പൊതു വിഭാഗം

കേരളം – ഫൈവ് സ്റ്റാറിനും അപ്പുറത്തുള്ള ടൂറിസം

രണ്ടു വളരെ നല്ല വാർത്തകൾ ആണ് കേരളത്തെ പറ്റി ഇന്ന് വായിച്ചത്.

ഒന്നാമത്തേത് കോഴിക്കോട്ടെ പാരഗൺ ലോകത്തെ തന്നെ ഏറ്റവും നല്ല റെസ്റ്റോറന്റുകളിൽ പതിനൊന്നാമതായി സ്ഥാനം പിടിച്ചു എന്നത്. ഇന്ത്യയിലെ ഒന്നാമതും.

രണ്ടാമത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ കേരളം നന്പർ വൺ ആണെന്നത്. ഇന്ത്യയിൽ മൊത്തം 352  ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ളതിൽ 46 എണ്ണവും കേരളത്തിലാണ് എന്നത്. ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെയുള്ള കേരളത്തിലാണ് 13 ശതമാനം പഞ്ച നക്ഷത്ര ഹോട്ടലുകളും !

ഇതിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണം നമ്മുടെ ടൂറിസം രംഗത്തെ വളർച്ചയെ സൂചിപ്പിക്കുന്പോൾ പാരഗൺ ഹോട്ടൽ ടൂറിസത്തിന്റെ സാധ്യതകളെ ആണ് സൂചിപ്പിക്കുന്നത്. വലിയ സന്തോഷം.

ടൂറിസത്തിന്റെ കാര്യത്തിൽ കേരളം വളരെ നല്ല പുരോഗതിയാണ് നടത്തുന്നത് എന്നതിൽ സംശയമില്ല. വാസ്തവത്തിൽ ഇപ്പോഴത്തേതിന്റെ പല മടങ്ങ് ടൂറിസം നമുക്ക് സാധ്യമാണ്.

കേരളത്തിൽ ഒരു വർഷം എത്ര ടൂറിസ്റ്റുകൾ എത്തുന്നുണ്ട് എന്നതിൽ നമുക്ക് അത്ര കൃത്യമായ കണക്കില്ല. ഏകദേശം ഒന്നര കോടി ആഭ്യന്തര ടൂറിസ്റ്റുകളും ഇരുപത് ലക്ഷത്തോളം വിദേശ ടൂറിസ്റ്റുകളും എന്നതാണ് കോവിഡിന് മുൻപ് ഞാൻ ഓർത്തിരിക്കുന്ന കണക്ക്. ഈ വർഷം ഒരുപക്ഷെ അതിലും കൂടിയേക്കും (ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന സമ്മർ ആണ് ഇപ്പോൾ, വിമാനത്താവളങ്ങൾ സഞ്ചാരികളെക്കൊണ്ട് കൊണ്ട് നിറഞ്ഞു കവിയുകയാണ്, ഇന്നലെ ഒറ്റ ദിവസം ദുബായ് എയർപോർട്ടിൽ കൂടെ കടന്നു പോയത് ഒരു ലക്ഷം ആളുകളാണ്).

ടൂറിസത്തിൽ പക്ഷെ നമ്മുടെ സാധ്യത ഇതൊന്നുമല്ല. കേരളത്തിലെ ജനസംഖ്യയുടെ അത്രയെങ്കിലും ടൂറിസ്റ്റുകൾ ഓരോ വർഷവും കേരളത്തിൽ എത്തണം എന്നതാണ് എന്റെ ആഗ്രഹം. ടൂറിസം നന്നായി വികസിച്ച രാജ്യങ്ങളിൽ  അതാണ് സ്ഥിതി. അതായത് ഇപ്പോഴത്തേതിന്റെ ഇരട്ടി. ഇത് സാധ്യമാണ്, കാരണം കേരളത്തിൽ ഓരോ ഗ്രാമവും ടൂറിസം സാദ്ധ്യതകൾ ഉള്ളതാണ്. പ്രകൃതി, കല, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം ഇതൊക്കെ ടൂറിസം സാദ്ധ്യതകൾ ആയി വികസിപ്പിക്കാവുന്നതാണ്.

ഇതിന് ഫൈവ് സ്റ്റാർ ഹോട്ടലുകൾ മാത്രം പോരാ. ഓരോ ഗ്രാമത്തിലും ടൂറിസ്റ്റുകൾക്ക് വരാനും താമസിക്കാനും ഉള്ള സൗകര്യങ്ങൾ ഉണ്ടാകണം. അവരെ ഗ്രാമത്തിലെ കാഴ്ചകളും ഭക്ഷണവും  അനുഭവിപ്പിക്കാനുള്ള സൗകര്യം ഉണ്ടാകണം. ഇതും ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ലക്ഷക്കണക്കിന് വീടുകൾ ആണ് കേരളത്തിൽ വെറുതെ കിടക്കുന്നത്. അതിൽ പത്തു ശതമാനം ഹോം സ്റ്റേ ആക്കിയാൽ തന്നെ താമസ സൗകര്യത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.

കേരളത്തിൽ ക്യാന്പിങ്ങിന് സൗകര്യം ഒരുക്കാൻ ഗ്രാമങ്ങളിൽ എവിടെയും പറന്പുകൾ വെറുതെ കിടക്കുന്നു. ആയിരക്കണക്കിന് യുവ സംരംഭകരാണ് ഹോം സ്റ്റേയും അഡ്വെഞ്ചർ ടൂറിസവും ക്യാന്പിംഗും നടത്താൻ തയ്യാറായിട്ടുള്ളത്. കേരളത്തിലേക്ക് ആളുകളെ എത്തിക്കാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ നാലെണ്ണം. കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഓടിക്കാൻ അന്താരാഷ്ട്ര വിമാനക്കന്പനിൽ പലതും തയ്യാർ. കേരളത്തിലേക്ക് വരാൻ ലോകത്തെവിടെയും ആളുകൾ തയ്യാർ.

ഇനി മാറേണ്ടത് രണ്ടേ രണ്ടു കൂട്ടരാണ്. ഒന്നാമത്തേത് സർക്കാരിലെ ഉദ്യോഗസ്ഥർ ആണ്.

സർക്കാർ തലത്തിൽ, മന്ത്രിയുടെ തലത്തിൽ പ്രത്യേകിച്ചും, ടൂറിസത്തെ പ്രമോട്ട് ചെയ്യുന്ന പോളിസി ആണ്.

എന്നാൽ പഞ്ചായത്ത് തലത്തിൽ പോലും ഇലക്ട്രിസിറ്റി, വെള്ളം, പോലീസ്, ഹെൽത്ത്, ടൂറിസം തുടങ്ങി സർക്കാർ സംവിധാനങ്ങൾ എല്ലാം തന്നെ ചെറുകിട ടൂറിസം ഓപ്പറേറ്റർമാരെ ബുദ്ധിമുട്ടിക്കാൻ കരുതിക്കൂട്ടി ഇറങ്ങിയിരിക്കുന്ന പോലെയാണ്.

യുവ സംരംഭകർ പുതിയ എന്തെങ്കിലും ആശയങ്ങളുമായി വരുന്പോൾ അതിന് വേണ്ടത്ര  സഹായങ്ങൾ ചെയ്ത് ഏറ്റവും വേഗത്തിൽ നടത്തി കൊടുക്കേണ്ടതിന് പകരം അത് പണത്തിന് വേണ്ടിയോ അല്ലാതെയോ ഏറ്റവും വൈകിപ്പിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥരുടേത്. ഇവരിൽ ഏതെങ്കിലും ഒരു വകുപ്പിലെ ഏതെങ്കിലും ഒരാൾക്ക് നീരസം ഉണ്ടായാൽ പിന്നെ ആ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല.

കഴിഞ്ഞ പ്രാവശ്യം മന്ത്രി ശ്രീ മുഹമ്മദ് റിയാസിനെ P A Muhammad Riyas കാണുന്പോൾ ഞാൻ സ്വിറ്റ്സർലാന്റിൽ ആണ്. അന്ന് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. സ്വിറ്റ്സർലാന്റിലെ എന്റെ വീട് (വാടകവീടാണെങ്കിൽ പോലും) അന്ന് രാത്രി മറ്റൊരാൾക്ക് വാടകക്ക് കൊടുക്കാൻ എയർ ബി ആൻഡ് ബി യിൽ പരസ്യം കൊടുക്കാൻ എനിക്ക് ഒരു നിയമ തടസ്സവും ഇല്ല.

വർഷത്തിൽ തൊണ്ണൂറു ദിവസം വരെ വാടകക്ക് കൊടുക്കാൻ ഒരു പെർമിറ്റും വേണ്ട. കിട്ടുന്ന കാശിന് ടാക്സ് കൊടുത്താൽ മാത്രം മതി.

തൊണ്ണൂറു ദിവസത്തിന് മുകളിൽ ബിസിനസ്സ് ഉണ്ടെങ്കിൽ സർക്കാരിൽ നിന്നും പെർമിഷൻ വേണം, അതും കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഒരിക്കൽ പെരുന്പാവൂരിൽ വെറുതെ കിടക്കുന്ന എന്റെ വീട് ഹോം സ്റ്റേ ആക്കാൻ ഞാൻ ഒരു ശ്രമം നടത്തി. അതിനാവശ്യമായ പേപ്പർ വർക്ക് കണ്ട എന്റെ കണ്ണ് തള്ളി. മുനിസിപ്പാലിറ്റി മുതൽ പോലീസിന്റെ അംഗീകാരം വരെ വേണം (ഇപ്പോൾ അയൽക്കാരുടെയും). അതിന് വീട്ടിലെ ബാത്ത് റൂമിലെ കണ്ണാടിയുടെ കണക്ക് മുതൽ വീടിന്റെ ആധാരം വരെ സമർപ്പിക്കണം. ഓരോ സർക്കാർ ഓഫീസിലെ പെർമിഷനും വരുന്പോൾ സമയം + പണം എന്ന് കൂട്ടണം. ഇത് കിട്ടി വരാൻ മാസങ്ങൾ അല്ല, വർഷങ്ങൾ എടുക്കും. ഞാൻ പിന്നെ ആ വഴി പോയില്ല, പോയവർ പറഞ്ഞ കാര്യം കേട്ടപ്പോൾ പോകാതിരുന്നത് നന്നായി എന്ന് തോന്നി.

ഈ നടപ്പൊക്കെ നടന്നു ലൈസൻസുകൾ കിട്ടിയായാലോ ശല്യം തീരുമോ. ഇല്ല, നന്നായി നടത്തുന്ന പ്രസ്ഥാനം ആണെങ്കിൽ മാസപ്പടി. എങ്ങനെ നടക്കുന്നതാണെങ്കിലും സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥരോ അവരുടെ ബന്ധുക്കളോ കുടുംബങ്ങളോ സുഹൃത്തുക്കളോ ഓസിന് അല്ലെങ്കിൽ ഡിസ്കൗണ്ടിന് വന്നിട്ടുള്ള താമസം.

ഓരോ പെർമിഷനും ഇടക്കിടക്ക് പുതുക്കണം. അതുകൊണ്ട് ആരെയും വെറുപ്പിക്കാൻ വയ്യ താനും. അതിനും സമയം, പണം ഒക്കെ വേണം. 

വീട്ടിൽ രണ്ടു കുപ്പി ബിയർ വാങ്ങി വച്ചാൽ എക്സൈസ് കേസായി. ടൂറിസ്റ്റിന്റെ കയ്യിൽ നിന്നെങ്ങാനും വിദേശ കറൻസി വാങ്ങിയാൽ ഫെമ കേസായി. ഇതിനൊക്കെ പുറമെ നമ്മുടെ കളക്ടർമാർ ചെയ്യുന്ന ഒരു സഹായം കൂടിയുണ്ട്. ഒരു നല്ല മഴ വന്നാൽ ഉടൻ ” ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ടൂറിസം നിരോധിക്കുക.”

ബാങ്ക് ലോൺ എടുത്ത് ഹോം സ്റ്റേ ഉണ്ടാക്കിയ ആൾ ബുദ്ധിമുട്ടിൽ. ഹോം സ്റ്റെയിൽ ഭക്ഷണം പാകം ചെയ്തു കൊടുത്തുകൊണ്ടിരുന്നവർ പട്ടിണിയിൽ. കേരളം കാണാൻ ആറു മാസം മുൻപേ ഹോം സ്റ്റേ ബുക്ക് ചെയ്ത് വിമാന ടിക്കറ്റെടുത്തിരുന്നവർക്ക് ആശാഭംഗം, ധന നഷ്ടം. അവർ നമ്മുടെ പിതൃസ്മരണ ചെയ്യുന്നതോടൊപ്പം പിന്നീട് ഈ വഴിക്ക് വരാതെയുമാകുന്നു.

എന്നാൽ “ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നുണ്ടോ” അതുമില്ല. കുറച്ചു ദിവസം കഴിഞ്ഞു ഹോം സ്റ്റേ ഓപ്പറേറ്റർമാർ  “ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ” വീണ്ടും ആളുകളെ കൊണ്ട് വരുന്നു. പത്തുലക്ഷം ജനസംഖ്യയുള്ള ഇടുക്കിയിൽ ഹോംസ്‌റ്റേയിൽ താമസിക്കുന്നത് ദിവസം അതിന്റെ ഒരു ശതമാനം പോലുമില്ല. അവർ വന്നാലും ഇല്ലെങ്കിലും അപകട സാധ്യത മാറുന്നത് ഒരു ശതമാനമാണ്. പക്ഷെ ഹോം സ്റ്റേ പൂട്ടിയിട്ടാൽ നശിക്കുന്നത് ഒരു വ്യവസായവും മോശമാകുന്നത് നമ്മുടെ ബ്രാൻഡും ആണ്.

ഹോം സ്റ്റേ ഓപ്പറേറ്റർമാർക്കും ടാക്സി ഡ്രൈവർമാർക്കും എല്ലാം സുരക്ഷയിൽ പരിശീലനം നൽകുക, അങ്ങനെ പരിശീലനം നൽകിയവർ നടത്തുന്ന ഹോംസ്റ്റേക്ക് ഈ “ഇനിയൊറിയിപ്പുണ്ടാകുന്നത്” വരെയുള്ള പൂട്ടിയിടലിൽ നിന്നും ഇളവ് കൊടുക്കണം. അവരൊന്നും ടൂറിസ്റ്റുകളുടെ ജീവനുമായി റിസ്ക് എടുക്കില്ല, അതവരുടെ അന്നമല്ലേ.

ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്. കേരളത്തിലെ ഒരു വികസന പ്രതിസന്ധി കേരളത്തിലെ സർക്കാർ സംവിധാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നമ്മുടെ വികസനം ഒരു വിഷയമല്ല എന്നതാണ്. അവർക്കുള്ള ശന്പളം, അത് കന്പോളത്തിൽ അവരുടെ സ്കില്ലിന് ലഭിക്കുന്നതിൽ പല മടങ്ങാണ്, എന്താണെങ്കിലും കിട്ടും. അപ്പോൾ ഹോം സ്റ്റേ ഉണ്ടായാൽ എന്ത് ഇല്ലെങ്കിൽ എന്ത്. ക്യാന്പുകൾ ഉണ്ടായാൽ എന്ത്, പൂട്ടിയാൽ എന്ത്.

ഇത് മാറണമെങ്കിൽ സർക്കാർ സംവിധാനങ്ങളിൽ ഉള്ളവരുടെ ശന്പളം അവിടുത്തെ വികസന സൂചികകളുമായി ബന്ധിപ്പിക്കണം. 

ടൂറിസം വികസനത്തിൽ അടുത്ത തടസ്സം നമ്മുടെ “സദാചാര പോലീസ്” ആണ്. ടൂറിസം വികസനം എന്ന് പറയുന്പോൾ തന്നെ മദ്യം, മയക്ക് മരുന്ന്, വ്യഭിചാരം എന്നൊക്കെ പറഞ്ഞു മുറവിളി കൂട്ടും. ഒരു ടൂറിസ്റ്റുകളുടെയും സഹായമില്ലാതെ തന്നെ ഇവിടെ ഇതൊക്കെ ആവശ്യത്തിൽ കൂടുതൽ ഉണ്ട്.

ടൂറിസമാണ് കേരളത്തിന്റെ സാന്പത്തിക ഭാവിയുടെ അടിസ്ഥാനം എന്ന് മലയാളികൾ മനസ്സിലാക്കിയാൽ, അവരെ മനസ്സിലാക്കിയാൽ, സദാചാര പൊലീസിംഗിനെതിരെ സീറോ ടോളറൻസ് ഉണ്ടായാൽ, മദ്യത്തിന്റെ പൊളിസി ആധുനികമായാൽ ടൂറിസ്റ്റുകൾ ശറ പറേന്നു വരും. പ്രതിവർഷ ടൂറിസ്റ്റുകളുടെ എണ്ണം മൂന്നു കൂടി കടക്കും. നമ്മുടെ വിമാനത്താവളങ്ങൾ മതിയാകാതാകും. നമ്മുടെ വരുമാനം ഉയരും. നമ്മുടെ വിദ്യാർത്ഥികൾക്ക് നാട് കടക്കാതേയും ജീവിക്കാമെന്നാകും. മാറ്റം സാധ്യമാണ്. പക്ഷെ നമ്മൾ വിചാരിക്കണം…

മുരളി തുമ്മാരുകുടി

May be a graphic of map and textMay be a graphic of map and text

Leave a Comment