പൊതു വിഭാഗം

കുടിയേറ്റ ചർച്ചകളും ചർച്ചകൾക്കപ്പുറവും

കഴിഞ്ഞ മൂന്നു ദിവസമായി തിരുവല്ലയിൽ നടക്കുന്ന “കേരള മൈഗ്രേഷൻ കോൺക്ലേവിൽ” പങ്കെടുക്കുകയാണ്. നേരിട്ടല്ല, ഓൺലൈനിൽ.

ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ വ്യാപ്തി കൊണ്ടും സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തി ലോകത്തെവിടെയും ഉള്ള മലയാളികളെ പങ്കെടുപ്പിക്കുന്ന രീതികൊണ്ടും വേറിട്ടതും മാതൃകാപരവുമാണ് ഈ കോൺക്ലേവ്. നിങ്ങൾ ഇതിൽ പങ്കെടുത്തിട്ടില്ലെങ്കിൽ അതിന്റെ റെക്കോർഡിങ്ങ് കാണണം, ശ്രദ്ധിക്കണം.

ശ്രീ. തോമസ് ഐസക്ക് Dr.T.M Thomas Isaac ആണ് ഇതിന്റെ മുന്നിലും പിന്നിലും നിന്ന് നേതൃത്വം നൽകുന്നത്. ശ്രീ. പി വി ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ളവർ കൂടെയുണ്ട്.

കോൺക്ലേവിന്റെ തുടക്കത്തിൽ ശ്രീ. തോമസ് ഐസക്ക് ഒരു കാര്യം പറഞ്ഞു. പണ്ടൊക്കെ പ്രവാസികളുടെ പണമാണ് കേരള സമൂഹം പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ഒരു ജ്ഞാന സന്പദ് വ്യവസ്ഥയുടെ കാലത്ത് പണമല്ല അറിവും ബന്ധങ്ങളുമാണ് കൂടുതൽ മൂല്യമുള്ളത്.

ഇതാണ് നമ്മൾ കോൺക്ലേവിൽ പ്രധാനമായും കാണുന്നത്. ലോകത്തെന്പാടുമായി ഏതൊക്കെ രാജ്യങ്ങളിൽ ഏതൊക്കെ വിഷയങ്ങളിൽ ഏതൊക്കെ കന്പനികളിൽ ഏതൊക്കെ സർവ്വകലാശാലകളിൽ ഒക്കെ എത്രയെത്ര മിടുക്കരായ മലയാളികൾ ആണ് ഉള്ളത്.  ഓരോരുത്തരും കേരളത്തെ സസൂഷ്മം നിരീക്ഷിക്കുന്നു, കേരളത്തിന് വേണ്ട നിർദ്ദേശങ്ങൾ നല്കാൻ എപ്പോഴും തയ്യാർ. അവർക്ക് സംസാരിക്കാനുള്ള ഒരവസരം നൽകുന്നത് തന്നെ നല്ല തുടക്കമാണ്.

ഇത്രയും വലിയ സമ്മേളനം ആകുന്പോൾ കുറച്ചൊക്കെ പോരായ്മകൾ സ്വാഭാവികമായും ഉണ്ടാകുമല്ലോ. സെഷൻ നയിക്കുന്നവരുടെ പരിചയക്കുറവാണ് ഞാൻ പ്രധാനമായും ശ്രദ്ധിച്ചത്. സമയം പാലിക്കുന്നതിൽ പൊതുവെ ശ്രദ്ധ ഉണ്ടായില്ല, ഓൺലൈൻ ആയുള്ള ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള കമന്റുകളും ഒന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതൊക്കെ അടുത്ത തവണ ആകുന്പോഴേക്ക് മാറുമെന്ന് പ്രതീക്ഷിക്കാം.

മൂന്നു ദിവസം, ഡസൻ കണക്കിന് സെഷൻസ്, നൂറു കണക്കിന് പ്രഭാഷകർ, ആയിരക്കണക്കിന് ആശയങ്ങൾ ഒക്കെയുണ്ട്. എങ്ങനെയാണ് സംഘാടകർ ഈ ആശയങ്ങളെ  ക്രോഡീകരിക്കുന്നത്, മുൻഗണന തീരുമാനിക്കുന്നത്, മുന്നോട്ട് കൊണ്ടുപോകുന്നത്, കോൺക്ലേവിൽ പങ്കെടുത്തവരുമായി മുന്നോട്ടുള്ള നടപടികൾ പങ്കുവെക്കുന്നത്, ഇതൊക്കെ പ്രധാനമാണ്. പലപ്പോഴും കാര്യങ്ങളിൽ ഫോളോ അപ്പ് ഇല്ലാതെ കാണുന്പോൾ ആണ് പ്രവാസികൾക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നത്. ഇത്തവണ അങ്ങനെ ആകില്ല എന്ന് കരുതാം. ഈ വരുന്ന ബഡ്ജറ്റ് മുതൽ ഈ വിഷയങ്ങളിൽ ഏതെങ്കിലും നടപടികൾ ഉണ്ടാകുമോ എന്ന് നമുക്ക് ശ്രദ്ധിക്കാം.

സംഘാടകർക്ക് ആശംസകൾ!

പ്രതീക്ഷകളോടെ

മുരളി തുമ്മാരുകുടി

May be an image of text that says "MIGRATION കേ CONCLAVE രളം INTERNATIONAL CNGSON KERALA STUDIES 2024 18 19 20 21 H THIRUVALLA"

Leave a Comment