പൊതു വിഭാഗം

കഞ്ഞി കഞ്ഞിയെ കണ്ടെത്തുന്പോൾ

കാലാവസ്ഥ വ്യതിയാനത്തിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ച ദുബായിൽ ഉണ്ടാകും. ദുബായിൽ വന്നാൽ ഇപ്പോൾ മിക്കവാറും താമസിക്കുന്നത് വിമാനത്താവളത്തിന് അടുത്തുള്ള ഫ്ലോറ ഇൻ  ഹോട്ടലിൽ ആണ്. സുഹൃത്തായ റഫീഖ് ആണ് ഹോട്ടലിന്റെ സി ഇ ഓ എന്നത് മാത്രമല്ല അതിന് കാരണം. എയർപോർട്ടിൽ നിന്നും മൂന്നു മിനുട്ട് മെട്രോ യാത്ര ചെയ്താൽ ഹോട്ടലിന് തൊട്ടടുത്ത് ഇറങ്ങാം, നല്ല സൗകര്യമുള്ളതും എന്നാൽ വളരെ ന്യായമായ റേറ്റ് ഉള്ളതുമായ ഹോട്ടലാണ്, ഹോട്ടലിലുള്ള മൺസൂൺ റെസ്റ്റോറന്റ് അടിപൊളിയാണ്, ഇങ്ങനെ പല കാരണങ്ങൾ ഉണ്ട്.

മറ്റൊരു ഹിഡൻ അജണ്ട കൂടി ഇതിനുണ്ട്. ഫ്ളോറെക്ക് തൊട്ടടുത്താണ് വെപ്പ് പുര എന്ന റെസ്റ്റോറന്റ്. ഇതിന് മുൻപ് ഒന്നിൽ കൂടുതൽ തവണ എഴുതിയിട്ടുള്ളതാണ്. ദുബായിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളി “ചായക്കട” ആണ്. ഇന്നലെ അവിടെ ചെന്നപ്പോൾ അവർ പുതിയതായി ഒരു ഐറ്റം ലോഞ്ച് ചെയ്യുകയാണ് എന്ന് പറഞ്ഞു. കഞ്ഞി, ചക്കപ്പുഴുക്ക്, ഇടിച്ചക്ക തോരൻ, കപ്പ, രണ്ടു തരം ചമ്മന്തി, പപ്പടം, വറുത്ത മുളക്, അച്ചാർ !

കഞ്ഞികുടിച്ച് വളർന്നു ശീലിച്ചത് കൊണ്ടാകാം ലോകത്ത് എവിടെയും കഞ്ഞി കണ്ടാൽ പിന്നെ മറ്റൊരു ചോയ്‌സ് ഇല്ല (ലോകത്ത് മറ്റെവിടെയെങ്കിലും കഞ്ഞിയുണ്ടോ എന്ന് സംശയിക്കുന്നവരോട് ഒരു കാര്യം പറയാം. കഞ്ഞി നമ്മുടെ ഒറിജിനൽ വിഭവം അല്ല, ചൈനയിൽ നിന്നും വന്നതാണ്, “കൊഞ്ചി” എന്നാണ് അതിന് ചൈനയിലെ പേര്. ചൈനയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലും തായ്‌ലണ്ടിലും ഇന്തോനേഷ്യയിലും ഒക്കെ ഇത് ലഭിക്കും. സിംഗപ്പൂർ ഇന്നത്തെപ്പോലെ സന്പന്നമാകുന്നതിന് മുൻപ് തെരുവോരങ്ങളിൽ വലിയ കുട്ടകത്തിൽ കൊഞ്ചിയുമായി ആളുകൾ നിൽക്കും, രാവിലെ പണിക്കു പോകുന്ന ജോലിക്കാർ ഒരു ചെറിയ തുക കൊടുത്തു കൈക്കുന്പിളിൽ നിറയെ കഞ്ഞി കുടിച്ചിട്ട് പോകുമായിരുന്നു. അതൊരു കാലം !)

എന്താണെങ്കിലും ഇനി രണ്ടാഴ്ച ദുബായിൽ കഞ്ഞിയും പുഴുക്കും തന്നെ !

ദുബായിൽ ഉള്ളവർ പറഞ്ഞാൽ മതി, വൈകീട്ട് കഞ്ഞി പേ ചർച്ച നടത്താം 

മുരളി തുമ്മാരുകുടി  

May be an image of congeeMay be an image of 3 people and textMay be an image of 1 person and text

Leave a Comment