പൊതു വിഭാഗം

പ്രകൃതി, ദുരന്തം, കാലാവസ്ഥ…

പ്രളയങ്ങളും മണ്ണിടിച്ചിലുമെല്ലാം കേരളത്തിലിപ്പോൾ വാർഷിക സംഭവങ്ങൾ ആയിരിക്കുകയാണ്. കൊടുങ്കാറ്റുകൾ പോലും കേരള തീരത്ത് എത്തുമെന്ന് ഓഖി നമ്മളെ പഠിപ്പിച്ചു. കാട്ടുതീ കഴിഞ്ഞ വർഷവും ആളുകളുടെ ജീവൻ എടുത്തു, ലോകത്തെവിടെയും പോലെ കാലാവസ്ഥ ബന്ധിതമായ ദുരന്തങ്ങൾ കേരളത്തിലും കൂടുകയാണ്. എങ്ങനെയാണ് ഈ ദുരന്തങ്ങളെ നേരിടുന്നത്?
 
കാലാവസ്ഥാപരവും അല്ലാത്തതുമായ ദുരന്തങ്ങളെ പരിസ്ഥിതി സംരക്ഷിച്ചും പരിസ്ഥിതിയെ പരിചയായി ഉപയോഗിച്ചും തടുക്കാം എന്ന അറിവിൽ നിന്നാണ് “Ecosystem Based Disaster Risk Reduction” എന്ന ദുരന്ത ലഘൂകരണ സംവിധാനം തുടങ്ങുന്നത്.
 
2010 മുതൽ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഈ വിഷയത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ ലോകത്തെ അനവധി രാജ്യങ്ങളിൽ ചെറുതും വലുതുമായ അനവധി പ്രോജക്ടുകൾ ഈ തത്വമനുസരിച്ച് നടത്തപ്പെടുന്നുണ്ട്. “Nature Based Solution” എന്നാണ് ഈ പ്രോജക്ടുകൾ പൊതുവെ അറിയപ്പെടുന്നത്.
 
നെതെർലാൻഡ്‌സിലെ വെള്ളപ്പൊക്കം തടയാനുള്ള “റൂം ഫോർ ദി റിവർ” പ്രോജക്ടും ജപ്പാനിലെ സുനാമി പ്രതിരോധത്തിനുള്ള “പ്രൊട്ടക്ഷൻ ഫോറസ്റ്റും” സ്വിറ്റ്‌സർലൻഡിലെ മണ്ണിടിച്ചിലും അവലഞ്ചും തടയാനുള്ള പ്രകൃതി സൗഹൃദ സംവിധാനങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.
 
കേരളത്തിൽ പരിസ്ഥിതി അടിസ്ഥാനമായ ദുരന്ത ലഘൂകരണത്തിന് വലിയ സാധ്യതകളാണുള്ളത്. കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ കൂടി വരികയാണോ?, ഇനി എല്ലാ വർഷവും പ്രളയമുണ്ടാകുമോ?, കാലാവസ്ഥ വ്യതിയാനം മൂലം കൊച്ചി വെള്ളത്തിലാകുമോ, ഏതൊക്കെ പ്രകൃതി സൗഹൃദ ദുരന്ത പ്രതിരോധ സംവിധാനങ്ങളാണ് നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്?
 
ഈ വിഷയത്തിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയും സേക്രഡ് ഹാർട്ട് കോളേജും ചേർന്ന് Nature based Solutions: For Climate Change and Disasters എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു.
 
ഒരു മണിക്കൂർ സമയമാണ് വെബ്ബിനാറിന് നൽകിയിട്ടുള്ളതെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട ധാരാളം സ്റ്റഡി മെറ്റീരിയൽ ലഭ്യമാക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മാത്രമല്ല ഈ വിഷയത്തിൽ താല്പര്യമുള്ള ആർക്കും ചേരാം. പങ്കെടുക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് യു എന്നിൽ നിന്നും ലഭിക്കുന്നതാണ്.
 
ഒക്ടോബർ ഇരുപത് ചൊവ്വാഴ്ച, രാവിലെ പത്തു മുപ്പതിന് (Tuesday, October 20th, 10:30 AM to 11:30 AM Indian Time)
രജിസ്ട്രേഷൻ ലിങ്ക് – https://forms.gle/X1nP2Cb3zvy1uhpU7
 
മുരളി തുമ്മാരുകുടി

Leave a Comment