study further establishes that stress was not affected by age and experience (length of service) of the bank employees” (Employee Stress in State Bank of India – A Case Study (May 2016)Adhyayan A Journal of Management Sciences 2(2) DOI:10.21567/adhyayan.v2i2.10245, Prof S. K. Singh and Reeta Singh)
പൊതുവെ നന്നായി സംഘടിക്കപ്പെട്ടവരാണ് ബാങ്ക് ജോലിക്കാർ. ബാങ്കുകൾ പൊതുവെ പ്രൊഫഷണലായി നടത്തപ്പെടുന്നവയും ആണ്. ഇടക്കിടക്ക് ആത്മഹത്യകളും അനവധി പഠനങ്ങളും ഉണ്ടായിട്ടും ജോലിക്കാരിലെ സ്ട്രെസ് കുറക്കാനുള്ള നടപടികൾ ബാങ്കുകളിൽ നിന്നും ഉണ്ടാകുന്നുണ്ടോ?, ഉണ്ടെങ്കിൽ അതിൻറെ നല്ല മാതൃകകൾ എന്തൊക്കെയാണ്. അറിവുള്ളവർ പറയുമല്ലോ.
തൽക്കാലം നമ്മുടെ ബാങ്കുകളും ബാങ്ക് ജോലിക്കാരുടെ സംഘടനകളും ഒരു ടാർഗറ്റ് മനസ്സിൽ വക്കണം. തൊഴിൽ രംഗത്തെ സ്‌ട്രെസ് ഒരു ബാങ്ക് ജീവനക്കാരന്റെയോ ജീവനക്കാരിയുടെയോ ജീവൻ എടുക്കുന്ന സാഹചര്യം ഇനി ഉണ്ടാക്കരുത്. ഈ ആത്മഹത്യയുടെ സാഹചര്യം എന്ത് തന്നെ ആണെങ്കിലും ബാങ്ക് ജോലിക്കാരുടെ മുഴുവൻ നന്മക്കായി “ഒരു സീറോ സൂയിസൈഡ് ടാർഗറ്റ്” ഉണ്ടാക്കാൻ ജീവനക്കാരുടെ സംഘടന മുന്നോട്ട് വരണം. സ്ട്രെസ് കുറക്കാനുള്ള നയങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം നിങ്ങളുടെ ചുറ്റുമുള്ളവർക്ക് കൂടുതൽ സ്ട്രെസ് ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം.
മുരളി തുമ്മാരുകുടി
(ഇന്ന് ബാങ്ക് മാനേജരുടെ ആത്മഹത്യാ ആയതിനാൽ ആ വിഷയത്തെ പറ്റി പറഞ്ഞു എന്ന് മാത്രം. മറ്റുള്ള പല തൊഴിൽ രംഗങ്ങളിലും ഇത്തരം സ്ട്രെസ് ഉണ്ട്, അത് ഒഴിവാക്കാനുള്ള നിർദേശങ്ങളും മാർഗ്ഗങ്ങളും ഉണ്ട്. കൊറോണക്കാലം കാര്യങ്ങൾ കൂടുതൽ സ്ട്രെസ്സ്ഫുൾ ആക്കിയിരിക്കയാണ്. നമ്മൾ സ്വയവും ചുറ്റുമുള്ളവരെയും ശ്രദ്ധിക്കണം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നൊക്കെ കാലാകാലമായി നമ്മൾ പറഞ്ഞിട്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരു ദിവസം ശരാശരി ഇരുപത് ആത്മഹത്യകൾ കേരളത്തിൽ നടക്കുന്നുണ്ട്. കേരളത്തിൽ റോഡപകടം ഉൾപ്പടെ സംഭവിക്കുന്ന എല്ലാ അപകടങ്ങളേക്കാൾ കൂടുതൽ ആളുകളാണ് സ്വയം ജീവനെടുക്കുന്നത്. ഇവിടെയും നമുക്കൊരു ടാർഗറ്റ് വേണം, നയങ്ങളും പദ്ധതികളും).
 

Leave a Comment