പൊതു വിഭാഗം

ഒരു ഭക്ഷണശാലയുടെ കഥ 

എത്ര കഴിച്ചാലും മടുക്കാത്ത ഒന്നാണ് എനിക്ക് ദോശ. ഇക്കാര്യത്തിൽ എനിക്ക് ശ്രീ ശശി തരൂരുമായി അഭിപ്രായ വ്യത്യാസം ഉണ്ട് (അദ്ദേഹം ഇഡ്ഡലി ഫാൻ ആണ്).

എന്റെ ചെറുപ്പത്തിൽ അപൂർവ്വമായിട്ടാണ് വീട്ടിൽ ദോശ ഉണ്ടാക്കാറുള്ളത്. അതുകൊണ്ട് തന്നെയായിരിക്കണം ഇന്നും ആ ഇഷ്ടം നിലനിൽക്കുന്നത്. എന്നും ഉണ്ടാക്കിക്കൊണ്ടിരുന്ന പുട്ടിനോടും ഉപ്പുമാവിനോടും ഒന്നും ആ ഇഷ്ടം ഇപ്പോൾ ഇല്ല. പക്ഷെ വീട്ടിൽ ഒരിക്കലും മസാലദോശ ഉണ്ടാക്കാറില്ല. അന്നൊന്നും വെങ്ങോല കവലയിലും മസാലദോശ ലഭ്യമല്ല.

അതുകൊണ്ട് തന്നെ പെരുന്പാവൂരിൽ വന്നാൽ ഒരു ദോശ (കൂട്ടത്തിൽ ഒരു വടയും)   കഴിക്കുന്നത് പതിറ്റാണ്ടുകൾ ആയുള്ള പതിവാണ്. അതും ഒരു പ്രത്യേക ഹോട്ടലിൽ.

എം.സി. റോഡിൽ കാലടിയിൽ നിന്നും വരുന്പോൾ  ആലുവ മൂന്നാർ റോഡും കാലടി കവലയും പരസ്പരം ക്രോസ്സ് ചെയ്ത് പോകുന്ന ജങ്ഷനു തൊട്ടു മുൻപ് എം. സി. റോഡിന് ഇടതു വശത്താണ് ഈ ഹോട്ടൽ. പെരുന്പാവൂരിലെ കോടതി, പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫിസ് ഇവിടെ നിന്നൊക്കെ താഴേക്ക് ഇറങ്ങി വരുന്ന റോഡ് എം.സി. റോഡുമായി ചേരുന്നത്തിന്റെ എതിർ വശത്ത്. ഇന്നതിന്റെ പേര് വിനിത ഹോട്ടൽ എന്നാണ്.

പെരുന്പാവൂരിൽ ഇന്നുള്ളതിൽ ഒരേ മാനേജ്‌മെന്റിന്റെ കീഴിൽ തന്നെ നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള വെജിറ്റേറിയൻ ഹോട്ടൽ ആണിത്. ഇപ്പോൾ ഏതാണ്ട് ഒരു നൂറ്റാണ്ട് ആയിക്കാണും. അതായത് ഐക്യ കേരളം ഉണ്ടാകുന്നതിനും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുൻപേ ഈ ഹോട്ടൽ ഇവിടെയുണ്ട്. അന്ന് ഹോട്ടലിന്റെ പേര് വിനിത എന്നായിരുന്നില്ല.

പെരുന്പാവൂരിലെ ഏറ്റവും പഴക്കമുള്ള രണ്ടു വെജിറ്റേറിയൻ ഹോട്ടലുകൾ ഒന്നിച്ചു ചേർന്നാണ് വിനിത ഹോട്ടൽ ഉണ്ടാകുന്നത്. വാരിക്കാട്ട്  കഫേ എന്ന വെജിറ്റേറിയൻ ഹോട്ടലാണ് ഇവിടെ ആദ്യം ഉണ്ടാകുന്നത്. നൂറോളം വർഷങ്ങൾക്ക് മുൻപ്. വാരിക്കാട്ട് കഫെ ഉണ്ടായി ഇരുപത് വർഷത്തിനകം തൊട്ടടുത്ത കെട്ടിടത്തിൽ തന്പുരാട്ടി ഹോട്ടൽ ഉണ്ടായി. അതാണ് ചെറുപ്പകാലത്ത് ഞാനൊക്കെ പോയിരുന്ന ഹോട്ടൽ.

1990 കളിൽ രണ്ടു ഹോട്ടലുകളും കൂടി ഒന്നിച്ചു, വരിക്കാട് കഫെയും ആ പേരും ഇല്ലാതായി. തന്പുരാട്ടി ഹോട്ടൽ രണ്ടു കുടുംബങ്ങളും ചേർന്ന് നടത്താൻ തുടങ്ങി. അതിലൊരു കഥയുണ്ട്.

2014 ൽ ഹെലൻ മിരനും ഓംപുരിയും അഭിനയിച്ച ഒരു ചിത്രം ഉണ്ട്, The 100 Foot Journey. വളരെ രസകരമാണ്, കണ്ടിട്ടില്ലെങ്കിൽ കാണണം.

ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ ഇന്ത്യയിൽ നിന്നും അഭയാർത്ഥി കുടിയേറ്റക്കാരായ എത്തുന്ന ഒരു കുടുംബം ഒരു ഹോട്ടൽ തുടങ്ങുന്നതും അവിടെ പാരന്പര്യമായി ഹോട്ടൽ നടത്തിക്കൊണ്ടിരുന്ന ഒരു ഫ്രഞ്ച് കുടുംബത്തിന് വെല്ലുവിളിയാകുന്നതും അവർ പരസ്പരം മത്സരിക്കുന്നതും  ഒക്കെയാണ് വിഷയം. ഇതുമായി ഏറെ സാമ്യമുള്ള ഒരു കഥയാണ് !

വാരിക്കാട്ട് കഫെയുടെ ഉടമസ്ഥന്റെ കൊച്ചു മകളും തന്പുരാട്ടി ഹോട്ടലിന്റെ ഉടമസ്ഥന്റെ മകനും തമ്മിൽ വിവാഹിതരായതോടെയാണ് ഈ രണ്ടു ഹോട്ടലുകാരും പരസ്പര മത്സരം നിർത്തി ഒറ്റ ഹോട്ടലും മാനേജ്‌മെന്റും ആയത്. തന്പുരാട്ടി ഹോട്ടൽ എന്ന പേരാണ് നിലനിന്നത്. ഈ ഹോട്ടലിന് നേതൃത്വം നൽകിയിരുന്ന ആൾ തന്പുരാട്ടി വിജയൻ എന്ന പേരിലാണ് പെരുന്പാവൂരിൽ അറിയപ്പെട്ടിരുന്നത്. ഇപ്പോഴും പഴയ ആളുകൾ ആ പേരിൽ അദ്ദേഹത്തെ ഓർക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു മകൾ ഉണ്ടായപ്പോൾ അവൾക്ക് വിനിത  എന്ന് പേരിട്ടു. ഹോട്ടലിന്റെ പേരും വിനിത എന്ന് മാറ്റി.

അങ്ങനെ നൂറോളം വർഷം പഴക്കവും പെരുന്പാവൂരിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആയ ഹോട്ടൽ ആണ് വിനിത. അവിടെയാണ് അന്നും ഇന്നും ഞാൻ മസാല ദോശ കഴിക്കാനായി പോകാറുള്ളത്. ഇന്നിപ്പോൾ അവിടുത്തെ നാലാമത്തെ  തലമുറയാണ് ഹോട്ടൽ നടത്തുന്നത്. ഇതുവരെ കുടുംബങ്ങളിലെ പുരുഷന്മാർ ആണ് ഹോട്ടൽ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ  വിനിതയെ തന്നെ ഹോട്ടലിൽ കൗണ്ടർ മുതൽ കിച്ചൻ വരെ എവിടെയും കാണാം. വിനിതയുടെ ഭർത്താവ് പ്രവീൺ ഉൾപ്പടെ രണ്ടു കുടുംബങ്ങളിൽ നിന്നുള്ളവരും ഇപ്പോഴും മാനേജ്‌മെന്റും സ്റ്റാഫും ഒക്കെയായി അവിടെയുണ്ട് !

യൂറോപ്പിൽ അന്പത് വർഷം പഴക്കമുള്ള ഹോട്ടലുകാർ അക്കാര്യം വലിയ കാര്യമായി രേഖപ്പെടുത്തി വെക്കാറുണ്ട്. ഉദാഹരണത്തിന് ജനീവയിലെ ഏറ്റവും പ്രശസ്തമായ Cafe du Paris 1930 മുതലാണ് അവിടെ പ്രവർത്തനം തുടങ്ങിയത്. ഇന്നത് നഗര ചരിത്രത്തിന്റെ ഭാഗമാണ്. നമുക്ക് പക്ഷെ അത്തരത്തിലുള്ള രീതികൾ പൊതുവെ ഇല്ല എന്ന് തോന്നുന്നു. സത്യത്തിൽ വേണ്ടതാണ്.

വെങ്ങോലയിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും പഴക്കമുളളത് ഞങ്ങൾ ശങ്കരപിള്ളയുടെ ചായക്കട എന്ന് പറയുന്ന ഒന്നാണ്. അതിന് മറ്റൊരു പേരുണ്ടോ എന്നറിയില്ല. ഇന്നിപ്പോൾ ശങ്കരപിള്ള ഇല്ല, അദ്ദേഹത്തിന്റെ മകനാണ് കട നടത്തുന്നത്. ശങ്കരപ്പിള്ളയുടെ അച്ഛന്റെ കാലത്ത് തന്നെ തുടങ്ങിയതാണെന്നാണ് അമ്മ പറഞ്ഞു കേട്ടിട്ടുള്ളത്.

നിങ്ങളുടെ നാട്ടിലെ/നഗരത്തിലെ ഏറ്റവും പഴയ റെസ്റ്റോറന്റ് അല്ലെങ്കിൽ ഭക്ഷണശാലകൾ ഏതൊക്കെയാണ്?.

(ഒരു കാര്യം കൂടി പറയണം. എന്റെ ചേട്ടന്റെ മകൻ വിവാഹം ചെയ്തിരിക്കുന്നത് ഈ കുടുംബത്തിലേക്കാണ്, വിനിതയുടെ അനിയത്തിയെ. സത്യത്തിൽ അതുകൊണ്ട് എനിക്ക് നഷ്ടമേ ഉള്ളൂ. പണ്ടൊക്കെ പെരുന്പാവൂരിൽ വരുന്പോൾ അവിടെ പോയി ദോശ കഴിക്കാൻ ഒരു ബുദ്ധിമുട്ടില്ലായിരുന്നു, പക്ഷെ ഇപ്പോൾ ഞാൻ ചെന്നാൽ കാശു വാങ്ങാൻ അവർക്ക് മടി, അതുകൊണ്ട് സ്ഥിരമായി പോകാൻ എനിക്കും!, ഡ്രൈവറെ വിട്ട് വാങ്ങിക്കൊണ്ടുവരികയാണ് ഇപ്പോഴത്തെ പണി !)

മുരളി തുമ്മാരുകുടി

May be an image of 4 people and textNo photo description available.May be an image of 1 person and templeMay be an image of 2 people and textMay be an image of 2 people, hospital and textMay be an image of 3 people and text that says ""ABSOLUTELY CHARMING ..A PERFECT FEAST" Jaz Bemigboye, DAILY MAIL HELEN MIRREN THE HUNDRED-FOOT JOURNEY PG PG"May be an image of textMay be an image of 2 people and people smilingMay be an image of 1 person, ice cream and text that says "JUICES ICECREAMS SHAKES VINITHA RESTAURANT M.C. Road, Perumbavoor 9645520399"May be an image of street and text that says "VINITHA RESTAURANT VINITHA RESTAURANT Family"May be an image of 4 people and text

Leave a Comment