പൊതു വിഭാഗം

ഒരവധി, ഒരനുശോചനം, കഥ കഴിഞ്ഞു

കാസർഗോഡ് സ്‌കൂൾ ക്യാംപസിൽ മരം മറിഞ്ഞുവീണ് ഒരു വിദ്യാർത്ഥിനി മരിച്ചു എന്ന വാർത്ത എന്നെ വളരെ സങ്കടപ്പെടുത്തുന്നു. ഓരോ വർഷവും സ്‌കൂൾ തുറക്കുന്ന ആഴ്ച എനിക്ക് പേടിയാണ്. കാരണം, അന്പത് ലക്ഷത്തോളം കുട്ടികളാണ് വീണ്ടും സ്‌കൂളിലേക്ക് എത്തുന്നത്. അതിൽ ലക്ഷക്കണക്കിന് കുട്ടികൾ ആദ്യമായിട്ടാണ് സ്‌കൂളിൽ എത്തുന്നത്. ഓരോ വർഷവും നമ്മുടെ സ്‌കൂളുകളിൽ പല തരം അപകടങ്ങൾ ഉണ്ടാകുന്നു. പാന്പ് കടിച്ച്, ജാവലിൻ കൊണ്ട്, മരം വീണ്, രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ് എന്നിങ്ങനെ.

എല്ലാ വർഷവും സ്ക്കൂൾ വർഷം അവസാനിക്കുന്പോഴും എനിക്ക് പേടിയാണ്. കാരണം അവധിക്കാലത്തെ മുങ്ങിമരണങ്ങൾ തന്നെ. ഓരോ അവധിക്കാലത്തും എത്രയോ കുട്ടികളാണ് മുങ്ങി മരിക്കുന്നത്. എല്ലാ വർഷവും ഞാൻ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകാറുണ്ട്. വളരെ ആളുകൾ അത് കാണുന്നുണ്ടാകണം, കുറച്ചു പേരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകണം. പക്ഷെ രക്ഷപ്പെടുന്ന ജീവന്റെ കഥ നമ്മൾ അറിയില്ലല്ലോ. പക്ഷെ മരിക്കുന്നവരുടെ വാർത്ത   വീണ്ടും കേൾക്കുകയും ചെയ്യും.

സ്‌കൂളുകൾക്കുള്ളിൽ നടക്കുന്ന അപകടങ്ങളും മരണങ്ങളും കൂടാതെ സ്‌കൂളുമായി ബന്ധപ്പെട്ട അപകടങ്ങളും ഉണ്ട്. സ്പോർട്സ് പരിപാടികൾ നടക്കുന്പോൾ, ആർട്സ് ഫെസ്റ്റിവൽ നടക്കുന്പോൾ, സ്‌കൂളിലേക്കും പുറത്തുമുള്ള യാത്രകളിൽ, വിനോദ യാത്രകളിൽ എന്നിങ്ങനെ.

കൂടാതെ സ്‌കൂൾ ആക്ടിവിറ്റികൾക്ക് പുറത്തും കേരളത്തിൽ വിദ്യാർഥികൾ അപകടത്തിൽ പെടുന്നുണ്ട്, മരിക്കുന്നുണ്ട്. എത്ര? ഇങ്ങനെ ഒരു കണക്ക് സർക്കാർ സൂക്ഷിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പത്തു വർഷമായി ഞാൻ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല.

എന്നാൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോക്ക് മൊത്തം അപകട മരണത്തിന്റെ കണക്കുണ്ട്. അല്പം വിചിത്രമായ രീതിയിൽ ആണ് അതിന്റെ ക്ലാസ്സിഫിക്കേഷൻ.

കേരളത്തിൽ 2021 ലെ കണക്കാണ്.

പതിനാലു വയസ്സിൽ താഴെ – 440 മരണം, പതിനാലിനും പതിനെട്ടിനും ഇടക്ക് – 190 മരണം, പതിനെട്ടിനും മുപ്പതിനും ഇടക്ക് 1672 മരണം.

ഇതിൽ കേരളത്തിലെ സാഹചര്യത്തിൽ പതിനാലിനും പതിനെട്ടിനും ഇടക്കുള്ളവർ മിക്കവാറും വിദ്യാർഥികൾ തന്നെ ആയിരിക്കും. പതിനാലിൽ താഴെ ഉള്ളവരിൽ മൂന്നിൽ രണ്ടും, മുപ്പതിൽ താഴെ ഉള്ളവർ മൂന്നിൽ ഒന്നും എന്ന് കണക്കാക്കിയാൽ പോലും മൊത്തം ഓരോ വർഷവും കേരളത്തിൽ മരണപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം തൊള്ളായിരത്തിന് അടുത്ത് വരും.

ഇത് രണ്ടായിരത്തി ഇരുപത്തി ഒന്നിലെ കണക്കാണ്. കോവിഡിന്റെ കാലമായിരുന്നതിനാൽ പൊതുവെ കുട്ടികളുടെ വീടിനു പുറത്തുള്ള ആക്ടിവിറ്റികൾ കുറഞ്ഞ കാലം ആയിരുന്നു. ഇപ്പോൾ ഇത് ആയിരം കവിഞ്ഞിരിക്കാനാണ് വഴി.

നിർഭാഗ്യവശാൽ അവർ പഠിക്കുന്ന വിദ്യാലയത്തിൽ ഒരു ദിവസം അവധി, ഒരു അനുശോചന സമ്മേളനം. അതിനപ്പുറം നമ്മൾ ഈ വിഷയത്തെ പറ്റി കൂടുതൽ ചിന്തിക്കുന്നില്ല !! എന്നാൽ ഇത് സംഭവിക്കുന്ന വീടുകളിൽ അതിന് ശേഷം സന്തോഷം ഉണ്ടാകില്ല.

1983 ലാണ് എൻറെ സഹപാഠിയായ ഷിബു മുങ്ങി മരിച്ചത്. ഇന്നിപ്പോൾ എൻറെ സഹപാഠികൾ “വയസ്സായി” മരിച്ചു തുടങ്ങി, എന്നിട്ടും ഷിബുവിനെ പറ്റി ഓർക്കുന്പോൾ എനിക്ക് വിഷമമാണ്. അപ്പോൾ അവന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും സങ്കടം ചിന്തിക്കാമല്ലോ.

നമ്മുടെ സ്‌കൂളുകൾ സുരക്ഷിതമാക്കുന്നതോടൊപ്പം നല്ല സുരക്ഷാ ബോധവും നമ്മുടെ വിദ്യാർത്ഥികൾക്ക് നൽകണം. എന്നാൽ ഒറ്റ വർഷം കൊണ്ട് തന്നെ വിദ്യാർത്ഥികളുടെ മരണം പകുതിയാക്കാം.

നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഒരു സുരക്ഷാ ഓഡിറ്റ് നടത്തി അപകട സാദ്ധ്യതകൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരാഴ്ചത്തെ കാര്യമേ ഉള്ളൂ. ഓരോ സ്‌കൂൾ പ്രവേശനോത്സവവും സുരക്ഷയെ പറ്റി പഠിപ്പിക്കണം. ഒരു മണിക്കൂർ മതി.

കോളേജ് കാന്പസിലെ ഓറിയന്റേഷനും സുരക്ഷയിൽ നിന്നും തുടങ്ങണം – ഒരു മണിക്കൂർ നേരത്തെ കാര്യമേ ഉള്ളൂ.

പത്തു വയസ് കഴിയുന്ന വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷയിലും സി.പി.ആറിലും പരിശീലനം നൽകണം – കൂടിയാൽ രണ്ടു മണിക്കൂർ.

ഓരോ വിനോദയാത്രക്കും സ്പോർട്സ് ഫെസ്റിവലിനും മുൻപ് സുരക്ഷെയെപ്പറ്റി ചിന്തിക്കണം, സംസാരിക്കണം, തയ്യാറെടുക്കണം.

സ്‌കൂളിൽ രണ്ട് അധ്യാപകരെ എങ്കിലും പ്രാഥമിക സുരക്ഷാ പാഠങ്ങൾ പരിശീലിപ്പിക്കണം. അതാരാണെന്ന് കുട്ടികൾ അറിഞ്ഞിരിക്കണം.

ഇങ്ങനെ  ചെയ്താൽ, നമ്മുടെ വിദ്യാർഥികൾ സുരക്ഷിതരാകും. അവരുടെ വീട്ടുകാരിലേക്കും സുരക്ഷാ ബോധം സ്വാഭാവികമായി എത്തും. അവർ തൊഴിലിടങ്ങളിൽ ചെല്ലുന്പോഴും സുരക്ഷയെ പറ്റി ചിന്തിക്കും. നമുക്ക് സുരക്ഷാ ബോധം ഉള്ള ഒരു സമൂഹം ഉണ്ടാകും. ഉണ്ടാകേണ്ടേ?

സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മാത്രം വിഷയമാക്കി ഞാൻ ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. എങ്ങനെയാണ് സ്‌കൂളിൽ സുരക്ഷ ഓഡിറ്റ് നടത്തേണ്ടത് എന്ന് അതിൽ ഉണ്ട്. ലിങ്ക് – http://kathakal.muraleethummarukudy.com/…/Safety…

മുരളി തുമ്മാരുകുടി

Leave a Comment