പൊതു വിഭാഗം

കണ്ണടയുടെ വില…

ഇന്ന് നേരം വെളുത്തേപ്പിന്നെ ഇത് അഞ്ചാമത്തെ പോസ്റ്റാണ്. ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ… എന്ന് നിങ്ങൾക്ക് തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല. പോട്ടെ, അടുത്ത ചൊവ്വാഴ്ച മുതൽ യാത്രയാണ്, അന്നത്തെ അക്കൗണ്ടിൽ കൂട്ടിയാൽ മതി.
 
സ്പീക്കറുടെ കണ്ണടയാണല്ലോ ഇന്നത്തെ വിഷയം. പതിവുപോലെ ഒന്നോ രണ്ടോ ദിവസത്തിൽ വിവാദം തീരും. അതുകൊണ്ട് പിന്നീട് അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. ഒരു നല്ല കാര്യം പറയാൻ ഇതൊരു നിമിത്തമായിട്ടെടുക്കാം.
 
ഇവിടെ ഒരു സ്വിസ് കൂട്ടുകാരന്റെ വീട്ടിൽ ഡിന്നറിന് പോയതായിരുന്നു ഞാൻ. വേറെ പല നാട്ടുകാരുമുണ്ട് അതിഥികളായി.
 
“മുരളി എവിടെ നിന്നാണ് കണ്ണട വാങ്ങുന്നത് ?” അടുത്തിരുന്ന ആൾ ചോദിച്ചു
 
“ഇന്ത്യയിൽ നിന്നും, ഇവിടെ ഒടുക്കത്തെ വിലയാണ്” ഞാൻ പറഞ്ഞു.
 
“നല്ല കാര്യം, ഞാനും ഇന്ത്യയിൽ നിന്നാണ് കണ്ണട വാങ്ങാറ്” അദ്ദേഹം പറഞ്ഞു.
 
പല്ലു ചികിത്സക്കും കണ്ണ് ചികിത്സക്കും ഒക്കെ ഇന്ത്യയിൽ വരുന്നവരെ കണ്ടിട്ടുണ്ട്, ആക്കൂട്ടത്തിൽ ഒരാളാണെന്ന് കരുതി.
 
“ഞാൻ കണ്ണടയുടെ ലെൻസ് ഉണ്ടാക്കുന്ന മെഷീൻ വിൽക്കുന്ന ആളാണ്. ഇന്ത്യയാണ് ഞങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റ്. അതിന് വേണ്ടി ഞാൻ ഇടക്കിടക്ക് ഇന്ത്യയിൽ പോകാറുണ്ട്, അപ്പോൾ അവിടെ മെഷീൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് എന്റെ പവർ കൊടുക്കും, അങ്ങനെ ഫ്രീ ആയി കണ്ണട തരമാക്കും”.
 
“അമ്പട കള്ളാ, സായിപ്പ് കൊള്ളാമല്ലോ” എന്ന് മനസ്സിലോർത്തു
 
“ഈ കണ്ണടയുടെ ലെൻസിന് മുരളി എന്ത് കൊടുത്തു?”, അദ്ദേഹം എന്റെ കണ്ണട എടുത്തു നോക്കി
 
“പ്രോഗ്രസീവ് ലെൻസ് ആണ്, അയ്യായിരമോ ഏഴായിരമോ ആണെന്നാണ് എന്റെ ഓർമ്മ” ഞാൻ പറഞ്ഞു
 
“ഇതിന് എന്ത് ചിലവ് വരും എന്നാണ് മുരളിയുടെ വിചാരം?”
 
കണ്ണട കച്ചവടം നല്ല ലാഭമുള്ള ഒന്നാണെന്ന് എനിക്കറിയാമായിരുന്നു.
 
“ഒരു രണ്ടായിരം മുതൽ മൂവായിരം വരെ ചിലവുണ്ടാകണം” ഞാൻ പറഞ്ഞു. “ബാക്കി തുക ലാഭം ആയിരിക്കണം”
 
“ഇതിന് ഏതാണ്ട് ഒരു ഫ്രാങ്ക് (അറുപത്തി അഞ്ചു രൂപ) ചിലവ് വരും” , അദ്ദേഹം പറഞ്ഞു.
 
ഞാൻ ഒന്ന് നടുങ്ങി. വിശ്വാസം വരാത്തതു പോലെ അദ്ദേഹത്തെ നോക്കി.
 
ഒരു പ്ലാസ്റ്റിക് കഷണത്തെ കൃത്യമായി വളച്ച് ലെൻസ് ആക്കാനുള്ള ചിലവായിരിക്കണം അദ്ദേഹം പറഞ്ഞത്. അല്ലാതെ വെറുതെ ഇരിക്കുന്ന എന്നോട് നുണപറയേണ്ട കാര്യമൊന്നും സായിപ്പിനില്ല. മെഷീൻ മേടിച്ചു വെക്കുന്നതിന്റെയും അത് പ്രവർത്തിക്കാൻ അറിയാവുന്ന ടെക്‌നീഷ്യന്റെയും ചിലവ് അതോട് കൂട്ടേണ്ടി വന്നേക്കാം. എന്നാലും വില അഞ്ഞൂറ് കടക്കുമോ?.
 
“ഈ മെഡിക്കൽ രംഗത്തെ പല കച്ചവടങ്ങളും ഇങ്ങനെയാണ്. വിൽക്കുന്ന വസ്തുവിന്റെ വില എന്തെന്ന് വാങ്ങുന്ന ആൾക്ക് ഒരറിവും ഇല്ല. ആരോഗ്യവുമായി ബന്ധപ്പെട്ടതിനാൽ ആളുകൾ വില പേശുകയുമില്ല. വില കൂടുംതോറും ഗുണം കൂടുമെന്ന് ആളുകൾ വിശ്വസിക്കുന്നതു കൊണ്ടാണിത്ര വില വരുന്നത്”.
 
സായിപ്പ് ഉവാച..
 
ഈ സായിപ്പ് ലെൻസിന്റെ വില പറഞ്ഞത് സത്യമാണോ എന്നെനിക്കറിയില്ല. പക്ഷെ രണ്ടാമത് പറഞ്ഞ കാര്യം എനിക്കറിയാം. ആരോഗ്യരംഗത്ത് അനവധി ചൂഷണങ്ങളുണ്ട്. നമ്മുടെ അറിവില്ലായ്മയെയും പൊങ്ങച്ചത്തേയും വികാരങ്ങളെയും നിസ്സാഹായതയേയും ഒക്കെ ഒരുമിച്ചും കൂട്ടമായും മുതലെടുക്കുന്നവർ. സ്റ്റെന്റിന്റെ കാര്യം സമൂഹത്തിന്റെ മുന്നിൽ പൊങ്ങി വന്നതാണ്. എന്റെ സുഹൃത്ത് ഗോപൻ ഒക്കെ ആ സ്റ്റെന്റ് യുദ്ധത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു.
 
ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമ്പോൾ വാസ്തവത്തിൽ ഈ അൻപതിനായിരം രൂപയുടെ കണ്ണടയിൽ എത്ര മൂല്യം ഉണ്ട്, എത്ര ലാഭം ഉണ്ട് എന്നൊക്കെ ഒന്ന് അന്വേഷിക്കാൻ
മന്ത്രിക്കും സ്പീക്കർക്കും ഒക്കെ ശ്രമിച്ചു നോക്കാവുന്നതാണ് .
 
എനിക്കറിയാവുന്നിടത്തോളം ഇത്തരം ലെൻസുണ്ടാക്കുന്ന കമ്പനികൾ ഒക്കെ വിദേശിയാണ്. മൂവായിരം കോടി രൂപയുടെ കോഴി മലയാളികൾ തിന്നുന്നതിനാൽ നാട്ടിൽ കോഴി കൃഷി തുടങ്ങണം എന്നതാണല്ലോ ഇപ്പോഴത്തെ നമ്മുടെ പദ്ധതി. അതുപോലെ ഇന്ത്യയിലെ കണ്ണട വ്യാപാരം എത്ര ആയിരം കോടിയുടേതാകും? അപ്പോൾ ലെൻസും ഫ്രേമും ഒക്കെ ഉണ്ടാക്കാനുള്ള ഹൈ ടെക്ക് സംരഭങ്ങൾ നമുക്കും തുടങ്ങാവുന്നതല്ലേ? അങ്ങനെ അല്ലേ നമ്മുടെ അഭ്യസ്തവിദ്യർക്ക് ചേർന്ന തൊഴിലുകൾ കേരളത്തിൽ ഉണ്ടാകേണ്ടത് ?.
 
മുരളി തുമ്മാരുകുടി

Leave a Comment