പൊതു വിഭാഗം

കെട്ടിടം പൊളിക്കുന്ന എഞ്ചിനീയർ

2011 ലെ കണക്കനുസരിച്ച് കേരളത്തിൽ 77 ലക്ഷം കുടുംബങ്ങൾ ഉണ്ട്.

വീടില്ലാത്ത കുടുംബങ്ങൾ ഏതാണ്ട് മൂന്നര ലക്ഷം വരും.

അപ്പോൾ ചുരുങ്ങിയത് കേരളത്തിൽ 73 ലക്ഷം വീടുകൾ ഉണ്ട്

അതേ സെൻസസ് അനുസരിച്ചു കേരളത്തിൽ പത്തു ലക്ഷം വീടുകൾ വെറുതെ കിടക്കുന്നുണ്ട്.

അപ്പോൾ കെട്ടിടങ്ങളുടെ എണ്ണം 83 ലക്ഷം ആയി.

പള്ളി മുതൽ പള്ളിക്കൂടം വരെയും വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയും ഉള്ള കെട്ടിടങ്ങൾ കൂട്ടിയാൽ ഒരു പത്തു ലക്ഷം കൂടി വരും. സംശയം ഉണ്ടെങ്കിൽ ഒരു പത്തു ശതമാനം കൂടി കൂട്ടിക്കോ. കെട്ടിടങ്ങളുടെ എണ്ണം ഒരു കോടിയോട് അടുക്കും.

ഇനി നമുക്കൊരു നൂറു വർഷം പിന്നിലേക്ക് പോകാം.

അന്ന് കേരളത്തിൽ എത്ര കുടുംബങ്ങൾ ഉണ്ടായിരുന്നു?

കൃത്യം കണക്കില്ല.

ഇപ്പോഴത്തെ ജനസംഖ്യ ഏതാണ്ട് 330 ലക്ഷം

1921 ലെ ജനസംഖ്യ ഏകദേശം 80 ലക്ഷം

ഇപ്പോഴത്തെ കുടുംബത്തിൽ ശരാശരി നാല് ആളുകൾ ഉണ്ടെങ്കിൽ, അന്ന് എട്ട് ആളുകൾ ഉണ്ടായിരുന്നു.

അപ്പോൾ വീടുകളുടെ എണ്ണം ഏകദേശം പത്തു ലക്ഷം.

പള്ളിയും പള്ളിക്കൂടവും വില്ലേജ് ഓഫീസും ഹജൂർ കച്ചേരിയും കുടിലും കൊട്ടാരവും ഒക്കെയായി ഒരു പതിനഞ്ചു ലക്ഷം കൂട്ടാം.

അപ്പോൾ കഴിഞ്ഞ നൂറു വർഷത്തിനിടക്ക് കേരളത്തിൽ 80 ലക്ഷം പുതിയ കെട്ടിടങ്ങൾ ഉണ്ടായി.

പോരാത്തതിന് 2021 ൽ ഉണ്ടായിരുന്ന കെട്ടിടങ്ങളിൽ ബഹു ഭൂരിപക്ഷവും പൊളിച്ചു പുതുക്കി പണിതിട്ടുണ്ട്.

ചുമ്മാതാണോ നമ്മുടെ മലയൊക്കെ കുഴിയായത് ?

ഇനിയല്ലേ രസം

ഒരു നൂറു കൊല്ലം കഴിയുന്പോൾ എന്താകും സ്ഥിതി.

കേരളത്തിലെ ജനസംഖ്യ ഇന്നത്തേക്കാൾ കുറയും, സംശയം വേണ്ട. കേരളത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് റീപ്ലേസ്‌മെന്റ് നിരക്കായ 2.1 ൽ താഴെയാണ്. കേരളത്തിന്റെ വളർച്ച ഇനി മറ്റു നാട്ടുകാർ ഇങ്ങോട്ട് വരുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിലുള്ളവർ തന്നെ നാട് കടക്കുന്പോൾ ഇനി അധികം പേർ വരുമെന്നും പ്രതീക്ഷിക്കാനില്ല.

അപ്പോൾ ജനം കുറയും

വീടുകളുടെ ആവശ്യം ഇല്ലാതാകും.

പക്ഷെ അത് മാത്രമല്ല, അതിവേഗതയിൽ നഗരവൽക്കരണം നടക്കുകയാണ്.

ഗ്രാമങ്ങളിൽ ഉള്ള വീടുകൾ മിക്കവാറും ശൂന്യമാകും, ഇപ്പോൾ ഉള്ള വീടുകൾ എൺപത് ലക്ഷം വീടുകളിൽ വലിയ പങ്കും പൊളിച്ചു കളയും. ആരെങ്കിലും ഗ്രാമങ്ങളിൽ ബാക്കിയുണ്ടെങ്കിൽ അവരുടെ വീടുകൾ പൊളിച്ചു പണിയേണ്ടി വരും.

ഇപ്പോൾ കാണുന്ന ഫ്ലാറ്റുകൾ  പൊളിച്ചു പണിയേണ്ടി വരും. അല്ലെങ്കിൽ പൊളിഞ്ഞു വീണു തുടങ്ങും.

ഇതൊന്നും പ്രവചിക്കാൻ കവടി ഒന്നും വേണ്ട, ബോംബെ വരെ ഒന്ന് പോയിട്ട് വന്നാൽ മതി.

സിവിൽ എൻജിനീയർമാരെ കെട്ടിടം പൊളിക്കാൻ പഠിപ്പിക്കേണ്ട കാലമായി. ഇനിയുള്ള കാലത്ത് അതിനാണ് ഡിമാൻഡ്.

ഇനി വരുന്ന കാലത്ത് കേരളത്തിൽ പീഡിയാട്രിക്സ് വിദഗ്ദ്ധരെക്കാൾ ഡിമാൻഡ് ഗെറിയാട്രിക്സുകാർക്ക് ആയിരിക്കും എന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. കൂട്ടി വായിക്കാം.

ഒരു കാര്യം കൂടി പറയാം

2200 ൽ എന്ത് സംഭവിക്കും എന്നതിൽ ഇപ്പോൾ ജീവിക്കുന്നവർക്ക് ഒരു താല്പര്യവും ഇല്ല. അതുകൊണ്ടാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിലൊക്കെ വളരെ നാളായി ഒരു ആക്ഷനും ഇല്ലാതിരുന്നത്.

എന്നാൽ കേരളത്തിൽ ആളൊഴിയുന്ന ഗ്രാമങ്ങൾ ഉണ്ടാകുന്നതും ഫ്ലാറ്റുകൾ പൊളിഞ്ഞു വീഴുന്നതും കാണാൻ അടുത്ത നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ട കാര്യമില്ല.

2050 ആകുന്പോഴേക്കും അതൊക്കെ കാണാം.

അപ്പോൾ കെ.ടി.യു. വിന്റെ പുതിയ വൈസ് ചാൻസലർ ഒരു കെട്ടിടം പൊളി ഡിഗ്രി കോഴ്സ് തുടങ്ങണം. ഫ്ലാറ്റ്  പൊളിക്കാൻ ഇനി വടക്കേ ഇന്ത്യയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നും ആളെ കൊണ്ടുവരേണ്ട സ്ഥിതി ഉണ്ടാക്കരുത്.

മുരളി തുമ്മാരുകുടി

സുഹൃത്ത് സുരേഷിന്റെ രസകരമായ ലേഖനം വായിച്ചപ്പോൾ തോന്നിയത്

May be an image of 1 person, tree, outdoors and text that says "മലയാളികൾക്ക് മാത്രമല്ല വീടിനും പ്രായമാകുന്നു; കാത്തിരിക്കുന്നത് പരീക്ഷണകാലം സുരേഷ് മഠത്തിൽവളപ്പിൽ NOVEMBER 03, 2022 02:29 PM IST EASYFITNESS.club Dein EASYFITNESS.club bald auch in Rüsselsheim. Sei dabei wenn wir die Tore öffnen. Representative shutterstock image SHARE ഈയടുത്തകാലത്താണ് എൻ്റെ ഒരു അനന്തരവൻ സിവിൽ എൻജിനീയറിങ് പരീക്ഷ പാസായത്. സംഗതി സ്വന്തം അമ്മാവനായതിനാലും, ഈ വിഷയത്തിൽ വർഷങ്ങൾക്ക് മാമ്ള കഒമിയിൽ മലങ്ങിന"

Leave a Comment