പൊതു വിഭാഗം

പുനർ നിർമ്മിക്കുന്ന തലമുറ

ദുരന്തനിവാരണവും ദുരന്ത ലഘൂകരണവും ആയി മുപ്പത് വർഷം ജോലി ചെയ്തതിന് ശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആഗോളമായി ആവാസവ്യവസ്ഥകളുടെ പുനരധിവാസത്തിനായുള്ള ഒരു ജി-20 പദ്ധതിക്ക് നേതൃത്വം നൽകാനായി യു.എന്നിന്റെ ബോൺ ആസ്ഥാനത്തേക്ക് വരുന്നത്.

വലിയൊരു സ്വപ്നത്തിനാണ് ജി 20 തുടക്കമിട്ടത്. ലോകത്തെ നഷ്ടപ്പെട്ട അല്ലെങ്കിൽ മോശം സ്ഥിതിയിലുള്ള ആവാസവ്യവസ്ഥകളുടെ പകുതിയെങ്കിലും 2040 ആകുന്പോഴേക്കും പുനഃസ്ഥാപിക്കുക. ഏകദേശം ഒരു ബില്യൺ ഹെക്ടർ വരും, ഇന്ത്യയുടെ വിസ്തീർണ്ണത്തിന്റെ മൂന്നിരട്ടി.

ലോക സന്പദ്‌വ്യവസ്ഥയുടെ എൺപത് ശതമാനവും കൈകാര്യം ചെയ്യുന്ന രാജ്യങ്ങൾ ആണ് ജി 20 യിൽ അംഗങ്ങളായിട്ടുള്ളത്. അവർ ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്താനുള്ള വിഭവശേഷി അവർക്കുണ്ട്. പോരാത്തതിന് ലോകത്തിലെ ഭൂമിയുടെ അറുപത് ശതമാനവും ജി 20 രാജ്യങ്ങളിൽ ആണ്. വിഭവങ്ങൾ ശരിയായ ഗതിയിൽ നയിച്ചുവിടാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് എൻറെ ഉത്തരവാദിത്തം.

ഒറ്റയാൾ പട്ടാളമായിട്ടാണ് തുടക്കം. ഒരു വർഷം കഴിയുന്പോഴേക്കും മുപ്പത് പേരുടെ സംഘം ആയിട്ടുണ്ട്. ദീർഘകാല പദ്ധതികൾ പലതും പ്ലാൻ ചെയ്തു. ആഗോളമായി ലക്ഷക്കണക്കിന് ആളുകളെ പരിശീലിപ്പിക്കണം, അതിനുള്ള ശ്രമങ്ങൾ നടക്കുക്കുന്നു.

ഒരു പ്രസ്ഥാനം തുടങ്ങുന്പോൾ തന്നെ അതിനൊരു ലോഗോ വേണമല്ലോ. ലോകത്ത് പലയിടത്തു നിന്നും നിർദ്ദേശങ്ങൾ ഉണ്ടായി. പക്ഷെ കേരളത്തിൽ നിന്നുള്ള SShibi Karunഷിബിൻ നിർദ്ദേശിച്ച ലോഗോ ആണ് തിരഞ്ഞെടുത്തത്. വളരെ മനോഹരവും അർത്ഥപൂർണ്ണവും ആണ്. ഭൂമിയിൽ നിന്നും മുളച്ചു വരുന്ന ഒരു ചെടിയുടെ നാന്പായും, വരണ്ടുകിടക്കുന്ന ഭൂമിയെ തൊടുന്ന ഒരു പച്ച കൈപ്പത്തിയായും ഇതിനെ കാണാം. എല്ലാവർക്കും ഇഷ്ടപ്പെട്ടു, വരും കാലത്ത് ഇത് ലോകത്തെവിടെയും തിരിച്ചറിയപ്പെടുന്ന ഒന്നാകും, സംശയമില്ല. താങ്ക് യു ഷിബിൻ.

ടീം അംഗങ്ങളും, പദ്ധതികളും, പങ്കാളികളും തയ്യാറായതോടെ ഇനി പ്രവർത്തനങ്ങൾ തുടങ്ങുകയാണ്. ഇന്ത്യയാണ് ഇപ്പോൾ ജി 20 പ്രസിഡൻസി എന്നത് കാര്യങ്ങൾ ഏറെ എളുപ്പമാക്കുന്നു. ഖനനം ചെയ്തതിന് ശേഷം ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങൾ, കാട്ടുതീ ഉണ്ടായി നശിച്ച കാടുകൾ ഇവയൊക്കെ 2030 ആകുന്നതോടെ പൂർണ്ണമായും പുനരധിവസിപ്പിക്കണം എന്ന നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. ഇത് മറ്റു രാജ്യങ്ങൾ അംഗീകരിച്ചാൽ നമ്മുടെ മണൽ വാരി കുഴപ്പത്തിലാകുന്ന നദികൾ, പാറമടകൾ കൊണ്ട് നശിക്കുന്ന കുന്നുകൾ, കരിമണൽ ഖനനം ചെയ്യുന്ന തീരങ്ങൾ, കൽക്കരി ഖനനം നടന്ന നാടുകൾ എല്ലാം പരിസ്ഥിതി സൗഹൃദമായി പുനരധിവസിപ്പിക്കാൻ പദ്ധതികൾ വരും, വിഭവങ്ങളും.

ഈ പ്രോഗ്രാമിന്റെ വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കാൻ ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾ നടത്തുന്ന ഓരോ വെബ്ബിനാറുകൾ, ട്രെയിനിങ്ങ് പ്ലാനുകൾ, സന്നദ്ധ സേവനത്തിനുള്ള അവസരങ്ങൾ, തൊഴിൽ അവസരങ്ങൾ, പ്രോജക്ട് തലത്തിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും സന്നദ്ധ സംവിധാനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, സാന്പത്തിക സഹായത്തിനുള്ള സാദ്ധ്യതകൾ ഇവയൊക്കെ ഈ പേജിലൂടെ വരും ദിവസങ്ങളിൽ പങ്കുവെക്കും.

ദയവ് ചെയ്ത് GG20 Global Land Initiative ലൈക്ക് ചെയ്ത് പ്രമോട്ട് ചെയ്യുക, പറ്റിയാൽ ഷെയർ ചെയ്യുക. ഈ പ്രസ്ഥാനവുമായി ഏതെങ്കിലും തരത്തിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക.

മുരളി തുമ്മാരുകുടി

May be a graphic of text that says "C LAND INITIATIVE G20 GLOBAL"

Leave a Comment