പൊതു വിഭാഗം

പുനർ നിർമ്മാണത്തിന്റെ പാഠങ്ങൾ

ഏറെ തിരക്കുള്ള സമയമാണ്. പുതിയതായി ഒരു ഓഫീസ് സെറ്റ് അപ്പ് ചെയ്യുക, ആളുകളെ നിയമിക്കുക, ടീം സ്പിരിറ്റും തൊഴിൽ സംസ്കാരവും ഉണ്ടാക്കുക. ഇതിനൊക്കെ ഇടക്ക് മീറ്റിംഗുകൾ, സമ്മേളനങ്ങൾ, വ്യക്തിപരമായ കാര്യങ്ങൾ ഒക്കെ മുറതെറ്റാതെ നടത്തുക. സന്തോഷമുള്ള കാര്യങ്ങളാണെങ്കിലും ശ്രമകരമാണ്. രാവിലെ എഴു മണിക്ക് ഓഫീസിൽ എത്തിയാൽ രാത്രി ഒന്പതിനാണ് വീടെത്തുന്നത്. ശനിയും ഞായറും ഒന്നും മാറ്റമില്ല. അതുകൊണ്ടാണ് ആളുകളെ വിളിക്കാൻ സാധിക്കാത്തത്. എഴുത്തിന്റെ കാര്യത്തിലും കുറവുണ്ട്. ക്ഷമിക്കുമല്ലോ.

കഴിഞ്ഞ ആഴ്ച മുഴുവൻ ഇത്തരത്തിൽ ഒരു ടീം ബിൽഡിംഗ് മീറ്റിംഗ് ആയിരുന്നു. ലോകത്ത് അനവധി പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ട്. ഓക്സ്ഫോർഡിലെ പ്രൊഫസർ മുതൽ ഇന്ത്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് വരെ, സ്വീഡനിൽ നിന്നുള്ള ഗ്രാഫിക്ക് ആർട്ടിസ്റ്റ് മുതൽ നൈജീരിയയിൽ നിന്നുള്ള ജൻഡർ സ്പെഷ്യലിസ്റ്റ് വരെ ഉള്ളവരെ ഒരുമിച്ചു കൂട്ടി എന്താണ് G20, G20ക്ക് എന്താണ് പ്രകൃതി സംരക്ഷണത്തിൽ കാര്യം, എങ്ങനെയാണ് ഏതെങ്കിലും ഒക്കെ തരത്തിൽ ഗുണനിലവാരം നഷ്ടപ്പെട്ട ദശലക്ഷം കണക്കിന് ഭൂമിയുടെ പ്രൊഡക്ടിവിറ്റി വീണ്ടെടുക്കുന്നത്, അക്കാര്യം എങ്ങനെയാണ് ഒരു പ്രസ്ഥാനമായി വളർത്തുന്നത് എന്നൊക്കെയുള്ള ചർച്ചകൾ ആയിരുന്നു.

ചർച്ചകളുടെ അവസാന ദിവസം ജർമ്മനിയിലെ ഒരു കൽക്കരി ഖനിയിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. ആയിരത്തി തൊള്ളായിരയിത്തി അൻപത്തി അഞ്ചു മുതൽ പ്രവർത്തിക്കുന്ന ഖനിയിൽ നിന്നും എടുക്കുന്ന കൽക്കരി ട്രെയിൻ വഴി നേരിട്ട് പവർ പ്ലാന്റിലേക്ക് എത്തിക്കുകയാണ്. രണ്ടായിരത്തി മുപ്പത്തി എട്ടിൽ കൽക്കരിയുടെ ഖനനം അവസാനിപ്പിക്കും എന്ന് ജർമ്മൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.

പക്ഷെ കൽക്കരി ഖനനം തുടങ്ങുന്നതിന് മുൻപ് തന്നെ ഖനനം അവസാനിപ്പിക്കുന്പോൾ ആ പ്രദേശത്തെ എങ്ങനെ പുനരുപയോഗിക്കണം എന്ന് ഒരു പദ്ധതി ഖനനം ചെയ്യുന്ന കന്പനി ഉണ്ടാക്കിയിട്ടുണ്ട്. അതൊരു നിയമപരമായ നിബന്ധനയാണ്. ഈ പദ്ധതി സർക്കാർ അംഗീകരിച്ചാൽ മാത്രമേ ഖനനം തുടങ്ങാൻ പറ്റൂ. പുനർ നിർമ്മാണത്തിനുള്ള പണം ഓരോ വർഷവും കന്പനിയുടെ വരവിൽ നിന്നും (ലാഭത്തിൽ നിന്നല്ല) മാറ്റിവെക്കണം. പുനർ നിർമ്മാണത്തിന് മാത്രമായി കന്പനിക്ക് ഒരു വകുപ്പ് വേണം, ഖനനം തുടങ്ങുന്പോൾ തന്നെ പുനർ നിർമ്മാണവും തുടങ്ങണം. ഇതൊക്കെ സർക്കാരും സമൂഹവും തുടരെ പരിശോധിച്ചുകൊണ്ടിരിക്കും. ഇതാണ് രീതി.

ഖനനം തുടങ്ങുന്നതിന് മുൻപുള്ള മേൽമണ്ണും അടിമണ്ണും പ്രത്യേകമായി മാറ്റിയിടും. കൃഷിഭൂമിയാക്കി കർഷകർക്ക് തിരിച്ചുകൊടുക്കാനുള്ള ഭൂമിയിലേക്ക് മേൽമണ്ണും കളിമണ്ണും ചേർന്ന മിശ്രിതം ആണ് ഉപയോഗിക്കുന്നത്. അവിടെ ഏഴു വർഷം കന്പനി തന്നെ കൃഷി ചെയ്യും. നൈട്രജൻ ഫിക്സ് ചെയ്യുന്ന ചെടികൾ ആണ് വളർത്തുന്നത്, ആവശ്യത്തിനുള്ള മറ്റുള്ള മൂലകങ്ങൾ ചേർത്ത് ഫലഭൂയിഷ്ഠമാണെന്ന് ഉറപ്പ് വരുത്തും. പുതിയതായി കൊണ്ടുവന്നിട്ട മണ്ണിൽ ഘനലോഹങ്ങൾ ഇല്ല എന്നും അവിടെ കൃഷി ചെയ്‌തെടുക്കുന്ന വിളകൾ ആരോഗ്യത്തിന് ഹാനികരമല്ല എന്നും ഉറപ്പു വരുത്തിയതിനും ശേഷമാണ് ഭൂമി വീണ്ടും കർഷകർക്ക് കൊടുക്കുന്നത്.

ഖനനത്തിനായി കുഴിക്കുന്പോൾ കൽക്കരിക്കും മുകളിൽ കിടക്കുന്ന ചരൽ ഒക്കെ കൂട്ടിയിട്ട് ഒരു മലപോലെ ആയിട്ടുണ്ട്. ആ പ്രദേശം മുഴുവൻ സുരക്ഷിതമായി കുന്നും ചെറിയ തടാകങ്ങളും ഒക്കെയായി ലാൻഡ്സ്കേപ്പ് ചെയ്തിട്ടുണ്ട്. അതിന് മുകളിൽ ചരലും മണ്ണും ചേർന്ന മിശ്രിതത്തിൽ അതിവേഗത്തിൽ വളരുന്ന മരങ്ങൾ വച്ച് പിടിപ്പിക്കുന്നു. ഈ മരങ്ങൾ വളരുന്നതോടെ അതിനു താഴെ തണലുണ്ടാകും, കാറ്റിനെ പ്രതിരോധിക്കും, മറ്റു ചെടികൾക്ക് വളരാൻ പറ്റും, പക്ഷെ ഈ മരങ്ങളുടെ ചുറ്റും ഒരു ലോഹ വളയം ഉണ്ട്. ഏതാണ്ട് പതിനഞ്ചു വർഷത്തെ വളർച്ചയാകുന്നതോടെ ഈ ലോഹവളയം വേഗത്തിൽ വളരുന്ന ചെടികളെ ഞെരുക്കിക്കൊല്ലും. ആ സമയത്ത് ആ കാടുകളിൽ സാധാരണ വളരുന്ന മരങ്ങൾക്ക് വളരാനുള്ള സ്പേസ് ഉണ്ടാകും. ഏതാണ്ട് പഴയത് പോലുള്ള ഒരു കാട് അവിടെ ഉണ്ടാകും. ഖനനത്തിന് മുൻപ് അവിടെ ഉണ്ടായിരുന്ന പക്ഷികളും മൃഗങ്ങളും ഒക്കെ പത്തോ ഇരുപതോ കിലോമീറ്റർ ദൂരത്തുള്ള മറ്റു കാടുകളിൽ നിന്നും പതുക്കെ അങ്ങോട്ട് എത്തും.

പക്ഷെ ചില ജീവികൾക്ക്, ഉദാഹരണത്തിന് കാട്ടിലെ ഉറുന്പിന് പത്തു കിലോമീറ്റർ എന്നത് മനുഷ്യന് അറ്റ്ലാന്റിക്കിലും വലിയ ദൂരമാണ്. അവയെ കൃത്രിമമായി ഇവിടെ എത്തിക്കാൻ രീതികൾ ഉണ്ട്. പച്ചപ്പും ഹരിതാഭയും കിളിയും മാനും മാത്രമല്ല പതുക്കെ പതുക്കെ ജൈവ വൈവിധ്യം ഉറപ്പാക്കുക എന്നതും പ്രകൃതിയുടെ പുനർ നിർമ്മാണത്തിന്റെ ഭാഗമാണ്. ഇപ്പോൾ തന്നെ ഇരുപതിനായിരം ഹെക്ടർ ഭൂമി ഇത്തരത്തിൽ ബോണിനടുത്തുള്ള ഖനിയുടെ ചുറ്റും തന്നെ പുനർ നിർമ്മിച്ച് കഴിഞ്ഞു.

ഇവിടെ എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു കാര്യം, ഇങ്ങനെ ഒക്കെ പുനർനിർമ്മിച്ച വാനപ്രദേശത്തുനിന്നും മനുഷ്യരെ മാറ്റി നിർത്തുകയല്ല ചെയ്യുന്നത് എന്നാണ്. വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. പക്ഷെ നടന്നോ സൈക്കിളിലോ ആർക്കും വനത്തിൽ എത്താം, മല കയറാം, അവിടെ ഇരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മനോഹരമായ കാഴ്ചയാണ്.

രണ്ടായിരത്തി മുപ്പത്തി എട്ടിലോ അതിന് മുൻപോ ഈ ഖനി അതിന്റെ പ്രവർത്തനം നിർത്തും. അപ്പോഴേക്കും ഭൂ നിരപ്പിൽ നിന്നും നാനൂറു മീറ്റർ ആഴത്തിലുള്ള ഒരു ഗർത്തം അവിടെ ഉണ്ടായിട്ടുണ്ടാകും. അത് ഒരു തടാകമാക്കി മാറ്റാനുള്ള ഡിസൈൻ ഇപ്പോഴേ റെഡിയാണ്. ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാകും അത്. അന്നവിടെ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ വരും. അവർക്ക് ഖനിയുടെ കഥ പറഞ്ഞുകൊടുക്കാനുള്ള ഒരു ഇൻഫോർമേഷൻ സെനറ്റർ ഖനിയിലെ മണ്ണുകൊണ്ട് രൂപപ്പെട്ട മറ്റൊരു കുന്നിൻ മുകളിൽ ഉണ്ടാകും. അതിൻറെ പദ്ധതികളും ഇപ്പോഴേ തയ്യാറാണ്.

ആയിരക്കണക്കിന് വർഷമായി ഖനനത്തിന് പാരന്പര്യമുള്ള സ്ഥലമാണ് ജർമ്മനി. എങ്ങനെയാണ് ഖനനത്തിന് ഉപയോഗിക്കുന്ന ഭൂമി പുനരുപയോഗിക്കേണ്ടത് എന്നതിന്റെ ലോക മാതൃകകൾ കൂടിയാണ് ഇവിടം.

ഒരു കാര്യം പ്രത്യേകം ഓർത്തു. ആയിരത്തി തൊള്ളായിരത്തി അൻപത്തി അഞ്ചിലെ ജർമ്മനിയെ. രണ്ടാം ലോകമഹായുദ്ധത്തിൽ തോറ്റു തകർന്നു തളർന്ന ജർമ്മനി ഒരു ഖനിയുണ്ടാക്കുന്ന സമയത്ത് പരമാവധി കൽക്കരി ഖനനം ചെയ്തു പണം ഉണ്ടാക്കി വികസിക്കാൻ മാത്രമല്ല ശ്രമിച്ചത്. ഖനനം കഴിയുന്പോൾ ആ പ്രദേശം ഭാവി തലമുറക്ക് ഉപയോഗിക്കാൻ പാകത്തിന് തിരിച്ചു നല്കാൻ കൂടിയാണ്.

രണ്ടായിരത്തി ഇരുപത്തി ഒന്നിലെ കേരളം അന്നത്തെ ജർമ്മനിയേക്കാൾ എത്രയോ സാന്പത്തികമായി നല്ല സ്ഥിതിയിലാണ്. അതുകൊണ്ട് ഇപ്പോൾ നമ്മൾ കരിമണൽ ഖനനമോ കരിങ്കൽ ക്വറിയോ ഉണ്ടാക്കുന്ന സമയത്ത് എങ്ങനെയാണ് പരമാവധി പണം ഉണ്ടാക്കി ആ സ്ഥലം ഉപയോഗശൂന്യമാക്കി പോകുന്നത് എന്നതിനപ്പുറം അടുത്ത തലമുറക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആക്കുന്നത്, അതിനുള്ള പണം ഇപ്പോൾ തന്നെ മാറ്റി വക്കുന്നത്, മാറ്റി വച്ച പണം പുനർ വിന്യാസത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നത് എന്നൊക്കെ ശ്രദ്ധിക്കണം എന്നാഗ്രഹിക്കുന്നത് തെറ്റാണോ ഡോക്ടർ ?

മുരളി തുമ്മാരുകുടി

Leave a Comment