പൊതു വിഭാഗം

ഗ്രന്ഥശാലകളുടെ അപനിർമ്മാണം

നന്നേ ചെറുപ്പം മുതൽ വായിക്കുന്ന ശീലം ഉണ്ട്. കന്പ്യൂട്ടറും, ടി.വി. യും ഒന്നുമില്ലാതിരുന്ന ബാല്യത്തിൽ വിജ്ഞാനത്തിലേക്കും വിനോദത്തിലേക്കും ഉള്ള പ്രധാന വാതിൽ വായനയായിരുന്നു.

വീട്ടിൽ ഉള്ള എന്തും വീണ്ടും വീണ്ടും വായിക്കുന്നത് കണ്ട അമ്മാവനാണ് പത്തോ പതിനൊന്നോ വയസ്സുള്ളപ്പോൾ വെങ്ങോലയിലെ കർഷക ഗ്രന്ഥാലയത്തിൽ എനിക്ക് അംഗത്വം എടുത്തു തരുന്നത്.

അമ്മാവൻ എന്നെയും കൊണ്ട് അവിടെ ചെല്ലുന്പോൾ ശ്രീ. എൻ.എ. ഗംഗാധരൻ അവിടെ ഉണ്ട്. അന്നദ്ദേഹം പഠനശേഷം പി. എസ്. സി. പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. എന്റെ പേരിൽ അംഗത്വം ചേർത്ത് ഒരു പുസ്തകം എടുത്ത് തന്നു.

എന്റെ ജീവിതത്തിൽ ഗുണകരമായ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കിയ ഒന്നാണ് ആ ലൈബ്രറിയും അവിടുത്തെ പുസ്തകങ്ങളും സുഹൃദ് ബന്ധങ്ങളും. ലൈബ്രറിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണെങ്കിലും ഏറ്റവും റെഗുലർ ആയ ആളാണ്. അതുകൊണ്ടുതന്നെ മുതിർന്ന അംഗങ്ങൾ എന്നെ കാര്യമായി പരിഗണിച്ചു, ചർച്ചകളിൽ പങ്കാളിയാക്കി. അത് എന്റെ രാഷ്ട്രീയബോധത്തെ സ്വാധീനിച്ചു.

1978 ൽ എന്റെ അമ്മാവൻ മുൻകൈ എടുത്ത് അമ്മാവന്റെ പേരിൽ ഒരു ഗ്രന്ഥശാല വെങ്ങോലയിൽ (മറ്റൊരിടത്ത്) സ്ഥാപിച്ചു. അതിന് വേണ്ടി വീടുകൾ കയറി ഞങ്ങൾ പുസ്തകം സംഘടിപ്പിച്ചു. അതോടെ കർഷകഗ്രന്ഥാലയത്തിൽ നിന്നും ഞാൻ അങ്ങോട്ട് “കൂറ് മാറി.” അവിടുത്തെ പുസ്തകങ്ങളും സൗഹൃദങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ടി. എൻ. കേശവപിള്ള മെമ്മോറിയൽ ലൈബ്രറി ഇന്നും അവിടെയുണ്ട്, അതിപ്പോൾ ഒരു പൊതു സ്ഥാപനമാണ്.

1981ൽ ഞാൻ എഞ്ചിനീയറിങ്ങ് പഠനത്തിനായി വെങ്ങോലയിൽ നിന്നും പോയതോടെ രണ്ടു ലൈബ്രറികളിലും പോകാൻ പറ്റാതായി. എന്നാലും വെങ്ങോലയിലെ ലൈബ്രറികളോട് എന്നും എനിക്ക് കടപ്പാടുണ്ട്. അതുകൊണ്ടാണ് കേരളത്തിൽ എവിടെയും ഉള്ള ലൈബ്രറി പ്രസ്ഥാനങ്ങളോട് എനിക്ക് ആദരവും സ്നേഹവും ഉള്ളത്. വെങ്ങോലയിലെ ലൈബ്രറിക്ക് വേണ്ടി എന്ത് ആവശ്യം ഉന്നയിച്ചാലും എനിക്ക് ആവുന്നത് പോലെ അതിനെ ഞാൻ പിന്തുണക്കാറുണ്ട്.

കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്യുന്പോൾ എവിടെയും ലൈബ്രറികൾ ഉണ്ടെന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ലോകത്ത് തന്നെ ഇത്രയും പബ്ലിക് ലൈബ്രറികൾ ഉള്ളൊരു നാട് ഞാൻ കണ്ടിട്ടില്ല. കേരളത്തിന്റെയത്ര ആളോഹരി വരുമാനമുള്ള ഒരു നാട്ടിലും ഇത്രയും ആളോഹരി ലൈബ്രറികൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.

എന്നാൽ ഇപ്പോൾ കേരളത്തിലെ ലൈബ്രറികളുടെ അവസ്ഥ എന്നെ വിഷമിപ്പിക്കുന്നുണ്ട്. കേരളത്തിൽ യാത്ര ചെയ്യുന്പോൾ ലൈബ്രറികൾ കാണുന്പോൾ ഞാൻ അതിൽ കയറി നോക്കാറുണ്ട്. കേരളത്തിൽ ഏകദേശം ഒന്പതിനായിരത്തോളം പബ്ലിക് ലൈബ്രറികൾ ഉണ്ടെന്നാണ് കണക്ക്. അതിൽ കുറെ എണ്ണം വളരെ നന്നായി പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ബഹുഭൂരിഭാഗവും സർക്കാർ ഗ്രാന്റ് ഉളളത് കൊണ്ടുമാത്രവും അതിന് വേണ്ടി മാത്രവും പ്രവർത്തിക്കുന്നതാണ്. വായനക്കാരുടെ എണ്ണം വളരെ കുറവാണ്. ഗ്രാന്റ് കിട്ടാൻ വേണ്ടി ഓരോ കണക്കെഴുതി വെക്കുന്നതല്ലാതെ യഥാർത്ഥത്തിൽ ദിവസം ഇരുപത്തി അഞ്ചു വായനക്കാർ വരുന്ന ലൈബ്രറികൾ കേരളത്തിൽ ആയിരം എണ്ണം എങ്കിലും ഉണ്ടാകുമോ?

ലോകത്ത് വായന മരിക്കുന്നൊന്നുമില്ല. പണ്ട് നമ്മൾ വായിക്കാൻ ചിലവഴിച്ചതിലും കൂടുതൽ സമയമാണ് ഇപ്പോൾ നമ്മൾ വായനക്കായി ഉപയോഗിക്കുന്നത്. പക്ഷെ വായിക്കുന്നത് പുസ്തകങ്ങളോ പത്രങ്ങളോ വാരികകളോ അല്ല എന്നുമാത്രം. പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്നത് തന്നെ പ്രിന്റ് ചെയ്തതല്ല. പുതിയ തലമുറ പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ കൂടുതൽ വായിച്ചു കേൾക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഞാൻ ശ്രീ. മധുവിന്റെ ലേഖനം വായിക്കുന്നത് (ഗ്രന്ഥശാലകളിൽ മാറ്റത്തിന്റെ കാറ്റ്). അല്പം കട്ടിയായ ഭാഷയാണെങ്കിലും പൊതുവെ നമ്മുടെ സമൂഹത്തിലേയും ഗ്രന്ഥശാല പ്രസ്ഥാനത്തിലേയും പ്രശ്നങ്ങൾ നന്നായി അപഗ്രഥിച്ചിട്ടുണ്ട്, നന്ദി.

(സത്യത്തിൽ ഒരു പ്രയോഗം എനിക്ക് മനസ്സിലായില്ല “നമ്മുടെ ചരിത്രബോധത്തിനു മുകളില്‍ ഏകശിലാരൂപകമായ ആശയങ്ങളുടെ അപനിര്‍മ്മാണം സംഭവിക്കുന്നു”, ഇത് മനസ്സിലായവർ പറഞ്ഞു തരുമല്ലോ).

പക്ഷെ ഇതല്ല എൻറെ വിഷയം, ഗ്രന്ഥശാല പ്രസ്ഥാനത്തെ എങ്ങനെ വീണ്ടും ഊർജ്ജസ്വലമാക്കും എന്നതിനുള്ള ശ്രീ. മധുവിന്റെ ലേഖനത്തിലെ നിർദേശങ്ങളാണ്. ഈ നിർദ്ദേശങ്ങൾ അദ്ദേഹത്തിന്റെയല്ല, കേരളത്തിലെ ഗ്രന്ഥശാല സംവിധാനത്തിൽ ഉള്ളവർ നടത്തിയ പഠനത്തിൽ നിന്നും ശില്പശാലയിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നാണ് എനിക്ക് മനസ്സിലായത് (തെറ്റാണെങ്കിൽ ക്ഷമിക്കുക). (ഈ അഞ്ചാം ലൈബ്രറി കൗൺസിൽ നടത്തിയ സർവ്വേയുടെ ഒരു കോപ്പിയും, മുന്നേറ്റം 25 റിപ്പോർട്ടിന്റെ കോപ്പിയും ലഭിക്കാൻ വഴിയുണ്ടോ?)

നിദ്ദേശങ്ങൾ ഏറെ ഉണ്ട്.

പുസ്തകങ്ങളെപ്പറ്റിയോ വായനയെപ്പറ്റിയോ മാത്രമല്ല കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പ്പുകൾ മുതൽ സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാനുള്ള ശില്പശാല വരെ ലൈബ്രറികൾ കേന്ദ്രമാക്കി ചെയ്യാനുള്ള പല നിർദ്ദേശങ്ങൾ ഇതിലുണ്ട്.

അതേ സമയം എന്നെ അതിശയിപ്പിച്ച ഒരു കാര്യം, ഇന്ന് കേരളത്തിൽ ഉളള മുപ്പത് ലക്ഷം മറുനാട്ടുകാരെയും കേരളത്തിന് പുറത്തുള്ള നാല്പത് ലക്ഷം മലയാളികളെയും എങ്ങനെ നമ്മുടെ വായനശാല പ്രസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാമെന്നതിൽ ഒറ്റ നിർദ്ദേശം പോലുമില്ല ഇതിൽ ഇല്ല എന്നതാണ്.

സത്യത്തിൽ കേരള സമൂഹത്തിൽ, വായനയുടെ ലോകത്തിൽ, സാങ്കേതിക വിദ്യയിൽ ഒക്കെ വന്നിട്ടുള്ള വിപ്ലവകാരങ്ങളായ മാറ്റങ്ങളെ ശരിയായി മനസ്സിലാക്കാതെയുള്ള നിർദ്ദേശങ്ങൾ ആണെന്നാണ് എനിക്ക് തോന്നിയത്.

സത്യത്തിൽ എന്തിനെയാണ് ഗ്രന്ഥശാല പ്രസ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നത്? കല്ലിലും മരത്തിലും കോൺക്രീറ്റിലും തീർത്ത പത്തായിരം ലൈബ്രറി കെട്ടിടങ്ങളും മുറികളുമാണോ? കേരളത്തിൽ ഉള്ളവരുടെ വായനാ ശീലം ആണോ? മലയാള ഭാഷയെയും സാഹിത്യത്തേയും ആണോ? ആളുകളുടെ സെകുലർ ആയിട്ടുള്ള കൂട്ടായ്മയാണോ?

വായന ഡിജിറ്റൽ ആകുന്ന കാലത്ത് എന്തിനാണ് നാം എല്ലാ ലൈബ്രറികളും നിലനിർത്താനായി ശ്രമിക്കുന്നത്?, ഇപ്പോൾ കേരളത്തിൽ ഏതെങ്കിലും ഗ്രന്ഥശാലയിൽ അംഗത്വമുള്ള എല്ലാവർക്കും അവരുടെ വീട്ടിൽ ഇരുന്ന് വായിക്കാൻ പറ്റുന്ന തരത്തിൽ മലയാളത്തിലും മറ്റു ഭാഷകളിലും ഉള്ള പുസ്തകങ്ങളുടെ, മാസികകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഓൺലൈൻ ആയി ലഭ്യമാക്കിയാൽ പോരേ?. ലക്ഷക്കണക്കിന് അംഗത്വമുള്ള ഒരു വായന ഗ്രൂപ്പ് ആകുന്പോൾ വരിസംഖ്യ വളരെ ചിലവ് കുറഞ്ഞതാകും. ലൈബ്രറികൾ ഓൺലൈൻ ആകുന്പോൾ ലോകത്തെവിടെയും ഉള്ള മലയാളികളെ അതുമായി ബന്ധിപ്പിക്കാൻ ആകും, ലൈബ്രറി 24/7 ആകും, ഇപ്പോൾ ലൈബ്രറി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നിൽക്കാത്ത സ്ത്രീ വായനക്കാർക്ക് ഏറെ ഉപയോഗപ്പെടുകയും ചെയ്യും.

വായിക്കുന്നവരെയെല്ലാം ഒരുമിച്ചു കൊണ്ടുവരാൻ ആണെങ്കിൽ അതിന് എന്തിനാണ് പ്രാദേശിക ഗ്രൂപ്പുകൾ? കാസർഗോഡും പാറശ്ശാലയിലും ഉള്ളവരെ, ഗൾഫിലും അമേരിക്കയിലും ഉള്ളവരെ വായനയുടെ താല്പര്യം അനുസരിച്ച് ഒരുമിച്ച് ഓൺലൈൻ ആയി കൊണ്ടുവരാമല്ലോ?

സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ശില്പശാല നടത്താൻ ഇപ്പോൾ തന്നെ കുടുംബശ്രീ ഉണ്ടല്ലോ. എന്തിനാണ് നന്നായി നടക്കുന്ന പ്രസ്ഥാനങ്ങളുമായി ഗ്രന്ഥശാലകൾ മത്സരിക്കാൻ പോകുന്നത്?

വാക്‌സിനേഷൻ ക്യാന്പ് നടത്താനും കണ്ണ് പരിശോധന നടത്താനും ഇപ്പോൾ തന്നെ നാട്ടിൽ മത്സരമാണ്. എന്തിനാണ് വായനശാലകൾ അതിനായി സമയം ചിലവഴിക്കുന്നത്?

ഡെമോഗ്രഫി ഈസ് ഡെസ്ടിനി എന്നാണ്. ഇന്ന് ഗ്രന്ഥശാല സംവിധാനങ്ങളുമായി ചേർന്ന് നിൽക്കുന്ന ബഹുഭൂരിപക്ഷം പേരും അന്പത് വയസ്സിന് മുകളിൽ പ്രായം ഉളളവരാണ്. അവർക്കാണ് വായന ശാല ഒരു നൊസ്റ്റാൾജിയ ആയിരിക്കുന്നത്. അവർ ഇപ്പോഴും ഇ-വായനയിലേക്ക് എത്തിയിട്ടില്ല. അവരുടെ കാലം പതുക്കെ കഴിയുകയാണ്. അതുകൊണ്ട് തന്നെ അടുത്ത ഇരുപത്തി അഞ്ചു വർഷത്തിനപ്പുറം ഈ പ്രസ്ഥാനത്തിന് പിടിച്ചു നിൽക്കാൻ കഴിയില്ല. മിലേനിയൽസ് തുടങ്ങിയുള്ള തലമുറ കേരളത്തിലെ പൊതുവായനശാലകളുമായി അധികം ബന്ധപ്പെട്ടല്ല വളരുന്നത്. പക്ഷെ നാളെയുടെ സമൂഹവും നേതൃത്വവും അവരാണ്. അവർക്ക് നാട്ടിൽ ഗ്രന്ഥശാലകൾ ഉണ്ടെന്നത് ഒരു വിഷയമാണോ?

വായന തുടരും, പക്ഷെ അതിന് ഇനി കല്ലിലും മരത്തിലും തീർത്ത ലൈബ്രറിയുടെ ആവശ്യമുണ്ടാകില്ല. അത് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പരാജയമല്ല, വിജയമാണ്. കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാന്പത്തിക സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിനും ഒരു വലിയ പങ്കുണ്ട്. ആ അവതാര ലക്ഷ്യം കഴിഞ്ഞു.

നമുക്കിനി വേണ്ടത് മറ്റു ചില പ്രസ്ഥാനങ്ങൾ ആണ്.

മറുനാട്ടിൽ നിന്നും വന്നവരെ നമ്മുടെ സമൂഹവും സംസ്കാരവുമായി സമന്വയിപ്പിക്കാനുള്ള പ്രസ്ഥാനങ്ങൾ.

കേരളത്തിൽ നിന്നും പോകുന്നവരെ നമ്മുടെ നാടും ഭാഷയും സാഹിത്യവുമൊക്കെയുമായി ചേർത്ത് നിർത്താനുള്ള പ്രസ്ഥാനങ്ങൾ.

വയസ്സായി വരുന്ന നമ്മുടെ സമൂഹത്തിലെ എല്ലാവർക്കും അന്തസുള്ള വാർദ്ധക്യം പ്രദാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾ.

ഭിന്നശേഷി ഉള്ളവരെ സമൂഹത്തിന്റെ ഭാഗമാക്കി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രസ്ഥാനങ്ങൾ.

സ്ത്രീകൾക്ക് എല്ലാ രംഗത്തും തുല്യമായ പ്രാതിനിധ്യം ഉണ്ടാക്കിയെടുക്കാനുള്ള പ്രസ്ഥാനങ്ങൾ.

നമ്മുടെ പുതിയ തലമുറക്ക് കേരളത്തിന്റെ ഭാവിയിൽ എന്തെങ്കിലും താല്പര്യം ഉണ്ടാക്കിയെടുക്കാനുള്ള പ്രസ്ഥാനങ്ങൾ.

എന്നാണ് ഇതൊക്കെ ഉണ്ടാകുന്നത് ?

മുരളി തുമ്മാരുകുടി

(ലേഖനം – https://www.mathrubhumi.com/…/library-council-in-kerala… )

Leave a Comment