പൊതു വിഭാഗം

പ്രായമാകാത്ത അമ്മ മനസ്സുകൾ!

അമ്മയുടെ ബാല്യത്തെപ്പറ്റി ഞാൻ പലപ്പോഴും അമ്മയോട് ചോദിക്കാറുണ്ട്. ‘പണ്ടൊക്കെ എന്തുവായിരുന്നു’ എന്ന ചിന്തകളും പ്രയോഗങ്ങളും എത്ര മണ്ടത്തരമായിരുന്നുവെന്ന് ശരിക്കും മനസ്സിലാക്കണമെന്നുള്ളവർ വാട്സ് ആപ്പിലെ പഴംപുരാണം വായിക്കലും കവികളുടെ പഴംപെരുമ കേൾക്കലും നിർത്തി അവരുടെ മുതിർന്ന തലമുറയോട് സംസാരിച്ചാൽ മതി. (കൂട്ടു) കുടുംബം, ആരോഗ്യം, ഭക്ഷണം, യാത്ര, ജോലി, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിലെ ഏതു വശം പരിശോധിച്ചാലും ഓരോ തലമുറയിലും കാര്യങ്ങൾ മുന്നോട്ടാണ് പോകുന്നത്.
 
അമ്മക്ക് ശരിക്കൊരു ബാല്യം പോലുമുണ്ടായിട്ടില്ല. പത്തു വയസ്സിൽ പഠനം നിറുത്തി. പഠിക്കാൻ മോശമായതുകൊണ്ടോ പഠിപ്പിക്കാൻ സാന്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടോ അല്ല. വീട്ടിലെ ദൈനംദിന ആവശ്യത്തിന് വെള്ളം കോരിക്കൊണ്ടുവരിക എന്നത് അമ്മയുടെ ജോലിയായിരുന്നു. വീട്ടിലെ കിണർ അന്ന് കുറച്ചധികം ദൂരെയാണ്. പത്തുവയസ്സുള്ള കുട്ടി പത്തുപേരുള്ള കുടുംബത്തിനും പണിക്കാർക്കും മൃഗങ്ങൾക്കും വേണ്ടുന്ന വെള്ളം കൊണ്ടുവരണമെങ്കിൽ അതൊരു ഫുൾ ടൈം ജോലി തന്നെയാണ്. സ്‌കൂളിൽ പോക്ക് അന്നേ കഴിഞ്ഞു. (ലോകത്ത് എത്രയോ നാടുകളിൽ എത്രയോ മിടുക്കികളായ പെൺകുട്ടികൾ ഇപ്പോഴും വീട്ടിലെ ആവശ്യത്തിന് വെള്ളം സംഭരിക്കാനായി സ്‌കൂളും ബാല്യവും ഉപേക്ഷിക്കുന്നത് ഞാൻ കാണുന്നുണ്ട്).
അതുകൊണ്ട് ചെറുപ്പത്തിൽ കളിക്കാനോ വായിക്കാനോ യാത്രപോകാനോ അമ്മക്ക് കഴിഞ്ഞിട്ടില്ല. പതിനേഴാം വയസ്സിൽ കല്യാണം കഴിഞ്ഞു, എട്ടു മക്കളെ വളർത്തി, അക്കാലത്തൊക്കെയും പാടത്തും പറന്പിലും ജോലി ചെയ്തു. മറ്റൊന്നും ചിന്തിച്ചില്ല. രാവിലെ അഞ്ചുമണിക്ക് മുൻപ് എണീക്കും, രാത്രി പത്തുമണി വരെയെങ്കിലും ജോലി ചെയ്യും. എവിടെയെങ്കിലും ഒരു മിനിട്ടിരുന്നാൽ ഉറങ്ങി വീഴും, അതായിരുന്നു ജീവിതം.
 
1980 കളോടെ ഞങ്ങൾ മക്കളെല്ലാം മുതിരുകയും ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തതോടെ അമ്മക്ക് കുറച്ച് ഫ്രീ ടൈം കിട്ടിത്തുടങ്ങി. അക്കാലത്താണ് വീട്ടിൽ ടി വി വാങ്ങുന്നത്. അമ്മ ഉച്ചക്കും വൈകീട്ടും അൽപസമയം ടി വി കണ്ടു തുടങ്ങി.
ആയിടക്കൊരിക്കൽ നാട്ടിൽ വന്ന ഞാൻ ഒരു കാഴ്ച കണ്ടിട്ട് അത്ഭുതപ്പെട്ടു. അമ്മ കൊച്ചുമക്കളുമായി ക്രിക്കറ്റ് കളിക്കുന്നു. കുട്ടികൾക്ക് എപ്പോഴും ബാറ്റ് ചെയ്യാനാണല്ലോ താല്പര്യം, അതുകൊണ്ട് അമ്മ എപ്പോഴും ബൗളർ ആണ്. പക്ഷെ വെറുതെ കുട്ടികൾക്ക് പന്തുരുട്ടിക്കൊടുക്കുക അല്ല അമ്മ ചെയ്യുന്നത്. പ്രശസ്തനായ പാക്കിസ്ഥാൻ സ്പിൻ ബൗളർ അബ്ദുൽ കാദിറിനെ അനുകരിച്ച് കളിക്കളത്തിൽ ഡാൻസ് കളിച്ച് സ്പിൻ ബൗൾ ചെയ്യും. കുട്ടികൾ ക്ളീൻ ബൗൾഡ് ആവും, കണ്ടിരുന്ന ഞങ്ങളും.
 
കൊച്ചു മക്കൾ വളർന്നതോടെ അമ്മ വായനയിലേക്ക് തിരിഞ്ഞു. പഴയതും പുതിയതും വായിക്കും, അതിനെക്കുറിച്ച് അഭിപ്രായം പറയും. ഞാൻ എഴുതുന്നതിൽ ഏറ്റവും ആത്മാർത്ഥമായി അഭിപ്രായം പറയുന്നത് അമ്മയാണ്. എഴുത്ത് മോശമായാൽ, എതിരഭിപ്രായം ഉണ്ടെങ്കിൽ വെട്ടിത്തുറന്ന് പറയും. തൽക്കാലം അമ്മ വാട്സ് ആപ്പിൽ വരെയേ എത്തിയിട്ടുള്ളു, ഇനി ഫേസ്ബുക്കിലും വരും. അന്നത്തെ കമന്റുകൾ ഓർത്ത് ഇപ്പോഴേ മുട്ടിടിക്കുന്നു. അമ്മയെ ബ്ലോക്കാൻ പറ്റില്ലല്ലോ!
 
അനിയൻ പുതിയ കാറ് മേടിച്ചപ്പോൾ അമ്മക്കൊരു ആഗ്രഹം അതൊന്ന് ഡ്രൈവ് ചെയ്യണമെന്ന്. ഈ ലോക്ക് ഡൌൺ ഒന്ന് കഴിയട്ടെ, ഡ്രൈവിങ്ങ് പഠിച്ചിട്ടു തന്നെ കാര്യം എന്ന് അമ്മ. അന്പത് വയസ്സിൽ അബ്ദുൽ കാദിർ ആയ അമ്മക്ക് അസാധ്യമായി ഒന്നുമില്ല.
 
നിങ്ങളുടെ അമ്മമാരിലും കാണും ഇത്തരത്തിൽ പ്രായമാകാത്ത, ആഗ്രഹങ്ങളുള്ള അമ്മ മനസ്സുകൾ. ഇടക്കൊക്കെ അങ്ങോട്ട് ഒന്ന് നോക്കിയാൽ മതി. സർവ്വംസഹയായ, മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ എന്നതൊക്കെ ഒരു കെണി ആണെന്ന് ഇപ്പോഴത്തെ അമ്മമാരും ഓർക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം വയസ്സുകാലത്തേക്ക് മാറ്റിവക്കേണ്ടതില്ല.
 
മുരളി തുമ്മാരുകുടി

2 Comments

  • for the last 2 days i am reading your notes . very informative, simple, covering various topics.
    very good , interesting. like safarl tv channel
    My PC not having manglish key board, so i could not use malayalam

    Regards
    BINIKUMAR

Leave a Comment