പൊതു വിഭാഗം

നവകേരള:  ബസിനുമപ്പുറം

മുഖ്യമന്ത്രിയും മറ്റുള്ള എല്ലാ മന്ത്രിമാരും ഒരുമിച്ച് ഒരു മാസത്തേക്ക് കേരള പര്യടനമാണ്. കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത് സംഭവിക്കുന്നത് എന്ന് തോന്നുന്നു. ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനത്തിൽ ഇത് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല.

പതിവ് പോലെ ചർച്ച മുഴുവൻ അവർ സഞ്ചരിക്കുന്ന വാഹനത്തെ പറ്റിയാണ്. എത്ര അസംബന്ധമാണ് !

ഞാൻ പ്രധാനമായും ശ്രദ്ധിക്കുന്നത് ഒരു മാസം മുഴുവൻ മന്ത്രിമാരും തിരുവനന്തപുരത്തിന് പുറത്താണെങ്കിലും, മന്ത്രിസഭാ യോഗങ്ങൾ തിരുവനന്തപുരത്തിന് പുറത്താണ് നടക്കുന്നതെങ്കിലും സംസ്ഥാന ഭരണം എങ്ങനെയാണ് നടക്കാൻ പോകുന്നത് എന്നതാണ്.   വലിയ തട്ടുമുട്ടില്ലാതെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ പിന്നെ ഈ തലസ്ഥാനം തിരുവനന്തപുരത്ത് നിലനിർത്തി മന്ത്രിമാർ കൂടുതൽ സമയം അവിടെ ചിലവാക്കുന്നതും നിറുത്താം. ഭരണം ഏറ്റവും വികേന്ദ്രീകൃതമാക്കാം.

നവകേരള സദസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതൽ സംസാരിക്കുകയാണോ മറ്റുളളവർ സംസാരിക്കുന്നത് കേൾക്കുകയാണോ എന്നതാണ് രണ്ടാമതായി ഞാൻ ശ്രദ്ധിക്കുന്നത്. കേരളം വികസന രംഗത്ത് ഒരു പുതിയ വിഷൻ ഉണ്ടാക്കേണ്ട സമയമായി. അതില്ലെങ്കിൽ നമ്മുടെ പുതിയ തലമുറയെ ഇവിടെ പിടിച്ചു നിർത്താനും പുറത്തു പോയവരെ ഇങ്ങോട്ട് ആകർഷിക്കാനും പറ്റില്ല. എന്താണ് നമ്മുടെ സമൂഹത്തിന് മന്ത്രിമാരോട് പറയാനുള്ളത്, അവർ ശ്രദ്ധിക്കുന്നുണ്ടോ? (പൊതുവെ മുഖ്യമന്ത്രി ഇത്തരം മീറ്റിംഗുകളിൽ ഏറെ ശ്രദ്ധിക്കുന്നതും വ്യക്തിപരമായി നോട്ടുകൾ എഴുതി എടുക്കുന്നതും ആണ് ഞാൻ കണ്ടിട്ടുള്ളത്).

മൂന്നാമതായി ആദ്യമായിട്ടാണ് നമ്മുടെ എല്ലാ മന്ത്രിമാരും ഒരുമിച്ച് ഇത്ര സമയം ചിലവിടാൻ പോകുന്നതും ഓരോ മണ്ഡലങ്ങളിലേയും പ്രശ്നങ്ങൾ ഒരുമിച്ച് കേൾക്കാൻ പോകുന്നതും. ഇതിന്റെ ഫലമായി ഒരു “whole of government” രീതി ഉണ്ടായാൽ അതൊരു നല്ലകാര്യമാണ്. 

ഒരു സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഒരു വാഹനത്തിൽ,  ബസോ, ട്രെയിനോ വിമാനമോ ആകട്ടെ, ഒരുമിച്ച് സഞ്ചരിക്കുന്നത് അത്ര ശരിയായ കാര്യമല്ല, അതും ദിവസവും നൂറുകണക്കിന് അപകടം ഉണ്ടാവുന്ന കേരളത്തിലെ റോഡുകളിൽ. എന്താണെങ്കിലും ബസ് യാത്ര ആയതിനാലും മന്ത്രിമാരുടെ യാത്രക്ക് പോലീസ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും എന്നതുകൊണ്ടും ആ റിസ്ക് കുറവാണെന്ന് കരുതാം.

പതിവ് പോലെ ഞാൻ ഈ യാത്രയെ ഏറെ പ്രതീക്ഷയോടെ ആണ് കാണുന്നത്.

മുരളി തുമ്മാരുകുടി

May be an image of text

Leave a Comment