പൊതു വിഭാഗം

ടോണി ബ്ലെയറും ഞാനും…

2005 ലാണ് ആദ്യമായി ഞാൻ ഇസ്രായേലിൽ പോകുന്നത്. ഗാസയിലെ ഇസ്രായേൽ സെറ്റിൽമെന്റുകളിൽ നിന്നും ഇസ്രായേൽ പിന്മാറാൻ തീരുമാനിച്ചു. അവിടെയുള്ള എല്ലാ കെട്ടിടങ്ങളും ഇടിച്ചുപൊളിച്ചു കളഞ്ഞതിന് ശേഷം ഇസ്രായേൽ അവിടെ എത്തിയപ്പോൾ ഉള്ളതുപോലെതന്നെ സ്ഥലം ബാക്കിവെക്കണം എന്നതായിരുന്നു പാലസ്റ്റീൻകാരുടെ കണ്ടീഷൻ. അങ്ങനെ പൊളിച്ചിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ എന്ത് ചെയ്യണം, അവിടെ മറ്റു പാരിസ്ഥിതിക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നെല്ലാം പഠിക്കുകയാണ് ലക്ഷ്യം.
ഇസ്രായേൽ പിന്മാറിയെങ്കിലും ഗാസയിലേക്കുള്ള യാത്രകളുടെ നിയന്ത്രണം ഇസ്രയേലിന്റ കൈയിൽ തന്നെയാണ്. ഇസ്രായേലിൽ ഇറങ്ങി ജറുസലേമിൽ താമസിച്ച് അവിടെ നിന്നും പ്രത്യേക പെർമിഷനുകൾ എടുത്തിട്ട് വേണം ഗാസയിൽ എത്താൻ. ജറുസലേമിൽ എത്തിയാൽ എവിടെ താമസിക്കണം എന്നതിനും ചില നിയന്ത്രണങ്ങൾ ഉണ്ട്. ഞങ്ങൾക്ക് താമസിക്കാൻ അംഗീകാരമുള്ള ഒരു ഹോട്ടലാണ് ‘അമേരിക്കൻ കോളനി ഹോട്ടൽ’.
ജെറുസലേം ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്ത് ഒട്ടോമാൻ പാഷ ആയിരുന്ന റബ്ബ ദാവൂദ് അമൻ എഫന്ദി ഭാര്യമാരോടൊത്തു താമസിക്കാനായി നിർമ്മിച്ച കെട്ടിടമാണ് ഇന്ന് അമേരിക്കൻ കോളനി ഹോട്ടലാക്കിയിരിക്കുന്നത്. 1895 ൽ പാഷയുടെ മരണശേഷം ഈ കെട്ടിടം അവർ അമേരിക്കയിൽ നിന്നും വന്ന ഒരു ക്രിസ്ത്യൻ ഗ്രൂപ്പിന് വിറ്റു. 1902 ൽ ജെറുസലേം സന്ദർശിക്കാനെത്തിയ കുറെ തീർത്ഥാടകരെ താമസിപ്പിക്കാൻ വേണ്ടി ജാഫായിലെ ഹോട്ടൽ മുതലാളിയായിരുന്ന പീറ്റർ ഉസ്തിനോവ് ഈ സ്ഥലം വാടകക്കെടുത്തു (ഈ പീറ്റർ ഉസ്തിനോവ് പ്രശസ്തനായ നടൻ പീറ്റർ ഉസ്തിനോവിന്റെ മുത്തച്ഛനാണ്). അന്ന് മുതൽ അത് ഒരു ഹോട്ടലായി പ്രവർത്തിക്കുന്നു.
ഹോട്ടൽ കെട്ടിടത്തിന് മാത്രമല്ല ചരിത്രമുള്ളത്, ചരിത്രമുണ്ടാക്കിയവർ പലരും ഈ ഹോട്ടലിൽ താമസിച്ചിട്ടുമുണ്ട്. ഇന്ദിര ഗാന്ധി, വിൻസ്റ്റൺ ചർച്ചിൽ, ഫീൽഡ് മാർഷൽ അല്ലൻബി, ലോറൻസ് ഓഫ് അറേബ്യ, ജോർജിയോ അർമ്മാണി മുതൽ എലിസബത്ത് ടൈലർ വരെ എത്രയോ ആളുകൾ.
2005 ന് ശേഷം ഞാൻ പലപ്രാവശ്യം അമേരിക്കൻ കോളനിയിലെത്തി താമസിച്ചിട്ടുണ്ട്. ഹോട്ടലിൽ എന്ന് രാവിലെ ചായകുടിക്കാൻ എത്തിയാലും അന്നെല്ലാം ലോകമറിയുന്ന ആരെങ്കിലും അവിടെ കാണും. ബി ബി സി പ്രസന്റർ ലീസ് ഡ്യൂസെറ്റിനെയൊക്കെ ഞാൻ അവിടെവെച്ചാണ് പരിചയപ്പെടുന്നത്.
അന്നൊരിക്കൽ ഹോട്ടലിൽ ചെന്നപ്പോൾ സാധാരണ കാണുന്നതിൽ കൂടുതൽ സെക്യൂരിറ്റി അറേഞ്ച്മെന്റ് ഉണ്ട്. ഹോട്ടലിലെ മാനേജരെ അപ്പോഴേക്കും എനിക്ക് പരിചയമുണ്ട്.
“എന്താണിന്ന് ഇവിടെ വലിയ സന്നാഹം?”
“അറിഞ്ഞില്ലേ, ടോണി ബ്ലെയർ ഇപ്പോൾ ഇവിടെയാണ് താമസിക്കുന്നത് ?”
അത് ശരി. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതിന് ശേഷം ടോണി ബ്ലെയറിനെ ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ സംസാരിക്കാനുള്ള പ്രതിനിധിയായി അമേരിക്ക, റഷ്യ, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ ഇവർ ചേർന്നുള്ള ക്വർട്ടേറ്റ് തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഓഫീസും.
(ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് ചിന്തിച്ചു. ഇനി അടുത്ത ദിവസം ഞാൻ ബ്രേക്ക് ഫാസ്റ്റിന് പോയപ്പോൾ ടോണി ബ്ലെയർ അവിടെ ഉണ്ടായിരുന്നു എന്നും ഞാൻ അടുത്തുപോയി “ഹൈ ടോണി” എന്നോ “യുവർ എക്സലന്സി ബ്ലെയർ” എന്നോ പറഞ്ഞു പരിചയപെട്ടു എന്നും കൂട്ടി ഒന്നും തള്ളിയാലോ എന്ന്. പിന്നെ അത് വേറൊരു കഥയാക്കാം എന്ന് കരുതി. ഞാൻ അവിടെ ഉണ്ടായിരന്നപ്പോൾ ഒന്നും ബ്ലെയർ ആ വഴി വന്നില്ല).
തിരിച്ചു പോരുന്ന ദിവസം ഞാൻ ഹോട്ടൽ മാനേജരോട് ഒരു കാര്യം ചോദിച്ചു.
“ഇനി ഈ ബോർഡിൽ ടോണി ബ്ലെയറുടെ പേരും ചേർക്കും അല്ലേ?
“ഉറപ്പല്ലേ?”
“എന്നാലും അവിടെ കുറച്ചു കള്ളി ബാക്കി കിടപ്പില്ലേ ?
“ഉണ്ടല്ലോ?”
“എന്റെ പേരും കൂടി അവിടെയൊന്ന് എഴുതി വച്ചുകൂടെ?”
മാനേജർ അന്നെന്നെ നോക്കിയ നോട്ടം ഇന്നും എനിക്ക് ഓർമ്മയുണ്ട്.
ഒരു വരവ് കൂടി വരേണ്ടി വരും എന്ന് മനസ്സിൽ പറഞ്ഞു ഞാൻ തടി കയിച്ചിലാക്കി !
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment