പൊതു വിഭാഗം

പരിസ്ഥിതി ദിനവും രാക്ഷസ കൊന്നയും

ഇന്ന്, ജൂൺ അഞ്ച്, ലോക പരിസ്ഥിതി ദിനമാണ്. ആശംസകൾ!

സാധാരണ ലോക പരിസ്ഥിതി ദിനത്തിൽ കേരളത്തിൽ മരംനടൽ മഹാമഹമാണ്. ഒരു ദിവസം അന്പത് ലക്ഷം വരെ തൈകൾ വച്ച പരിസ്ഥിതി ദിനങ്ങളുണ്ട്. ഈ തവണ അത് കണ്ടില്ല.

പരിസ്ഥിതിയെപ്പറ്റി ശാസ്ത്രീയമായി പഠിക്കാത്തവർക്ക് മരം എന്നാൽ പരിസ്ഥിതിയാണ്. ഏത് മരം നടുന്നതും പരിസ്ഥിതി സൗഹൃദമായ പ്രവൃത്തിയാണ്. ഏത് മരം വെട്ടുന്നതും പരിസ്ഥിതിക്ക് ഹാനി ഉണ്ടാക്കുന്ന ഒന്നാണ്.

ലോകത്തെ കൂടുതൽ ആളുകളും പോളിടെക്നിക്കിൽ (പരിസ്ഥിതിയുടെ) ഒന്നും  പോകാത്തതിനാൽ പരിസ്ഥിതി = മരം എന്നതാണ് പൊതുബോധം.

അതുകൊണ്ട് തന്നെ പരിസ്ഥിതിയെപ്പറ്റി അറിവുള്ളവർക്ക് പോലും ഈ ചിന്തയെ പിന്തുണക്കേണ്ടി വരുന്നു. ഏതെന്നോ എവിടെയെന്നോ നോക്കാതെ ലക്ഷക്കണക്കിന് മരം നടൽ പ്രോഗ്രാമുകൾ നടക്കുന്നു. ഏതെങ്കിലും ഒരു മരം വെട്ടുന്നത് കണ്ടാൽ അവിടെ പ്രതിഷേധം ഉണ്ടാകുന്നു. ഇതൊന്നും വാസ്തവത്തിൽ നല്ല പരിസ്ഥിതി ബോധം അല്ല.

എൻറെ ജീവിതകാലത്ത് ഞാൻ ലക്ഷക്കണക്കിന് മരം വച്ച്പിടിപ്പിക്കുന്നതിന് ഉത്തരവാദിയായിട്ടുണ്ട്. സ്വന്തം വീട്ടിൽ നട്ട പ്ലാവ് മുതൽ ഔദ്യോഗിക ഉത്തരവാദിത്തങ്ങളുടെ ഭാഗമായി ലോകത്ത് പല രാജ്യങ്ങളിൽ നടത്തിയ വന വൽക്കരണം വരെ ഇതിൽ ഉൾപ്പെടും.

അതേ സമയം വീടിന് ചുറ്റും നിന്ന ഉയർന്ന വൃക്ഷങ്ങൾ മുതൽ ഒമാനിലെ മരുഭൂമിയിലെ അധിനിവേശ സസ്യങ്ങൾ വരെ ആയിരക്കണക്കിന് മരങ്ങൾ വെട്ടി മാറ്റുന്നതിനും ഞാൻ നേതൃത്വം നൽകിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ മരം നടുന്നത് മാത്രമല്ല പരിസ്ഥിതി സൗഹൃദം എന്നെനിക്കറിയാം. ചിലപ്പോൾ മരങ്ങൾ വെട്ടിക്കളയുന്നതും പരിസ്ഥിതി സൗഹൃദ പ്രവർത്തിയാണ്.

ഉദാഹരണത്തിന് കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) വനങ്ങളിൽ Senna spectabilis എന്നൊരു വൃക്ഷം എത്തിച്ചേർന്നിട്ടുണ്ട്. രാക്ഷസക്കൊന്ന എന്നാണ് ഇതിന്റെ പേര് എന്ന് തോന്നുന്നു. കണ്ടാൽ മനോഹരമാണ്. ലോകത്ത് പലയിടത്തും വനവൽക്കരണത്തിന്, മരുവൽക്കരണം തടയുന്നതിന്റെ, പൂന്തോട്ടങ്ങൾ ഉണ്ടാക്കുന്നതിന്റെ, ഹൈവേയുടെ വശങ്ങൾ മോടിപിടിപ്പിക്കുന്നതിന്റെ  ഭാഗമായി സർക്കാരും നാട്ടുകാരും നട്ടുപിടിപ്പിച്ചതാണ്.

ഇപ്പോൾ ഇത് വനങ്ങൾക്ക് പാരയായി. ഇനി അതിനെ പിഴുതെറിയാൻ കോടികൾ ചിലവാക്കേണ്ടി വരും.

കൊറോണക്കാലത്ത് നമ്മുടെ നാട്ടിൽ നഴ്സറികളുടെ എണ്ണം പലമടങ്ങ് കൂടി എന്ന് മാത്രമല്ല, കേരളത്തിൽ ഇപ്പോൾ എത്ര നേഴ്സറികളുണ്ടെന്ന് ആർക്കും അറിയാത്ത അവസ്ഥയാണ്.

ഇവർ എവിടുന്നൊക്കെയോ സസ്യങ്ങൾ കൊണ്ടുവരുന്നു. ഇതിനും ഒരു നിയന്ത്രണവും ഇല്ല. അതൊക്കെ നമ്മൾ വാങ്ങി എവിടെയൊക്കെയോ നടുന്നു.

ഇതിൽ അധിനിവേശ സസ്യങ്ങൾ ഉണ്ടോ? ആർക്കറിയാം? നമുക്ക് എന്തായാലും അറിയില്ല. നമ്മൾ പൊളിടെക്നിക്കിൽ പോയിട്ടില്ലല്ലോ.

നഴ്സറിക്കാർക്ക് അറിയുമോ?, നഴ്സറി നടത്തുന്നവർക്ക് ബോട്ടണിയിൽ എന്തെങ്കിലും അടിസ്ഥാന യോഗ്യത ഉണ്ടാകണമെന്ന് ഒരു നിയമവും ഇല്ല. കേരളത്തിലെ നഴ്സറി നടത്തുന്ന എല്ലാവർക്കും അധിനിവേശ സസ്യങ്ങളെ പറ്റിയുള്ള മിനിമം പരിശീലനം നൽകേണ്ടതാണ്. അടുത്ത ഒരു വർഷത്തിനകം ഇത്തരം പരിശീലനം ഇല്ലാത്തവർക്ക് നേഴ്സറി നടത്താൻ ലൈസൻസ് നൽകരുത്. ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഇനിയും രാക്ഷസക്കൊന്നകൾ ഉണ്ടാകും.

അധിനിവേശ സസ്യങ്ങൾ മാത്രമല്ല പ്രശ്നം ഉണ്ടാക്കുന്നത്. ഏതു മരം എവിടെ നടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പണ്ട് മനുഷ്യർ ദൂരയാത്രക്ക് നടന്നും കാളവണ്ടിയിലും പോയിരുന്ന, ഷേർഷായുടെ കാലം മുതൽ വഴിയരികിൽ മരം നട്ടുപിടിപ്പിക്കുന്ന രീതി ഉണ്ടായിരുന്നു. രാജാവിന്റെ കാലത്ത് നട്ടുപിടിപ്പിച്ച ഇത്തരം മരങ്ങൾ ഇപ്പോഴും വെങ്ങോലയിൽ ഉൾപ്പടെ പലയിടത്തും ഉണ്ട്.

മോട്ടോർ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന്റെ സൈഡിൽ ഇത്തരം മരം നിൽക്കുന്നത്  അപകടം ഉണ്ടാക്കും. ഓരോ വർഷവും മരത്തിൽ വാഹനങ്ങൾ ഇടിച്ചും മരങ്ങൾ വാഹനങ്ങളുടെ മുകളിലേക്ക് ഇടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകുന്നു, ആളുകൾ മരിക്കുന്നു.

ഇത്തരത്തിൽ അപകടസാധ്യത ഉണ്ടാക്കുന്ന മരങ്ങൾ വെട്ടി മാറ്റാനുള്ള ശ്രമത്തെ നമ്മുടെ പൊതു ബോധം എതിർക്കുന്നു. പൊതുബോധത്തെ ഭയന്ന് അപകടം ഉണ്ടാകുന്നത് വരെ ഒരു സർക്കാർ ഡിപ്പാർട്ട്മെന്റും അതിന് അനുമതി കൊടുക്കുന്നില്ല.

ചിലയിടത്തൊക്കെ വഴിയരികിൽ നിൽക്കുന്ന രാജാവിന്റെ കാലത്തുള്ള മരങ്ങൾക്കൊക്കെ “മരമുത്തച്ഛൻ”പദവി നൽകിയതായി വായിച്ചു. വയസ്സാകുന്പോൾ മുത്തച്ഛന്മാരെ ആരും തല്ലിക്കൊല്ലാറില്ലല്ലോ, അതുപോലെ മരമുത്തച്ഛന്മാരുടെ കടക്ക് എങ്ങനെ കോടാലി വെക്കാൻ പറ്റും?

പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി മാറ്റണം എന്നത് നമുക്കിപ്പോൾ ഒരു പഴംചൊല്ല് മാത്രമാണ്.

മിനിമം ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്. നമ്മുടെ റോഡിന്റെ സൈഡിൽ ഇനിയെങ്കിലും വലുതായി വളരുന്ന മരങ്ങൾ നട്ടു പിടിപ്പിക്കരുത്.

നമ്മുടെ നാട്ടുകാരെ, കുട്ടികളെ പ്രത്യേകിച്ചും, ഒരു പ്രത്യേക മരം വെട്ടുന്നത് പരിസ്ഥിതി നാശം അല്ല എന്ന് പറഞ്ഞു പഠിപ്പിക്കണം. റോഡുകളുടെ സൈഡിൽ നിൽക്കുന്ന അപകടം ഉണ്ടാക്കുന്ന വന്മരങ്ങൾ വെട്ടി മാറ്റുക തന്നെ വേണം.

റോഡിന് സൈഡിൽ മാത്രമല്ല, വീടിന്റെ ചുറ്റും നിൽക്കുന്ന വലിയ മരങ്ങളും വെട്ടി മാറ്റി മനുഷ്യനും കെട്ടിടത്തിനും അപകടം ഉണ്ടാക്കാത്ത ചെടികൾ നട്ടു പിടിപ്പിക്കണം. വെട്ടുന്ന ഒരു മരത്തിന് പകരം രണ്ടോ പത്തോ ആയിക്കോട്ടെ.

തെറ്റായ ഒരു പൊതുബോധം കൂടി പറയാം.

“പഴയ കാലത്തെ” അപേക്ഷിച്ച് നമ്മുടെ ചുറ്റും ഇപ്പോൾ മരങ്ങൾ കുറവാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. സത്യം പറയട്ടെ, നമ്മുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ മരങ്ങൾ നമ്മുടെ ചുറ്റുമുള്ള കാലമാണ് ഇപ്പോൾ.

1970 കളിൽ കേരളത്തിൽ സഞ്ചരിക്കുന്ന ഒരാൾ വനപ്രദേശങ്ങളിൽ ഒഴികെ ഇപ്പോൾ കാണുന്നതിനേക്കാൾ കുറവ് മരങ്ങൾ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ എന്ന് 1980 ന് ശേഷം ജനിച്ചവർ വിശ്വസിക്കില്ല. പക്ഷെ സത്യം അതാണ്. അതിന് കാരണം ഉണ്ട്.

1970 കൾ വരെ കേരളത്തിൽ വിറകും കരിയും ഒക്കെയായിരുന്നു പാചകത്തിന് പ്രധാനമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. ഓരോ വർഷവും അനവധി മരങ്ങൾ വിറകിനായി വെട്ടി വീഴ്ത്തും. കരിയുണ്ടാക്കുന്നതിന് വേറെയും.

വീടുകളുടെ നിർമ്മാണത്തിൽ വാതിലും ജനലും, ഉത്തരവും പട്ടികയും മച്ചും ഭിത്തിയും  മരമായിരുന്നു. വീട്ടിലെ ഫർണിച്ചർ വേറെ. ധാരാളം മരങ്ങൾ അതിനും പോയി.

കൃഷിക്ക് കൂടുതലായും ഉപയോഗിച്ചിരുന്നത് പച്ചില വളമാണ്. ഓരോ വർഷവും മരങ്ങളുടെ ഇലയും ചെറിയ കൊന്പുകളും വെട്ടും.

റിഫൈനറി വന്നു, രാസവള കന്പനികൾ വന്നു, പെട്രോകെമിക്കൽ കന്പനി വന്നു. പാചകത്തിനും വളത്തിനും ഫർണിച്ചറിനും ആവശ്യമായ മരത്തിന്റെ ആവശ്യം കുറഞ്ഞു തുടങ്ങി.

ഇന്നിപ്പോൾ കേരളത്തിലെവിടെയും വീടുകൾക്ക് ചുറ്റും മരങ്ങളാണ്. പ്ലാവും മാവും റംബൂട്ടാനും തേക്കും റബ്ബറും എല്ലാമുണ്ട്.

ഇതിന്റെ കൂട്ടത്തിലേക്കാണ് അറിഞ്ഞും അറിയാതെയും അധിനിവേശ സസ്യങ്ങൾ കൂടി വരുന്നത്. ഈ പരിസ്ഥിതി ദിവസത്തിൽ മരം നടുന്നത് ആഘോഷിക്കുന്നതോടൊപ്പം നമ്മുടെ മരങ്ങളെ അറിയാനും ശ്രമിക്കാം.

എൻറെ പുതിയ ജോലിയുടെ ഭാഗമായി ലോകത്തെ എല്ലാ സ്‌കൂളുകളിലും ഇപ്പോളുള്ള ഫിസിക്സ്, കെമിസ്ട്രി, കന്പ്യൂട്ടർ ലാബുകളോടൊപ്പം ഒരു “നേച്ചർ ലാബ്” കൂടി തുടങ്ങാനുള്ള പദ്ധതിയുണ്ട്.

കുട്ടികൾ ചുറ്റുമുള്ള പ്രകൃതിയെ, ജൈവ വൈവിധ്യത്തെ, ഋതുക്കളുടെ മാറ്റത്തെ, മണ്ണൊലിപ്പിനെ, കാറ്റിനെ  അറിഞ്ഞു വളരട്ടെ.

കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം. എല്ലാവർക്കും പരിസ്ഥിതി ദിന ആശംസകൾ!

മുരളി തുമ്മാരുകുടി

No photo description available.

Leave a Comment