പൊതു വിഭാഗം

കീഴ്‍പ്പയ്യൂരിലെ ഒരു വിത്ത്…

കാര്യം ഞാൻ കുറെ നാളായി ഡിപ്ലോമാറ്റ് ഒക്കെയാണെങ്കിലും ഫേസ്ബുക്കിലെ വായനക്കാരോട് പൊതുവെ സത്യം മാത്രമേ പറയാറുള്ളൂ. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ചു മാസങ്ങളിലെ വെബ്ബിനാർ അനുഭവങ്ങൾ നിങ്ങളോട് പറയാം.
 
ആദ്യമായി നല്ല കാര്യങ്ങൾ നോക്കാം.
 
ലോകം ചുരുങ്ങുന്നതിനാൽ ഒന്നാമതായി ലോകത്തെവിടെയുമുള്ള ആളുകൾ ഓൺലൈൻ പഠനവും സംവാദവുമായി പരിചയപ്പെട്ടു വരികയാണ്. പണ്ടൊക്കെ നാട്ടിൽ വരുന്ന സമയത്ത് മാത്രമേ നാട്ടിലെ കുട്ടികളുമായും മുതിർന്നവരുമായും സംവദിക്കാൻ സാധിക്കാറുള്ളൂ. ഇപ്പോൾ അങ്ങനെയല്ല. ആഴ്ചയിൽ ഒന്നോ അതിൽ കൂടുതലോ വെബ്ബിനാറുകൾ കേരളത്തിലുള്ളവർക്ക് വേണ്ടി മാത്രം നടത്താറുണ്ട്. മറ്റു നാടുകളിലുളളവർക്കായും ഔദ്യോഗികമായും ഒന്നിൽക്കൂടുതൽ വെബ്ബിനാറുകൾ വേറെയുമുണ്ട്. ഇതൊരു നല്ല കാര്യമാണ്.
 
കൂടുതൽ സമയം ലാഭിക്കുന്നു. മുൻപ് നാട്ടിൽ ഒരു സെമിനാറിന് പോകണമെങ്കിൽ നാട്ടിൽ ഉണ്ടാകണമെന്നത് കൂടാതെ എവിടെയാണോ സെമിനാർ അവിടെ എത്തണം, അവിടേക്ക് യാത്ര ചെയ്യണം. കോഴിക്കോടിനോ കൊല്ലത്തിനോ അപ്പുറത്ത് ഒരു മണിക്കൂറിന്റെ സെമിനാറിന് പോകണമെങ്കിൽ രണ്ടു ദിവസത്തെ പണിയാണ്. അതുകൊണ്ട് തന്നെ കാസർഗോഡ് ഒന്നും ഇതുവരെ പോയിട്ടില്ല, എന്നാൽ വെബ്ബിനാർ ലോകത്ത് അതൊരു പ്രശ്നമല്ല. കാസർഗോഡ് മാത്രമല്ല നാഗാലാൻഡിൽ പോലും വെബ്ബിനാർ നടത്താൻ ഒരു യാത്രയും വേണ്ട, നടത്തുകയും ചെയ്തു.
 
കാര്യങ്ങൾ സമയത്തിന് തുടങ്ങുന്നു. മുൻപ് ഏതൊരു സ്ഥലത്ത് ചെന്നാലും പ്രോഗ്രാമുകൾ സമയത്ത് തുടങ്ങുന്ന പതിവില്ല. വെബ്ബിനാർ ലോകത്ത് സമയം പാലിക്കപ്പെടുന്നുണ്ട്. കൂടി വന്നാൽ അഞ്ചു മിനുട്ട് വൈകും, അഞ്ചോ പത്തോ മിനുട്ട് കൂടുതലെടുക്കുകയും ചെയ്യും. സമയം പാലിക്കാൻ എളുപ്പമാണ്.
 
ചോദ്യങ്ങൾ വർദ്ധിക്കുന്നു. നാട്ടിൽ സെമിനാറിന് പോകുന്പോൾ ഏറ്റവും വിഷമം ഉണ്ടാക്കിയിരുന്നത് ഒരു മണിക്കൂർ സംസാരിച്ചതിന് ശേഷവും ഒറ്റ ചോദ്യം പോലും ചോദിക്കാതിരുന്ന കുട്ടികളുടെ പെരുമാറ്റമാണ്. അവർക്ക് സെമിനാർ ഇഷ്ടപ്പെട്ടോ, കാര്യങ്ങൾ മനസ്സിലായോ എന്നൊന്നും അറിയാൻ സാധിക്കില്ല. ഇപ്പോൾ അങ്ങനെയല്ല, ചോദ്യങ്ങൾ ചാറ്റ് ബോക്സിലൂടെ ചോദിക്കാം എന്നായതോടെ പറഞ്ഞു തീർക്കാനാകുന്നതിൽ കൂടുതൽ ചോദ്യങ്ങളാണ്. ചോദ്യങ്ങളിൽ ആൺ പെൺ വ്യത്യാസമില്ല താനും.
 
ഫീഡ് ബാക്കും ഉടനടി കിട്ടും. മുൻപ് ഒരു സെമിനാർ നടത്തിയാൽ വഴിപാട് പോലെ നന്ദി പ്രകാശനത്തിനായി തിരഞ്ഞെടുത്ത ആളുകൾ “വളരെ നന്നായിരുന്നു” എന്ന് പറയുന്നത് കേട്ട് നമ്മൾ ഞെളിഞ്ഞിരിക്കും. ശേഷം വളരെ മോശം എന്ന് ഞാൻ കരുതുന്ന പ്രാസംഗികരെ പറ്റിയും അത് തന്നെ പറയും. അതോടെ നമ്മുടെ കാറ്റ് പോകും. ഇപ്പോൾ അങ്ങനെയല്ല, ഓരോ വെബ്ബിനാറും കഴിയുന്പോൾ കൃത്യമായ ഫീഡ്ബാക്ക് അനോണിമസ് ആയി തരാനുള്ള സൗകര്യമുണ്ട്, കുട്ടികൾ അത് നന്നായി ഉപയോഗിക്കുന്നുമുണ്ട്. നമ്മുടെ സംഭാഷണത്തിന്റെ രീതിയും വിഷയവും മാറ്റാൻ ഇത് പ്രേരകമാകുന്നുമുണ്ട്. നല്ല കാര്യം.
 
ഇനി ഇനിയും ശരിയാകാനുള്ള ചില കാര്യങ്ങൾ പറയാം.
സാങ്കേതികമായ പരിചയക്കുറവ്: കാമറ തുറന്നുവെച്ച് വീട്ടിലെ വിശേഷങ്ങൾ നാട്ടുകാരെ കാണിക്കുന്ന ആളുകൾ ഇപ്പോഴും ധാരാളമുണ്ട്. സംസാരിക്കാതിരിക്കുന്പോൾ മൈക്രോ ഫോൺ ഓഫ് ആക്കിയിടാൻ പറഞ്ഞാൽ കേൾക്കാത്തവരും. ഇവരുടെ എണ്ണം കുറഞ്ഞു വരുന്നുവെന്നാലും എല്ലാ വെബ്ബിനാറിലും ആരെങ്കിലുമൊക്കെ കാണും ഈ വിധത്തിൽ സമയം കളയാനായി.
 
സ്വാഗത പ്രസംഗക്കാരുടെ ശല്യം. വരുന്നവരുടെ ചരിത്രവും ഭൂമിശാസ്ത്രവും വിഷയത്തിൽ തനിക്കുള്ള അറിവും വരുന്ന ആളോടുള്ള നമ്മുടെ പരിചയവും എല്ലാം നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന നീട്ടിപ്പിടിച്ച സ്വാഗത പ്രസംഗങ്ങൾ ഇപ്പോഴും ഉണ്ടാകുന്നു. ഞാൻ മുൻകൈ എടുക്കുന്ന വെബ്ബിനാറുകളിൽ പരമാവധി മൂന്നു മിനുട്ടേ ഈ കലാപരിപാടിക്ക് ഞാൻ നൽകാറുള്ളൂ. (അന്യം നിന്ന് പോകരുതല്ലോ).
മോഡറേഷൻ ഇല്ലാത്ത മോഡറേറ്റർമാർ – ചർച്ച നിയന്ത്രിക്കുന്നതിൽ വേണ്ടത്ര പരിചയമില്ലാത്ത മോഡറേറ്റർമാർ ആണെങ്കിൽ ആദ്യം സംസാരിക്കുന്ന ആൾക്ക് ആവശ്യത്തിൽ കൂടുതൽ സമയം നൽകും, അവസാനം വരുന്നവരോട് വേഗത്തിൽ സംസാരിക്കാനും പറയും. ഇത്രയും മര്യാദകെട്ട പരിപാടി വേറെയില്ല. മോഡറേറ്റർമാർക്ക് വേണ്ടി മാത്രം ഒരു വെബ്ബിനാർ നടത്തിയാലോ എന്നൊരു ആലോചനയുണ്ട്.
 
സ്ത്രീ സാന്നിധ്യം ഇപ്പോഴും കുറവ്. ഓരോ വെബ്ബിനാറിലും അതിൽ ഒന്നിൽ കൂടുതൽ പ്രാസംഗികർ ഉണ്ടെങ്കിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്നുള്ള നിർബന്ധബുദ്ധി തുടരുന്നുണ്ട്. മിക്കവാറും സ്ഥലങ്ങളിൽ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തേണ്ടി വരുന്നു. സ്ത്രീകൾ സംഘടിപ്പിക്കുന്ന വെബ്ബിനാറുകളിലെ കാര്യം പോലും ഇത് തന്നെയാണ്. അർഹമായ സ്ത്രീ സാന്നിധ്യം എന്നാണ് സ്വാഭാവികമായി ഉണ്ടാകുന്നത്?
 
വഴിപാടായി നടത്തുന്ന വെബ്ബിനാറുകൾ – എല്ലാവരും വെബ്ബിനാർ നടത്തുന്നത് കൊണ്ട് നമുക്കും ഒരു വെബ്ബിനാർ നടത്തിയേക്കാം എന്ന് കരുതുന്ന ചില സംഘാടകരുണ്ട്. പ്രോഗ്രാം ഉണ്ടാക്കിയാൽ പിന്നെ ആളെ കൂട്ടാൻ ഒരു ശ്രമവും നടത്തില്ല, ഇരുന്നൂറ് പേർ ഉണ്ടാകുമെന്ന് പറയുന്ന വെബ്ബിനാറുകളിൽ അവസാനം ഇരുപത് പേരുണ്ടാകും. മുൻപ് കാലിയായി കസേര കാണുന്പോൾ ഇവർക്കൊരു നാണക്കേട് എങ്കിലും ഉണ്ടായിരുന്നു, ഇപ്പോൾ അതുമില്ല. പലപ്പോഴും അവരോടുള്ള ദേഷ്യം കാരണം സംസാരിക്കേണ്ട എന്ന് തോന്നുമെങ്കിലും നമ്മളെ കേൾക്കാൻ വന്ന ആളുകളോടുള്ള മര്യാദ കൊണ്ട് സംസാരിക്കും, ഓർഗനൈസ് ചെയ്തവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്യും.
 
സംസാരവും ആളെ കൂട്ടലും അടങ്കൽ – ചില സംഘാടകർ പ്രധാനമായും നമ്മളെ ഉന്നം വെക്കുന്നത് നമ്മൾ തന്നെ ആളെക്കൂട്ടി വരും എന്ന പ്രതീക്ഷയിലാണ്. ആദ്യം അക്കാര്യം പറയില്ല, അവസാന ദിവസം രെജിസ്ട്രേഷനിൽ ആളുകൾ ഇല്ലാതെ വരുന്പോൾ “സാർ ഒന്ന് പോസ്റ്റ് ചെയ്യണം” എന്ന് പറയും. അത് ഞാൻ ചെയ്യാറില്ല. എന്റെ വായനക്കാർക്ക് ഗുണകരമാണെന്ന് തോന്നുന്ന വെബ്ബിനാറുകൾ, എൻറെ ആണെങ്കിലും മറ്റുള്ളവരുടെ ആണെങ്കിലും ഞാൻ പോസ്റ്റ് ചെയ്യും, ഇല്ലെങ്കിൽ ഇല്ല. സ്വന്തമായി ആളുകളെ സംഘടിപ്പിക്കാനുള്ള സാഹചര്യമില്ലെങ്കിൽ വെബ്ബിനാർ സംഘടിപ്പിക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
 
കീഴ്പ്പയ്യൂരിലെ വിത്ത് നോക്കി വരുന്നവർ – എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് ഞാൻ ജനീവയിൽ ആയതിനാൽ എന്നെ വെബ്ബിനറിന്റെ ഭാഗമാക്കിയാൽ വെബ്ബിനാർ “അന്താരാഷ്ട്രം” ആകും”, അക്രെഡിറ്റേഷനിൽ രണ്ടോ മൂന്നോ പോയന്റ് കൂടുതൽ കിട്ടും, എന്നതുകൊണ്ട് മാത്രം ക്ഷണിക്കുന്നവരാണ്. വിഷയം എന്താണെന്നോ, എത്ര നേരം സംസാരിക്കുന്നുവെന്നതോ അവർക്ക് പ്രശ്നമല്ല. കീഴ്പ്പയ്യൂരിലെ ഒരു വിത്തെങ്കിലും മതിയെന്നും പറഞ്ഞു കലാഭവൻ മണിയെ മോഹൻലാലും കൂട്ടരും തട്ടിക്കൊണ്ടു പോകുന്ന അതേ പരിപാടി. മണിക്ക് വയറു നറച്ചു സദ്യയെങ്കിലും കിട്ടി, വെബ്ബിനാറിന്റെ കാലത്ത് എനിക്ക് അതുമില്ല !
 
വെബ്ബിനാറുകൾ ഇനി നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ്. അതുകൊണ്ട് തന്നെ അവ നന്നായി നടത്തപ്പെടുന്നതിൽ എനിക്ക് പ്രത്യേക താല്പര്യമുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി വീണ്ടും വരുന്നുണ്ട്.
 
മുരളി തുമ്മാരുകുടി

Leave a Comment