പൊതു വിഭാഗം

ചട്ടിച്ചോറും ഡയറ്റിഷ്യന്മാരും

മൺചട്ടിയിൽ ഉണ്ടാക്കിയ മീൻ കറി. അതിലെ മീൻ കഷണങ്ങളും കറിയും ഒക്കെ എല്ലാവരും എടുത്തതിന് ശേഷം ബാക്കി വരുന്ന മീൻ ചട്ടി. അതിൽ അല്പം ചോറിട്ട് ഇളക്കി അതെടുത്ത് ഉരുട്ടി കഴിക്കുന്പോൾ ഉള്ള രുചി. ചിന്തിക്കുന്പോൾ പോലും വായിൽ വെള്ളമൂറും, പഴയകാലത്തിന്റെ ഓർമ്മകളും വരും. അങ്ങനെയാണ് നാട്ടിൽ “ചട്ടിച്ചോർ” തരംഗമായത്.

ആദ്യമൊക്കെ മീൻചാറിൽ ഇളക്കിയ ചോറ് ഒക്കെയായിരിന്നു ചട്ടിയിൽ വിളന്പിയിരുന്നത്. സംഗതി ഹിറ്റ് ആയതോടെ പേരൊഴിച്ച് മറ്റെല്ലാം മാറി. മീനിൽ നിന്ന് മാറി ചട്ടിച്ചോറിന് മീൻ, ചിക്കൻ, ബീഫ് എന്ന മൂന്ന് വകഭേദങ്ങൾ ആയി. ഫിഷ് ചട്ടിച്ചോറിൽ മീൻ കറി മാത്രമല്ല മീൻ കറിയും മീൻ വറുത്തതും മീൻ പീരയും ഒക്കെയായി, ഒരു മീൻ സദ്യ തന്നെയായി. ചിക്കൻ ചട്ടിച്ചോറിലും  ബീഫ് ചട്ടിച്ചോറിലും സ്ഥിതി വ്യത്യസ്തമല്ല.

തീർന്നില്ല, ഒരു ഓംലെറ്റ് കൂടി ഇരിക്കട്ടെ. പപ്പടം?

ആട്ടെ ഒരു മീൻ ചട്ടിച്ചോർ കഴിച്ചാൽ എത്ര കലോറി ഉണ്ടായിരിക്കും? ആർക്കറിയാം? ഞാൻ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കി. ഒരു വിവരവും ഇല്ല. എന്താണെങ്കിലും ഒരു മനുഷ്യൻ ഒരു ദിവസം കഴിക്കേണ്ടതിലും കൂടുതൽ ആഹാരവും കലോറിയും ഒരു ചട്ടിച്ചോറിൽ ഉണ്ടെന്നത് വ്യക്തം. ഇതിപ്പോൾ ചട്ടിച്ചോറിന്റെ മാത്രം പ്രശനമല്ല. കേരളത്തിൽ കഴിഞ്ഞ പത്തു വർഷമായി ഹോട്ടലിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഏറെ കൂടിയിരിക്കുന്നു. കൊടുക്കുന്ന ചോറിന് പോലും നിയന്ത്രണം ഉണ്ടായിരുന്ന “സ്റ്റാൻഡേർഡ് ഊണ്” എന്ന രീതിയിൽ നിന്നും “മന്തി വിത്ത് അൺലിമിറ്റഡ് റൈസ്” എന്നുള്ളത് പലയിടത്തും കാണാം.

ഒരു ചോറും ഒഴിച്ച് കറിയും അച്ചാറും തോരനും പപ്പടവും ഉൾപ്പെട്ട ഭക്ഷണം രണ്ടുനേരം ലഭിക്കാൻ ബുദ്ധിമുട്ടിയിരുന്ന കാലത്തു നിന്നും ദിവസവും പലവിധം കറികളും പായസവും ഉൾപ്പെടെയാണ് “വീട്ടിലെ ഊണ്” ഹോട്ടലുകൾ പോലും നൽകുന്നത്.

പട്ടിണിയിൽ നിന്നും ഉയർന്ന സാന്പത്തിക സ്ഥിതിയിലേക്ക് ഒറ്റ തലമുറയിൽ ആണ് മലയാളി മാറിയത്. അതുകൊണ്ടാണ് ഭക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ നന്നായി ഉണ്ടാക്കുക, മനോഹരമായി പ്രസന്റ് ചെയ്യുക, രുചി അറിഞ്ഞു കഴിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതല്ലാത്ത മേശ മുഴുവൻ വിഭവങ്ങൾ നിരത്തി, അതിലെല്ലാം മസാലകൾ കുത്തി നിറച്ച്, ആവശ്യത്തിലപ്പുറം കഴിപ്പിക്കുന്ന രീതിയിലേക്ക് കുടുംബങ്ങളും റെസ്റ്റോറന്റുകളും മാറിയിരിക്കുന്നത്.

വല്ലപ്പോഴും അല്ലേ കഴിക്കുന്നത്, അവരുടെ കാശുകൊണ്ടല്ലേ, വേണമെങ്കിൽ കഴിച്ചാൽ മതിയല്ലോ. എന്നൊക്കെ വേണമെങ്കിൽ പറയാം. പക്ഷെ ഇതിനൊരു സാമൂഹ്യ പ്രത്യാഘാതം ഉണ്ട്. സാംക്രമിക രോഗങ്ങൾ ഒക്കെ നമ്മൾ നിയന്ത്രണത്തിൽ ആകുന്പോഴും ജീവിത ശൈലി രോഗങ്ങൾ കേരളത്തിൽ കുതിച്ചുയരുകയാണ്. ഫൈവ് സ്റ്റാർ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളിൽ പോലും തിരക്കാണ്, ഓരോ പഞ്ചായത്തിലും ഡയാലിസിസ് സെന്റർ വന്നാലും തീരാത്തത്ര ആവശ്യക്കാരാണ്.

ഇതൊരു തുടക്കം മാത്രമാണ്. ഇത് കൂടി വരും. നമ്മുടെ ഭക്ഷണശീലവും ഒട്ടും വ്യായാമം ഇല്ലാത്ത ജീവിതരീതിയും നമുക്കുണ്ടാക്കാൻ പോകുന്ന ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നമ്മുടെ കുടുംബ ബജറ്റിനോ നമ്മുടെ സംസ്ഥാന ആരോഗ്യ സംവിധാനത്തിനോ സാധിക്കാതെ വരും.

നൂറു കണക്കിന് ഡയറ്റിഷ്യന്മാർ നാട്ടിൽ ഉണ്ടെങ്കിലും മലയാളികളുടെ “വലിച്ചു വാരി തിന്നുന്ന” രീതികളെ പറ്റി, അതിനെ പ്രോത്സാഹിപ്പിക്കുന്ന മാർക്കറ്റിങ്ങ് തന്ത്രങ്ങളെ പറ്റി, അതുണ്ടാക്കാൻ പോകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി ഒട്ടും മുന്നറിയിപ്പ് അവർ നൽകുന്നില്ല.

വിദേശത്തൊക്കെ ഓരോ ഭക്ഷണവിഭവത്തിന്റെയും കലോറി ആ വിഭവത്തിന് നേരെ എഴുതുന്ന രീതിയുണ്ട്. കൂടുതൽ അറിഞ്ഞ് ഉത്തരവാദിത്തത്തോടെ ഭക്ഷണം കഴിക്കാൻ അത്  ആളുകളെ സഹായിക്കും. എന്നാണ് നാട്ടിൽ ഇത് വരുന്നത്? തൽക്കാലം ഇതൊന്നും വരാൻ പോകുന്നില്ല. നമ്മളെ നമ്മൾ തന്നെ നോക്കണം.

അതുകൊണ്ട് അടുത്ത തവണ ചട്ടിച്ചോർ ഓർഡർ ചെയ്യുന്പോൾ ചുരുങ്ങിയത് രണ്ടുപേർ എങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഒരെണ്ണം ഓർഡർ ചെയ്താൽ മതി. പൈസ അധികം ഉണ്ടെങ്കിൽ പഞ്ചസാര ഇടാതെ ഒരു ഫ്രൂട്ട് ജ്യൂസ് കുടിച്ചോളൂ.

മുരളി തുമ്മാരുകുടി

No photo description available.

Leave a Comment