പൊതു വിഭാഗം

ക്യാ ഹാഫ് ബോട്ടിൽ ക്യാ ഫുൾ ബോട്ടിൽ ?

ഡിസംബർ പകുതി മുതൽ ഒരാഴ്ചയോളം കേരളത്തിൽ ആയിരുന്നു. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മുതൽ നേച്ചർ ലാബിന്റെ ഉൽഘാടനം വരെയുള്ള പദ്ധതികളിൽ പങ്കെടുത്തു. സ്‌കൂളുകളിലും കോളേജുകളിലും ഒക്കെയായി അനവധി വിദ്യാർത്ഥികളുമായി സംവദിച്ചു, മുഖ്യമന്ത്രി മുതൽ കോർപ്പറേറ്റ് നേതൃത്വത്തിൽ ഉള്ളവർ വരെ ഏറെ പേരുമായി സംസാരിച്ചു. സമയം പോയതറിഞ്ഞില്ല.

ഓരോ സന്ദർശനവും ഓരോ സംവാദവും പ്രത്യേകം എഴുതേണ്ടത് തന്നെയാണ്. പക്ഷെ അവിടെ വച്ച് ഒന്നിനും സമയമില്ല. ഇവിടെ എത്തിയപ്പോൾ അതിനേക്കാൾ തിരക്ക്. അതുകൊണ്ട് തന്നെ വിശദമായ എഴുത്തൊക്കെ ഇനി റിട്ടയർമെന്റ് കഴിഞ്ഞേ ഉണ്ടാകൂ.

കേരളത്തിൽ നിന്നും 1986 ൽ പ്രവാസം തുടങ്ങിയ ഒരാൾ 37 വർഷത്തിന് ശേഷം വീണ്ടും കേരളത്തിൽ എത്തുന്പോൾ കാണുന്ന മാറ്റങ്ങൾ അദ്‌ഭുതാവഹമാണ്. പൊതുവിൽ വളരെ സന്തോഷം ഉണ്ടാക്കുന്നതുമാണ്.

ആളുകളുടെ ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. 1980 കളെ അപേക്ഷിച്ച് കേരളത്തിലെ വീടുകൾ ആകെ മാറിപ്പോയി. ഓല മേഞ്ഞ വീടുകൾ ഏതാണ്ട് ഇല്ലാതായി എന്ന് തന്നെ പറയാം (തീരപ്രദേശത്താണ് ഇത് അല്പമെങ്കിലും കണ്ടത്). സ്വിട്സർലാൻഡിലും  ജർമ്മനിയിലും ഒന്നും കാണാൻ കിട്ടാത്ത തരത്തിലുള്ള വന്പൻ വീടുകൾ കേരളത്തിലെ ചെറുഗ്രാമങ്ങളിൽ പോലും കാണാം. 1980 കളിൽ ഇടപ്പള്ളി റോഡ് സൈഡിൽ അല്പം നീളത്തിൽ ഒരു വീടുണ്ടായിരുന്നു, അന്നതൊരു വാർത്തയായ വന്പൻ വീടായിരുന്നു. ഇന്നും ഈ വീട് അവിടെ ഉണ്ട്, പക്ഷെ ഇപ്പോൾ അതൊരു കൊച്ചു വീടാണ് !.

റോഡുകളിൽ ഉണ്ടായ മാറ്റത്തെ പറ്റി ഞാൻ അപ്പോൾ തന്നെ എഴുതിയിരുന്നു. അട്ടപ്പാടിയിലെ ഉൾഗ്രാമങ്ങളിൽ ഉൾപ്പടെ നല്ല റോഡുകൾ ആണ്. കേരളത്തിൽ ഉടനീളം ഹൈവേ ആറു വരി പാതയാകുന്നതിന്റെ പണി നടക്കുന്നു. അടുത്ത രണ്ടു വർഷത്തിനകം അത് കൂടി കഴിയുന്നതോടെ കേരളത്തിന്റെ മൊത്തം മുഖച്ഛായ മാറും. യാത്രകൾ കൂടുതൽ സുഗമമാകും, യാത്രകളുടെ എണ്ണം കൂടും.

കന്പോളത്തിന്റെ കണക്ടിവിറ്റി അന്പരപ്പിക്കുന്നതാണ്. തുമ്മാരുകുടിയുടെ അടുത്തൊന്നും അന്നും ഇന്നും ഒരു പൊതുഗതാഗത സംവിധാനം ഇല്ല. ചുണ്ടമല കുറുകെ കടന്നു രണ്ടു കിലോമീറ്റർ പോയി വെങ്ങോലയിലോ പോഞ്ഞാശ്ശേരിയിലോ എത്തണം അന്നും ഇന്നും ഒരു ബസിൽ കയറാൻ. റോഡുകൾ പൊട്ടിപ്പൊളിഞ്ഞതായതിനാൽ വെങ്ങോലയിൽ ഉള്ള ഓട്ടോ റിക്ഷക്കാർക്ക് തന്നെ വരാൻ മടിയാണ്. പണ്ടൊക്കെ ഞാൻ പെരുന്പാവൂരിൽ നിന്നാണ് ഒരു ഓട്ടോ എടുക്കുന്നത്, കാരണം വെങ്ങോലയിലെ ഓട്ടോക്കാർക്ക് സ്ഥലം അറിയാം, വരാൻ മടിക്കും. പെരുന്പാവൂർക്കാർ ആകുന്പോൾ അവർക്ക് സ്ഥലം അറിയില്ല. അവർ വരും, പോകുന്പോൾ പിതൃസ്മരണ ചെയ്തിരിക്കും, ഉറപ്പാണ്.

പക്ഷെ ഇത്തവണ നോക്കുന്പോൾ അതൊരു വിഷയമല്ല. തുമ്മാരുകുടിയിൽ ഊബറും സ്വിഗ്ഗിയും ഉണ്ട് !. ആഗോള കുത്തക കന്പോള ശക്തികൾ അവസാന മൈലും താണ്ടിയിരിക്കുന്നു. അവർക്ക് നന്ദി !

1995 ൽ ഇന്ത്യയിൽ നിന്നും പുറത്തുപോയ കാലത്തെ പെരുന്പാവൂരിനെ പറ്റി നോക്കുകയായിരുന്നു. അന്ന് വിദേശത്ത് ലഭിച്ചിരുന്ന പല വസ്തുക്കളും നാട്ടിൽ കിട്ടില്ല. ഓരോ തവണയും നാട്ടിൽ വരുന്പോൾ എന്തൊക്കെയാണ് വാങ്ങിക്കൊണ്ടുവന്നിരുന്നത്. ഇപ്പോൾ ജർമ്മനിയിൽ കിട്ടുന്ന എന്തും പെരുന്പാവൂരിലും ഉണ്ട്. മെറ്റെർനിറ്റി വസ്ത്രങ്ങളും  കെന്റക്കി ഫ്രൈഡ് ചിക്കനും  ഉൾപ്പടെ!

സർക്കാർ സംവിധാനങ്ങളുടെ കെട്ടും മട്ടും മാറുകയാണ്. സർക്കാർ സ്‌കൂളുകൾ, ആശുപത്രികൾ, ഓഫിസുകൾ എല്ലാം മാറുകയാണ്, അകത്തും പുറത്തും. പഴയ തലമുറ മാറി യുവാക്കൾ വരുന്നതോടെ താഴെ തട്ടിൽ അഴിമതി കുറയുകയും വരുന്നവരോട് പെരുമാറുന്ന രീതി മാറുകയും ചെയ്യുന്നുണ്ട്. (സത്യം പറയണമല്ലോ യുവാവായ ഒരു എസ് ഐ സ്റ്റേഷനിൽ വന്ന ഒരാളെ കുനിച്ചു നിർത്തി ഇടിക്കുന്ന ചിത്രം കണ്ടപ്പോൾ ഇവരൊക്കെ എന്നാണ് ഈ നൂറ്റാണ്ടിൽ എത്തുന്നത് എന്ന് തോന്നിപ്പോയി).

ഇന്ത്യയിൽ തൊഴിലന്വേഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരങ്ങളായി തിരുവനന്തരപുരവും കൊച്ചിയും മാറിയിരിക്കുന്നു എന്നുള്ള വാർത്ത ഞാൻ നാട്ടിൽ ഉള്ളപ്പോഴാണ് വരുന്നത്. വായു മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന ഡൽഹിയും ട്രാഫിക്കിൽ കുരുങ്ങിയ ബംഗളൂരും വച്ച് നോക്കുന്പോൾ നമ്മുടെ നഗരങ്ങൾ ആകർഷകം തന്നെയാണ്.

ഉയർന്ന ജനാധിപത്യ ബോധവും പരന്ന അധികാര ശ്രേണിയും ആണ് കേരളത്തിൽ എപ്പോഴും കാണുന്ന മറ്റൊരു സവിശേഷത. ഇത് കേരളത്തിൽ ജീവിക്കുന്നവർക്ക് അത്ര മനസ്സിലാകണം എന്നില്ല. തമിഴ്‌നാട്ടിൽ എങ്കിലും ഒരു മാസം താമസിച്ചിട്ടുണ്ടെങ്കിൽ അറിയാം.

ജനങ്ങളുടെ സാന്പത്തിക നിലവാരം പൊതുവെ ഉയരുന്നതിന്റെ സൂചനകൾ എവിടെയും കാണാം. വീടുകളുടെ വലുപ്പമോ കാറുകളുടെ എണ്ണമോ മാത്രമല്ല, റെസ്റ്റോറന്റുകളുടെ എണ്ണം, അവിടുത്തെ തിരക്ക്, വിദേശ യാത്രക്ക് പോകുന്നവരുടെ എണ്ണം, വിദേശത്തേക്ക് പഠിക്കാൻ കുട്ടികളെ അയക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ താല്പര്യം, ലിറ്റററി ഫെസ്റ്റിലും ഫിലിം ഫെസ്ടിവലിലും കാണുന്ന തിരക്ക്, വിവാഹത്തിനും മറ്റു പരിപാടികൾക്കും ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്യപ്പെടുന്ന പുഷ്പങ്ങൾ, കേരളത്തിൽ എവിടെയും വരുന്ന സൂപ്പർ മാളുകൾ, അവയിൽ കാണുന്ന വിൽപ്പന വസ്തുക്കൾ, അവ വാങ്ങാൻ കാണുന്ന തിരക്ക്, നിരത്തിൽ കാണുന്ന കാറുകളുടെ ബ്രാൻഡുകൾ, ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ,  കാണാതാകുന്ന ബസുകൾ, ഇല്ലാതാകുന്ന കൃഷി ഇതൊക്കെ നമ്മൾ സാന്പത്തികസ്ഥിതിയുടെ ചില പടവുകൾ കടന്നതിന്റെ സൂചനകൾ ആണ്.

ഹർത്താലുകൾ ഇല്ലാതായതാണ് വലിയൊരു സംഭവം. ആരും പ്രത്യേകിച്ച് പ്ലാൻ ചെയ്തതൊന്നുമല്ല, പക്ഷെ ഒന്ന് പറഞ്ഞാൽ രണ്ടിന് കടയടപ്പിക്കുന്ന രീതി കോവിഡോടെ തീർന്നെന്ന് തോന്നുന്നു.

കേരളത്തിൽ എല്ലാം ശരിയായി എന്നൊന്നും ഇതുകൊണ്ട് അർത്ഥമില്ല. കേരളത്തിലെ നഗരങ്ങളുടെ വികസനം ഒരു തരത്തിലും ഉള്ള പ്ലാനിങ്ങ് ഇല്ലാതെയാണ് ഇപ്പോഴും നടക്കുന്നത്. പെരുന്പാവൂർ പോലുള്ള ചെറു നഗരങ്ങൾ ഉൾപ്പടെ എല്ലാ നഗരങ്ങളും ഗതാഗത കുരുക്കിലാണ്. കേരളം മൊത്തം ഒരു ട്രാഫിക്ക് ജാം ആണ്.

മാലിന്യസംസ്കരണം ഇപ്പോഴും നിയന്ത്രണത്തിൽ അല്ല. റോഡരികിലും പാടത്തും, പുഴയിലും കനാലിലും എല്ലാം മാലിന്യം തള്ളപ്പെടുകയാണ്.

ഗ്രാമപ്രദേശങ്ങളിൽ കാടുകയറുന്ന കൃഷി സ്ഥലങ്ങളും വെറുതെ കിടക്കുന്ന വീടുകളും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റി ഒരു നയമോ പദ്ധതിയോ ഇല്ലാത്തത് വിഷയം തന്നെയാണ്. കൊച്ചി നഗരത്തിൽ പുലി വരുന്നത് വരെ ഇത് തുടരും എന്ന് തോന്നുന്നു.

പൊതുരംഗത്ത് ആളുകൾ ഇടപെടുന്ന രീതിയിൽ വേണ്ടത്ര മാറ്റം ഇപ്പോഴുമില്ല. എവിടേയും ഈഗോ ആണ്, ഒന്ന് പറഞ്ഞാൽ രണ്ടിന് തെറിയും പുറകെ അടിയും ആണ് ഇപ്പോഴും രീതി. പൊതുസ്ഥലത്ത് സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം ഇപ്പോഴും തുടരുന്നു. ടൂറിസ്റ്റുകളെ  ആകർഷിക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനത്ത് ആളുകൾ കുറച്ചൊക്കെ പൊതുരംഗത്ത് പെരുമാറാൻ പഠിക്കേണ്ടതുണ്ട്.

വിദ്യാർഥികൾ പന്ത്രണ്ടാം തരം കഴിയുന്പോൾ തന്നെ വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നത് ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. വെങ്ങോലയിലെ പ്ലസ് ടു സ്‌കൂളിൽ പോലും ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും വിദേശത്തേക്ക് കുടിയേറണം എന്നാണ് ആഗ്രഹം. അതിന് സഹായിക്കുന്ന സ്ഥാപനങ്ങൾ വെങ്ങോലയിലും എത്തിക്കഴിഞ്ഞു. വലിയ താമസം ഇല്ലാതെ ഓരോ സ്‌കൂളിലും ഓരോ കുടിയേറാൻ സഹായിക്കുന്ന ഓഫീസ് ഉണ്ടാകും. ഇതിന്റെ അടിസ്ഥാന കാരണം സാന്പത്തികമാണെങ്കിലും നമ്മുടെ സമൂഹത്തിന്റെ പഴഞ്ചൻ ചിന്താഗതികളും കുട്ടികളുടെ മേൽ നടത്തുന്ന നിയന്ത്രണവും ഇതിന് കാരണമാണ്. അതുകൊണ്ട് തന്നെ നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നാലും സാന്പത്തിക വ്യവസ്ഥ മെച്ചപ്പെട്ടാലും വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയുടെ ശകലം ആണ് പറന്നു പോകുന്നത്.

മറു നാട്ടുകാരോടുള്ള മനോഭാവം ഇപ്പോഴും പിന്തിരിപ്പൻ ആണ്. നമ്മുടെ സമഗ്ര സാന്പത്തികമേഖലകളെയും പിടിച്ചു നിർത്തുന്നത് അവരാണ്. എന്നിട്ടും അവരെ നമ്മൾ ഇപ്പോഴും സംശയത്തോടെ കാണുന്നു, അന്യരായി മാറ്റി നിർത്തുന്നു. എന്നിട്ട് മറ്റു നാടുകളിലെ വിവേചനത്തെ പറ്റി, റേസിസത്തെ പറ്റി പരാതിപ്പെടുന്നു. 

പക്ഷെ എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് കേരളം മാറുന്നു, പുരോഗമിക്കുന്നു എന്ന് അംഗീകരിക്കാൻ മലയാളികൾ കാണിക്കുന്ന വിമുഖതയാണ്. മാറ്റത്തിന്റെ സൂചനകൾ തൊട്ടു മുന്നിൽ ഉണ്ട്. അല്പം എങ്കിലും ഓർമ്മയുള്ളവർക്ക്, കുറച്ചൊക്കെ യാത്ര ചെയ്തവർക്ക് ഇതൊന്നും പ്രകടമാകാതിരിക്കില്ല. പക്ഷെ എന്തുകൊണ്ടോ മാറ്റത്തിന്റെ വലിയ തിരമാലകൾ കാണാതെ കുഴപ്പത്തിന്റെ ചെറിയ കുമിളകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അത് ഊതി വീർപ്പിക്കാൻ ശ്രമിക്കാനാണ് ആളുകൾക്ക്, പ്രത്യേകിച്ചും മാധ്യമങ്ങളിൽ ഉളളവർക്ക് കൂടുതൽ താല്പര്യം എന്ന് തോന്നുന്നു.

ഒരു ഗ്ലാസ്സിൽ പകുതി വെള്ളം ഉണ്ടെങ്കിൽ അത് പകുതി നിറഞ്ഞ ഗ്ലാസ് ആയും പകുതി ഒഴിഞ്ഞ ഗ്ലാസ് ആയും കാണാമെന്ന് ഒരു ചൊല്ലുണ്ടല്ലോ. പക്ഷെ ഇന്ന് കേരളം പകുതി ഒഴിഞ്ഞ ഗ്ലാസ്സ്, വികസനത്തിന്റെ ഗതിയിലും വേഗത്തിലും നിറയുന്ന ഒന്നാണ്. അതിനെ ഭൂതക്കണ്ണാടി വച്ച് നോക്കി “ക്യാ ഹാഫ് ബോട്ടിൽ, ക്യാ ഫുൾ ബോട്ടിൽ” എന്ന് ചർച്ച ചെയ്യുന്നവരെ കേരളത്തിൽ  കാണുന്നത്  എനിക്ക് അന്പരപ്പ് ഉണ്ടാക്കുന്നുണ്ട്.

ഇതിന് പകരം നമ്മൾ എത്തിയിരിക്കുന്ന വികസനത്തിന്റെ പടവിനേയും അതിൻറെ രീതിയെയും അഭിമാനത്തോടെ നോക്കി കണ്ടിട്ട് സമഗ്രമായ വികസനം ഉള്ള, പരിസ്ഥിതിയെ സംരക്ഷിക്കുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന, പൊതുരംഗത്ത് മാന്യമായി പെരുമാറുന്ന, ഉയർന്ന ജനാധിപത്യ ബോധം ഉള്ള ലോകത്തിന് മാതൃകയായ ഒരു കേരളം എങ്ങനെ എത്തിപ്പിടിക്കാം എന്ന് എല്ലാവരും കൂടി ചിന്തിക്കുന്ന ഒരു കാലം ഉണ്ടാകുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 

മുരളി തുമ്മാരുകുടി

Leave a Comment