പൊതു വിഭാഗം

പിന്നണി പോരാളികൾ !!

ആഗോള കാലാവസ്ഥ സമ്മേളനത്തിൽ പങ്കെടുക്കാനായി രണ്ടാഴ്ച്ച ദുബായിൽ ആയിരുന്നു.

കാലാവസ്ഥ സമ്മേളനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും വലുതായിരുന്നു ഈ വർഷത്തേത്. കഴിഞ്ഞ വർഷം ഈജിപ്തിൽ മുപ്പത്തി അയ്യായിരം ആളുകളാണ് പങ്കെടുത്തതെങ്കിൽ ഈ വർഷം അത് തൊണ്ണൂറ്റി ഏഴായിരം ആയി !.

കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സ് പരന്നു കിടക്കുന്ന സമ്മേളന നഗരി, ചെറുതും വലുതുമായി അഞ്ഞൂറോളം പവലിയനുകൾ, അവക്കുള്ളിലും പുറത്തും അനവധി മീറ്റിംഗ് റൂമുകൾ, രാഷ്ട്രത്തലവന്മാർ മുതൽ ആക്ടിവിസ്റ്റുകൾ വരെയുള്ള ഡെലിഗേറ്റുകൾ. ഇവയൊക്കെ കൃത്യമായി പരസ്പരം സംയോജിപ്പിച്ചു കൊണ്ടുപോകുക എന്നതൊന്നും ഒട്ടും എളുപ്പമുള്ള കാര്യമല്ല.

എന്നാൽ വന്ന മുഴുവൻ ഡെലിഗേറ്റുകളിലും ആദരവ് ഉണ്ടാക്കുന്ന തരത്തിലാണ് ഇതിന്റെ എല്ലാ കാര്യങ്ങളും സംഘടിപ്പിക്കപ്പെട്ടത്. മെട്രോ സ്റ്റേഷനിലെ ക്രൗഡ് മാനേജ്‌മെന്റ് മുതൽ വേസ്റ്റ് മാനേജമെന്റ് വരെ എല്ലാം എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന ഒരു പരിപാടി.

ഇതിന്റെ പുറകിൽ നൂറു കണക്കിന് മലയാളികൾ എല്ലാ തലത്തിലും ഉണ്ടായിരുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. എല്ലാവർക്കും തിരക്കായതിനാൽ എല്ലാവരേയും പരിചയപ്പെടാൻ പറ്റിയില്ല. കണ്ടവരിൽ തന്നെ പലരോടും സംസാരിക്കാൻ പറ്റിയില്ല. അതിനാൽ സമ്മേളനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരോടുള്ള സ്നേഹവും ആദരവും ഇവിടെ രേഖപ്പെടുത്തുന്നു.

ദുബായിലെ Viceroy Event Organizers കന്പനിയുടെ മാനേജിങ്ങ് ഡയറക്ടറായ സുജിത സുബ്രുവും നൗഫൽ പട്ടാന്പിയും ആണ് ചിത്രത്തിൽ.

കേരളത്തിൽ വലിയ സമ്മേളനങ്ങൾ പ്ലാൻ ചെയ്യുന്പോൾ ഇവരെപ്പോലെയുള്ളവരുടെ അറിവും പരിചയവും ഒക്കെ ഉപയോഗിക്കണം. പ്രവാസികളെ സർക്കാരും ജനങ്ങളും പലപ്പോഴും പണത്തിന്റെ സ്രോതസ്സായിട്ടാണ് കാണുന്നത്. അവരുടെ അറിവും ബന്ധങ്ങളും ആണ് അതിലേറെ വിലപ്പെട്ടത്. അത് ഉപയോഗിക്കാനുള്ള സംവിധാനം ആണ് നമുക്ക് വേണ്ടത്.

മുരളി തുമ്മാരുകുടി

May be an image of 3 people and text

Leave a Comment