പൊതു വിഭാഗം

ക്യാംപസ് രാഷ്ട്രീയം വേണം, ക്യാംപസും

പെൺകുട്ടികൾ രാത്രി ഏഴുമണിയാകുന്പോൾ ഹോസ്റ്റലിൽ കയറുന്നതാണ് ശരിയെന്നത് പോലെ തന്നെ മലയാളികളുടെ ഒരു പൊതുബോധം ആണ് ക്യാംപസ് രാഷ്ട്രീയം എന്നത് അനാവശ്യം ആണെന്നത്. കുട്ടികൾ കോളേജിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ രാഷ്ട്രീയം കളിക്കാനോ പഠിക്കാനോ അല്ല എന്നതാണ് ന്യായം.

പക്ഷെ സ്‌കൂളിൽ തൊട്ട് രാഷ്ട്രീയം കണ്ടും നിരീക്ഷിച്ചും അത്യാവശ്യം കളിച്ചിട്ടുള്ള ആളെന്ന നിലക്ക് എനിക്ക് ആ അഭിപ്രായം ഇല്ല. ക്യാംപസിൽ ആണെങ്കിലും പുറത്താണെങ്കിലും രാഷ്ട്രീയം എവിടെയും ഉണ്ട്, ഉണ്ടാകണം. പ്രത്യേകിച്ചും ജനാധിപത്യ രാജ്യങ്ങളിലെ പൗരന്മാരായി ജീവിക്കുന്നവർ ജനാധിപത്യ രീതികളും രാഷ്ട്രീയവും സ്‌കൂൾ കാലം തൊട്ടേ അറിയണം.

ഇപ്പോഴത്തെ ക്യാംപസ് രാഷ്ട്രീയം ജനാധിപത്യപരമാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ട്. ക്യാന്പസിന് പുറത്തുള്ള അക്രമവും ജനാധിപത്യബോധത്തിന്റെ അഭാവവും കാന്പസിലും വരുന്നുണ്ട്, അത് പൊതുവെ കാന്പസ് രാഷ്ട്രീയത്തിന് ചീത്തപ്പേര് കൊടുക്കുന്നുണ്ട്, കാന്പസിൽ രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കത്തിന് ന്യായീകരണം കൊടുക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാലും കാന്പസിൽ രാഷ്ട്രീയം വേണം എന്ന ചിന്ത തന്നെയാണ് ഇപ്പോഴും ഉള്ളത്.

അതുകൊണ്ട് തന്നെയാണ് സമകാലീന കേരളത്തിൽ വിദ്യാർത്ഥികളെ ബാധിക്കുന്ന ഏറെ വിഷയങ്ങൾ കത്തി നിൽക്കുന്പോഴും കാന്പസുകളിൽ നിന്നും വിദ്യാർത്ഥി സംഘടനകളിൽ നിന്നും അതിനെച്ചൊല്ലി എതിർപ്പുകൾ പോയിട്ട് പ്രസ്താവനകൾ പോലും കാണാത്തത് എന്നെ അതിശയിപ്പിക്കുന്നത്.

ഉദാഹരണത്തിന് കോട്ടയത്ത് കമന്റടിക്കുന്നതിനെ ചോദ്യം ചെയ്ത പെൺകുട്ടിയെ ഗുണ്ടകൾ മർദ്ദിക്കുന്നു. ആ കുട്ടി പഠിക്കുന്ന കോളേജിലെ കുറച്ചു പെൺകുട്ടികൾ മുടി മുറിച്ചു പ്രതിഷേധിച്ചതല്ലാതെ മറ്റൊരു കോളേജിൽ നിന്നും പ്രതിഷേധത്തിന്റെ സ്വരം കേട്ടില്ല. കേരളത്തിലെ വിദ്യാർത്ഥി സംഘടനകളുടെ വെബ്‌സൈറ്റിൽ നോക്കി ഒന്നുമില്ല. ട്വിറ്ററിൽ?, അവിടെയും ഇല്ല. ഫേസ്ബുക്കിലോ? ഇല്ല. ഇതൊക്കെ അമ്മാവന്മാരുടെ രീതി ആണെന്ന് വെക്കാം, ഇൻസ്റ്റാഗ്രാമിൽ?, ഒന്നുമില്ല !.

പെൺകുട്ടികൾ മുറിച്ചിട്ട മുടിയുടെ വിലപോലും ഈ വിഷയത്തിന് നമ്മുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നൽകിയ മട്ടില്ല.

കോഴിക്കോട് ഹോസ്റ്റൽ വിഷയം കോടതിയിലും മാധ്യമങ്ങളിലും നില നിൽക്കുന്നു.

ഏതെങ്കിലും കാന്പസിൽ ഐക്യദാർഢ്യം?, വിദ്യാർത്ഥി സംഘടനകളുടെ പ്രധിഷേധം?, സമരം?, പ്രസ്താവന?

ഒന്നുമില്ല

യൂണിവേഴ്സിറ്റികളിൽ, വൈസ് ചാൻസലർ ഉള്ളിടത്തും ഇല്ലത്തിടത്തും ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാൻ മാസങ്ങളും ചിലപ്പോൾ വർഷങ്ങളും എടുക്കുന്നു.

എന്തെങ്കിലും പ്രസ്താവന?, പ്രധിഷേധം?

ഒന്നുമില്ല

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താനുള്ള മൂന്നു കമ്മീഷനുകൾ, അതിൻറെ റിപ്പോർട്ടുകൾ, നിർദ്ദേശങ്ങൾ ?

ഏതൊക്കെ കാന്പസിലാണ് ഈ വിഷയങ്ങളിൽ ചർച്ച നടക്കുന്നത്?

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അതിവേഗതയിൽ മാറ്റങ്ങൾ യു.ജി.സി. കൊണ്ടുവരുന്നു.

വിദ്യാർഥികൾ ശ്രദ്ധിക്കുന്നുണ്ടോ?, വിദ്യാർത്ഥി സംഘടനകൾ ശ്രദ്ധിക്കുന്നുണ്ടോ?

ഏതൊക്കെ കാന്പസിൽ ആരൊക്കെ ജയിച്ചു എന്നൊക്കെയുള്ള വാർത്തകൾ മാത്രമാണ് പ്രധാനമായി കാണുന്നത്.

ഒരു കാര്യമെങ്കിലും വിദ്യാർത്ഥി സംഘടനകൾ ശ്രദ്ധിക്കണം

കേരളത്തിലെ ക്യാംപസുകൾ നമ്മുടെ പുതിയ തലമുറ ഒഴിവാക്കുകയാണ്

കോളേജുകളിൽ ഈ വർഷം തന്നെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

അഞ്ചു വർഷത്തിനകം കോളേജുകൾ തന്നെ ഒഴിഞ്ഞു തുടങ്ങും

കാന്പസ് ഉണ്ടെങ്കിൽ അല്ലേ കാന്പസ് രാഷ്ട്രീയം ഉണ്ടാകൂ.

എന്തുകൊണ്ടാണ് നിങ്ങളുടെ സുഹൃത്തുക്കൾ നാടുവിടുന്നത് എന്നൊരു അന്വേഷണം എങ്കിലും നടത്തണം.

ഇല്ലെങ്കിൽ പിന്നെ മുറിച്ചിട്ട മുടിപോലെ…

മുരളി തുമ്മാരുകുടി

Leave a Comment