പൊതു വിഭാഗം

കണ്ണിൽ  പെടാതെ കടന്നുവരുന്ന ബോംബുകൾ…

എറണാകുളത്തെ  ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഗേറ്റിനടുത്ത് നിൽക്കുകയാണ് ഞാൻ. ഇടമുറിയാതെ പലതരം വാഹനങ്ങൾ വരുന്നു. ആഡംബരകാറുകൾ, ടാക്സികൾ, ഹോട്ടലിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ.

 

ഗേറ്റിനുമുമ്പിൽ  അടിപൊളി യൂണിഫോമിട്ട രണ്ടു സെക്യൂരിറ്റി ഗാർഡുകളുണ്ട്. ഒട്ടും പരുക്കനല്ലാത്ത നല്ല പെരുമാറ്റം. ഓരോ വണ്ടിയും വരുമ്പോൾ കൈകാണിച്ചു നിർത്തി സല്യൂട്ട് ചെയ്ത് ഡ്രൈവറോട് ഡിക്കി തുറക്കാൻ ആവശ്യപ്പെടും. മറ്റെയാൾ കമ്പിൽ ഘടിപ്പിച്ച ഒരു കണ്ണാടി കാറിന്റെ ചുറ്റിനും കൊണ്ടുവെച്ച് കാറിന്റെ അടിവശം  പരിശോധിക്കും. ഒന്നാമൻ ഡിക്കി പരിശോധിക്കും. പിന്നെ ഡ്രൈവർക്ക് അകത്തേക്കുപോകാൻ ‘ഓൾ ക്ലിയർ’ സിഗ്നൽ നൽകും. പിന്നാലെ അടുത്ത വാഹനം എത്തുകയായി. അൽപനേരം ഗേറ്റിൽ ചിലവഴിക്കുന്നതിൽ വരുന്ന അതിഥികൾ ഒട്ടും മുഷിവ് കാണിക്കുന്നില്ല. സുരക്ഷയുടെ കാര്യമല്ലേ..?

 

വളരെ പ്രൊഫഷണലായിട്ടാണ് ഈ കാര്യം നടക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ തോന്നും. എനിക്ക് സന്തോഷമായി. സുരക്ഷയുടെ കാര്യത്തിൽ ഇവർ ഇത്രമാത്രം ശ്രദ്ധ  എടുക്കുന്നുണ്ടല്ലോ.

 

വാഹനങ്ങളുടെ ഉള്ളിലോ അടിയിലോ ബോംബ് വച്ച് ആളുകളെ കൊല്ലുന്നത് തീവ്രവാദികളുടെ ഒരു രീതിയാണ്. രണ്ടായിരത്തി മൂന്നിൽ ഇങ്ങനെ ഒരു ബോംബ് വച്ചാണ് ഇറാക്കിലെ കനാൽ ഹോട്ടലിലെ യു എൻ ഓഫീസ് തകർത്തത്. അതിന് ശേഷം ഇറാഖിലേക്ക് പോകാനുള്ള പ്രത്യേക പരിശീലനം നടത്തിയപ്പോൾ  കാറിനടിയിൽ കണ്ണാടി വെച്ച് എന്താണ് പരിശോധിക്കേണ്ടതെന്ന് എനിക്കറിയാം. കണ്ണാടിയില്ലെങ്കിൽ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്നും.

 

എറണാകുളത്തെ  സുരക്ഷാഗാർഡുകളുടെ പ്രൊഫഷണലിസം എനിക്കിഷ്ടപ്പെട്ടു. അവരെ ഒന്ന് പരിചയപ്പെട്ടേക്കാം എന്ന് കരുതി ഞാൻ ചോദിച്ചു,

 

“ആപ്  കഹാം സെ ഹേ?”

 

കേരളത്തിൽ തൊഴിൽ എടുക്കുന്ന ആരെങ്കിലെയും വഴിയിൽ കണ്ടാൽ അയാൾ മറുനാട്ടുകാരൻ ആണെന്ന് ചിന്തിക്കുന്നതാണ് ശരി. ഹിന്ദിയിൽ സംസാരിച്ചു തുടങ്ങുന്നതാണ് കൂടുതൽ ഉചിതം.

 

പ്രതീക്ഷ  തെറ്റിയില്ല.  ഒരാൾ ബംഗാളിൽ നിന്നും അപരൻ ആസാമിൽ നിന്നും.

 

“എന്താണ്  ഈ കാറിന്റെ അടിയിൽ നിങ്ങൾ പരിശോധിക്കുന്നത്?”

 

പയ്യൻ ഒന്നു ചിരിച്ചു.

 

“സെക്യൂരിറ്റി  ഹേ സാബ്”

 

“അത്  ശരിയാണ്. കാറിനടിയിൽ കണ്ണാടിവെച്ച് എന്ത് കാണുമ്പോളാണ് സുരക്ഷ ഉണ്ടെന്നോ ഇല്ലെന്നോ മനസ്സിലാക്കുന്നത്?”

 

“അത്  സാബ്”, പയ്യൻ പരുങ്ങി.

 

“അതൊക്കെ ബഡേ സാബിനോട് ചോദിക്കണം. അദ്ദേഹമാണ് ഞങ്ങളോട് ഇങ്ങനെയൊക്കെ ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്.”

 

“പക്ഷെ,  ബഡേ സാബ് അല്ലല്ലോ കാർ പരിശോധിക്കുന്നത്. നിങ്ങളല്ലേ? നിങ്ങൾ എന്താണ് നോക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലേ?”

 

“അതൊന്നും  ഞങ്ങൾക്കറിയില്ല സാബ്, ഇതാണ് ഞങ്ങളോട് ചെയ്യാൻ പറഞ്ഞത്. ഞങ്ങൾ അത് കൃത്യമായി ചെയ്യുന്നു.”

 

എന്താണ് പറഞ്ഞിരിക്കുന്നത് ?

 

“ബ ബ്ബ ബ്ബ..”

 

“എത്ര  നാളായി ഇവിടെ വന്നിട്ട്?”

 

ഈ  ചോദ്യത്തിന്റെ ഉത്തരം ഞാൻ നിങ്ങളോട് പറയുന്നില്ല. കാരണം, എത്ര നാളുകളായി ഇത്തരം സുരക്ഷാപിഴവുകൾ നിലവിലുള്ളതെന്ന് നിങ്ങൾ അറിയാതിരിക്കുകയാണ് നല്ലത്. ഹോട്ടലിൽ വരുന്ന അതിഥികളെ പോലെ ‘എവരിതിങ് അണ്ടർ കൺട്രോൾ’ എന്ന് വിശ്വസിക്കുന്നതാണ് നല്ലത്.

 

വാഹനങ്ങളുടെയുള്ളിലും  അടിയിലും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് അത് ടൈം ബോംബ് ഉപയോഗിച്ചോ അല്ലാതെയോ പൊട്ടിക്കുന്ന തീവ്രവാദതന്ത്രം പലയിടത്തും ഉണ്ട്  എന്ന് പറഞ്ഞല്ലോ . ‘Vehicle Borne Improvised Explosive Device’ എന്നാണീ പദ്ധതിയുടെ പേര്. ഒരു ടാങ്കർ ലോറി വാങ്ങി അതിനകത്ത് സ്ഫോടകകവസ്തുക്കൾ നിറച്ച് പ്രത്യേക  ടൈമറും ട്രിഗറും ഘടിപ്പിച്ച് നടത്തുന്ന വൻ വാഹനബോംബ് തൊട്ട്  വാഹനത്തിന്റെ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ലിംപെറ്റ് മൈൻ  യാത്രക്കാരറിയാതെ ഒട്ടിച്ചുവെക്കുന്നത് തുടങ്ങി പലതരത്തിൽ വാഹനങ്ങളെ യുദ്ധോപകരണങ്ങളാക്കാം. അതിനെതിരെയാണ് ഈ കണ്ണാടി പരിശോധന. ഡ്രൈവർ അറിഞ്ഞോ അറിയാതെയോ  എന്തെങ്കിലും സംശയാസ്പദമായ വസ്തു കാറിനടിയിൽ കെട്ടിയോ ഒട്ടിച്ചോ വെൽഡ് ചെയ്‌തോ വെച്ചിട്ടുണ്ടോ എന്നാണ് കണ്ണാടി പരിശോധനയിൽ നോക്കേണ്ടത്. തീവ്രവാദി അക്രമങ്ങളുള്ള നാടുകളിൽ ചെല്ലുമ്പോൾ ഓരോ തവണയും വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപ് വണ്ടിയുടെ അടിയിൽ നുഴഞ്ഞുകയറി പരിശോധന  നടത്താൻ ഞങ്ങൾ ബാധ്യസ്ഥരാണ്.

 

ഇതിന്  ആദ്യമായി വേണ്ടത് എന്താണ് നമ്മൾ പരിശോധിക്കുന്നത് എന്നറിയുകയാണ്. തൽക്കാലം നമ്മുടെ സെക്യൂരിറ്റി പയ്യന് അതറിയില്ല. അദ്ദേഹത്തിന്റെ ബഡാ  സാബിന് അറിയുമോ ആവോ…? ആർക്കറിയാം…? അറിഞ്ഞിട്ടെന്തു കാര്യം? ബഡാ സാബ് അല്ലല്ലോ കണ്ണാടിയിൽ നോക്കുന്നത്.

 

ഇത്  കേവലം സുരക്ഷയുടെ മാത്രം പ്രശ്നമല്ല. കേരളത്തിൽ മുടിവെട്ടൽ, കൃഷിപ്പണി, കെട്ടിടം പണി, മൽസ്യബന്ധനം, തുടങ്ങിയ തൊഴിലുകളിൽ മറുനാടൻ തൊഴിലാളികൾ ധാരാളമായിരിക്കുന്നു. ചില ജോലികളിൽ ഇപ്പോൾ അവർ മാത്രമേയുള്ളു. നിങ്ങൾക്ക് അറിയാവുന്നത് പോലെ ജീവിതകാലം മുഴുവൻ പ്രവാസിയായതിനാൽ ഇക്കാര്യത്തിൽ എനിക്കൊരു എതിരഭിപ്രായവുമില്ല. ഏത് തൊഴിലാണ് ചെയ്യുന്നതെങ്കിലും അതിലൊരു മിനിമം പരിശീലനമെങ്കിലും വേണമെന്ന് മാത്രം. മലയാളിയാണെങ്കിലും മറുനാടൻ ആണെങ്കിലും.

 

എന്നാൽ  സംഭവിക്കുന്നത് അതല്ല. കേരളം മറുനാട്ടുകാരുടെ ഗൾഫാണ്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിൽ സാധ്യത ഏറെ, ശമ്പളം ഇരട്ടിയിലും അധികം, പ്രത്യേകിച്ച് മുൻ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും വേണ്ട. തൊഴിലെടുക്കാനുള്ള സന്നദ്ധതയുമായി കേരളത്തിലെത്തുന്നവർക്കെല്ലാം തൊഴിലുണ്ട്.

 

കേരളത്തിലെ ഏത് തൊഴിൽ രംഗമെടുത്താലും ഹോട്ടലിൽ ദോശയുണ്ടാക്കുന്നത് മുതൽ തെങ്ങുകയറ്റം വരെ തൊഴിൽ ചെയ്യുന്നവരുടെ സാങ്കേതികജ്ഞാനം കുറയുകയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് ഇക്കാര്യം മനസിലാകും. പുതിയതായി പണിയുന്ന ഫ്‌ളാറ്റുകളിലെ ഫ്ളോറിങ്ങും പ്ലംബിങ്ങും  നോക്കിയാലും മതി.

 

കേരളത്തിലെ ‘അഭ്യസ്തവിദ്യരായ’ മലയാളികൾക്ക് തൊഴിലവസരങ്ങൾ വളരെ കുറയുന്നു. കാരണം കേരളത്തിൽ ലഭ്യമായ ലക്ഷക്കണക്കിന് തൊഴിലുകൾ ചെയ്യാൻ അവർ തയ്യാറല്ല. ഗൾഫിൽ പോയി ഹോട്ടലിൽ പണിയെടുക്കുന്ന മലയാളി കേരളത്തിലെ ഹോട്ടലിൽ പണിയെടുക്കുന്നില്ല. ഇംഗ്ലണ്ടിൽ ഹോസ്പിസുകളിൽ  വൃദ്ധരെ സംരക്ഷിക്കുന്ന നേഴ്‌സുമാർക്ക് കേരളത്തിൽ ഹോം നഴ്സിംഗ് എന്ന് കേൾക്കുന്നതേ അലർജിയാണ്. നാല് വർഷം പഠിച്ചതിന് ശേഷം അയ്യായിരം രൂപ കിട്ടാൻ നേഴ്‌സുമാർ കഷ്ടപ്പെടുമ്പോൾ പതിനയ്യായിരം രൂപ കൊടുത്താലും നാല് കാശിന്റെ എങ്കിലും അറിവുള്ള  ഹോം നഴ്സിനെ കിട്ടാതെ ആളുകൾ ഇവിടെ വലയുന്നു.

 

ഇതൊന്നും  ലളിതമായ പ്രശ്നങ്ങളല്ല. സാമ്പത്തികവും സാമൂഹ്യവും തൊഴിലിടത്തെ സുരക്ഷയും തൊഴിലിന്റെ അഭിമാനവും ഉൾപ്പെടെയുള്ള അനവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. തൊഴിൽ അറിയാത്തവർ തൊഴിൽ ചെയ്യുന്നതും തൊഴിലറിയാവുന്നവർ ചെയ്യാതിരിക്കുന്നതും പ്രശ്നങ്ങൾ തന്നെയാണ്.

 

ലോകത്ത്  തൊഴിലിന്റെ രീതികൾ മാറിവരികയാണെന്ന് ഞാൻ പലവട്ടം പറഞ്ഞല്ലോ. കൃത്രിമ ബുദ്ധിയും റോബോട്ടുകളും ഒക്കെ വൻ തൊഴിൽ നശീകരണ ബോംബുകൾ ആണ്. ചില തൊഴിൽ മേഖല തന്നെ ഇല്ലാതാകും. 2040 ആകുമ്പോഴേക്കും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഞാൻ ഇത്തവണ കോളേജിലെ കുട്ടികളോടെല്ലാം പറഞ്ഞത്. എന്നാൽ എനിക്ക് തെറ്റിയെന്നാണ്  ഇപ്പോഴത്തെ വാർത്തകൾ കാണുമ്പോൾ തോന്നുന്നത്.  മാറ്റങ്ങൾ നമ്മൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ വരികയാണ്. പുതിയ ലോകവുമായി അഡാപ്റ്റ് ചെയ്യാൻ കേരളത്തിന് 2030 വരെ പോലും സമയമില്ല.  നമ്മുടെ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും പ്രവാസ നയവും ഒക്കെ അടിമുടി പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞിട്ട് വർഷങ്ങളായി. ഇനിയെങ്കിലും സമൂഹത്തിലും ടി വിയിലും ഉള്ള ചർച്ചകൾ അന്നന്നത്തെ വിഷയത്തിൽ നിന്നും മാറി ഇതുപോലെ  കേരളത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക് വരണം. ഈ നൂറ്റാണ്ടിലെ കേരളത്തിലെ പ്രശ്നങ്ങൾ എന്താണെന്നറിയാnuള്ള പരിശീലനം എങ്കിലും നമ്മുടെ പാറാവ്‌കാർക്ക് കൊടുക്കണം.

 

നിലവിൽ കേരളത്തിലെ സ്ഥിതി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പോലെയാണ്. പുറത്തു സെക്യൂരിറ്റി ഉണ്ടെന്ന വിശ്വാസത്തിൽ നമ്മൾ മലയാളികൾ അകത്ത് സുഖലോലുപരായി മറ്റുള്ളവരെ ട്രോളി പരസ്പരം കുറ്റം പറഞ്ഞു തിന്നും കുടിച്ചും  കൊണ്ടിരിക്കുകയാണ്. പുറത്ത് കാവൽ നിൽക്കുന്നവർ, അത് ഭരണമോ ബ്യുറോക്രസിയോ ആകട്ടെ, എല്ലാ പ്രശ്നങ്ങളും മുൻകൂട്ടി കണ്ടു പരിഹരിച്ചുകൊള്ളും എന്നാണ് ഉള്ളിലുള്ളവരുടെ ചിന്ത.  ഇതിനിടയിൽ നമ്മുടെ സുഖകരമായ ജീവിതത്തെ നശിപ്പിക്കാൻ  കഴിവുള്ള യന്ത്രങ്ങളും തന്ത്രങ്ങളും ചുറ്റും വളരുകയാണ്. അതേ സമയം  ആടയും അധികാര ചിഹ്നങ്ങളും ഉപകരണങ്ങളും ഒക്കെയായി പുറത്തു നിൽക്കുന്നവർക്കാകട്ടെ എന്താണ് സമൂഹത്തെ ഹനിക്കാൻ  വരുന്നതെന്ന് നോക്കാൻ പോലും അറിയില്ല. കവാത്ത് എല്ലാം പതിവ് പോലെ നടത്തുന്നു എന്ന് മാത്രം.

 

Muralee Thummarukudy

 

 

Leave a Comment