പൊതു വിഭാഗം

എന്നെ ഓർക്കാൻ ഒരു നിമിഷം.

എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ ആഴ്ചയിൽ ജനീവയിൽ തുടങ്ങുന്ന, പത്തു ദിവസം നീണ്ടുനിൽക്കുന്ന കാർ ഷോയാണ് യൂറോപ്പിലെ ഏറ്റവും വലിയ കാർ ഷോ. ജനീവയിലെ ജനസംഖ്യയുടെ പലമടങ്ങ് ആളുകൾ ഇതിനായി ഇവിടെ വന്നുപോകും. ഹോട്ടൽ മുറിയുടെ വാടക പത്തിരട്ടിയാകുമെങ്കിലും ജനീവക്കു ചുറ്റും നൂറു കിലോമീറ്ററിനുള്ളിൽ ഒരു മുറി പോലും കിട്ടാനില്ലാതെയാകും. അതുകൊണ്ട് ഇവിടെ താമസിക്കുന്ന ചിലരെങ്കിലും സ്വന്തം വീട്ടിലെ മുറിയോ സ്വന്തം മുറി തന്നെയോ ആ സമയത്ത് വാടകക്ക് കൊടുക്കും. പത്തോ രണ്ടായിരമോ ഫ്രാങ്ക് വാടക കിട്ടിയാലെന്താ പുളിക്കുമോ?

കാറുകളെ പ്രോത്സാഹിപ്പിക്കുന്ന നഗരമല്ല ജനീവ. പിന്നെങ്ങനെയാണ് കാർ ഷോയുടെ നഗരമായത്?

നൂറുവർഷം മുൻപ്, അതായത് കാർനിർമ്മാണത്തിന്റെ ആദ്യകാലത്ത് അനവധി കാർ കമ്പനികളുണ്ടായിരുന്ന നഗരമായിരുന്നു ജനീവ. അങ്ങനെ 86 വർഷം മുൻപ് തുടങ്ങിയതാണ് കാർ ഷോ. സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ വൻകിട കാർ നിർമ്മാണം ഇവിടെ പച്ചപിടിച്ചില്ലെങ്കിലും യൂറോപ്പിലെയും ഏഷ്യയിലെയും പല കാർ നിർമ്മാതാക്കളും അവരുടെ പുതിയ മോഡലുകൾ ഇപ്പോഴും പുറത്തിറക്കുന്നത് ജനീവയിൽ വെച്ചാണ്.

കാർ ഷോയുടെ ആദ്യത്തെ മൂന്നു ദിവസമാണ് ഏറ്റവും തിരക്ക്. വൻകിട കാർ കമ്പനികളുടെ മേധാവികൾ, ഓരോ പുതിയ കാറിന്റെ മോഡലിനുമൊപ്പം അതിലും പ്രശസ്തരായ മോഡലുകൾ, ഇതൊക്കെ കാണാൻ കാർ ഭ്രാന്തന്മാരായ സെലിബ്രിറ്റികൾ, ലോകത്ത് ടി വി യിലടക്കം പല ദൃശ്യമാധ്യമങ്ങളിലും കറുകളെപ്പറ്റി ഷോ നടത്തുന്ന പ്രമുഖ മാധ്യമക്കാർ ഇരൊക്കെ ആ ദിവസങ്ങളിൽ സ്ഥലത്തുണ്ടാകും. ഇവരെയെല്ലാം നേരിൽ കാണാൻ ജനങ്ങളുടെ കൂട്ടയിടിയും.

രണ്ടാമത്തെയാഴ്ചയാണ് ഞാൻ കാർ ഷോ കാണാൻ പോകാറ്. കാറുകളിലെ പുതിയ സുരക്ഷാ സംവിധാനം എന്തൊക്കെയാണെന്നറിയുകയാണ് പ്രധാന ഉദ്ദേശം. ഒത്താൽ രണ്ടു പ്രശസ്ത മോഡലുകളുടെ കൂടെ നിന്നുള്ള ഫോട്ടോയും.

സ്വയം നിയന്ത്രിത കാറുകൾ ലോകത്തെ റോഡുകളെ കീഴടക്കും എന്ന കാര്യം എല്ലാവരും ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഇത് ഇരുപത് കൊല്ലത്തിൽ വരുമോ എന്നതിന് മാത്രമേ സംശയമുള്ളു. ഇങ്ങനെ സ്വയം നിയന്ത്രിക്കാൻ കഴിവുള്ള കാറുകൾ, കാറുകളെപ്പറ്റിയുള്ള നമ്മുടെ സങ്കൽപ്പത്തെത്തന്നെ മാറ്റിമറിക്കും. ചില മാറ്റങ്ങൾ ഇവയാകാം.

ഡ്രൈവർ എന്ന സംവിധാനമില്ലാതാകുന്നതോടെ മുന്നിലേക്ക് തിരിഞ്ഞിരിക്കുന്ന സീറ്റുകളുടെ ആവശ്യമുണ്ടാകില്ല. നാലു സീറ്റുണ്ടെങ്കിൽ മുന്നിലേത് പുറകിലേക്കും പുറകിലേത് മുന്നിലേക്കും തിരിഞ്ഞ് യാത്രക്കാർ പരസ്പരം അഭിമുഖമായിരിക്കുന്ന തരത്തിലായിരിക്കും കാറിന്റെ ഉൾവശം. സ്വയം ഓടിക്കുന്നത് കൂടാതെ കാറുകൾ കൂടുതലും വൈദ്യുതി കൊണ്ട് ഓടിക്കുന്നതുമാകാം. അപ്പോൾ പിന്നെ വലിയ എൻജിൻ, പെട്രോൾ ടാങ്ക് സംവിധാനം ഒന്നുമുണ്ടാകില്ല. അതിനാൽ കാറിന്റെ ഇപ്പോഴത്തെ ആകൃതി മൊത്തത്തിൽ ഒന്നു മാറും.

വാഹനാപകടങ്ങളിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണ് സംഭവിക്കുന്നത്. അപൂർവമായിട്ടേ വാഹനവുമായി ബന്ധപ്പെട്ട തകരാറു കൊണ്ട് ഉണ്ടാകാറുള്ളു. അതേസമയം വാഹനം അപകടത്തിൽ പെടുമ്പോൾ ഉള്ളിലുള്ളവരെ സംരക്ഷിക്കാൻ പാകത്തിനാണ് കാറിന്റെ നിർമ്മിതി. കാറിന്റെ മുന്നിലെ ബംബർ മുതൽ കാറുണ്ടാക്കുന്ന കട്ടിയുള്ള ലോഹം വരെ ഇതിനുള്ള സുരക്ഷാ മാനദണ്ഡനങ്ങൾ അനുസരിച്ചാണ്. കാറോട്ടം കമ്പ്യൂട്ടർ ഏറ്റെടുക്കുന്നതോടെ അപകടം തീരെ കുറയുന്നതിനാൽ ബലമുള്ള വസ്തുക്കൾ കൊണ്ട് കാറുണ്ടാക്കേണ്ട കാര്യമുണ്ടാകില്ല. കോംപോസിറ്റ് മെറ്റീരിയലുകൾ കൊണ്ട് വിമാനം വരെ ഉണ്ടാക്കുന്ന ലോകമാണ്. പ്ലാസ്റ്റിക്കിന്റെ ഏതെങ്കിലും രൂപമായിരിക്കും ഇനിയുള്ള കാലത്തേ കാറുകൾ.

ഇപ്പോഴത്തെ കാറുകൾ ഓടുന്നതിൽ കൂടുതൽ സമയം വീട്ടിലോ ഓഫീസിലോ മറ്റെവിടെയെങ്കിലുമോ പാർക്ക് ചെയ്തിരിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്. നമുക്കാവശ്യമുള്ള സമയത്ത് ഇപ്പോഴത്തെ യുബർ പോലെ അഞ്ചു മിനിറ്റിനകം ഒരു വാഹനം ആവശ്യമുള്ളിടത്ത് എത്തുമെങ്കിൽ സ്വന്തമായി കാറു വാങ്ങണമെന്ന താല്പര്യം ജനത്തിനുണ്ടാവില്ല എന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ കാറുകളുടെ വൻ ബ്രാൻഡ് നിര ഒക്കെ പോയി, സ്വന്തം ആവശ്യത്തിനും, ഗേൾ ഫ്രണ്ടിന്റെ അടുത്ത് പൊങ്ങച്ചം കാണിക്കാനും, ലോങ്ങ് ഡ്രൈവിനും എന്നിങ്ങനെ മൂന്നോ നാലോ തരത്തിൽ മാത്രം വലുപ്പത്തിലും ഡിക്കി സ്‌പേസിലും ലക്ഷ്വറിയിലുമായിരിക്കും കാറുകൾ ഉണ്ടാകുക.

ഇതൊക്കെ സംഭവിക്കുന്നത് കൂടാതെ മറ്റനവധി സംഗതികളും ലോകത്ത് നടക്കുന്നുണ്ടല്ലോ. വീട്ടിലിരുന്ന് ലോകത്തെവിടെയുള്ള ജോലി ചെയ്യുന്നത് സർവ്വസാധാരണമാകും. മീറ്റിങ്ങിന് നേരിട്ട് പോകുന്നതിനു പകരം വിർച്വൽ പ്രസൻസ് ഇപ്പോഴേ വന്നുകഴിഞ്ഞു. പഠനം എന്നത് ക്ലാസ് റൂമിൽ നിന്നും ഓൺലൈനിലേക്ക് മാറുകയാണ്. ചുരുക്കത്തിൽ പഠിക്കാനോ മീറ്റിങ്ങിനോ ജോലിക്കോ ആളുകൾ നിർബന്ധമായി യാത്ര ചെയ്യുന്നത് കാലക്രമേണ പകുതിയാകും.

ഇതിന്റെയെല്ലാം പരിണിതഫലം കാറുകളുടെ എണ്ണവും റോഡപകടങ്ങളും ഏറെ കുറയും എന്നതു തന്നെയാണ്.

ഇതൊക്കെ ഇരുപതു വർഷത്തിനകം സംഭവിക്കാൻ പോകുന്ന കാര്യങ്ങളാണ്. അതിനാൽ തൽക്കാലം ദിവസവും പത്തു പേരെ വെച്ച് റോഡിൽ കൊല്ലുന്ന പരിപാടി കേരളത്തിൽ നമ്മൾ ആവർത്തിച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ എന്റെ ‘സുരക്ഷാ വിദഗ്ദ്ധൻ’ പണിക്ക് തൽക്കാലം ഭീഷണിയില്ല.

അപകടങ്ങൾ ഒഴിവാക്കാവുന്ന ഒരു ചെറിയ മാറ്റം പുതിയ തലമുറ കാറുകളിലൊക്കെ കണ്ടുതുടങ്ങി. സാധാരണ കാറുകളിൽ വാതിലുകൾ ഇപ്പോൾ പുറത്തേക്കാണല്ലോ തുറക്കുന്നത്. റോഡിൽ ഇങ്ങനെ തുറക്കുന്ന സമയത്ത് പലപ്പോഴും അത് മറ്റു വാഹനങ്ങളുടെയോ ആളുകളുടെയോ ദേഹത്ത് മുട്ടി അപകടങ്ങളുണ്ടാകാറുണ്ട്, നൂറു കണക്കിന് മരണങ്ങളും.

ഏതു സമയവും സുരക്ഷ നോക്കി നടക്കുന്ന എനിക്കും പറ്റി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടപകടം, ബാങ്കോക്കിലും തിരുവനന്തപുരത്തും. വണ്ടി നിർത്തി, സിഗ്നൽ കൊടുത്താണ് വാതിൽ തുറന്നതെങ്കിലും രണ്ടിടത്തും കാര്യമുണ്ടായില്ല. ഇടതു വശത്തുകൂടി സ്കൂട്ടറിൽ റോങ്ങ് സൈഡ് കയറിവന്ന സ്ത്രീകൾ ഡോറിലിടിച്ച് മറിഞ്ഞു വീണു. ബാങ്കോക്കിലെ സ്ത്രീക്ക് നല്ല പരിക്ക് പറ്റി. തിരുവന്തപുരത്തെ വീട്ടമ്മക്ക് ചെറിയ പരിക്കും. മിനിറ്റുകൾക്കുള്ളിൽ അവിടെ പൗരസമിതിയൊക്കെ കൂടിയെങ്കിലും മാപ്പ്പൊക്കെ പറഞ്ഞ് ഒരുവിധത്തിൽ ഞാൻ തടിയൂരി.

അപ്പോൾ കമ്പ്യൂട്ടർ നിയന്ത്രിക്കുന്ന കാറാണെങ്കിലും വശത്തേക്ക് തുറക്കുന്ന വാതിലുകൾ ഒരു സുരക്ഷാ പ്രശ്നം തന്നെയാണ്. ഇത് കാർക്കമ്പനികൾ മനസ്സിലാക്കിക്കഴിഞ്ഞു. പുതിയതായി വരുന്ന കാറുകളുടെയെല്ലാം വാതിലുകൾ മുകളിലേക്ക് തുറക്കുന്ന വിധത്തിലാകുന്നതോടെ ലോകമൊട്ടാകെ വർഷത്തിൽ പതിനയായിരം ജീവനെങ്കിലും രക്ഷപെട്ടേക്കും.

ഇതൊക്കെ നാട്ടിൽ നടപ്പിലാക്കാൻ വർഷങ്ങളെടുക്കും. അതുവരെ വാതിലുകൾ പുറത്തേക്ക് തന്നെ തുറക്കണമല്ലോ. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് കാറിന്റെ വാതിൽ തുറക്കുമ്പോൾ കൂടുതൽ അപകടമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും. അവരാണ് ഏറ്റവും കൂടുതൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടതും. എന്നാൽ അക്കാര്യത്തിലും വലിയ പ്രതീക്ഷ വേണ്ട. വാഹനാപകടത്തിൽ മരിക്കുന്നതിൽ ലോക റെക്കോർഡ് ഇടനാണ് ഇരുചക്ര വാഹനമോടിക്കുന്നവരുടെ ശ്രമം. അതിൽ നിന്ന് ഋഷിക്കോ, രാജാവിനോ, പോലീസിനോ അവരെ പിന്തിരിപ്പിക്കാനാവില്ല.

അതുകൊണ്ട് കാറുപയോഗിക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് ഞാനൊരു ഐഡിയ പറഞ്ഞുതരാം. എപ്പോൾ കാറിന്റെ ഡോർ തുറന്നാലും എന്നെ ഓർത്ത്, പിന്നോട്ട് തിരിഞ്ഞുനോക്കി ആരും വരുന്നില്ലെന്നുറപ്പ് വരുത്തി സാവധാനം മാത്രം ഡോർ തുറക്കുക.
ഇതുകൊണ്ട് ഗുണങ്ങൾ രണ്ടാണ്.

അപകടം ഉണ്ടാകില്ല
അടി കിട്ടില്ല

ഹിന്ദുക്കളായ സുഹൃത്തുക്കൾക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. എന്റെ പേര് ദൈവനാമമായതിനാൽ അതിനെ ‘മറ്റെന്തായി പരിഹസിച്ചെങ്കിലും’ ദിവസം ഒരു പ്രാവശ്യം ഓർത്താൽ മോക്ഷം കിട്ടുമെന്ന് ജ്ഞാനപ്പാനയിലുണ്ട്.

അപ്പോൾ കാറിന്റെ ഡോർ തുറക്കുമ്പോൾ എന്റെ കാര്യം ഓർക്കുക, കുടുംബത്തെ ക്കൂടി എന്നെ ഓർക്കാൻ പരിശീലിപ്പിക്കുക. അങ്ങനെ ചെയ്താൽ എന്തെങ്കിലും ഗുണമുണ്ടെന്ന് ഒരിക്കലും നിങ്ങൾക്ക് മനസ്സിലാകില്ല. കാരണം, ഒഴിവാക്കപ്പെടുന്ന അപകടങ്ങൾ നമ്മൾ അറിയുന്നില്ലല്ലോ. പക്ഷെ പരലോകത്ത് കിട്ടുന്ന ക്രെഡിറ്റ് ഉറപ്പാണ്. ഞാൻ ഗ്യാരണ്ടി.

Leave a Comment