പൊതു വിഭാഗം

കേരളം, വിദ്യാഭ്യാസം, തൊഴിൽ, സ്വാതന്ത്ര്യം

കേരളത്തെ പറ്റി പറയുകയും എഴുതുകയും ചെയ്യുന്പോൾ ഇപ്പോൾ ഒരു നെഗറ്റിവിറ്റി കടന്നു വരുന്നുണ്ടോ എന്ന് പലർക്കും സംശയം. ചിലർ അതിന് രാഷ്ട്രീയ മാനങ്ങൾ കാണുന്നു.

സംശയിക്കേണ്ട !

കഴിഞ്ഞ മാസം ഞങ്ങൾ നടത്തിയ സർവ്വേയിൽ കണ്ടത് ഇപ്പോൾ കേരളത്തിൽ ഉള്ള പത്തിൽ ഒന്പത് വിദ്യാർത്ഥികളും യുവാക്കളും കേരളത്തിന് പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നതാണ്. ഡെമോഗ്രഫി ഈസ് ഡെസ്ടിനി എന്നാണ്. നമ്മുടെ യുവാക്കൾ പുറത്തേക്ക് പോകുന്ന ഒരു സാഹചര്യം മുൻകൂട്ടി കാണുന്ന ഒരാൾക്ക് പോസിറ്റിവ് ആകാൻ കഴിയില്ല.

ഇതിന് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുകയാണ് വേണ്ടത് എന്ന് ചിലർ ചിന്തിക്കുന്നു. ഇതാണ് എന്നെ വിഷമിപ്പിക്കുന്നത്. ശരിയായ രോഗ നിർണ്ണയം ഇല്ല, തെറ്റായ ചികിത്സയാണ്.

നമ്മുടെ വിദ്യാഭ്യാസ രംഗം ഉടച്ചു വർക്കേണ്ടത് തന്നെയാണ്. പക്ഷെ ഉന്നതമായ വിദ്യാഭ്യാസം തേടി മാത്രമല്ല നമ്മുടെ വിദ്യാർഥികൾ പോകുന്നത്. കൂടുതൽ സ്വാതന്ത്ര്യം തേടി കൂടിയാണ്. വൈകീട്ട് ഏഴുമണിയാകുന്പോൾ ഹോസ്റ്റൽ അടച്ചിടുന്ന “ഏറ്റവും ഉന്നതമായ” കോളേജ് ഉണ്ടെങ്കിലും ആ വിഷയത്തിന് പരിഹാരമാകില്ല.

നമ്മുടെ കുട്ടികളെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ചങ്ങലകളിൽ നിന്നും ഭൂതക്കണ്ണാടിയിൽ നിന്നും മോചിപ്പിക്കണം. പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനും മാതാപിതാക്കളുടെ വീടിന് പുറത്ത് താമസിക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടാക്കണം.

കേരളത്തിൽ പഠനത്തിനൊപ്പം തൊഴിൽ ചെയ്യുന്ന യുവാക്കൾക്ക് താമസിക്കാൻ ഓരോ നഗരത്തിലും ചുരുങ്ങിയ വാടകക്ക് ആയിരക്കണക്കിന് വൺ ബെഡ് റൂം അപ്പാർട്മെന്റുകൾ ഉണ്ടാകണം. നമ്മുടെ നഗരങ്ങൾ പകലും രാത്രിയും സജീവമാക്കണം. യുവാക്കളുടെ പുറകെ സദാചാരം, മയക്കു മരുന്ന് എന്നൊക്കെ പറഞ്ഞു വീട്ടുകാരും, നാട്ടുകാരും, പോലീസും പോകുന്നത് നിറുത്തണം.

യുവാക്കളെ കെട്ടുപാടുകളിൽ നിന്നും മോചിപ്പിച്ചാൽ അവർ ആഗ്രഹിക്കുന്ന ഒരു സമൂഹം അവർ ഇവിടെത്തന്നെ നിർമ്മിച്ചെടുക്കും. സാന്പത്തിക സാഹചര്യം ഉള്ളവർ പോലും സ്വാതന്ത്ര്യത്തിന് വേണ്ടി നാട് വിടുന്നത് നിലക്കും.

രണ്ടാമത് കൂടുതൽ ശന്പളം തേടിയാണ് നമ്മുടെ കുട്ടികൾ പോകുന്നത്. കേരളത്തിലെ ഐ.ഐ.ടി. യിൽ നിന്നും പാസ്സാകുന്നവർക്ക് പോലും പതിനായിരം രൂപ മാസം കിട്ടുന്ന ഒരു ജോലി കൊടുക്കാൻ ഇല്ലെങ്കിൽ എങ്ങനെയാണ് അവർ ഇവിടെ നിൽക്കുന്നത്?

കേരളത്തിൽ ഇന്ന് ഒരു പ്രൊഫഷണൽ ബിരുദധാരിക്ക് സർക്കാരിന് പുറത്ത് കിട്ടുന്ന ശാരാശരി ശന്പളം വച്ച് ജോലി ചെയ്താൽ അവരുടെ ആയുഷ്‌ക്കാലത്ത് ഒരു വീട് ഉണ്ടാക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. അപ്പോൾ അവർക്ക് മാതാപിതാക്കളുടെ സന്പാദ്യത്തെ ആശ്രയിക്കേണ്ടി വരും, അപ്പോൾ യുവാക്കളുടെ ജീവിതത്തിൽ അവർ ഇടപെടും. വിവാഹം കഴിഞ്ഞാലും അവർക്ക് മാറിത്താമസിക്കാൻ പറ്റിയെന്ന് വരില്ല. ആളുകൾ വിവാഹം തന്നെ വെറുക്കുന്ന സാഹചര്യമാകും.

ഇതിന് നമ്മുടെ സന്പദ്‌വ്യവസ്ഥ കൂടുതൽ പ്രൊഡക്ടീവ് ആകണം. ടെക്‌നീഷ്യൻ തൊഴിലുകൾ ചെയ്യുന്നവർക്ക് മാസം അന്പതിനായിരം രൂപയും പ്രൊഫഷണൽ ആയവർക്ക് ഒരു ലക്ഷം രൂപയും എങ്കിലും ശന്പളം കിട്ടുന്ന ജോലികൾ നമ്മുടെ നാട്ടിൽ ഉണ്ടാകണം. നമ്മുടെ സന്പദ്‌വ്യവസ്ഥയിൽ ഇപ്പോൾ ലോകത്ത് നിലനിൽക്കുന്ന സാങ്കേതിക വിദ്യകൾ കൊണ്ടുവന്നാൽ തന്നെ ഇത് സാധ്യമാകും.

കേരളത്തിൽ നിന്നുള്ള ധാരാളം ആളുകൾ പുറത്തേക്ക് പോകുന്നതും പുറത്തുള്ള ആളുകൾ തിരിച്ചു വരുന്നതും ഇക്കാര്യം എളുപ്പമാക്കും.

എന്നാൽ മാത്രമേ ഒരു ശരാശരി മധ്യവർഗ്ഗ ജീവിതം എങ്കിലും കേരളത്തിൽ ജോലി ചെയ്ത് കെട്ടിപ്പടുക്കാൻ സാധിക്കും എന്നൊരു ചിന്ത നമ്മുടെ യുവാക്കളിൽ ഉണ്ടാകൂ.

ഇങ്ങനെയുള്ള ചിന്ത ഒരിടത്തും കാണുന്നില്ല. ഇതാണ് എന്നെ വിഷമിപ്പിക്കുന്നത്.

മുരളി തുമ്മാരുകുടി

1 Comment

  • മുങ്ങി മരണം തടയാൻ കുളത്തിൽ മുങ്ങിക്കുളിയും നിരോധിച്ചല്ലോ. മുങ്ങി കുളിക്കാൻ വരുന്ന കുട്ടികളുടെ സുരക്ഷ നാട്ടുകാരെയും പോലീസിനെയും നോക്കാൻ ഏല്പിച്ചിട്ടുണ്ട് . രണ്ടു കൂട്ടരും ഒന്നിനൊന്നു മെച്ചം.

Leave a Comment