പൊതു വിഭാഗം

പുതിയ ഡ്രൈവിംഗ് ലൈസൻസിന്റെ തന്പുരാൻ..

ജനീവയിൽ ഇരുപത് വർഷം വണ്ടി ഓടിച്ചിട്ടും അവിടുത്തെ ഡ്രൈവിങ്ങ് ലൈസൻസ് കിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ല. ഇന്ത്യയിലെ ലൈസൻസ് വച്ച് കാര്യം നടത്തി. യു. എൻ. ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും ഒരു രാജ്യത്തെ ലൈസൻസ് ഉണ്ടാകണം എന്നേ അവിടെ നിർബന്ധമുള്ളൂ.

പക്ഷെ ജർമ്മനിയിൽ വന്നപ്പോൾ കഥ മാറി. ഇവിടെ വണ്ടി ഓടിക്കണമെങ്കിൽ ജർമ്മൻ ലൈസൻസ് വേണം. ഡിപ്ലോമാറ്റ് ആയതിനാൽ പക്ഷെ നാട്ടിലെ ലൈസൻസ് കൊടുത്താൽ ഇവിടുത്തെ ലൈസൻസ് മാറിക്കിട്ടും. സംഗതി സിന്പിൾ ആണ്.

നാട്ടിലെ ലൈസൻസ് കൊടുത്തപ്പോൾ ആണ് പ്രശ്നം. ലൈസൻസിൽ ഏതു വാഹനം ആണ് ഓടിക്കാൻ അനുവദിച്ചിട്ടുള്ളതെന്നിടത്ത് LMV എന്നാണ് എഴുതിയിട്ടുള്ളത്. ഇത് ലൈറ്റ് മോട്ടോർ വെഹിക്കിൾ ആണെന്നും കാർ അത്തരത്തിൽ ഒരു ലൈറ്റ് മോട്ടോർ വെഹിക്കിൾ ആണെന്നും നിങ്ങൾക്കും എനിക്കും അറിയാം, പക്ഷെ ജർമ്മനിയിലെ സർക്കാർ സംവിധാനത്തിന് മനസ്സിലാകുന്ന ഭാഷയല്ല. ഇക്കാര്യം നമ്മുടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് ഒന്ന് ശ്രദ്ധിക്കണം. വിദേശങ്ങളിൽ ഉപയോഗിക്കുന്ന കോഡുകൾ നമ്മുടെ ലൈസൻസിലും കൊണ്ടുവരാൻ നോക്കണം.

ജർമ്മനിയിൽ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ഓഫീസ് ഉണ്ട്. നമ്മുടെ ലൈസൻസ്, ബർത്ത് സർട്ടിഫിക്കറ്റ്, അക്കാദമിക്ക് സർട്ടിഫിക്കറ്റ് എന്നിവയൊക്കെ ഏത് ഭാഷയിൽ, ഏത് ഗ്രേഡിൽ ആണെങ്കിലും അവിടെ കൊണ്ട് കൊടുത്താൽ അതിന്റെ ജർമ്മൻ പരിഭാഷയും തുല്യതയും എഴുതി തരും. സർക്കാർ സംവിധാനങ്ങൾ അത് അംഗീകരിക്കുകയും ചെയ്യും. ഇത്തരത്തിൽ ഒരു സ്ഥാപനം നമുക്കും വേണം. നാട്ടിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം ഉണ്ടെങ്കിൽ പോലും തുല്യത സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ നമ്മൾ സമയം ചിലവാക്കണം. ഇതൊക്കെ ഒന്ന് ഏകോപിപ്പിച്ച് ഓട്ടോമേറ്റ് ചെയ്താൽ ഏറെ സമയം ലാഭിക്കാം.

ലൈസൻസിന് 2037 വരെ വാലിഡിറ്റി ഉണ്ട്, ഡ്രൈവർക്ക് അത്രയുണ്ടോ എന്ന് സംശയമാണ്. ജർമ്മൻ ഹൈവേയിൽ സ്പീഡ് ലിമിറ്റില്ല എന്നും ലോകത്തെ വണ്ടി പ്രാന്തൻമാർ കാറുകളുടെ സ്പീഡോമീറ്ററിന്റെ അവസാനം കാണിക്കാൻ വരുന്ന സ്ഥലമാണെന്നും കേട്ടിട്ടുണ്ട്. തന്പുരാനേ കാത്തോളീ..

എന്താണെങ്കിലും ഇനി ഒരു വണ്ടി വാങ്ങണം. പിന്നെ ജർമ്മൻ റോഡിൽ നിന്നും ലൈവ് കാഴ്ചകൾ കാണിക്കാം..

മുരളി തുമ്മാരുകുടി

May be an image of 1 person

Leave a Comment