പൊതു വിഭാഗം

ഞാൻ ഇച്ഛിക്കുന്നു, വാളമീൻ കൽപ്പിക്കുന്നു

എന്റെ ചെറുപ്പത്തിലെ ഏറ്റവും ഇഷ്ടമുള്ള ഓർമ്മകളിൽ ഒന്ന് ബന്ധുവും സുഹൃത്തും ആയ (മറ്റൊരു) മുരളിയോടൊപ്പം മീൻ പിടിക്കാൻ പോകുന്നതാണ്. തോട്ടിൽ തടകെട്ടിയും ചൂണ്ടയിട്ടും ചില നാടൻ ചെടികളുടെ ചാറൊഴിച്ചും ഒക്കെ മീനുകളെ പിടിച്ചിട്ടുണ്ട്.

മഴ തുടങ്ങുന്ന കാലത്ത് “ഊത്ത പിടിത്തം” എന്നൊരു പരിപാടിയുണ്ട്. ഇന്നത് നിയമവിരുദ്ധം ആണെന്ന് തോന്നുന്നു. 

പെരുന്പാവൂരിൽ ഞാൻ വീട് വെക്കാൻ തന്നെ കാരണം അവിടെ ഒരു ചെറിയ കുളം ഉണ്ടായിരുന്നു എന്നതാണ്. കുളത്തിൽ മീൻ വളർത്തി അതിനെ നോക്കിയിരിക്കുന്നത് തന്നെ സന്തോഷം തരുന്ന കാര്യമാണ്. കോവിഡ് കാലത്ത് ഏറെ സമയം അങ്ങനെയാണ് ചിലവഴിച്ചത്.

അക്കാലത്താണ് പെരുന്പാവൂരിനടുത്ത് കീഴില്ലം എന്ന ഗ്രാമം ഇപ്പോൾ കേരളത്തിൽ മീൻ നഴ്സറികളുടെ ആസ്ഥാനമായ കാര്യം അറിയുന്നത്. ഒരിക്കൽ ഇഷ്ടികക്ക് വേണ്ടി മണ്ണെടുത്ത കുളങ്ങളുള്ളവരെല്ലാം അത് മീൻ വളർത്തൽ കേന്ദ്രങ്ങൾ ആക്കി. ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ള മൽസ്യക്കുഞ്ഞുങ്ങളെ ഇവിടെ കിട്ടും. അക്വേറിയത്തിന് ഉള്ളത് മുതൽ കുളത്തിൽ നിക്ഷേപിക്കാൻ വരെ. ചൈനക്കാർ ഭാഗ്യചിഹ്നമായി കരുതി ലക്ഷങ്ങൾക്ക് വാങ്ങുന്ന അർവാന മുതൽ ലോകത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നായ ആമസോണിലെ അരാപൈമ വരെ കീഴില്ലത്ത് കിട്ടും.

ഇപ്പോൾ എന്റെ ഫേസ്ബുക്കിൽ എനിക്ക് ഏറ്റവും സജഷൻ വരുന്ന റീലുകൾ തോട്ടിൽ മീൻ പിടിക്കുന്നതിന്റേതാണ്, പ്രത്യേകിച്ചും തായ്‌ലൻഡിലെ. അവിടുത്തെ തോടുകളും കുളങ്ങളും  എത്ര മൽസ്യ സമൃദ്ധമാണ്?

കേരളത്തിന് വലിയ സാദ്ധ്യതകളുള്ള ഒരു രംഗമാണിത്. കഴിഞ്ഞ നാല്പത് വർഷത്തിനുള്ളിൽ കേരളത്തിലെ നെൽകൃഷി വളരെ കുറഞ്ഞു. ലക്ഷക്കണക്കിന് ഏക്കർ നെൽപ്പാടമാണ് കേരളത്തിലെങ്ങും വെറുതെ കിടക്കുന്നത്. കൃഷിയില്ലാത്തതിനാൽ രാസവളങ്ങളും കീടനാശിനികളും ഒന്നും ആരും ഉപയോഗിക്കുന്നില്ല. കൃഷിയില്ലാത്തതിനാൽ വെള്ളത്തിന് വേണ്ടിയുള്ള മത്സരവും ഇല്ല. പാടം ആവശ്യമുള്ളവർക്കൊക്കെ കുളമാക്കി കൃഷി ചെയ്യാനും, തോടുകളും പൊതുകുളങ്ങളും മൽസ്യനിബിഡമാക്കാനും ശാസ്ത്രീയമായ ശ്രമം നടത്തിയാൽ മതി. രണ്ടു സീസൺ കൊണ്ട് നമുക്ക് ഈ വിഷയത്തിൽ വലിയ മാറ്റം ഉണ്ടാക്കാം. ടൂറിസം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഇവയിലെല്ലാം  ഗുണമുണ്ടാകുന്ന കാര്യമാണ്. മനസ്സിന് സന്തോഷം നല്കാൻ മീൻ ചൂണ്ടയിടാൻ പോകുന്നതിനേക്കാൾ പറ്റിയ കാര്യമില്ല !

കുളത്തിലിട്ട വാളമീൻ വളർന്നു വരുന്നതിന്റെ സന്തോഷം രേഖപ്പെടുത്തിയതാണ്. റിട്ടയർ ചെയ്ത് അല്പം മീൻ വളർത്തിയും പിടിച്ചുമൊക്കെ ജീവിക്കണമെന്നാണ് ഒരു പൂതി!

മുരളി തുമ്മാരുകുടി

May be an image of water hyacinth and body of water

Leave a Comment